Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

''ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടെന്നും നിങ്ങൾ മരിക്കാൻ പോകുന്നില്ല''; സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്താൻ ഒരു രാജ്യത്തെ മുഴുവൻ കുരുതി കൊടുക്കാൻ ഉറച്ച് ബ്രസീൽ പ്രസിഡന്റ്; മരണം 244 ആയിട്ടും രോഗികൾ 6,931 ആയിട്ടും കൂസലില്ലാതെ ബ്രസീൽ പ്രസിഡന്റ്: ഗവർണർമാർ ബോൾസോനാരോയ്‌ക്കെതിരെ തിരിഞ്ഞതോടെ ബ്രസീലിൽ രാഷ്ട്രീയ പ്രതിസന്ധിയും

''ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടെന്നും നിങ്ങൾ മരിക്കാൻ പോകുന്നില്ല''; സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്താൻ ഒരു രാജ്യത്തെ മുഴുവൻ കുരുതി കൊടുക്കാൻ ഉറച്ച് ബ്രസീൽ പ്രസിഡന്റ്;  മരണം 244 ആയിട്ടും രോഗികൾ 6,931 ആയിട്ടും കൂസലില്ലാതെ ബ്രസീൽ പ്രസിഡന്റ്: ഗവർണർമാർ ബോൾസോനാരോയ്‌ക്കെതിരെ തിരിഞ്ഞതോടെ ബ്രസീലിൽ രാഷ്ട്രീയ പ്രതിസന്ധിയും

സ്വന്തം ലേഖകൻ

സാവോ പോളോ: കോവിഡ് രോഗബാധയെത്തുടർന്ന് ലോകതക്ത് ദിവസവും ആയിരക്കണക്കിന് ആളുകൾ മരിച്ചു വീഴുമ്പോഴും സമ്പദ് വ്യവസ്ഥയ്ക്ക് മാത്രം ഊന്നൽ നൽകി ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ. ജനങ്ങളോട് വീട്ടിലിരിക്കേണ്ടെന്നും തെരുവിലേക്ക് ഇറങ്ങാനുമാണ് ജെയർ ബോൾസോനാരോ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇല്ലെങ്കിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുമെന്നാണ് ബാൾസോനാരോ ജനങ്ങളോട് പറയുന്നത്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെയാണ് ബ്രസീലിൽ കാര്യങ്ങൾ നടക്കുന്നത്. ഇതോടെ ബാൾസോനാരോയ്‌ക്കെതിരപെ ഗവർണർമാരും മന്ത്രിമാരും തിരിഞ്ഞു.

''ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടെന്നും നിങ്ങൾ മരിക്കാൻ പോകുന്നില്ല'' എന്നാണ് അദ്ദേഹം ജനങ്ങളോടായി പറഞ്ഞത്. ഇതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കാൾ അപകടകാരിയായ നേതാവ്, ബ്രസീലിലെ തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്കു രാജ്യാന്തര മാധ്യമങ്ങൾ നൽകിയ വിശേഷണമാണിത്. തലസ്ഥാനമായ റിയോ ഡി ജനീറോയിലെ തെരുവിൽ അനുയായികൾക്കും തെരുവു കച്ചവടക്കാർക്കുമിടയിൽ കഴിഞ്ഞ ദിവസം പ്രസംഗിക്കുകയായിരുന്നു ജെയർ ബോൾസോനാരോ. ''ഞാൻ തുടക്കം മുതലേ ആവർത്തിക്കുന്നത് ഒരേ ഒരേ കാര്യമാണ്. കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാൾ ഏറെ ദോഷമാകും ചെയ്യുക. വീട്ടിൽ അടച്ചിട്ടിരിക്കാതെ ജനം ജോലിക്കു പോകണമെന്നാണു ഞാൻ പറയുന്നത്. ലോക്ഡൗൺ ബ്രസീൽ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കും. കോവിഡ് വന്നാൽ സംഭവിക്കാൻ പോകുന്ന നഷ്ടം അതുമായി താരതമ്യം ചെയ്യുമ്പോൾ നിസാരമായിരിക്കും.''

അതേസമയം കോവിഡ് ബാധിച്ച് ബ്രസീലിൽ മരണം 244 ആആയി ആകെ റിപ്പോർട്ട് ചെയ്ത കേസുകൾ 6,931. അപകട മരണങ്ങളുണ്ടാകുമെന്ന് കരുതി ആരും കാർ ഫാക്ടറികൾ അടച്ചു പൂട്ടാറില്ലെന്നും ചിലർ മരിച്ചു വീഴുന്നതു സ്വാഭാവികം മാത്രമാണെന്നുമാണ് ബോൾസോനാരോയുടെ നിലപാട്. ഈ അസുഖം വന്ന് മരിച്ചില്ലെങ്കിൽ പോലും നല്ല കഷ്ടപാടുകൾ സഹിക്കേണ്ടി വരുമെന്നു കേൾക്കുന്നുണ്ടല്ലോ.' ചോദ്യം ഒരു തെരുവുകച്ചവടക്കാരന്റേത്. ''ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടെന്നും നിങ്ങൾ മരിക്കാൻ പോകുന്നില്ല.'' ബോൾസോനാരോ പറയുന്നു. ഈ പ്രസംഗത്തിന്റെ വിഡിയോ അടക്കമുള്ള ട്വീറ്റുകൾ ആരോഗ്യ സംരക്ഷണത്തിനു വിരുദ്ധമെന്നു കണ്ട് ട്വിറ്റർ തന്നെ നീക്കം ചെയ്തു. 'ലോക്ഡൗൺ തുടർന്നാൽ ബ്രസീലിൽ തൊഴിലില്ലായ്മ പിടിമുറുക്കും, വെനസ്വേലയിലെ പോലെ നിങ്ങൾ പട്ടിണി കിടന്ന് മരിക്കും' തുടങ്ങിയ പരമാർശങ്ങളുള്ള ട്വീറ്റും നേരത്തേ ട്വിറ്റർ അധികൃതർ നീക്കം ചെയ്തിരുന്നു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയുണ്ടാകുമെന്നു ട്വിറ്റർ അറിയിക്കുകയും ചെയ്തു.

അതേസമയം ബ്രസീലിലെ 27 ൽ 24 ഗവർണർമാർ പ്രസിഡന്റിനെ അനുസരിക്കില്ലെന്നു പരസ്യനിലപാട് കൂടി എടുത്തതോടെ ബ്രസീലിൽ രാഷ്ട്രീയ പ്രതിസന്ധിക്കും വഴിതുറന്നിരിക്കുകയാണ്. ബ്രസീൽ പ്രസിഡന്റ് പറയുന്നതിനെതിരെ രാജ്യത്തെ ആരോഗ്യമന്ത്രി തന്നെ രംഗത്തുവന്നുകഴിഞ്ഞു. 'അൽപം അനുസരണക്കേടാകാം. അതു ജനങ്ങളുടെ ജീവൻ രക്ഷിക്കും. ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. എല്ലാവരും വീടുകളിൽ തന്നെയിരിക്കണം. സാമൂഹിക അകലം പാലിച്ച് ഈ മഹാമാരിയെ നമുക്ക് തുരുത്താം.' ജെയർ ബോൾസോനാരോയുടെ സ്വന്തം ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മൻഡേറ്റ പറയുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതും മാധ്യമങ്ങളെ കാണുന്നതുമെല്ലാം ഡോക്ടർ കൂടിയായ ലൂയിസ് ആണ്. ചടുലമായ വേഗത്തോടെ ശാസ്ത്രീയമായി കാര്യങ്ങൾ വിശദീകരിക്കുന്ന ചെറുപ്പക്കാരനായ ആരോഗ്യമന്ത്രി പ്രസിഡിന്റിനെക്കാൾ സ്വീകാര്യനാകുന്ന കാഴ്ചയാണുള്ളത്. 'ഞാനാണ് പ്രസിഡന്റെന്ന് എല്ലാവരും ഓർക്കണം' ലൂയിസിനെ ലക്ഷ്യമിട്ട് ബോൾസോനാരോ കഴിഞ്ഞ ദിവസം പറഞ്ഞതിങ്ങനെ. രാജ്യത്തെ 21 കോടിയിലധികം വരുന്ന ജനത്തിൽ ഭൂരിഭാഗവും പ്രസിഡന്റിന്റെ വാക്കുകൾ തള്ളി വീട്ടിലിരുന്നതോടെയാണു വാർത്താസമ്മേളനത്തിൽ ബോൾസോനാരോയുടെ രോഷം അണപൊട്ടിയത്.

ബ്രസീലിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണു സാവോ പോളോ. മരണ സംഖ്യ ഏറെയുള്ളതും അവിടെയാണ് . സാവോ പോളോ മേയറും ബോൾസോനാരോയുടെ സഹപ്രവർത്തകനുമായ ജോ ഡോറിയ പ്രസിഡന്റിന്റെ ആഹ്വാനത്തിനു പുറംതിരിഞ്ഞു നിൽക്കുകയാണു ചെയ്തത്. അവശ്യ സർവീസുകൾ ഒഴിച്ചു യാതൊന്നും സാവോ പോളോയിൽ പ്രവർത്തിച്ചില്ല. ലോക്ഡൗൺ നീട്ടുകയും ചെയ്തു. സാവോ പോളോയിലെ മരണനിരക്കിൽ തനിക്കു സംശയമുണ്ടെന്നും ഗവർണർമാർ രാഷ്ട്രീയലാഭത്തിനു വേണ്ടി തെറ്റായ കണക്കുകളാണു പുറത്തു വിടുന്നതെന്നും ജോ ഡോറിയയ്‌ക്കെതിരെ ബോൾസോനാരോ ആഞ്ഞടിക്കുകയും ചെയ്തു. റിയോ ഡി ജനീറോ ഗവർണർ വിൽസൺ വിറ്റ്‌സെൽ ഒരുപടി കൂടി കടന്ന് ബോൾസോനാരോയുടെ ജനദ്രോഹ നടപടികളെ ഹേഗിലെ രാജ്യാന്തര കോടതിയിൽ ചോദ്യം ചെയ്യുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

'ബ്രസീലിനെ തടയാനാകില്ല' എന്ന പേരിൽ ബോൾസോനാരോയുടെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിനെതിരെയും ജനരോഷം കത്തിപ്പടരുന്നുണ്ട്. ഈ ക്യാംപെയ്ൻ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബ്രസീലിനെ അടുത്ത ഇറ്റലിയാക്കാനാണു ബോൾസോനാരോ ശ്രമിക്കുന്നതെന്നും ഇടതുപക്ഷ നേതാക്കൾ ആരോപണം ഉയർത്തുകയും ചെയ്തു. ലോക്ഡൗൺ അനാവശ്യമാണെന്ന പ്രസിഡന്റിന്റെ പ്രസ്താവനയെ തള്ളി ജനം തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയാണ് എവിടെയും. റിയോ ഡി ജനീറോയിൽ ഗുണ്ടാ സംഘങ്ങൾ തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയതു രാജ്യാന്തര മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു.

റിയോ ഡി ജനീറോയുടെ ചില ചേരികളിലാണ് ഗുണ്ടാ സംഘങ്ങൾ നോട്ടിസ് വിതരണം നടത്തിയത്. എട്ട് മണി മുതൽ കർഫ്യൂ ആണെന്നും പുറത്തിറങ്ങുന്നവർ പാഠം പഠിക്കുമെന്നുമുള്ള മുന്നറിയിപ്പുകളാണ് ഇതിൽ. സർക്കാരിനു കഴിയുന്നില്ലെങ്കിൽ രോഗബാധ ഞങ്ങൾ പിടിച്ചുകെട്ടാമെന്നു ഗുണ്ടാ സംഘങ്ങൾ വെല്ലുവിളിക്കുകയും ചെയ്തു. ബോൾസോനാരോ എന്ന നേതാവിന്റെ അസ്തമനത്തിലേക്കാകും അപക്വമായ പ്രസ്താവനകൾ വഴിതെളിയിക്കുകയെന്നു രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP