Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറുള്ള വീട് എന്നു പറയുന്നതുപോലെ ഗമയായിരുന്നു ഒരു കാലത്ത് നമുക്ക് ടിവിയുള്ള വീട് എന്നുപറയുന്നത്; രാമായണം, മഹാഭാരതം സീരിയലുകളുടെ സംപ്രേഷണത്തോടെ കേരളത്തിൽ വീടിനൊരു ടിവി എന്ന നിലയിലേക്ക് കാര്യങ്ങളെത്തി; ഒരിക്കലും രാമനെന്ന വികാരം ഭാരതീയർക്കുണ്ടായത് രാമായണം എന്ന സീരിയൽ കണ്ടിട്ടല്ല; നാഗകന്യക സീരിയൽ കണ്ടിട്ടല്ലാ വാവാ സുരേഷ് പാമ്പുകളുടെ തോഴനായത്: അഞ്ജു പാർവ്വതി പ്രബീഷ് എഴുതുന്നു

കാറുള്ള വീട് എന്നു പറയുന്നതുപോലെ ഗമയായിരുന്നു ഒരു കാലത്ത് നമുക്ക് ടിവിയുള്ള വീട് എന്നുപറയുന്നത്; രാമായണം, മഹാഭാരതം സീരിയലുകളുടെ സംപ്രേഷണത്തോടെ കേരളത്തിൽ വീടിനൊരു ടിവി എന്ന നിലയിലേക്ക് കാര്യങ്ങളെത്തി; ഒരിക്കലും രാമനെന്ന വികാരം ഭാരതീയർക്കുണ്ടായത് രാമായണം എന്ന സീരിയൽ കണ്ടിട്ടല്ല; നാഗകന്യക സീരിയൽ കണ്ടിട്ടല്ലാ വാവാ സുരേഷ് പാമ്പുകളുടെ തോഴനായത്: അഞ്ജു പാർവ്വതി പ്രബീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രബീഷ്

മ്മുടെ അമ്മമാരുടേയും അമ്മൂമ്മമാരുടേയും ഒരു തലമുറയെ മുഴുവൻ അടുക്കളയിൽനിന്നു സ്വീകരണമുറിയിലേയ്ക്ക് ആവാഹിച്ചു വരുത്തിയിട്ടുണ്ട് ദൂരദർശൻ. കാറുള്ള വീട് എന്നു പറയുന്നതുപോലെ ഗമയായിരുന്നു ഒരു കാലത്ത് നമുക്ക് ടിവിയുള്ള വീട് എന്നുപറയുന്നത്. ആനയോടൊപ്പം തോട്ടി എന്നുപറയുന്നതുപോലെ ടിവിയോടൊപ്പം ആന്റിനയും തലയുയർത്തിപ്പിടിച്ച കാലം. ഹാളിൽ സുപ്രധാന സ്ഥാനത്ത് ടിവിക്ക് സ്ഥാന നിർണയം നടത്തിക്കഴിഞ്ഞാൽ പിന്നെ പ്രധാന കർമം ആന്റിനയും ടിവിയും തമ്മിൽ കേബിളിലൂടെ പൊക്കിൾക്കൊടി ബന്ധം സ്ഥാപിക്കലാണ്.

രാമായണം, മഹാഭാരതം സീരിയലുകളുടെ സംപ്രേഷണത്തോടെ കേരളത്തിൽ വീടിനൊരു ടിവി എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. പിതാശ്രീ,മാതാശ്രീ ,പരന്തു തുടങ്ങിയ ഹിന്ദി വാക്കുകൾ മലയാളിയുടെ നിഘണ്ടുവിൽ സ്ഥാനംപിടിച്ച കാലം. അമ്പുകൾ കൂട്ടിമുട്ടി തീപ്പൊരി ചിതറുന്നതൊക്കെ മലയാളിയെ ദൃശ്യലോകത്ത് പിടിച്ചിരുത്തി. രാമായണം.മഹാഭാരതം, അലിഫ് ലൈലാ, ചന്ദ്രകാന്ത തുടങ്ങി ഇന്ത്യൻ ജനതയെ ജാതിമതഭേദമന്യേ ടെലിവിഷനു മുന്നിൽ പിടിച്ചിരുത്തിയ പരമ്പരകൾ പലതുണ്ടായിരുന്നുവെങ്കിലും രാമായണം പോലെ ജനമനസ്സുകളെ സ്വാധീനിച്ച മറ്റൊരു പരമ്പര ലോകടെലിവിഷൻ ചരിത്രത്തിൽ വിരളം.

1987ൽ തുടങ്ങി 88 വരെ 18 മാസം തുടർച്ചയായി ദൂരദർശനിൽ വന്ന രാമായണം ഏതാനും ചില എപ്പിസോഡുകളോടെ രാമായണം ഒരു ദേശീയ വികാരമായി മാറി. 55 രാജ്യങ്ങളിൽ ടെലികാസ്റ്റ് ചെയ്തതിലൂടെ, 650 ദശലക്ഷത്തോളം പേർ വീക്ഷിക്കുന്ന, ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം സമാഹരിച്ച പരമ്പര കൂടിയായി രാമായണം മാറി. ദൂരദർശൻ അറുപത് വയസ് പൂർത്തിയാക്കിയത് ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ ദൂരദർശന്റെ പഴയകാല ഓർമകൾ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയ പലരും ആവശ്യപ്പെട്ടത് താമായണവും മഹാഭാരതവും വീണ്ടും ടെലികാസ്റ്റു ചെയ്യണമെന്നായിരുന്നു.ആ ആവശ്യം മനുഷ്യമനസ്സുകളിലെ നൊസ്റ്റാൽജിക് ഫീലിങ്ങുമായിബന്ധപ്പെട്ടതാണ്. പ്രവാസത്തിലിരിക്കുമ്പോൾ നാടും വീടും എത്രത്തോളം നമുക്ക് പ്രിയങ്കരമാകുന്നുവോ അത്രമേൽ മധുരതരമാണ് മനസ്സിനെ സ്വാധീനിക്കുന്ന കാഴ്ചകൾ.

എന്നാൽ ഇതിൽ പോലും രാഷ്ട്രീയം കണ്ടെത്തുന്ന ബുദ്ധിജീവി വർഗ്ഗം ഇവിടുണ്ട്.55 രാജ്യങ്ങളിൽ ടെലികാസ്റ്റുചെയ്യപ്പെട്ട രാമായണം കാരണം ഈ രാജ്യങ്ങളിൽ ഹിന്ദുത്വവികാരം ഉണ്ടായോ? ഒരിക്കലും രാമനെന്ന വികാരം ഭാരതീയർക്കുണ്ടായത് രാമായണം എന്ന സീരിയൽ കണ്ടിട്ടല്ല.ശ്രീകൃഷ്ണൻ ആരാധ്യപുരുഷനായത് മഹാഭാരതം സീരിയൽ കണ്ടിട്ടുമല്ല. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്വാമി അയ്യപ്പൻ കണ്ടിട്ടല്ല മലയാളികൾ ശബരിമല ശാസ്താവിനെ ഹൃദയത്തിലേറ്റിയത്. സൂര്യാ ടി.വിയിൽ വന്ന ശ്രീ.ഗുരുവായൂരപ്പൻ കണ്ടിട്ടല്ല ഉണ്ണിക്കണ്ണൻ നമ്മുടെ ചങ്കിടിപ്പായത്.

അമ്പിളി മാമ്മനും അമർചിത്രക്കഥകളും സമ്പന്നമാക്കിയ നമ്മുടെ ഇതിഹാസ പുരാണ അറിവുകൾ ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അപ്രാപ്യം.അവരുടെ ലോകത്ത് ബ്ലിപ്പിയും പെഗ്ഗാ പിഗും മാത്രം. എന്നിരുന്നാലും ഇതിഹാസമെന്തെന്നറിയാത്ത നമ്മുടെ കുഞ്ഞുങ്ങൾക്ക് മഗധീരയും ബാഹുബലിയും പ്രീയപ്പെട്ട സിനിമകളാണ്. അതെപ്പോഴും അങ്ങനെയാണ്.80 കളിലും 90കളിലെയും നമ്മൾ കുട്ടികൾക്ക് ശ്രീരാമനും ശ്രീകൃഷ്ണനും ഹീറോകളായി മാറിയത് സീരിയലുകളിലൂടെയാണെങ്കിൽ രണ്ടായിരത്തി പത്തിലെ കുഞ്ഞുങ്ങൾക്ക് ഹീറോകളെ കിട്ടിയത് ആ സിനിമകളിലൂടെയാണ്.

അവരും നമ്മളെപ്പോലെ ദൂരദർശനെ പ്രണയിക്കാൻ തുടങ്ങട്ടെ. ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും കണ്ടറിഞ്ഞ് സ്‌നേഹിച്ചുതുടങ്ങട്ടെ. രാമായണത്തിലൂടെയും മഹാഭാരതത്തിലൂടെയും ഇതിഹാസങ്ങളുടെ പൊരുൾ അറിയട്ടെ! കർമ്മണ്യേ വാധികാരസ്‌തേ മാ ഫലേഷു കദാചന''യിൽ തുടങ്ങി ''സംഭവാമി യുഗേ യുഗേ''യിൽ അവസാനിക്കുന്ന മൂന്നു മിനിട്ട് മാത്രം ദൈർഘ്യമുള്ള മഹാഭാരതത്തിന്റെ ശീർഷകഗാനശകലത്തിന്റെ ചിറകിലേറി പ്രയാണം തുടങ്ങട്ടെ ഇന്നിന്റെ കുട്ടികൾ!

രാജീവ് ഗാന്ധി തുടങ്ങിവച്ച ബി.ജെപി യിലേയ്ക്കുള്ള ചവിട്ടുപടിയായിരുന്നു രാമായണവും മഹാഭാരതവും സീരിയലുകളെന്ന കോൺസ്വിയറി തിയറികളെ ചവറ്റുക്കൊട്ടയിലിട്ടുക്കൊണ്ട് ഇന്നിന്റെ കുട്ടികൾ രചിച്ചുതുടങ്ങട്ടെ പുതിയൊരു ദൃശ്യസംസ്‌കാരം. കാരണം റിമോട്ട് കൺട്രോൾ എന്ന സാധനം ബിജെപിയുടെ സൃഷ്ടി അല്ലായെന്ന സാമാന്യബോധം കൊച്ചുകുഞ്ഞുങ്ങൾക്ക് തിയറിയുണ്ടാക്കുന്ന ബുദ്ധിരാക്ഷസന്മാരേക്കാൾ ജാസ്തിയുണ്ട്. ഒപ്പം അവർക്കറിയാം നാഗകന്യക സീരിയൽ കണ്ടിട്ടല്ലാ വാവാ സുരേഷ് പാമ്പുകളുടെ തോഴനായതെന്നും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP