Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19ന് യുകെ മലയാളികൾക്കിടയിൽ ആദ്യ രക്തസാക്ഷി; ബിർമിൻഹാമിൽ കൊറോണയ്ക്ക് കീഴടങ്ങിയത് 80 കാരനായ മലയാളി ഡോക്ടർ; സ്വാൻസിയിൽ മരണം അടഞ്ഞവരിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അംഗമായ വടക്കേ ഇന്ത്യാക്കാരി കന്യാസ്ത്രീയും; ഒന്നിലേറെ മലയാളികൾക്ക് രോഗബാധയെന്ന് റിപ്പോർട്ട്; നഴ്സുമാർക്കും ഡോക്ടർമാർക്കും പോലും പ്രതിരോധ വസ്ത്രങ്ങൾ ഇല്ലാതെ വലയുന്ന ബ്രിട്ടനിൽ മലയാളികൾ ഇരകളാകുന്നത് ഇങ്ങനെ

കോവിഡ് 19ന് യുകെ മലയാളികൾക്കിടയിൽ ആദ്യ രക്തസാക്ഷി; ബിർമിൻഹാമിൽ കൊറോണയ്ക്ക് കീഴടങ്ങിയത് 80 കാരനായ മലയാളി ഡോക്ടർ; സ്വാൻസിയിൽ മരണം അടഞ്ഞവരിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അംഗമായ വടക്കേ ഇന്ത്യാക്കാരി കന്യാസ്ത്രീയും; ഒന്നിലേറെ മലയാളികൾക്ക് രോഗബാധയെന്ന് റിപ്പോർട്ട്; നഴ്സുമാർക്കും ഡോക്ടർമാർക്കും പോലും പ്രതിരോധ വസ്ത്രങ്ങൾ ഇല്ലാതെ വലയുന്ന ബ്രിട്ടനിൽ മലയാളികൾ ഇരകളാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെയിൽ കോവിഡ് രോഗത്തിന്റെ എപിസെന്ററുകൾ ആയി മാറികൊണ്ടിരിക്കുന്ന ലണ്ടനും മിഡ്ലാൻഡ്സും ഓരോ ദിവസവും നൂറുകണക്കിന് രോഗികളുടെ മരണം എത്തിക്കുമ്പോൾ അക്കൂട്ടത്തിൽ ആദ്യമായി ഒരു മലയാളിയുടെ പേരും ചേർക്കപ്പെട്ടിരിക്കുന്നു . ഇന്നലെ ബിർമിങ്ഹാം സിറ്റി ഹോസ്പിറ്റലിൽ മരണപ്പെട്ട ഡോ ഹംസ പച്ചേരിൽ ആണ് യുകെ മലയാളികൾക്കിടയിൽ കോവിഡിന്റെ ആദ്യ രക്തസാക്ഷിയായി മാറിയിരിക്കുന്നത് . സ്വാൻസിയിൽ മരണം അടഞ്ഞവരിൽ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി അംഗമായ വടക്കേ ഇന്ത്യാക്കാരി കന്യാസ്ത്രീയും ഉൾപ്പെടുന്നു

കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടാം എംബിബിഎസ് ബാച്ചിൽ ഉൾപ്പെട്ട ഹംസ (80) നീണ്ടകാലമായി യുകെയിലെ വിവിധ ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്യുക ആയിരുന്നു. കഴിഞ്ഞ പത്തു ദിവസത്തിലേറെയായി അനാരോഗ്യം അലട്ടിയതിനെ തുടർന്ന് അദ്ദേഹം ചികിത്സയിൽ ആയിരുന്നു. ഒരാഴ്ചക്കിടയിൽ രണ്ടു വട്ടം ആംബുലൻസ് സേവനം തേടുകയും ചെയ്തിരുന്നു . ഇന്നലെ രാവിലെ ബിർമിങ്ഹാം സിറ്റി ഹോസ്പിറ്റലിൽ വച്ച് മരണമടയുക ആയിരുന്നു എന്നാണ് വിവരം . പെരിന്തൽമണ്ണ സ്വദേശിയായ ഡോ ഹംസയുടെ കബറടക്കം യുകെയിൽ തന്നെ ഉടൻ നടന്നേക്കുമെന്നു സൂചനയുണ്ട് .

മലപ്പുറം ജില്ലയിലെ പൊന്നംകുറിശി സ്വദേശിയായ ഡോക്ടർ ഹംസ യുകെയിൽ എത്തുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാർക്ക് എന്നും സഹായിയായിരുന്നു . ഡോക്ടർമാരുടെ സംഘടനാ കൂട്ടായ്മകളിൽ പ്രായം മറന്നും സഹകരിക്കാൻ ഡോക്ടർ ഹംസ തയാറായിരുന്നു . കോയമ്പത്തൂർ സ്വദേശിയായ റോഷ്നയാണ് പത്‌നി . ശബ്‌നം , സകീർ എന്നിവർ മക്കളും .

അതിനിടെ നിലവിൽ ചികിത്സയിൽ ഉള്ള മലയാളികളിൽ ഒരാൾ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ ആണെന്നും സൂചനയുണ്ട് . ഈ രോഗിയും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളെ പരിചരിക്കാൻ മുന്നിൽ നിന്നിരുന്നതാണ് . യുകെയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾക്ക് ആശന്ക നൽകുന്ന വിവരങ്ങൾ ആയതിനാൽ രോഗിയുടെ വിശദംശങ്ങൾ പുറത്തു വിടാൻ കഴിയില്ല . ഒട്ടുമിക്ക എൻഎച്ച്എസ് ആശുപത്രികളിലും മലയാളി നേഴ്‌സുമാരും ഡോക്ടർമാരും കോവിഡ് രോഗികളായി മാറിക്കൊണ്ടിരിക്കുകയാണ് . ആവശ്യമായ പി പി ഇ കിറ്റുകൾ ലഭ്യമല്ലെന്ന പരാതിയും ശക്തമാണ് .

അതിനിടെ കൂടുതൽ ഡോക്ടർമാർ യുകെയിൽ കോവിഡ് രോഗികളായി മാറുന്നു എന്ന വാർത്തയും പുറത്തു വരുന്നുണ്ട് . എസ്‌കസ് ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ആയി വിരമിച്ച ആഫ്രിക്കൻ വംശജനായ ഡോ ആൽഫാ സദു നിര്യാതനായ വിവരമാണ് ഇന്നലെ പുറത്തു വന്നത് . സർക്കാർ അഭ്യർത്ഥന മാനിച്ചു 68 കാരനായ അദ്ദേഹം വീണ്ടും മെഡിക്കൽ സേവനം ചെയ്യാൻ തയ്യാറായതാണ് കോവിഡ് ബാധയ്ക്കു കരണമാക്കിയത് . നൈജീരിയയിൽ നിന്നും 12 വയസിൽ യുകെയിൽ എത്തിയ അദ്ദേഹം പ്രാദേശിക നൈജീരിയൻ സംഘടനയുടെ പ്രെസിഡന്റ്‌റ് കൂടിയാണ് .

സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ സിറ്റർ സിയെന്നയാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് വടക്കേ ഇന്ത്യാക്കാരിയായ ഇവരെ ആശുപത്രിയിലാക്കിയത്. ബ്രിട്ടനിലെ കൊറോണാ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടദിവസമായ ഇന്നലെ രേഖപ്പെടുത്തിയത് 563 മരണങ്ങളാണ്. മരണ നിരക്കിൽ തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ 48 ശതമാനം വർദ്ധനവാണ് ഇന്നലെ ദൃശ്യമായത്. ഇത് ബ്രിട്ടനിലെ ഇതുവരെയുള്ള കോവിഡ് 19 മരണസംഖ്യ ഒരൊറ്റ ദിവസം കൊണ്ട് 31 ശതമാനം വർദ്ധിപ്പിച്ച് 2352 ൽ എത്തിച്ചു. 29,474 കൊറോണാ ബാധിതരുമായി ബ്രിട്ടൻ യൂറോപ്പിലെ ഏറ്റവുമധികം കൊറോണാ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ അഞ്ചാം സ്ഥാനത്തെത്തി. വെയിൽസിൽ ഇന്നലെ 29 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ സ്‌കോട്ട്‌ലാൻഡിൽ 16 മരണങ്ങളും നോർത്തേൺ അയർലൻഡിൽ 2 മരണവുമാണ് രേഖപ്പെടുത്തിയത്. 486 മരണങ്ങളുമായി ഇംഗ്ലണ്ട് ഏറെ ദൂരം മുന്നിലാണ്. ബാക്കി 11 പേർ ഏത് മേഖലയിൽ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇത്രയും വലിയൊരു പ്രതിസന്ധി നേരിടാൻ ബ്രിട്ടൻ തീരെ തയ്യാറെടുത്തിരുന്നില്ല എന്നതാണ് പ്രതിസന്ധിയുടെ ആക്കം വർദ്ധിപ്പിക്കുന്നത്. ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന കണക്കുകൾ പോലും യഥാർത്ഥ കണക്കുകളല്ല എന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്. ആശുപത്രികളിൽ എത്തുന്നവരെ മാത്രം പരിശോധിക്കുക എന്ന ഏറെ വിവാദമുയർത്തുന്ന നയം കാരണമാണ് യഥാർത്ഥ രോഗബാധിതരുടെ എണ്ണം ലഭിക്കാത്തത്. മാത്രമല്ല, നേരിയ ലക്ഷണങ്ങൾ കാണിച്ച്, വീടുകളിൽ തന്നെ ഇതിന്റെ ചികിത്സയുമായി ഇരിക്കുന്നവരേയും ഈ കണക്കുകളിൽ ഉൾക്കൊള്ളിച്ചിട്ടില്ല. അതുപോലെ തന്നെയാണ് മരണസംഖ്യയുടെ കാര്യവും. ആശുപത്രികളിൽ രേഖപ്പെടുത്തുന്ന മരണങ്ങൾ മാത്രമേ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുന്നുള്ളു.

വർദ്ധിച്ചുവരുന്ന രോഗബാധിതരുടെ എണ്ണം ബ്രിട്ടനിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ കനത്ത സമ്മർദ്ദമാണ് ഏല്പിച്ചിരിക്കുന്നത്. രോഗബാധയുമായി എത്തുന്ന എല്ലാവർക്കും ചികിത്സ ലഭ്യമാക്കുവാൻ പോലും ആകാത്ത അവസ്ഥയിലാണ് ഇന്ന് ബ്രിട്ടൻ. ഇന്നലത്തെ പതിവ് പത്രസമ്മേളനത്തിൽ ബിസിനസ് സെക്രട്ടറി അലോക് ശർമ്മക്ക് എൻ എച്ച് എസ് ജീവനക്കാരുടെ പരിശോധനയുടെ അപര്യാപ്തതയെ കുറിച്ച് ധാരാളം ചോദ്യങ്ങൾ നേരിടേണ്ടിവന്നു. ദിവസേന 10,000 പരിശോധനകൾ മാത്രം നടത്തുന്ന ബ്രിട്ടനിൽ ഇതുവരെ കേവലം 2000 ആരോഗ്യപ്രവർത്തകരെ മാത്രമേ പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളു.

പരിശോധനാ സംവിധാനങ്ങൾ വർദ്ധിപ്പിക്കുക, കൂടുതൽ കാര്യക്ഷമമാക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത് എന്ന് പറഞ്ഞൊഴിഞ്ഞതല്ലാതെ, അത് ഏതുവിധത്തിൽ നടപ്പാക്കുമെന്ന കാര്യം അദ്ദേഹം പറഞ്ഞില്ല.

യു.എസിൽ രണ്ടുപേരടക്കം വിദേശത്ത് അഞ്ചുമലയാളികൾ മരിച്ചു

കണ്ണൂർ കതിരൂർ ആണിക്കാംപൊയിലിൽ വലിയപറമ്പത്ത് വീട്ടിൽ അശോകൻ (63) മുംബൈയിൽ മരിച്ചു. സാക്കിനാക്കയിലായിരുന്നു താമസം. പനിബാധിച്ച് വീട്ടിലായിരുന്നു. ചൊവ്വാഴ്ചയാണു മരിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് കൊറോണയാണെന്നു സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളെ സമ്പർക്കവിലക്കിലാക്കി. ടൂൾ ആൻഡ് ഡൈ മേക്കിങ് കമ്പനിയിലാണു ജോലി.

തൃശ്ശൂർ കയ്പമംഗലം മൂന്നുപീടിക പള്ളിത്താനം സ്വദേശി തേപറമ്പിൽ ബാവുവിന്റെ മകൻ പരീദ് (69) ദുബായിൽ മരിച്ചു. മൂന്നുപീടിക പുത്തൻപള്ളി ജുമാമസ്ജിദിലെ മുക്രിയായിരുന്നു. 10 മാസമായി അർബുദം ബാധിച്ച് ദുബായിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബായ് അൽ-ഖൂഫ് ഖബറിസ്ഥാനിൽ ഖബറടക്കി. ഭാര്യ: നഫീസ. മക്കൾ: ഫൈസൽഫരീദ്, അബ്ദുൽഫത്താഹ്, സൈഫുദീൻ, സാജിദ്. മരുമക്കൾ: സന, അഷ്‌ന, നെസിയ.

പത്തനംതിട്ട ഇലന്തൂർ ഈസ്റ്റ് ആലുനിൽക്കുന്നതിൽകുഴിക്ക് വീട്ടിൽ തോമസ് ഡേവിഡ് (44) ന്യൂയോർക്കിൽ മരിച്ചു. ന്യൂയോർക്ക് സിറ്റി ട്രാൻസ്‌പോർട്ടേഷൻ അഥോറിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ന്യൂയോർക്കിൽ റെയിൽവേ ജീവനക്കാരനായിരുന്ന എ.ജെ. ഡേവിഡിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. 35 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാണ്. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശിനി സൈജുവാണ് ഭാര്യ. മക്കൾ: മേഘ, നിയ, എലീസ.

രാമമംഗലം സ്വദേശിനി കുഞ്ഞമ്മ സാമുവൽ അമേരിക്കയിലെ ന്യൂജെഴ്സിയിൽ മരിച്ചു. കൊച്ചി കാക്കനാട് ജയരാജ് അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി സാമുവലിന്റെ ഭാര്യയാണ്. മക്കൾ: ലൂസി (ന്യൂജെഴ്സി), മോഹൻ (മുംബൈ).

പെരിന്തൽമണ്ണ പൊന്ന്യാകുർശി സ്വദേശി പച്ചീരി ഹംസ (80) ലണ്ടനിൽ മരിച്ചു. കോറോണ ബാധിതനായിരുന്നുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ലണ്ടനിലെ വെസ്റ്റ് മിഡ്ലൻഡിൽ ഡോക്ടറായിരുന്നു. ലണ്ടനിൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ചശേഷം കുടുംബത്തോടൊപ്പം അവിടെത്തന്നെയായിരുന്നു. ഭാര്യ: റോസ്ന(കോയമ്പത്തൂർ). മക്കൾ: ഷബ്നം, സക്കീർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP