Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൊവ്വാഴ്ച വിരമിക്കേണ്ട ആരോഗ്യവകുപ്പ് ജീവനക്കാർക്ക് തുടർച്ചാനുമതി; ഭൂമിയുടെ ന്യായവില പത്തുശതമാനം വർധിപ്പിക്കുന്നത് മെയ്‌ 15 വരെ നീട്ടി; റാങ്ക്പട്ടികകളുടെ കാലാവധി ജൂൺ 19 വരെ നീട്ടാൻ പി.എസ്.സി: ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടി വെച്ചു

ചൊവ്വാഴ്ച വിരമിക്കേണ്ട ആരോഗ്യവകുപ്പ് ജീവനക്കാർക്ക് തുടർച്ചാനുമതി; ഭൂമിയുടെ ന്യായവില പത്തുശതമാനം വർധിപ്പിക്കുന്നത് മെയ്‌ 15 വരെ നീട്ടി; റാങ്ക്പട്ടികകളുടെ കാലാവധി ജൂൺ 19 വരെ നീട്ടാൻ പി.എസ്.സി: ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടി വെച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധരംഗത്തുള്ള ആരോഗ്യവകുപ്പ് ജീവനക്കാരിൽ ചൊവ്വാഴ്ച വിരമിക്കേണ്ടവർക്ക് തുടർച്ചാനുമതി നൽകിയേക്കും. ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് പെൻഷൻപ്രായം ഉയർത്താതെ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ തുടരാൻ അനുവദിക്കാനാണ് തത്ത്വത്തിൽ ധാരണയായത്. ആരോഗ്യവകുപ്പിലെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ പെൻഷൻപ്രായം 60 ആയി ഉയർത്തിയതിനാൽ ചൊവ്വാഴ്ച വിരമിക്കുന്നവരില്ല. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ പി.എസ്.സി. ലിസ്റ്റിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്ക് നിയമനം നൽകിയെങ്കിലും മറ്റുജീവനക്കാരെ പുതുതായി നിയമിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരിചയസമ്പന്നരായ നഴ്സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് തുടർച്ചാനുമതി നൽകുന്നത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ധനവകുപ്പ് അംഗീകരിച്ചാൽ അടുത്ത മന്ത്രിസഭായോഗം അതിന് അനുമതിനൽകും.

അതേസമയം മറ്റുവകുപ്പിലെ ജീവനക്കാർ ചുമതല കൈമാറാൻ ഹാജരായില്ലെങ്കിലും വിരമിച്ചതായി കണക്കാക്കാനും സർക്കാർ തീരുമാനിച്ചു. മറ്റുവകുപ്പുകളിൽ മാർച്ച് 31-ന് വിരമിക്കേണ്ട ഒട്ടേറെ ജീവനക്കാരുണ്ട്. വിരമിക്കുന്നതിനുമുമ്പ് അവർ കൈകാര്യംചെയ്യുന്ന ചുമതല മറ്റു ജീവനക്കാർക്ക് കൈമാറണം. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ചുമതല കൈമാറാൻ ഹാജരാകാനാവാത്ത സ്ഥിതിയുണ്ട്. അതിനാൽ, ചുമതല കൈമാറിയില്ലെങ്കിലും അവർ വിരമിച്ചതായി കണക്കാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഭൂമിയുടെ ന്യായവില വർദ്ധിപ്പിക്കുന്നത് മെയ്‌ 15 വരെ നീട്ടി
ഹരിപ്പാട്: ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരേണ്ടിയിരുന്ന ഭൂമിയുടെ ന്യായവില പത്തുശതമാനം വർധിപ്പിക്കുന്നത് മെയ്‌ 15 വരെ നീട്ടിവെച്ചു. ലോക്ഡൗണായതിനാൽ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടർന്നാണ് തീയതി നീട്ടിയത്. ആധാരങ്ങളുടെ അണ്ടർ വാല്വേഷന്റെ ഒറ്റത്തവണ തീർപ്പാക്കൽ, ചാരിറ്റബിൾ സൊസൈറ്റികളുടെ കുടിശ്ശിക റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി എന്നിവ സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു.

വാഹനങ്ങളുടെ തേഡ് പാർട്ടി പ്രീമിയം വർധന നീട്ടി
ഹരിപ്പാട്: വാഹനങ്ങളുടെ തേഡ് പാർട്ടി പ്രീമിയം വർധന നീട്ടിവെക്കാൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് െഡവലപ്പ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) തീരുമാനിച്ചു. ഏപ്രിൽ ഒന്നിന് വർധന നിലവിൽ വരത്തക്കവിധം പുതിയ നിരക്കുകളുടെ കരട് പ്രസിദ്ധീകരിച്ചിരുന്നു. ഇരുചക്രവാഹനങ്ങൾ, കാറുകൾ, ട്രാൻസ്‌പോർട്ട് വാഹനങ്ങൾ തുടങ്ങിയവയുടെയെല്ലാം പ്രീമിയം കൂടുന്ന വിധത്തിലായിരുന്നു നിർദ്ദേശം. വൈദ്യുതി വാഹനങ്ങളുടെ പ്രീമിയത്തിൽ 15 ശതമാനം കുറവാണ് കരട് പട്ടികയിലുണ്ടായിരുന്നത്. ഓട്ടോറിക്ഷകളുടെ നിരക്കിൽ മാറ്റമില്ല.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 31-ന് നിലവിലുള്ള നിരക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നാണ് ഐ.ആർ.ഡി.എ.ഐ. അറിയിച്ചിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ സാമ്പത്തികവർഷവും ഇതേ രീതിയിൽ നിരക്കുവർധന നീട്ടിവെച്ചിരുന്നു. അന്ന് ഏപ്രിൽ ഒന്നിന് പകരം ജൂൺ ഒന്നുമുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.

പി.എസ്.സി റാങ്ക്പട്ടികകളുടെ കാലാവധി ജൂൺ 19 വരെ നീട്ടി
തിരുവനന്തപുരം: കൊറോണ പ്രതിരോധ കാലയളവിൽ റദ്ദാകുന്ന റാങ്ക്പട്ടികകളുടെ കാലാവധി ജൂൺ 19 വരെ നീട്ടാൻ പി.എസ്.സി. തീരുമാനിച്ചു. സംസ്ഥാനസർക്കാരിന്റെ നിർദ്ദേശം പി.എസ്.സി. യോഗം ചർച്ചചെയ്ത് അംഗീകരിക്കുകയായിരുന്നു. മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ റദ്ദാകുന്ന റാങ്ക്പട്ടികകൾക്കാണ് ആനുകൂല്യം ലഭിക്കുക. യൂണിഫോം സേനകളുടേത് ഉൾപ്പെടെ നൂറോളം റാങ്ക്പട്ടികകളിലുള്ളവർക്ക് ഇതിന്റെ പ്രയോജനമുണ്ടാകും.

കുറഞ്ഞത് ഒരുദിവസം മുതൽ പരമാവധി മൂന്നുമാസം വരെ അധിക കാലാവധി ലഭിക്കുന്ന റാങ്ക്പട്ടികകളുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, സിവിൽ എക്സൈസ് ഓഫീസർ, സ്‌കൂൾ-കോളേജ് അദ്ധ്യാപക തസ്തികകൾ, മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ലക്ചറർ, ആരോഗ്യവകുപ്പിലെ പാരാമെഡിക്കൽ-മീഡിയാ ഓഫീസർ, ചില ജില്ലകളിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, മുനിസിപ്പൽ സെക്രട്ടറി തുടങ്ങിയ തസ്തികകളുടെ റാങ്ക്പട്ടികകൾക്ക് അധിക കാലാവധി ലഭിക്കും.

ഏപ്രിൽ 30 വരെയുള്ള പരീക്ഷകൾ, അഭിമുഖങ്ങൾ, രേഖാപരിശോധന, സർവീസ് വെരിഫിക്കേഷൻ എന്നിവ നേരത്തേ പി.എസ്.സി. മാറ്റിവെച്ചിരുന്നു. മാർച്ച് മൂന്നാംവാരം മുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമനഃശുപാർശ നൽകുന്നതിലും കുറവുണ്ടായി. ഇവ പരിഗണിച്ചാണ് റാങ്ക്പട്ടികകളുടെ കാലാവധി നീട്ടാൻ സർക്കാർ ശുപാർശ ചെയ്തത്. ഈ സർക്കാരിന്റെ ആദ്യകാലത്ത് റാങ്ക്പട്ടികകളുടെ കാലാവധി ആറുമാസത്തേക്കു നീട്ടിയിരുന്നു.

ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടി
തിരുവനന്തപുരം: ഏപ്രിൽ അഞ്ചുമുതൽ 14 വരെ നടത്താനിരുന്ന പൗർണമി (ആർ.എൻ. 435), വിൻവിൻ (ഡബ്ല്യു. 557), സ്ത്രീശക്തി (എസ്.എസ്. 202), അക്ഷയ (എ.കെ. 438), കാരുണ്യ പ്ലസ് (കെ.എൻ. 309), നിർമൽ (എൻ.ആർ. 166), കാരുണ്യ (കെ.ആർ. 441), പൗർണമി (ആർ.എൻ. 436), വിൻവിൻ (ഡബ്ല്യു. 558), സ്ത്രീശക്തി (എസ്.എസ്. 203) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് വീണ്ടും നീട്ടിവെച്ചു. ഇവ യഥാക്രമം ഏപ്രിൽ 19 മുതൽ 28 വരെ നടത്തും. സമ്മർ ബമ്പർ (ബി.ആർ. 72) ഭാഗ്യക്കുറിയും ഏപ്രിൽ 28-നു നറുക്കെടുക്കും.

ഏപ്രിൽ 15 മുതൽ 28 വരെയുള്ള അക്ഷയ (എ.കെ. 441), കാരുണ്യ പ്ലസ് (കെ.എൻ. 312), നിർമൽ (എൻ.ആർ. 169), കാരുണ്യ (കെ.ആർ. 444), പൗർണമി (ആർ.എൻ. 439), വിൻവിൻ (ഡബ്ല്യു. 561), സ്ത്രീശക്തി (എസ്.എസ്. 206), അക്ഷയ (എ.കെ. 442), കാരുണ്യ പ്ലസ് (കെ.എൻ. 313), നിർമൽ (എൻ.ആർ. 170), കാരുണ്യ (കെ.ആർ. 445), പൗർണമി (ആർ.എൻ. 440), വിൻവിൻ (ഡബ്ല്യു 562), സ്ത്രീശക്തി (എസ്.എസ്. 207) എന്നീ ഭാഗ്യക്കുറികൾ റദ്ദുചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP