Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെട്ടിപ്പുറത്തെ നൂർ മസ്ജിദിന്റെ പിന്നിലെ ചാലക ശക്തി; പെൺമക്കളുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി മദ്രസയും തുടങ്ങി; മൂസാ മൗലാന അറബിക് കോളജിന് പിന്നിലെ പ്രധാനി; ഡൽഹി മത സമ്മേളനത്തിന് പോയത് ബാലരാമപുരത്തുകാരൻ മരുമകനൊപ്പം; കോവിഡ് മരണമെന്ന് സംശയിക്കുന്ന ആനപ്പാറ സ്വദേശി സലിം കാതോലിക്കറ്റ് കോളജിലെ റിട്ട പ്രഫസർ; പിഎച്ച് ഡി നേടിയത് കെമസ്ട്രിയിലും; പത്തനംതിട്ടയിൽ നിന്ന് പ്രാർത്ഥനയിൽ പങ്കെടുത്തത് ഏഴു പേരും; നിസ്സാമുദ്ദീൻ പേടിയിൽ കേരളവും

വെട്ടിപ്പുറത്തെ നൂർ മസ്ജിദിന്റെ പിന്നിലെ ചാലക ശക്തി; പെൺമക്കളുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി മദ്രസയും തുടങ്ങി; മൂസാ മൗലാന അറബിക് കോളജിന് പിന്നിലെ പ്രധാനി; ഡൽഹി മത സമ്മേളനത്തിന് പോയത് ബാലരാമപുരത്തുകാരൻ മരുമകനൊപ്പം; കോവിഡ് മരണമെന്ന് സംശയിക്കുന്ന ആനപ്പാറ സ്വദേശി സലിം കാതോലിക്കറ്റ് കോളജിലെ റിട്ട പ്രഫസർ; പിഎച്ച് ഡി നേടിയത് കെമസ്ട്രിയിലും; പത്തനംതിട്ടയിൽ നിന്ന് പ്രാർത്ഥനയിൽ പങ്കെടുത്തത് ഏഴു പേരും; നിസ്സാമുദ്ദീൻ പേടിയിൽ കേരളവും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കാതോലിക്കറ്റ് കോളജിലെ റിട്ട. പ്രഫസർ ആണ് നിസാമുദ്ദീനിൽ കോവിഡ് 19 മരണം സംശയിക്കുന്ന വെട്ടിപ്രം മേപ്പുറത്ത് ഡോ. സലിം(80). ബാലരാമപുരം സ്വദേശിയായ മരുമകനും പത്തനംതിട്ട കുലശേഖരപതി ആനപ്പാറ സ്വദേശി അബ്ദുൾ അസീസ് എന്നിവരാണ് ഇദ്ദേഹത്തിനൊപ്പം മർക്കസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് നിസാമുദ്ദീനിലേക്ക് പോയത്.

പത്തനംതിട്ടയിൽ നിന്ന് ഏഴു പേരാണ് പോയത്. മാർച്ച് ഒമ്പതിനാണ് ഇവർ യാത്ര തിരിച്ചത്. 24 നാണ് സലിം മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് വിധി എഴുതി സംസ്‌കാരം അവിടെ തന്നെ നടത്തി. ഇതേ സമ്മേളനത്തിൽ പങ്കെടുത്ത തെലങ്കാന സ്വദേശികളായ ആറു പേർ മരിച്ചത് കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതോടെയാണ് ഡോ സലിമിന്റെ മരണവും സംശയ നിഴലിൽ ആയത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ സംസ്‌കരിച്ചതിനാൽ ഇനി രോഗബാധ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാകുമെന്നാണ് കരുതുന്നത്.

പത്തനംതിട്ടയിൽ അറിയപ്പെടുന്ന കുടുംബത്തിൽ ജനിച്ച സലിം കെമിസ്ട്രിയിൽ ആണ് പിഎച്ച്ഡി നേടിയത്. റിട്ടയർമെന്റിന് ശേഷം പൂർമാണയി ദീനി ദഅ്വത്തി രംഗത്ത് ശ്രദ്ധ പതിപ്പിച്ചു. വെട്ടിപ്പുറത്ത് നൂർമസ്ജിദിന് രൂപം കൊടുത്തത് ഇദ്ദേഹമാണ്. അഞ്ചു പെൺമക്കളാണ് ഇദ്ദേഹത്തിന്. അവരുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി മദ്രസകൾ സ്ഥാപിച്ചു. പത്തനംതിട്ട മൂസാമൗലാന അറബിക് കോളജ് സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തു.

ആറുമാസം മുൻപ് കാസർഗോഡ് നിന്ന് ആരംഭിച്ച് പത്തനംതിട്ടയിൽ കാൽനടയായി എത്തിയ ജമാഅത്തിൽ നാലുമാസം ചെലവഴിച്ചിരുന്നു ഡോ. സലിം. ഡൽഹിയിലെ മർക്കസിന് ശേഷം സൗദി അറേബ്യയിലേക്ക് പോകാനാണ് പ്ലാൻ ചെയ്തിരുന്നത്. മർക്കസിൽ പങ്കെടുത്ത് തിരിച്ചു വന്ന പത്തനംതിട്ടയിൽ നിന്നുള്ള മറ്റുള്ളവർ വീടുകളിൽ ഐസൊലേഷനിലാണ്. ഡോ സലിമിന്റെ മരുമകൻ ഡൽഹിയിൽ നിരീക്ഷണത്തിലാണ്.

ഡോ. സലിമിനെ കുറിച്ച് മരണ ശേഷം സോഷ്യൽ മീഡിയയിൽ എത്തിയ കുറിപ്പ്‌

Dr സലീം സാർ ലഘു അനുസ്മരണം

---################----
*മർഹൂം Dr സലീം സാർ*
??????????????

പത്തനംതിട്ടയിലെ മുഅ്മിനീങ്ങളുടെ ആത്മീയ രംഗത്ത് എന്നും വഴികാട്ടിയും ഗുരുതുല്യനുമായ മേപ്പുറത്ത് ഡോക്ടർ സലിം സാർ അല്ലാഹുവിലേക്ക് യാത്രയായി.

80 മുതൽ ഉള്ള കാലഘട്ടത്തിൽ പത്തനംതിട്ടയുടെ ദീനീ പ്രബോധന രംഗത്ത് യുവാക്കൾക്ക് ദീനി ദിശാബോധം നൽകുന്നതിൽ കഠിനപ്രയത്‌നം ചെയ്ത മഹാനുഭാവൻ ധാരാളം ചെറുപ്പക്കാരെ അല്ലാഹുവിന്റെ മാർഗത്തിൽ കൊണ്ടുപോവുകയും അവർക്ക് വേണ്ട ദീനി പുരോഗതി നൽകുവാൻ ഉപയുക്തമാകുന്ന ഉപദേശ നിർദ്ദേശങ്ങൾ നൽകിയ 'അമീർ' ആയിരുന്നു അദ്ദേഹം.

പത്തനംതിട്ടയിൽ അറിയപ്പെടുന്ന കുടുംബത്തിൽ ജനിക്കുകയും വിദ്യാഭ്യാസ രംഗത്ത് കെമിസ്ട്രിയിൽ പിഎച്ച്ഡി കരസ്ഥമാക്കുകയും ആഫ്രിക്ക - അറബ് രാഷ്ട്രങ്ങളിലായി ധാരാളം വിദ്യാർത്ഥി സമൂഹത്തിനെ സൃഷ്ടിക്കാൻ കഴിഞ്ഞ സമ്പന്നനായ അദ്ധ്യാപകനാണ് അദ്ദേഹം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്‌കൂളുകളുടെ പുരോഗതിയിൽ നിർണായകമായ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല താൻ പ്രവർത്തിച്ച എല്ലാ മേഖലകളിലും ദീനിനെ മുറുകെപ്പിടിക്കുകയും ഈ രംഗങ്ങളിലെ ദീനീ പുരോഗതിക്ക് തന്റെ പദവികൾ ഉപയുക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പത്തനംതിട്ട കാതോലികറ്റ് കോളേജിൽ പ്രഫസറായിരിക്കെ റിട്ടയർമെന്റെടുത്ത അദ്ദേഹം പൂർണ്ണമായും ദീനി ദഅ്വത്തീ രംഗത്ത് ശ്രദ്ധ പതിപ്പിക്കുകയും ഒന്നിലധികം ദീനി സ്ഥാപനങ്ങളുടെ ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട്.

സാറിന്റെ പരിശ്രമ ഫലമായി വെട്ടിപുറത്തു രൂപം കൊണ്ട നൂർ മസ്ജിദ് ആ നാട്ടിൽ മുഴുവനും ഒരു 'നൂറ് 'പകർത്തുന്നതിന് കാരണമായി ഇന്നും നിലകൊള്ളുന്നു. മാത്രമല്ല ആ പ്രദേശത്ത് ദീനമായി ബന്ധം ഇല്ലാതിരുന്ന ധാരാളം ജനങ്ങൾക്ക് ദീനിയായ നിലയിൽ ജീവിതം സംസ്‌കരിക്കുന്നതിന് അല്ലാഹു സാറിനെയാണ് കാരണക്കാരനാക്കിയത്.
ദീൻ സ്വന്തം ജീവിതത്തിൽ മാത്രമല്ല തന്റെ കുടുംബത്തിലാകമാനം ആക്കി തീർക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും തന്റെ അഞ്ചു പെൺമക്കളെയും ദീനിചുറ്റുപാടിൽ ആക്കിത്തീർക്കുകയും ചെയ്തു. തത്ഫലമായി ആ പെൺമക്കളുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായുള്ള മദ്‌റസകൾ ആരംഭിക്കുകയും സ്ത്രീകൾക്കായുള്ള ദീനീ പ്രബോധനത്തിന് അവർ നേതൃപരമായ പങ്ക് വഹിക്കാനുള്ള അറിവും കഴിവും നേടുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധാലുവുമായിരുന്നു.

പത്തനംതിട്ടയിൽ മൂസ മൗലാനയുടെ അടയാളമായ കശ്ശാഫുൽ ഉലും അറബിക്കോളേജ് സ്ഥാപക സംഘത്തിന്റെ പ്രധാന കണ്ണി ആവുകയും അറബി കോളേജിലെ പുരോഗതിക്ക് വേണ്ടി അഹോരാത്രം പാടുപെടുകയും ചെയ്തു. പിന്നീട് സ്ഥാപനത്തിന്റെ ഔദ്യോഗിക ഉത്തരവാദിത്തത്തിൽ നിന്നും മാറിയപ്പോഴും എല്ലാവിധ പിന്തുണയും നൽകുന്നതിൽ സാർ എന്നും ശ്രദ്ധാലുവായിരുന്നു.

ആറുമാസങ്ങൾക്ക് മുമ്പ് കാസർഗോഡ് നിന്ന് ആരംഭിച്ച് പത്തനംതിട്ടയിൽ കാൽനടയായി എത്തിയ ജമാഅത്തിൽ നാലുമാസം ചെലവഴിക്കുകയും പത്തനംതിട്ടയുടെ ഗ്രാമീണ മേഖലകളിൽ ദീനീ പ്രബോധനം നടത്തുവാൻ ഉത്സാഹം കാട്ടുകയും ചെയ്തു. ഈയുള്ളവൻ ആദ്യമായി അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെടുന്നത് സലിം സാറിന്റെ കൈകൾ പിടിച്ചിട്ടായിരുന്നു. പത്തനാപുരം മേഖലയിൽ പ്രവർത്തിക്കാൻ പോയ വിദ്യാർത്ഥി ജമാഅത്തിൽ സാർ ആയിരുന്നു ഞങ്ങളുടെ അമീർ.

അവസാനമായി ഈ മാസം ഒൻപതാം തീയതി ഡൽഹിയിലേക്ക് പുറപ്പെട്ടു പോകുമ്പോൾ സുബഹി നമസ്‌കാരാനന്തരം വരാൻപോകുന്ന റമളാൻ മാസത്തെ സംബന്ധിച്ച് പറയുകയും എല്ലാവരും പള്ളികളെ ആബാദ് ആക്കണം എന്ന് പ്രത്യേകം നിർദ്ദേശിക്കുകയും ചെയ്തു.

വീണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ സൗദി അറേബ്യയിൽ അഞ്ചുമാസം പ്രവർത്തിക്കുവാൻ വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ ഹറമിൽ മരണപ്പെടാനാണ് ഒന്നാമത്തെ ആഗ്രഹമെന്നും അല്ലെങ്കിൽ നിസാമുദ്ദീനിലെ മഹാന്മാരുടെ മടിത്തട്ടിലെന്നും, താൻ ഈ മാർഗ്ഗത്തിൽ മരണപെട്ടാൽ മരിക്കുന്ന ഇടത്തുതന്ന് അടക്കണം എന്നും വീട്ടുകാരോട് വസിയത്ത് ചെയ്ത് കഫൻപുടവയും കൂടെ കരുതിയായിരുന്നു ദീനിന്റെ മാർഹത്തിൽ പുറപ്പെട്ടത്...............

ദുനിയാവിൽ ഏതൊരു അവസ്ഥയിലും ജീവിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും, സൗഭാഗ്യങ്ങളും നിലനിൽക്കുമ്പോഴും അവയെല്ലാം മാറ്റിവെച്ച് സമ്പൂർണ്ണമായും ദീനി ആകുവാൻ സ്വയം തയ്യാറാകുകയും താനുമായി ബന്ധപ്പെട്ട അനേകർക്ക് വഴികാട്ടിയായി മാറാനും വലിയ തൗഫീഖാണ് അല്ലാഹു അദ്ദേഹത്തിന് നൽകിയത്.

അതെ,അല്ലാഹുവിന്റെ മാർഗത്തിൽ അദ്ദേഹം ആഗ്രഹിച്ച് പ്രാർത്ഥിച്ചു നേടിയ ആ മരണം ദീനി പ്രവർത്തകർക്ക് എന്നും ഒരു പ്രചോദനമായി നിലനിൽക്കുക തന്നെ ചെയ്യും. മർഹൂമിന്റെ മഗ്ഫിറത്തിനായി ദുആ ചെയ്യുന്നു. അള്ളാഹു അദ്ദേഹത്തിന്റെ മുഴുവൻ പാപങ്ങളും നന്മയാക്കി പരിവർത്തന പെടുത്തുകയും ചെയ്തിട്ടുള്ള എല്ലാ നന്മകൾക്കും ഇരട്ടി പ്രതിഫലം നൽകുകയും ചെയ്യമാറാകട്ടെ.....ആമീൻ....

അജീസ് മുഹമ്മദ് പത്തനംതിട്ട

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP