Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചരക്കുലോറികളിൽ ഒളിച്ചുകടക്കാനും അതിഥി തൊഴിലാളികളുടെ ശ്രമം; തൊഴിലില്ലാതെ കേരളത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണമൊന്നും വേണ്ട, സ്വന്തംനാട്ടിലെത്തിയാൽ മതിയെന്ന്; ലോറികൾ വഴി കടക്കുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി പൊലീസ്

ചരക്കുലോറികളിൽ ഒളിച്ചുകടക്കാനും അതിഥി തൊഴിലാളികളുടെ ശ്രമം; തൊഴിലില്ലാതെ കേരളത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണമൊന്നും വേണ്ട, സ്വന്തംനാട്ടിലെത്തിയാൽ മതിയെന്ന്; ലോറികൾ വഴി കടക്കുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ചരക്കുലോറികളിൽ ഒളിച്ചുകടക്കാനും അതിഥിതൊഴിലാളികളുടെ ശ്രമം. തൊഴിലില്ലാതെ കേരളത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണമൊന്നുംവേണ്ട, സ്വന്തംനാട്ടിലെത്തിയാൽ മതിയെന്ന്. നാട്ടിലേക്ക് മടങ്ങാൻ വിവിധ മാർഗ്ഗങ്ങൾ തേടുകയാണ് ഇതര സംസ്ഥാന തൊഴിലാളികൾ.

ലോറികൾ വഴി കടക്കുന്നവരെ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കി. രാജ്യത്ത് ലോക് ഡൗണും, മലപ്പുറം ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചതോടെ തൊഴിലില്ലാതെ കുടുങ്ങിയതോടെയാണ്ൃ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ വിവിധ മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരിക്കുന്നത്. പൊന്നാനി വഴി ചരക്കുലോറികളിൽ കയറി പൊലീസിന്റെ കണ്ണുവെട്ടിച്ച് കടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോറികളിലെ പരിശോധന പൊലീസ് ശക്തമാക്കി.

ലോക് ഡൗണിനെത്തുടർന്ന് മറ്റു വാഹനങ്ങളൊന്നും സർവ്വീസ് നടത്താത്തതിനാലാണ് ചരക്കുലോറികളിൽ സ്വന്തം നാടുകളിലേക്കെത്താൻ ഇതര സംസ്ഥാന തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് കർശന നടപടിയിലേക്ക് പൊലീസ് നീങ്ങുന്നത്. കോവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ കാലയളവിൽ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ചരക്കു വാഹനങ്ങൾക്കായി ഇതുവരെ അഞ്ഞൂറോളം പാസുകൾ മലപ്പുറം ജില്ലയിൽ വിതരണം ചെയ്തതായി ഡെപ്യൂട്ടി കലക്ടർ പി. മുരളീധരൻ അറിയിച്ചു.

പാസിന്റെ കാലാവധി ഏഴിൽ നിന്ന് 14 ദിവസമാക്കി ഉത്തരവിറങ്ങിയതിനെ തുടർന്ന് നിലവിൽ ഏഴ് ദിവസം പൂർത്തിയാക്കിയവർക്ക് ഒരാഴ്ച കൂടി നീട്ടി നൽകുന്നതിനായി നേരത്തെ ലഭിച്ച അനുമതി പത്രവുമായി ഹാജരായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.ചെക്ക് പോസ്റ്റുകൾ കടക്കുന്നതിന് റവന്യു, ആർ.ടി.ഒ, ആരോഗ്യ വകുപ്പ് എന്നിവർ സംയുക്തമായി അനുവദിക്കുന്ന പാസാണ് ഏഴിൽ നിന്ന് 14 ദിവസമാക്കി കഴിഞ്ഞ ദിവസം കലക്ടർ ഉത്തരവിട്ടത്. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളിൽ പോയി മടങ്ങി വരുന്ന ഡ്രൈവറും സഹായിയും 14 ദിവസം നീരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശത്തിനും കലക്ടർ ഇളവ് നൽകിയിരുന്നു.

ഇവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി പ്രത്യേകിച്ച് രോഗ ലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചാൽ വീണ്ടും യാത്രാനുമതി നൽകാനാണ് തീരുമാനം. അതേ സമയം കോവിഡ് 19 വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ഭക്ഷണ ശാലകൾക്കേർപ്പെടുത്തിയ നിയന്ത്രണത്തിൽ വഴിക്കടവ് ചെക് പോസ്റ്റ് പരിധിയിലുള്ള ഹോട്ടലുകൾക്ക് ചെറിയ ഇളവ് പ്രഖ്യാപിച്ചു. ചരക്കു വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഭക്ഷണ ലഭ്യത ഉറപ്പു വരുത്താൻ ചെക് പോസ്റ്റ് പരിധിയിലെ ഹോട്ടലുകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെയാക്കി.

ഭക്ഷണപൊതികളാണ് ഹോട്ടലുകളിൽ നിന്നു തൊഴിലാളികൾക്കു ലഭിക്കുക. വൈകുന്നേരം അഞ്ചു മുതൽ എട്ടു വരെ ചരക്കു വാഹനങ്ങളിലെ തൊഴിലാളികൾക്കു മാത്രമെ ഭക്ഷണം ലഭിക്കൂ. ഈ സമയം ഹോട്ടലുകൾക്കു മുന്നിൽ കൂടുതൽ പേർ ഒരുമിച്ചെത്താൻ പാടില്ലെന്നും ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. നേരത്തെ വൈകുന്നേരം അഞ്ചു മണി വരെ മാത്രമെ ചെക്‌പോസ്റ്റ് പ്രദേശത്തെ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നുള്ളൂ. അതിനാൽ ചരക്കു വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഭക്ഷണം ലഭിച്ചിരുന്നില്ല എന്ന പരാതിയെ തുടർന്നാണ് സമയം ദീർഘിപ്പിച്ചത്.

ലോക്ക് ഡൗണിൽ ജോലിയും കൂലിയും ഇല്ലാതായ അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി ജില്ലാ ഭരണകൂടം താമസ സ്ഥലത്ത് ഭക്ഷ്യോത്പന്ന കിറ്റുകൾ എത്തിച്ചുനൽകുന്നുണ്ട്. തൊഴിലാളികൾക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വില്ലേജ് ഓഫീസറും വാർഡ് കൗൺസിലറുമടങ്ങുന്ന സംഘമാണ് കിറ്റുകൾ എത്തിക്കുന്നത്. ഒരാൾക്ക് ഒരാഴ്ചയിലേക്കുള്ള ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. 500 ഗ്രാം പഞ്ചസാര, 250 ഗ്രാം ചെറുപയർ, 250 ഗ്രാം കടല, 250 ഗ്രാം തുവരപ്പരിപ്പ്, 250 ഗ്രാം ഉഴുന്ന്, 500 മില്ലീ ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം തേയില, ഒരു കിലോ ഗ്രാം ആട്ടപ്പൊടി, ഒരു കിലോ ഗ്രാം അരി, 100 ഗ്രാം മുളകുപൊടി, 100 ഗ്രാം മല്ലിപ്പൊടി, ഒരു കിലോ ഗ്രാം സവാള, ഒരു കിലോഗ്രാം ഉരുളക്കിഴങ്ങ് എന്നിവയാണ് ഭക്ഷണ കിറ്റിലുള്ളത്. ജില്ലയിൽ ഇതുവരെ 20,375 കിറ്റുകളാണ് വിതരണം ചെയ്തത്.

ഇന്നലെ 9,763 അതിഥി തൊഴിലാളികൾക്ക് കിറ്റുകൾ എത്തിച്ചു നൽകിയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി രണ്ട് കൺട്രോൾ റൂമുകളും ജില്ലയിൽ പ്രവർത്തിക്കുന്നു. ഇതിനോടകം ഇവിടെ 300 ടെലഫോൺ കോളുകൾ ലഭിച്ചു. അപ്പോൾതന്നെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തു. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി പഞ്ചായത്ത് തലം മുതൽ ജില്ലാ തലം വരെ മൂന്ന് വ്യത്യസ്ത കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റേയും വില്ലേജ് ഓഫീസറുടേയും മേൽനോട്ടത്തിലും താലൂക്ക് തലത്തിൽ തഹസിൽദാറുടെ മേൽനോട്ടത്തിലും പ്രവർത്തിക്കുന്നതോടൊപ്പം ജില്ലാ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ മുഖ്യ സമിതിയും സജീവമാണ്.താലൂക്ക് തലത്തിൽ ഭക്ഷ്യോത്പന്നങ്ങൾ വാങ്ങുന്നതിനുള്ള ചുമതല തഹസിൽദാർമാർക്കാണ്.

പഞ്ചായത്ത് തലത്തിൽ വാങ്ങുന്ന സാധനങ്ങൾക്കൊപ്പം വിവിധ വ്യക്തികളും സംഘടനകളും സംഭാവനയായി നൽകുന്ന ഉത്പന്നങ്ങളും വിതരണം ചെയ്യുന്നവയിൽ ഉൾപ്പെടും. റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, തൊഴിൽ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് അതിഥി തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റവും വിജയകരമായ രീതിയിൽ ജില്ലയിൽ മുന്നേറുന്നതെന്നും ഈ ഉദ്യമത്തിനു പിന്നിലുള്ള എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും ജില്ലാ കലക്ടർ ജാഫർ മലിക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP