Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുകെയിലെ സസെക്സിൽ ഒരു കുടുംബത്തിലെ നാലുപേരും പട്ടിയും ഹെർട്ട്ഫോർഡ് ഷെയറിൽ മൂന്നംഗ കുടുംബവും കൊല്ലപ്പെട്ടു; ബാൺസ്ലെയിൽ കുത്തേറ്റ് മരിച്ചത് എൻഎച്ച്എസ് നഴ്സ്; സൗത്ത് വെയിൽസിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; ലോക്ക്ഡൗൺ കാലത്ത് സമനില തെറ്റിയ ബ്രിട്ടീഷുകാർ കൂട്ടത്തോടെ കൊലക്കത്തിയെടുക്കുന്നു

യുകെയിലെ സസെക്സിൽ ഒരു കുടുംബത്തിലെ നാലുപേരും പട്ടിയും ഹെർട്ട്ഫോർഡ് ഷെയറിൽ മൂന്നംഗ കുടുംബവും കൊല്ലപ്പെട്ടു; ബാൺസ്ലെയിൽ കുത്തേറ്റ് മരിച്ചത് എൻഎച്ച്എസ് നഴ്സ്; സൗത്ത് വെയിൽസിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; ലോക്ക്ഡൗൺ കാലത്ത് സമനില തെറ്റിയ ബ്രിട്ടീഷുകാർ കൂട്ടത്തോടെ കൊലക്കത്തിയെടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കോവിഡ്-19നെ പിടിച്ച് കെട്ടുന്നതിനായി യുകെ ലോക്ക്ഡൗണിന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോൾ അടച്ച് പൂട്ടിയിരിക്കൽ നിരവധി ബ്രിട്ടീഷുകാരുടെ മനോനില താറുമാറാക്കിയിരിക്കുന്നുവെന്നും അവരിൽ പലരും കൊലക്കത്തി വരെയെടുക്കുന്ന പ്രവണത വർധിപ്പിച്ചിരിക്കുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു.സ്ഥിരം പുറത്തിറങ്ങുന്നവർക്ക് പെട്ടെന്ന് പുറത്തിറങ്ങാൻ സാധിക്കാതെ വന്നതോടെയാണ് ഇവരിൽ പലരിലും ആക്രമവാസന അപകടകരമായി ഉയർന്നിരിക്കുന്നത്. ഇക്കാരണത്താൽ വീട്ടിലിരിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇത്തരം ആക്രമികളിൽ നിന്നും സുരക്ഷ ഉറപ്പാക്കണമെന്നുമുള്ള മുന്നറിയിപ്പ് ശക്തമാണ്.

സസെക്സിലെ ഒരു കുടുംബത്തിലെ നാലുപേരും പട്ടിയും ഹെർട്ട്ഫോർഡ് ഷെയറിൽ മൂന്നംഗ കുടുംബവും കൊല്ലപ്പെട്ടത് ഇത്തരം മാനസിക വിഭ്രാന്തിയുള്ള ഒരാളുടെ ക്രൂരപ്രവൃത്തി മൂലമാണെന്ന് സൂചനയുണ്ട്. അതു പോലെ തന്നെ ബാൺസ്ലെയിൽ എൻഎച്ച്എസ് നഴ്സ് കുത്തേറ്റ് മരിച്ചതും സൗത്ത് വെയിൽസിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നതും ഇത്തരം മനോവിഭ്രാന്തികളെ തുടർന്നാണെന്നാണ് റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ ലോക്ക്ഡൗൺ കാലത്ത് സമനില തെറ്റിയ ബ്രിട്ടീഷുകാർ കൂട്ടത്തോടെ കൊലക്കത്തിയെടുക്കുന്ന വിധത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

സസെക്സിലെ വുഡ്മാൻകോടിലെ ഒരു വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരം രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നത്.സമീപത്ത് ഇവരുടെ പട്ടിയെയും കൊന്നിട്ടിരുന്നു.ഞായറാഴ്ച വൈകുന്നേരം 6.45ന് ഇവരുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഒരു മർഡർ എൻക്വയറി ആരംഭിച്ചുവെന്നാണ് പൊലീസ് വക്താവ് അറിയിച്ചിരിക്കുന്നത്. സൗത്ത് വെയിൽസിലെ ബ്രൈൻഗ്ലാസിലുള്ള അന്തോണി വില്യംസ് എന്ന 69 കാരനാണ് സെൽഫ് ഐസൊലേഷനിൽ കഴിയുന്ന തന്റെ ഭാര്യെ കുത്തിക്കൊലപ്പെടുത്തിയത്.

ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. റുത്ത് എന്ന പേരുള്ള ഇയാളുടെ ഭാര്യ ഇവരുടെ വീട്ടിൽ രക്തംവാർന്ന് ബോധമില്ലാതെ കിടക്കുന്നത് കണ്ടതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. ഒരു കുട്ടിയുടെ അമ്മയായ ഈ സ്ത്രീ തലക്കേറ്റ പരുക്കിനെ തുടർന്ന് അധികം വൈകാതെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഈ ദമ്പതികൾ കഴിഞ്ഞ 45 വർഷങ്ങളായി നല്ല രീതിയിൽ ദാമ്പത്യ ജീവിതം നയിക്കുന്നവരാണെന്നും ഇവർ തമ്മിൽ നല്ല സ്നേഹത്തിലായിരുന്നുവെന്നും കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നത്. പുറത്തിറങ്ങാൻ സാധിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക വിഭ്രാന്തിയാണ് ഇയാളെ കൊലപാതകിയാക്കിയതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാവിലെ കാർഡിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ കൊലപാതകം ചെയ്തുവെന്ന് സമ്മതിക്കാൻ വില്യംസ് തയ്യാറായിട്ടില്ല.രണ്ട് മിനുറ്റ് നേരം നീണ്ടു നിന്ന വിചാരണയിൽ തന്റെ പേരും ജനനതിയതിയും മേൽവിലാസവും മാത്രമാണ് അയാൾ സ്ഥിരീകരിച്ചിരുന്നത്.ഇയാളെ ഡിസ്ട്രിക്ട് ജഡ്ജി സ്റ്റീഫൻ ഹാർമെസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.ഇയാളെ ഇന്ന് കാർഡിഫ് ക്രൗൺ കോടതിയിൽ ഹാജരാക്കുന്നതാണ്. മുൻ അസ്ദ സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ റുത്ത് ശനിയാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു വീട്ടിൽ കുത്തേറ്റ് വീണിരുന്നത്.അതിന് ശേഷം ഏറെക്കഴിഞ്ഞാണ് സംഭവം 999 വിളിച്ചറിയിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. തന്റെ അമ്മയ്ക്കുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും വിമുക്തയാകാൻ സാധിക്കുന്നില്ലെന്നാണ് ഇവരുടെ ഏക മകൾ എമ്മ പ്രതികരിച്ചിരിക്കുന്നത്.

ബാൺസ്ലെയിൽ മൂന്ന് മക്കളുടെ അമ്മയായ 31 കാരി വിക്ടോറിയ വുഡ്ഹാൾ എന്ന എൻഎച്ച്എസ് നഴ്സാണ് മിഡിൽക്ലിഫ് എന്ന ഗ്രാമത്തിലെ തന്റെ വീട്ടിൽ വച്ച് ഭർത്താവിന്റെ കുത്തേറ്റ് മരിച്ചത്. തുടർന്ന് ഇവരുടെ ഭർത്താവും ഫോർക്ക്ലിഫ്റ്റ് ഡ്രൈവറുമായ 40 കാരൻ ക്രെയിഗ് വുഡ്ഹാളിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകത്തെക്കുറിച്ച് ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ഇയാൾ ഭാര്യയെ വകവരുത്തിയിരിക്കുന്നത്. പുറത്തിറങ്ങാൻ സാധിക്കാത്തതിലുള്ള മനോവിഭ്രാന്തിയാണ് ഈ കൃത്യത്തിന് അയാളെ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. നിരവധി അയൽക്കാർ കൊലക്ക് സാക്ഷികളായിരുന്നു.

തെരുവിലെ ആളുകൾക്ക് മുമ്പിൽ വച്ച് വിക്ടോറിയ കൊല്ലപ്പെട്ടുവെന്നറിയിച്ച് കൊണ്ടും സഹായം അഭ്യർത്ഥിച്ച് കൊണ്ടും അയൽക്കാരൻ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയതിനെ തുടർന്നാണ് ഏവരും കൊലയെക്കുറിച്ചറിഞ്ഞത്. തുടർന്ന് പൊലീസും പാരാമെഡിക്സും യോർക്ക്ഷെയർ എയർ ആംബുലൻസും വിൻഡ്സർ ക്രെസന്റിലേക്ക് കുതിച്ചെത്തിയെങ്കിലും വിക്ടോറിയയുടെ ജീവൻ രക്ഷിക്കാനായില്ല. റോത്തർഹാം ജനറൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ഇവർ.

ഹെമെൽ ഹെംപ്സ്റ്റെഡിലെ വീട്ടിലാണ് ഞായറാഴ്ച ഗാരി വാക്കർ(57) , അദ്ദേഹത്തിന്റെ ഭാര്യ കരോലിനെ (50), മകൾ കാത്തി (24) എന്നിവർ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നത്.തുടർന്ന് അന്നേ ദിവസം ഉച്ചക്ക് 12.30നായിരുന്നു ഈ വീട്ടിലേക്ക് പൊലീസിനെ വിളിച്ച് വരുത്തിയിരുന്നത്. മൂന്ന് പേരുടെ മരണത്തെക്കുറിച്ച് തങ്ങൾ അന്വേഷിച്ച് വരുന്നുവെന്നാണ് മേജർ ക്രൈം യൂണിറ്റി ഡിറ്റെക്ടീവ് ഇൻസ്പെക്ടറായ ലെയിൻ മാക് ഫേർസൻ പറയുന്നത്. ദിവസങ്ങളോളം ലോക്ക്ഡൗണിൽ കഴിയുന്നത് നിരവധി കുടുംബങ്ങളുടെയും വ്യക്തികളുടെയും മാനസിക നില താറുമാറാക്കിയിരിക്കുന്നുവെന്നും ഗാർഹിക ആക്രമണങ്ങൾ വർധിച്ചിരിക്കുന്നുവെന്നുമാണ് കാംപയിനർമാർ മുന്നറിയിപ്പേകുന്നത്.

ഇതിനാൽ പലർക്കും സാധാരണ ജീവിതം കൈവിട്ട് പോയിരിക്കുന്ന അവസ്ഥയാണെന്നും അതിനാൽ പല കുടുംബങ്ങളും ഗാർഹിക പീഡനങ്ങളുടെയും കൊലപാതകത്തിന്റെയും ഭീഷണിയിലാണെന്നുമാണ് കാംപയിനർമാർ ഉത്കണ്ഠപ്പെടുന്നത്. ഈ അവസ്ഥ കൊറോണയെക്കാൾ വലിയ പകർച്ച വ്യാധിയായി മാറിക്കൊണ്ടിരി്ക്കുന്നുവെന്നാണ് സ്റ്റാൻഡ് അപ് ടു ഡൊമസ്റ്റിക് വയലൻസിലെ റേച്ചൽ വില്യംസ് പറയുന്നത്.ഇതിനാൽ കുടുംബങ്ങളുടെ മനോനില സുസ്ഥിരമാക്കുന്നതിനും ആക്രമത്തിലേക്ക് വഴുതി വീഴാൻ സാധ്യതയുള്ളവർക്ക് പ്രത്യേകിച്ചും കൗൺസിലിങ് പോലുള്ള സേവനങ്ങളും പിന്തുണയും പ്രദാനം ചെയ്യേണ്ടി വരുമെന്നും റേച്ചൽ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP