Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോടും തൃശൂരും ആലപ്പുഴയിലും കോട്ടയത്തും ദിനാന്തരീക്ഷ താപനില ഉയരും; ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അഥോറിറ്റി

കോഴിക്കോടും തൃശൂരും ആലപ്പുഴയിലും കോട്ടയത്തും ദിനാന്തരീക്ഷ താപനില ഉയരും; ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അഥോറിറ്റി

സ്വന്തം ലേഖകൻ

 

കൊച്ചി: കേരളത്തിൽ താപനില ഉയരുമെന്ന് പ്രവചനം. 2020 ഏപ്രിൽ 1 മുതൽ ഏപ്രിൽ 3 വരെ കോഴിക്കോട് , തൃശ്ശൂർ ജില്ലകളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ , കോട്ടയം ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊതുവെ സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അഥോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ രേഖപ്പെടുത്തപ്പെടുന്ന ദിനാന്തരീക്ഷ താപനില മിക്ക ദിവസങ്ങളിലും 2 മുതൽ 4 വരെ ഡിഗ്രി സെൽഷ്യസ് വരെ വ്യതിയാനം കാണിക്കുന്ന സ്ഥിതിവിശേഷമുള്ളതിനാലും ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദേശിക്കുന്നു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും (Humidity) താപസൂചിക (Heat Index) ഉയർത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

സംസ്ഥാനത്ത് കോവിഡ്-19 ജാഗ്രതയുടെ ഭാഗമായുള്ള ലോക്ക് ഡൗൺ തുടരുകയാണ്. ഈ സാഹചര്യത്തിൽ പകൽ സമയത്ത് പുറംജോലികളിൽ ഏർപ്പെടുന്ന പൊലീസുകാർ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, കമ്മ്യൂണിറ്റി കിച്ചണിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ പ്രത്യേകമായ കരുതലും ജാഗ്രതയും പാലിക്കുക. ആവശ്യമായ വിശ്രമത്തോടെയും തണൽ ഉറപ്പു വരുത്തിയും മാത്രം ജോലിയിൽ ഏർപ്പെടുക. ധാരാളമായി ശുദ്ധജലം കുടിക്കുക. പൊതുജനങ്ങൾ ഇവരോട് സഹകരിക്കുക.

ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവർ പകൽ 11 മണി മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്.

വീട്ടിൽ ഇരിക്കുന്നവരും ധാരാളമായി ശുദ്ധജലം കുടിക്കുക. വീട്ടിലും മുറികളിലും വായുസഞ്ചാരം ഉറപ്പാക്കുക.

നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം, ചായ, കാപ്പി പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ലൈറ്റ് കളർ, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.

നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു.

നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ച പരിമിതർക്കായി ബ്രെയിൽ മെറ്റീരിയലുകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ശബ്ദ സന്ദേശത്തിനായി sdma.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ള ജില്ലകളിൽ മാത്രമല്ല, ചൂട് വർധിക്കുന്ന മുഴുവൻ ജില്ലകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അഭ്യർത്ഥിക്കുന്നു.

KSDMA-ദുരന്തനിവാരണ അഥോറിറ്റി-IMD

പുറപ്പെടുവിച്ച സമയം: 1 pm 01-04-2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP