Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇവിടെ കേരളാ സർക്കാരും, നാട്ടുകാരും ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല; ഞങ്ങൾ പട്ടിണിയിലാണ്; കൈകൂപ്പി നിന്ന് കേരളത്തെ മോശമായി ചിത്രീകരിച്ച് അതിഥി തൊഴിലാളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ; നുണപ്രചരണം നടത്തിയ യു.പിക്കാരനായ മുഹമ്മദ് ഖുദ്ധൂസിനെ പിടിച്ച് അകത്തിട്ട് കേരളാ പൊലീസ്

ഇവിടെ കേരളാ സർക്കാരും, നാട്ടുകാരും ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല; ഞങ്ങൾ പട്ടിണിയിലാണ്; കൈകൂപ്പി നിന്ന് കേരളത്തെ മോശമായി ചിത്രീകരിച്ച് അതിഥി തൊഴിലാളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ; നുണപ്രചരണം നടത്തിയ യു.പിക്കാരനായ മുഹമ്മദ് ഖുദ്ധൂസിനെ പിടിച്ച് അകത്തിട്ട് കേരളാ പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ഇവിടെ കേരളാ സർക്കാറും, നാട്ടുകാരും ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല. ഒരുസഹായവും ലഭിക്കുന്നില്ലെന്നും പറഞ്ഞ് കേരളത്തെ മോശമായി ചിത്രീകരിച്ച് അതിഥി തൊഴിലാളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ. യു.പിക്കാരനായ മുഹമ്മദ് ഖുദ്ധൂസിനെ പിടിച്ച് അകത്തിട്ട് കേരളാ പൊലീസ് കേരള സർക്കാറിനെയും, നാട്ടുകാരെയും മോശക്കാരാക്കി ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് അതിഥി തൊഴിലാളിയായ ഉത്തർ പ്രദേശ് സ്വദേശിയാണ് ഇന്ന് മഞ്ചേരിയിൽ അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ബനഫ സുൽത്താൻപൂർ സാദിഖിന്റെ മകൻ മുഹമ്മദ് ഖുദ്ധൂസ്(32) നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മഞ്ചേരി വലിയട്ടിപ്പറമ്പിൽ വർഷങ്ങളായി കുടുംബമായി താമസിക്കുന്ന ഖുദ്ധൂസ് സ്വന്തമായി ബാർബർ ഷോപ്പ് നടത്തിവരികയാണ്. കൈകൂപ്പി നിന്ന് ഇവിടെ പട്ടിണിയാണെന്നും, ഇവിടെ സർക്കാറും, നാട്ടുകാരുമെന്നും തിരിഞ്ഞുനോക്കുകയോ, ഏതെങ്കിലും സഹായം ചെയ്ത് തരികയോ ചെയ്യുന്നില്ലെന്നുമാണ് വീഡിയോയിലുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. വീഡിയോ ഇയാളുടെ നാട്ടിൽ നിന്നും കേരളത്തിലേക്ക് ആരും വരാതിരിക്കുവാൻ തയ്യാറാക്കിയ വീഡിയോ ആണെന്നാണ് ഇയാൾ പൊലിസിനോട് പറഞ്ഞത്. സർക്കാറിനെ മോശമാക്കി ഗൂഡ ഉദ്ധേശത്തോടുകൂടി വ്യാജ വാർത്ത ചമച്ചതിനും, പ്രചരിപ്പിച്ചതിനുമാണ് പൊലീസ് കേസെടുത്തത്.

തെറ്റായ പ്രചരണമാണ് അതിഥിതൊഴിലാളി നടത്തിയതെന്നു പൊലീസ് പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് മലപ്പുറം ജില്ലയിൽ ഇന്നുമാത്രം 15,450 ഭക്ഷ്യോത്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്.. ജില്ലയിൽ ഇതുവരെ 35,825 അതിഥി തൊഴിലാളികൾക്കാണ് കിറ്റുകൾ ലഭ്യമാക്കിയതെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കൺട്രോൾ സെല്ലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. താലൂക്ക് തലത്തിൽ ഇന്നലെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം ചുവടെ പറയുന്നു,

* ഏറനാട് - 2,847
* പെരിന്തൽമണ്ണ - 2,632
* നിലമ്പൂർ - 4,723
* കൊണ്ടോട്ടി - 527
* തിരൂർ - 3,106
* തിരൂരങ്ങാടി - 740
* പൊന്നാനി - 875

അതേ സമയം മലപ്പുറം ജില്ലയിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യോത്പന്ന കിറ്റുകൾ നൽകാൻ വിപുലമായ സംവിധാനങ്ങളാണ് ആസൂത്രം ചെയ്തിട്ടുള്ളത്. ലോക്ക് ഡൗണിൽ ജോലിയും കൂലിയും ഇല്ലാതായ അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി താമസ സ്ഥലത്ത് ഭക്ഷ്യോത്പന്ന കിറ്റുകൾ എത്തിച്ചു നൽകുന്നത്. തൊഴിലാളികൾക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വില്ലേജ് ഓഫീസറും വാർഡ് കൗൺസിലറുമടങ്ങുന്ന സംഘമാണ് കിറ്റുകൾ എത്തിക്കുന്നത്. ഒരാൾക്ക് ഒരാഴ്ചയിലേക്കുള്ള ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. 500 ഗ്രാം പഞ്ചസാര, 250 ഗ്രാം ചെറുപയർ, 250 ഗ്രാം കടല, 250 ഗ്രാം തുവരപ്പരിപ്പ്, 250 ഗ്രാം ഉഴുന്ന്, 500 മില്ലീ ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം തേയില, ഒരു കിലോ ഗ്രാം ആട്ടപ്പൊടി, ഒരു കിലോ ഗ്രാം അരി, 100 ഗ്രാം മുളകുപൊടി, 100 ഗ്രാം മല്ലിപ്പൊടി, ഒരു കിലോ ഗ്രാം സവാള, ഒരു കിലോഗ്രാം ഉരുളക്കിഴങ്ങ് എന്നിവയാണ് ഭക്ഷണ കിറ്റിലുള്ളത്.

പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി രണ്ട് കൺട്രോൾ റൂമുകളും ജില്ലയിൽ പ്രവർത്തിക്കുന്നു. ഇതിനോടകം ഇവിടെ 300 ടെലഫോൺ കോളുകൾ ലഭിച്ചു. അപ്പോൾതന്നെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തു. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി പഞ്ചായത്ത് തലം മുതൽ ജില്ലാ തലം വരെ മൂന്ന് വ്യത്യസ്ത കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റേയും വില്ലേജ് ഓഫീസറുടേയും മേൽനോട്ടത്തിലും താലൂക്ക് തലത്തിൽ തഹസിൽദാറുടെ മേൽനോട്ടത്തിലും പ്രവർത്തിക്കുന്നതോടൊപ്പം ജില്ലാ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ മുഖ്യ സമിതിയും സജീവമാണ്.

താലൂക്ക് തലത്തിൽ ഭക്ഷ്യോത്പന്നങ്ങൾ വാങ്ങുന്നതിനുള്ള ചുമതല തഹസിൽദാർമാർക്കാണ്. പഞ്ചായത്ത് തലത്തിൽ വാങ്ങുന്ന സാധനങ്ങൾക്കൊപ്പം വിവിധ വ്യക്തികളും സംഘടനകളും സംഭാവനയായി നൽകുന്ന ഉത്പന്നങ്ങളും വിതരണം ചെയ്യുന്നവയിൽ ഉൾപ്പെടും. റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, തൊഴിൽ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് അതിഥി തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റവും വിജയകരമായ രീതിയിൽ ജില്ലയിൽ മുന്നേറുന്നതെന്നും ഈ ഉദ്യമത്തിനു പിന്നിലുള്ള എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും ജില്ലാ കലക്ടർ ജാഫർ മലിക് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP