Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ

ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ

എം മനോജ് കുമാർ

തിരുവനന്തപുരം: അപ്രതീക്ഷിതമായി വന്ന ദുരന്തത്തിൽ പകച്ച് കണിയാപുരം നമ്പ്യാർകുളത്ത് വിജയകുമാറിന്റെ കുടുംബം. ആദ്യ പ്രസവത്തിൽ ആണും പെണ്ണുമായി രണ്ടു ഇരട്ടക്കുട്ടികളെ നൽകിയാണ് വിജയകുമാറിന്റെ ഭാര്യയായ ബിനു ടീച്ചർ കഴിഞ്ഞ ദിവസം വിടവാങ്ങിയത്. പ്രസവത്തെ തുടർന്നു രക്തസ്രാവം വന്നതിനെ തുടർന്നാണ് എസ്എടി ആശുപത്രിയിൽ ടീച്ചർ മരിക്കുന്നത്. കണിയാപുരം യുപി സ്‌കൂളിൽ ഹിന്ദി ടീച്ചറായിരുന്ന ബിനുവിന്റെ കടിഞ്ഞൂൽ പ്രസവത്തെ തുടർന്നു തന്നെയാണ് മരണവും നടക്കുന്നത്.

തിങ്കളാഴ്ചയാണ് പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവത്തെ തുടർന്നു ബിനു മരിക്കുന്നത്. ശനിയാഴ്ച ഡോക്ടറെ കാണാനാണ് എസ്എടി ആശുപത്രിയിൽ എത്തിയത്. പക്ഷെ വയ്യായ്മ കണ്ടപ്പോൾ അഡ്‌മിഷന് ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. അന്ന് തന്നെ രാത്രി തന്നെ സിസേറിയനും കഴിഞ്ഞു. അപ്രതീക്ഷിതമായാണ് രക്തസ്രാവം വരുന്നത്. ടീച്ചറെ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ടീച്ചർ വിട പറഞ്ഞതോടെ ഇരട്ടകുട്ടികൾ ഇപ്പോൾ ഭർത്താവ് വിജയകുമാറിന്റെ കുടുംബത്തിന്റെ സംരക്ഷണയിലാണ്. നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ പകച്ചിരിക്കുകയാണ് കുടുംബം.

നാൽപ്പത്തിയൊമ്പതാം വയസിലാണ് ഇരട്ടക്കുട്ടികൾക്ക് ടീച്ചർ ജന്മം നൽകുന്നത്. ഈ സന്തോഷം നീണ്ടു നിൽക്കും മുൻപ് തിങ്കളാഴ്ച തന്നെ ടീച്ചർ യാത്ര പറഞ്ഞു. ഏറെ കാത്തിരുന്നു ലഭിച്ച കുട്ടികളെ താലോലിക്കും മുൻപ് തന്നെ വിധി ടീച്ചറെ തിരിച്ചു വിളിക്കുകയായിരുന്നു. ആദ്യ ഭർത്താവിന്റെ മരണത്തെ തുടർന്നു ഏകാകിയായി ജീവിതം തുടരുകയായിരുന്നു ടീച്ചർ. സ്‌കൂളിലെ സജീവ സാന്നിധ്യവുമായിരുന്നു. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ പ്രിയങ്കര. അക്കാദമിക-ഇതര കാര്യങ്ങളിൽ ഊർജ്ജസ്വല. ഈ രീതിയിൽ ജീവിതം മുന്നോട്ടു പോകവെയാണ് ഗൾഫിൽ ജോലിയുണ്ടായിരുന്ന വിജയകുമാറിന്റെ ആലോചന വരുന്നത്.

ആദ്യം സമ്മതിച്ചില്ലെങ്കിലും ഒറ്റയ്ക്കുള്ള ജീവിതം ബന്ധുക്കൾ ചൂണ്ടിക്കാട്ടിയതോടെയാണ് ടീച്ചർ രണ്ടാമതും വിവാഹിതയായത്. ഗർഭിണിയായപ്പോഴും ഇരട്ടക്കുട്ടികൾ ആണെന്നറിഞ്ഞപ്പോഴും ആഹ്ലാദവതിയുമായിരുന്നു. കുട്ടികളുമൊത്ത് ടീച്ചർ സ്വപ്നം കണ്ട ജീവിതമാണ് ഓർക്കാപ്പുറത്ത് വിധി തല്ലിക്കെടുത്തിയത്. ഇരട്ടക്കുട്ടികൾ ആണെന്ന വിവരം അറിഞ്ഞു നേരത്തെ തന്നെ വിജയകുമാർ നേരത്തെ തന്നെ ഗൾഫിൽ നിന്നും മടങ്ങിയിരുന്നു. ഇവിടെ ജീവിതം തുടരാമെന്ന് കരുതിയപ്പോഴാണ് ഓർക്കാപ്പുറത്ത് ദുരന്തം എത്തുന്നത്.

ശനിയാഴ്ച പത്തുമണിയോടെയാണ് സിസേറിയൻ നടക്കുന്നത്. അപ്പോഴൊന്നും ഒരു കുഴപ്പവുമില്ലായിരുന്നെന്നു മറുനാടനോട് ബന്ധുക്കൾ പറഞ്ഞു. പക്ഷെ രാത്രി വൈകിയപ്പോൾ രക്തസ്രാവം വന്നു. പിന്നീട് തിയേറ്ററിൽ കൊണ്ടുപോയി. എന്നിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച പത്തരമണിയോടെ ടീച്ചർ മരിച്ചു. പറയത്തക്ക ഒരസുഖവും ടീച്ചർക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു കുഴപ്പവും വരില്ലെന്നും കരുതി. പക്ഷെ വിധി മറിച്ചായി-ബന്ധുക്കൾ പറയുന്നു. ഇതിന്നിടയിൽ പോസ്റ്റ്‌മോർട്ടത്തിനു നീക്കവും നടന്നു. പക്ഷെ ബന്ധുക്കൾ ഇടപെട്ടു തടഞ്ഞു. ആശുപത്രിയിൽ നിന്ന് വീഴ്ച വന്നെന്നു ബന്ധുക്കൾ കരുതുന്നില്ല. സർജറിയും കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ പോസ്റ്റ്മോർട്ടം വേണ്ടെന്നു ബന്ധുക്കൾ നിലപാടെടുത്തു. ഇതോടെ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം എഴുതി നൽകിയാണ് മോർച്ചറിയിൽ നിന്നും ബന്ധുക്കൾ ശരീരം ഏറ്റുവാങ്ങിയത്. തുടർന്നു ശാന്തികവാടത്തിൽ സംസ്‌കാരവും നടത്തി.

സഹ അദ്ധ്യാപകരും വിദ്യാർത്ഥികളുമൊക്കെ ടീച്ചറുടെ വേർപാടിൽ വിഷമത്തിലാണ്. കൊറോണ നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് കാരണം പലർക്കും സംസ്‌കാര ചടങ്ങുകൾക്ക് എത്താനായില്ല. പക്ഷെ ടീച്ചറുടെ സ്‌കൂളിന്റെ ഫെയ്‌സ് ബുക്ക് പേജിൽ അവർ അനുസ്മരണകുറിപ്പ് ടീച്ചറുടെ ഫോട്ടോ അടക്കം ചേർത്തിട്ടുണ്ട്. കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ വിടപറഞ്ഞു എന്നാണ് തലവാചകത്തിൽ തന്നെ പറയുന്നത്. പാരിപ്പള്ളി സ്വദേശിയായ ടീച്ചർ കഴിഞ്ഞ 5 വർഷമായി കണിയാപുരം യു.പി.സ്‌കൂളിലെ ഹിന്ദി അദ്ധ്യാപികയായിരുന്നു. മികച്ച അദ്ധ്യാപികയും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഗുരുനാഥയുമായിരുന്ന ടീച്ചറിന്റെ വേർപാട് കണിയാപുരം സ്‌കൂളിനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്-ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു.

2001ലാണ് അദ്ധ്യാപികയായി ടീച്ചർ സർവീസിൽ കയറുന്നത്. കുളത്തൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ, ശ്രീകാര്യം ഗവ.സ്‌കൂൾ എന്നിവിടങ്ങളിലും ടീച്ചറായിരുന്നു. അതിനു ശേഷമാണ് കണിയാപുരം യുപിസ്‌കൂളിൽ എത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ഈ സ്‌കൂളിൽ ഹിന്ദി അദ്ധ്യാപികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP