Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'മഞ്ഞുമലയുടെ അഗ്രം മാത്രമേ ന്യൂയോർക്ക് കണ്ടിട്ടുള്ളൂ, അത്യാഹിതം വരാനിരിക്കുന്നതേ ഉള്ളൂ': ന്യൂയോർക്ക് അധികൃതർ

'മഞ്ഞുമലയുടെ അഗ്രം മാത്രമേ ന്യൂയോർക്ക് കണ്ടിട്ടുള്ളൂ, അത്യാഹിതം വരാനിരിക്കുന്നതേ ഉള്ളൂ': ന്യൂയോർക്ക് അധികൃതർ

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: 'മഞ്ഞുമലയുടെ അഗ്രം മാത്രമേ ന്യൂയോർക്ക് കണ്ടിട്ടുള്ളൂ, അത്യാഹിതം വരാനിരിക്കുന്നതേ ഉള്ളൂ' എന്ന് ന്യൂയോർക്ക് ഗവർണ്ണർ ആൻഡ്രൂ ക്വോമോയും, ന്യൂയോർക്ക് സിറ്റി മേയർ ഡി ബ്ലാസിയോയും മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ മരണസംഖ്യ 1,500 ൽ എത്തിനിൽക്കുകയാണ്. ആയിരക്കണക്കിന് പുതിയ കോവിഡ് 19 രോഗികൾക്ക് ഇടം നൽകുന്നതിന് ആശുപത്രികൾ തുറക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂയോർക്കിൽ 75,000 ത്തിലധികം കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന തലസ്ഥാനമായ ആൽബനിയിൽ നിന്നുള്ള പ്രതിദിന ബ്രീഫിംഗിൽ ക്വോമോ റിപ്പോർട്ട് ചെയ്തു. 'യുഎസിലെ അണുബാധകളിൽ പകുതിയും ന്യൂയോർക്കിലാണ്. 1,550 ന്യൂയോർക്കുകാർ മരിക്കുകയും 11,000 ത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംക്ഷിപ്തമായി, വിനാശകരമായ സംഖ്യകൾ മണിക്കൂറിനകം വർദ്ധിച്ചുകൊണ്ടിരിക്കുന്നു,' ഗവർണ്ണർ വ്യക്തമാക്കി.

ഭയാനകമായ ഈ ദേശീയ ദുരന്തത്തിൽ യുഎസ് മരണസംഖ്യ ചൊവ്വാഴ്ച 4,000 ത്തിൽ എത്തി നിൽക്കുന്നു. കഴിഞ്ഞ വർഷം വൈറസിന്റെ ഉത്ഭവ സ്ഥാനമായ ചൈനയിലെ ഔദ്യോഗിക കണക്കുകളെ മറികടക്കുകയാണ് യുഎസിൽ. യുഎസിൽ 240,000 മരണങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ന്യൂയോർക്ക് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഏതാണ്ട് 42,000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ന്യൂയോർക്കിലെ കൊവിഡ്-19 മരണങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ചൊവ്വാഴ്ച വൈകീട്ട് 5 വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അഞ്ച് ബൊറോകളിൽ 1096 ആണ്. എണ്ണം വർദ്ധിച്ചതനുസരിച്ച് നഗരം, സംസ്ഥാനം, ഫെഡറൽ ഉദ്യോഗസ്ഥർ ഈ മഹാമാരിയെ നേരിടാൻ ഒത്തുചേർന്നു പ്രവർത്തിക്കുകയാണ്.

ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയും (എഫ്ഇഎംഎ), ന്യൂയോർക്ക് സിറ്റി ഹാളും, ന്യൂയോർക്ക് നഗരത്തിന് 250 ആംബുലൻസുകൾ കൂടി നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്.

75 ഓളം ആംബുലൻസുകൾ പതിവ് അത്യാഹിത നമ്പർ 911 കോളുകളോട് പ്രതികരിക്കാൻ ഉപയോഗിക്കും. ബാക്കിയുള്ളവ രോഗികളെ മെഡിക്കൽ സൈറ്റുകളിലേക്ക് കൊണ്ടുപോകുന്നതിന് നീക്കിവയ്ക്കും. ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ ജേക്കബ് ജാവിറ്റ്‌സ് കൺവൻഷൻ സെന്ററിൽ അടുത്തിടെ പൂർത്തിയാക്കിയ 1,000 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റൽ, യുഎസ് നേവിയുടെ പുതുതായി എത്തിച്ചേർന്ന 1,000 കിടക്കകൾ ഉള്ള യുഎസ്എൻഎസ് കംഫർട്ട് ആശുപത്രി കപ്പൽ എന്നിവ സജ്ജമായിരിക്കുകയാണ്. കൂടാതെ, പകർച്ചവ്യാധിയേറ്റ രോഗികളുടെ പരിചരണത്തിന് 500 ബാക്കപ്പ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻസും (ഇ.എം ടി) പാരാമെഡിക്കുകളും നഗരത്തിലെത്തും.

ന്യൂയോർക്ക് നഗരത്തിന്റെ അമിത ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ സമ്മർദ്ദം ലഘൂകരിക്കാനുള്ള മറ്റൊരു ശ്രമത്തിൽ, ക്വീൻസ് ഫ്‌ളഷിങ് മെഡോസ് പാർക്കിലെ യുഎസ് ഓപ്പൺ ടെന്നീസ് സമുച്ചയത്തെ 350 കിടക്കകളുള്ള ഒരു ഫീൽഡ് ആശുപത്രിയാക്കി മാറ്റുകയാണെന്ന് അധികൃതർ പറഞ്ഞു.

നേവിയുടെ യുഎസ്എൻഎസ് കംഫർട്ട് പോലെ, ക്വീൻസ് ഫീൽഡ് സൗകര്യവും കൊറോണ വൈറസ് അല്ലാത്ത രോഗികളെ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. നഗരത്തിലെ ആശുപത്രികളെ പ്രധാനമായും വൈറസിനെതിരെ പോരാടുന്ന രോഗികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് സഹായിക്കും.

കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കെ, ഹോട്ടൽ മുറികൾ കൂട്ടത്തോടെ വാടകയ്‌ക്കെടുക്കാനും കോവിഡ് 19 രോഗികൾക്കായി തീവ്രപരിചരണ വിഭാഗങ്ങളാക്കി മാറ്റാനും നഗരം പദ്ധതിയിടുന്നുണ്ടെന്നും മേയർ ഡി ബ്ലാസിയോ പറഞ്ഞു. സാഹചര്യങ്ങൾ നിയന്ത്രണവിധേയമായില്ലെങ്കിൽ, നഗരത്തിലെ മുഴുവൻ ഹോട്ടലുകളും പാട്ടത്തിനെടുക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് ആർമി കോർപ്‌സ് ഓഫ് എഞ്ചിനീയേഴ്‌സിലെ ഉദ്യോഗസ്ഥരുമായി പദ്ധതികൾ ചർച്ച ചെയ്തതായി മേയർ പറഞ്ഞു. അടിസ്ഥാനപരമായി ഒരു ഹോട്ടലിനെ ആശുപത്രിയാക്കാൻ അവർ ചെയ്യുന്ന വളരെ ലളിതമായ കാര്യങ്ങളുണ്ട്. അതേക്കുറിച്ച് അവരുമായി വിശദമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സാമൂഹിക ഉത്തരവാദിത്തം എല്ലാവരും പാലിക്കണം. വ്യാപനം മന്ദഗതിയിലാക്കാൻ കഴിയുന്നത്ര വീട്ടിൽ തുടരാൻ ന്യൂയോർക്കുകാരോട് ഗവർണ്ണർ അഭ്യർത്ഥിച്ചു. 'ഇത് നിങ്ങൾക്കും നിങ്ങളുടെ ആരോഗ്യത്തിനും മാത്രമല്ല. എല്ലാവർക്കും വേണ്ടിയാണ്, രാജ്യത്തെ എല്ലാവരുടേയും സുരക്ഷയ്ക്കു വേണ്ടിയാണ്,' അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക് നിവാസികൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ സിറ്റി ഏജൻസികൾ ചിലപ്പോഴൊക്കെ പാടുപെടുന്നുണ്ട്. ഇതിന് പരിഹാരമായി സിറ്റി ഹാൾ ചൊവ്വാഴ്ച അഞ്ച് ബറോകളിലെയും 10 കളിസ്ഥലങ്ങൾ അടച്ചു പൂട്ടി. ഇതര പാർക്കുകളുടെ നിയന്ത്രണങ്ങളും ഏപ്രിൽ 14 വരെ നീട്ടി.

ന്യൂയോർക്ക് ഇപ്പോൾ പാൻഡെമിക്കിൽ നിന്ന് ഏറ്റവും കനത്ത പ്രഹരമേൽപ്പിക്കുമ്പോൾ, വൈറസ് വ്യാപിക്കുന്നത് തുടരുന്നതിനാൽ മറ്റ് നഗരങ്ങളും സംസ്ഥാനങ്ങളും ഇതേ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുറിയിപ്പ് നൽകി.

രാജ്യത്തെ മികച്ച പകർച്ചവ്യാധി വിദഗ്ധനും വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിലെ അംഗവുമായ ഡോ. ആന്റണി ഫൗസി കഴിഞ്ഞയാഴ്ച യുഎസിലെ 200,000 ആളുകൾ മരിക്കാമെന്ന് പ്രവചിച്ചിരുന്നു.

ന്യൂയോർക്കിൽ ആവശ്യത്തിന് വെന്റിലേറ്ററുകളും മറ്റ് ആവശ്യമായ വൈദ്യസഹായങ്ങളും നൽകാത്തതിന് ഗവർണ്ണർ ക്വോമോ പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടത്തെ വിമർശിച്ചു.

എന്നാൽ, ചൊവ്വാഴ്ച ഗവർണർ രാഷ്ട്രീയ നിലപാടുകൾ മാറ്റുകയും പകരം ഫെഡറൽ ഏജൻസികളോടും മറ്റ് സംസ്ഥാനങ്ങളോടും ന്യൂയോർക്കിന് ആവശ്യമുള്ള സമയത്ത് കൂടെ നിൽക്കണമെന്നും ആവശ്യപ്പെട്ടു.

'ചുവന്ന സംസ്ഥാനങ്ങളോ നീല സംസ്ഥാനങ്ങളോ ഇല്ല,' ക്വോമോ ആൽബനി പത്രസമ്മേളനത്തിൽ പറഞ്ഞു. 'വൈറസ് ചുവന്ന അമേരിക്കക്കാരെയോ നീല അമേരിക്കക്കാരെയോ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്നില്ല. അത് എല്ലാ അമേരിക്കക്കാരെയും ഒരുപോലെ ആക്രമിക്കുകയാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP