Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാവിലെ ചെറുതായി അയഞ്ഞവർ വീണ്ടും നിലപാട് കടുപ്പിച്ചു; കാസർകോട്-മംഗലാപുരം ദേശീയ പാത തുറക്കില്ലെന്ന് കർണ്ണാടക സർക്കാർ; തീരുമാനം സുപ്രീംകോടതിയിൽ നിന്ന് വരട്ടേയെന്ന നിലപാടിലേക്ക് യദൂരിയപ്പ സർക്കാർ; ഉണ്ണിത്താന്റെ ഹർജിയിൽ പ്രതീക്ഷ അർപ്പിച്ച് കാസർകോടുകാർ; ആംബുലൻസിന് പോലും വഴി തുറക്കാത്ത ക്രൂരത തുടരുമ്പോൾ; കേരളാ ഹൈക്കോടതി വിധിക്ക് പുല്ലുവില നൽകി കർണ്ണാടക

രാവിലെ ചെറുതായി അയഞ്ഞവർ വീണ്ടും നിലപാട് കടുപ്പിച്ചു; കാസർകോട്-മംഗലാപുരം ദേശീയ പാത തുറക്കില്ലെന്ന് കർണ്ണാടക സർക്കാർ; തീരുമാനം സുപ്രീംകോടതിയിൽ നിന്ന് വരട്ടേയെന്ന നിലപാടിലേക്ക് യദൂരിയപ്പ സർക്കാർ; ഉണ്ണിത്താന്റെ ഹർജിയിൽ പ്രതീക്ഷ അർപ്പിച്ച് കാസർകോടുകാർ; ആംബുലൻസിന് പോലും വഴി തുറക്കാത്ത ക്രൂരത തുടരുമ്പോൾ; കേരളാ ഹൈക്കോടതി വിധിക്ക് പുല്ലുവില നൽകി കർണ്ണാടക

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർണാടക അതിർത്തി ഉടൻ തുറക്കണമെന്ന ആവശ്യപ്പെട്ട് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ്. എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഞ്ചാമത്തെ കേസായാണ് ഹരജി പരിഗണിക്കുകയെന്നാണ് അറിയുന്നത്. ഇതോടെ മംഗലാപുരത്തെ അതിർത്തി തുറക്കുന്ന വിഷയത്തിൽ വ്യക്തമാകും. ജില്ലയിൽ നിന്നും മംഗലാപുരത്തേക്കുള്ള ദേശീയ പാത തുറക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അതിർത്തി തുറക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഡോക്ടറുടെ അനുമതി ഉൾപ്പടെയുള്ള നിർദ്ദേശങ്ങളാണ് കർണാടകം നൽകിയിക്കുന്നത്. എന്നാൽ പിന്നീട് ഇതിൽ നിന്നും പിന്മാറി.

ഇതുകൊണ്ടാണ് രാജ്‌മോഹന്റെ ഹർജി നിർണ്ണായകമാകുന്നത്. അതിർത്തി തുറക്കുന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നും കൃത്യമായ ഇടപെടൽ ഉണ്ടാകണമെന്നാണ് ഹരജിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. കർണാടകയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ നിർദ്ദേശത്തിന് എതിരാണ് നിലപാടെന്നും അദ്ദേഹം ഹരജിയിൽ പറഞ്ഞു. ചരക്കുവാഹനങ്ങൾ അടക്കമുള്ള അവശ്യ സർവീസുകൾ ഒരു കാരണവശാലും തടയരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചതാണ്. മാത്രമല്ല ദേശീയപാത അടച്ചിടാൻ ഒരു സർക്കാരിനും കഴിയില്ല. ഇത് ദേശീയപാത നിയമത്തിന്റെ ലംഘനമാണ്. കർണാടക ഫെഡറൽ വ്യവസ്ഥകൾ ലംഘിക്കുകയാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തലപ്പാടി അതിർത്തി തുറന്നുനൽകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് കർണാടക ഇതുവരെ നടപ്പിൽ വരുത്തിയിട്ടില്ല. കാസർഗോഡ്- മംഗലാപുരം അതിർത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന ആംബുലൻസുകൾക്ക് തുറന്നു കൊടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഈ സമയം വരെ അതിർത്തി തുറക്കാനോ ഇത്തരത്തിൽ വരുന്ന ആംബുലൻസുകൾ കടത്തി വിടാനോ കർണാടക തയ്യാറായിട്ടില്ല. തങ്ങൾക്ക് സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് അതിർത്തിയിൽ വിന്യസിച്ച പൊലീസുകാർ പറഞ്ഞത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളേക്കാൾ കൂടുതൽ പൊലീസിനേയും കർണാടക അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.

തലപ്പാടി ദേശീയ ഹൈവേ അടക്കം അഞ്ച് റോഡുകളാണ് കർണാടക മണ്ണ് ഉയർത്തി അടച്ചത്. ഇതുവഴി അടിയന്തര ആവശ്യത്തിന് വരുന്ന ആംബുലൻസുകളെപ്പോലും കയറ്റി വിടുന്നില്ല. അതിർത്തി അടച്ചതുമൂലം കർണാടകയിൽ ചികിത്സ നടത്തുന്ന ആറ് പേർ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസങ്ങളിലായി മരണപ്പെട്ടിരുന്നു. ഇന്ന് രാവിലെ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന സൂചന നൽകിയെങ്കിലും പിന്നീട് അത് മാറ്റി. സുപ്രീംകോടതിയിൽ നിന്ന് തീരുമാനം വരും വരെ കാത്തിരിക്കാനാണ് കർണ്ണാടകയുടെ തീരുമാനം. രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്. കേരളാ ഹൈക്കോടതി വിധിക്കെതിരെ അപ്പീലും പോയേക്കും.

നേരത്തെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കേരളത്തിലെയും കർണാടകത്തിലെയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തിയിരുന്നു. കേന്ദ്ര ഇടപെടലിലും ഫലം കാണാത്ത സാഹചര്യത്തിലാണ് അതിർത്തി തുറക്കാൻ കേരള ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത്. വിഷയത്തിൽ തീരുമാനമെടുക്കാൻ കർണാടകം കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും മനുഷ്യജീവന്റെ പ്രശ്നമാണ് ഇതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അടിയന്തര ചികിത്സ ആവശ്യമായവർക്ക് മംഗളുരുവിലേക്ക് പോകാൻ സൗകര്യമൊരുക്കണം. ദേശീയപാത അടയ്ക്കാൻ കർണാടകത്തിന് അധികാരമില്ലെന്നും കോടതി പറഞ്ഞു.

അതിർത്തിപ്പാത തുറക്കാത്തത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് കോടതി വീക്ഷിച്ചു. ചികിത്സ കിട്ടാത്ത ആറു പേർ കാസർക്കോട് മരിച്ച സാഹചര്യം ചൂണ്ടിക്കാട്ടി കേരളം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കേരളത്തിൽ നിന്നുള്ളവരെ ചികിൽസിക്കാൻ തയ്യാറാണെന്ന മംഗലാപുരം ആശുപത്രികളിൽ നിന്നും ലഭിച്ച കത്തും സത്യവാങ്മൂലത്തിൽ ഉൾപെടുത്തിയിരുന്നു. കേരളത്തിന്റെ അഭ്യർത്ഥനകൾ കർണാടകം തുടർച്ചയായി നിരസിക്കുന്ന സാഹചര്യത്തിൽ മംഗലാപുരത്തേക്ക് പോകുന്ന വാഹനങ്ങൾ അണുവിമുക്തമാക്കാമെന്ന് തുടങ്ങിയ നിർദ്ദേശങ്ങൾ സംസ്ഥാനം നൽകിയിരുന്നു. എന്നാൽ ഇതിനോട് കർണാടകം പ്രതികരിച്ചിരുന്നില്ല.

ഇതേ തുടർന്നാണ് കേരള ഹൈക്കോടതിയുടെ ഇടപെടൽ. കേരള ഹൈക്കോടതിക്ക് വിഷയത്തിൽ ഇടപെടാൻ അധികാരമില്ലെന്ന് കർണാടകം വാദിച്ചെങ്കിലും ജനങ്ങളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 'മൗലികാവശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സർക്കാരുകൾക്കും ബാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാൻ കർണാടകം ബാധ്യസ്ഥരാണ്', ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു കേരളഹൈക്കോടതി വ്യക്തമാക്കി. ഇതാണ് കർണ്ണാടക അംഗീകരിക്കാത്തത്.

കർണാടക അതിർത്തി അടച്ചതോടെ കഴിഞ്ഞ 5 ദിവസത്തിനിടെ 7 പേരാണ് കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചത്. ഈ സാഹചര്യത്തിൽ രോഗികളുമായി കടന്ന് പോവുന്ന ആംബലുൻസുകളെ കടത്തിവിടണമെന്ന ആവശ്യം ശക്തമാവുമ്പോഴും അത് പരിഗണിക്കാൻ കർണാടക തയ്യാറായിട്ടില്ല. കർണാടക സർക്കാരിന്റെ തെറ്റായ നടപടി പിൻവലിപ്പിക്കുന്നതിനായി നിയമപരമായി ഇടപെടുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ദേശീയ പാത അടക്കാൻ ഒരു സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ കർണാടക സംസ്ഥാന സർക്കാരിന്റെ നടപടിയിൽ ദേശീയ പാത അഥോറിറ്റി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP