Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്‌പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?

ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്‌പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലോക്ഡൗണിനോട് അനുബന്ധിച്ചുള്ള പൊലീസുകാരന്റെ ജോലി തടസപ്പെടുത്തിയ യുവാക്കൾക്കെതിരേ നിസാര വകുപ്പിട്ട് കേസ് എടുത്ത കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ ജില്ലാ പൊലീസ് മേധാവി കെജി സൈമൺ നിർത്തിപ്പൊരിച്ചു. ജില്ലയിലെ മുഴുവൻ ഇൻസ്പെക്ടർമാരും കേൾക്കേ വയർലസ് സെറ്റിലൂടെയായിരുന്നു എസ്‌പിയുടെ താക്കീത്. ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെയും സത്യവാങ്മൂലം കാണിക്കാതെയും വന്ന രണ്ടു യുവാക്കളെ ഇന്നലെ വൈകിട്ട് കോന്നി പൊലീസ് സ്റ്റേഷനിലെ കൃഷ്ണകുമാർ എന്ന പൊലീസുകാരൻ തടഞ്ഞിരുന്നു. തങ്ങൾ കെയു ജനീഷ് കുമാർ എംഎൽഎയുടെ ആളുകളാണെന്നും സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയതാണെന്നും തങ്ങളെ തടയാൻ താനാര് എന്നുമായിരുന്നു യുവാക്കളുടെ ചോദ്യം.

എംഎൽഎ പറഞ്ഞിട്ടാണ് തങ്ങൾ പോകുന്നതെന്നും ഇവർ പറഞ്ഞു. ആരു പറഞ്ഞിട്ടായാലും ഹെൽമറ്റ് വച്ച് പൊയ്ക്കൂടേ എന്നും ലോക്ഡൗൺ ആയതിനാൽ സത്യവാങ് മൂലം കാണിക്കണ്ടേ എന്നും പൊലീസുകാരൻ ചോദിച്ചു. അതിന് ശേഷം ഇവരെ പോകാൻ അനുവദിച്ചു. അൽപസമയം കഴിഞ്ഞ തിരിച്ചു വന്ന ഇവരിൽ എബിൻ ബേബി എന്നയാൾ രണ്ടു മൂന്നു തവണ അവിടെ റൗണ്ട് അടിച്ചു. പിന്നെ ബൈക്ക് സ്റ്റാൻഡിൽ വച്ചിട്ട് വിശ്രമപ്പനതലിൽ ഇരുന്ന കൃഷ്ണകുമാറിനോട് തട്ടിക്കയറുകയായിരുന്നു. എടാ, പോടാ എന്നാണ് പൊലീസുകാരനെ ഇയാൾ അഭിസംബോധന ചെയ്തത്. എംഎൽഎ പറഞ്ഞിട്ടാണ്് തങ്ങൾ പൊതിച്ചോറുമായി പോയതെന്നും തടയാൻ നീയാരാ എന്നുമായിരുന്നു ചോദ്യം. കോന്നിയിലെ കാര്യം ഞങ്ങൾ നോക്കിക്കോളാം.

നീയൊക്കെ നിന്റെ പണി ചെയ്യൂ എന്നും ആക്രോശിച്ചാണ് എബിൻ മടങ്ങിയത്. സഹപ്രവർത്തകർക്ക് മുന്നിൽ അപമാനിതനായ പൊലീസുകാരൻ അവരുടെ കൂടി നിർദ്ദേശ പ്രകാരം പൊലീസ് ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകി. തന്റെ ഡ്യൂട്ടി തടസപ്പെടുത്തി, അസഭ്യം വിളിച്ചു എന്നതടക്കം ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുക്കണം എന്നു കാണിച്ചായിരുന്നു റിപ്പോർട്ട്. വണ്ടി നമ്പരും പരാമർശിച്ചിരുന്നു. റിപ്പോർട്ട് കിട്ടിയ ഇൻസ്പെക്ടർ ആദ്യം ഈ വിവരം എംഎൽഎയെ അറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. തുടർന്ന് അടൂർ ഡിവൈഎസ്‌പിയെ വിളിച്ച് എന്തു ചെയ്യണമെന്ന് ചോദിച്ചു. എസ്‌പിയോട് ചോദിക്കൂവെന്ന് പറഞ്ഞ് അദ്ദേഹം തലയൂരി. ഇൻസ്പെക്ടർ പിന്നീട എസ്‌പിയെ നേരിട്ടു വിളിച്ചു. പരാതിയുടെ കാര്യം ലഘൂകരിച്ച് പറഞ്ഞു.

എന്താണ് ചെയ്യേണ്ടത് എന്ന അഭിപ്രായവും ആരാഞ്ഞു. താൻ തന്റെ പണി എന്താണെന്നു വച്ചാൽ ചെയ്യുക എന്നായിരുന്നു എസ്‌പിയുടെ നിർദ്ദേശം. ഇൻസ്പെക്ടർ ഉടൻ തന്നെ പ്രതിയെ വിളിച്ചു വരുത്തി മൊഴി എടുത്ത് നിസാര വകുപ്പിട്ട് കേസ് എടുക്കുകയായിരുന്നു. എന്നാൽ, ഇതിന് പൊലീസുകാരൻ വഴങ്ങിയില്ല. ഒടുവിൽ കെയു ജനീഷ്‌കുമാർ എംഎൽഎ നേരിട്ട് പൊലീസുകാരുടെ സമീപം എത്തി. അയാൾ ചെയ്ത തെറ്റിന് എംഎൽഎ മാപ്പു ചോദിച്ചു. ഈയവസരത്തിൽ കേസുമായി മുന്നോട്ടു പോയാൽ ജനപ്രതിനിധി എന്ന നിലയിൽ തന്നെ ബാധിക്കുമെന്ന് കണ്ടാണ് ക്ഷമ ചോദിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു. താൻ ആകെ അഞ്ചു പേരെ മാത്രമാണ് പൊതിച്ചോറും മറ്റു സേവനങ്ങളും നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹം പൊലീസുകാരോട് പറഞ്ഞു.

അവർക്ക് തിരിച്ചറിയൽ രേഖയും നൽകിയിട്ടുണ്ട്. അവർ അല്ലാതെ ആര് തന്റെ പേര് പറഞ്ഞാലും കടത്തി വിടേണ്ടെന്ന് പൊലീസുകാർക്ക് എംഎൽഎ നിർദ്ദേശം നൽകി. കുറഞ്ഞത് 20 പേരെങ്കിലും എംഎൽഎയുടെ പേര് പറഞ്ഞ് കറങ്ങാൻ ഇറങ്ങുന്നുണ്ടെന്ന് പൊലീസുകാർ അറിയിച്ചു. എംഎൽഎയുടെ ക്ഷമാപണത്തിന് മുന്നിൽ പൊലീസുകാർ ഒത്തു തീർപ്പിന് തയാറായി. ഇൻസ്പെക്ടർ ജാമ്യം ലഭിക്കാവുന്ന വകുപ്പ് മാത്രം ഇട്ട് എടുത്ത കേസ് നിലനിൽക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ വിവരം സ്പെഷൽ ബ്രാഞ്ച് മുഖേനെ മനസിലാക്കിയ എസ്‌പി കൂടത്തായി സൈമൺ ഇന്ന് രാവിലെ വയർലസിലൂടെയാണ് കോന്നി ഇൻസ്പെക്ടറെ കുടഞ്ഞത്.

സ്വന്തം കീഴുദ്യോഗസ്ഥനെ സഹായിക്കാനും സംരക്ഷിക്കാനും കഴിയാത്ത താങ്കൾ എന്തിനാണ് ഈ പണിക്ക് ഇറങ്ങിയിരിക്കുന്നത് എന്നായിരുന്നു എസ്‌പിയുടെ ചോദ്യം. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ രാഷ്ട്രീയമോ മറ്റ് സമ്മർദങ്ങളോ അല്ല നോക്കേണ്ടത്. പൊതുജനങ്ങളുടെയും അവരെ സംരക്ഷിക്കാൻ നിൽക്കുന്ന പൊലീസുകാരുടെയും സുരക്ഷയാണ്. എന്തിന്റെ പേരിൽ ആയാലും ആരും പൊലീസുകാരുടെ മേൽ കുതിര കയറാൻ അനുവദിക്കരുതെന്ന വ്യക്തമായ സന്ദേശം എസ്‌പി നൽകി. ഒരു പൊലീസുകാരന്റെ റിപ്പോർട്ട് കിട്ടിയപ്പോൾ എന്തു ചെയ്യണമെന്ന് ചോദിക്കുന്നതിന് പകരം കേസെടുത്തിട്ട് വിളിക്കുകയായിരുന്നു വേണ്ടതെന്നും എസ്‌പി ഓർമിപ്പിച്ചു.

എസ്‌പിയുടെ വാക്കുകൾ ഡ്യൂട്ടിയിലുള്ള മറ്റു പൊലീസുകാർക്കും ഊർജമാവുകയായിരുന്നു. കോന്നി ഇൻസ്പെക്ടറെ പൊലീസിന്റെ ചുമതലകളും കർത്തവ്യവൂം പഠിപ്പിച്ച ശേഷമാണ് എസ്‌പി ഫയറിങ് അവസാനിപ്പിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിക്കും വിടുപണി ചെയ്യേണ്ട സാഹചര്യം ഇപ്പോൾ പൊലീസിന് ഇല്ലെന്ന വ്യക്തമായ സന്ദേശം കൂടിയാണ് എസ്‌പി നൽകിയത്. ഇന്നലത്തെ സംഭവത്തോടെ ഇന്ന് കോന്നിയിൽ എംഎൽഎയുടെ ആൾക്കാരെ ഒന്നും കാണാനില്ലെന്ന് പൊലീസുകാർ പറയുന്നു. ഒരാൾ പോലും എം,എൽഎയുടെ ആളായി ഇന്ന് ഇതു വരെ എത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP