Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴു മണിക്കൂറിൽ 98 മരണങ്ങൾ സ്ഥിരീകരിച്ചതോടെ ന്യൂയോർക്കിൽ മൃതദേഹങ്ങൾ കൊണ്ടു പോയത് റഫ്രിജറേറ്റ് ചെയ്ത കൂറ്റൻ ലോറിയിൽ; 1342 മരണങ്ങളുമായി ന്യൂയോർക്ക് ലോകത്തിന്റെ തന്നെ നടുക്കമായി മാറുമ്പോൾ എങ്ങും ദുരന്തക്കാഴ്‌ച്ചകൾ മാത്രം; വീടിന് പുറത്തിറങ്ങുന്നവർക്ക് 500 ഡോളർ പിഴയിട്ട് മേയർ; 1,63,479 രോഗികളും 3,148 മരണങ്ങളുമായി ദുരന്തഭൂമിയിൽ ബഹുദൂരം മുന്നോട്ട് പോയി അമേരിക്ക

ഏഴു മണിക്കൂറിൽ 98 മരണങ്ങൾ സ്ഥിരീകരിച്ചതോടെ ന്യൂയോർക്കിൽ മൃതദേഹങ്ങൾ കൊണ്ടു പോയത് റഫ്രിജറേറ്റ് ചെയ്ത കൂറ്റൻ ലോറിയിൽ; 1342 മരണങ്ങളുമായി ന്യൂയോർക്ക് ലോകത്തിന്റെ തന്നെ നടുക്കമായി മാറുമ്പോൾ എങ്ങും ദുരന്തക്കാഴ്‌ച്ചകൾ മാത്രം; വീടിന് പുറത്തിറങ്ങുന്നവർക്ക് 500 ഡോളർ പിഴയിട്ട് മേയർ; 1,63,479 രോഗികളും 3,148 മരണങ്ങളുമായി ദുരന്തഭൂമിയിൽ ബഹുദൂരം മുന്നോട്ട് പോയി അമേരിക്ക

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: അന്ത്യചുംബനം നൽകാൻ ഉറ്റവരില്ല ഉടയവരില്ല. കുഴിമാടത്തിൽ ഒരുപിടി മണ്ണുവാരിയിടാൻ ബന്ധുക്കളില്ല സുഹൃത്തുക്കളില്ല. എല്ലാ സുഖസൗകര്യങ്ങളോടും കൂടി, എല്ലാവരുടേയും സ്‌നേഹത്തിന് നടുവിൽ കഴിഞ്ഞിരുന്നവർ പെട്ടെന്നൊരു നാളിൽ അനാഥ പ്രേതങ്ങളാകുന്നു. ഫോർക്ക് ലിഫ്റ്റിൽ മൃതദേഹമെടുത്ത് റഫ്രിജറേറ്റ് ചെയ്ത് കൂറ്റൻ ട്രക്കിൽ മറ്റ് മൃതദേഹങ്ങൾക്കൊപ്പം അടുക്കി വയ്ക്കുന്നു.

ഇന്നലെ ഏഴു മണിക്കൂറിൽ 98 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ന്യൂയോർക്ക് നഗരത്തിൽ കണ്ട കാഴ്ചകളാണിത്. അമേരിക്കയിൽ കൊറോണയുടെ എപ്പിസെന്ററായി മാറിയ ന്യൂയോർക്കിൽ ആശുപത്രികളും താത്ക്കാലിക മോർച്ചറികളും മൃതദേഹങ്ങൾ കൊണ്ട് നിറയുമ്പോൾ ഇതല്ലാതെ മറ്റൊരു വഴിയും ഇല്ലെന്നതാണ് സത്യം.

ഇത് എഴുതുന്ന സമയം വരെ അമേരിക്കയിൽ മൊത്തം രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,63,844 ആണ്. 3,156 മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ 67,325 രോഗികൾ ന്യൂയോർക്കിലാണുള്ളത്. 1,342 മരണങ്ങൾ ഇതുവരെ ഇവിടെ രേഖപ്പെടുത്തിക്കഴിഞ്ഞു. 16,636 രോഗികളുമായി ന്യൂ ജഴ്സി രണ്ടാംസ്ഥാനത്തുണ്ട്. ന്യൂ ഓർലിയോൺ, ഡെറ്റ്‌റോയിറ്റ്, ലോസ് ഏഞ്ചലസ് എന്നീ സംസ്ഥാനങ്ങളിൽ രോഗബാധ അധികം താമസിയാതെ ഗുരുതരമാകുമെന്നാണ് ഡോ. അന്റണി ഫോസി പറയുന്നത്.

ന്യൂയോർക്കിൽ മാത്രമല്ല, മാൻഹാട്ടൻ ഉൾപ്പടെ നിരവധി നഗരങ്ങളിലും മൃതദേഹങ്ങൾ ഇത്തരത്തിൽ ട്രക്കുകളിൽ കയറ്റുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. രോഗം തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ വേണ്ട സമയത്ത് എടുക്കുന്നതിൽ വന്ന വീഴ്‌ച്ചക്കുള്ള വിലയാണ് ഇന്ന് അമേരിക്ക കൊടുക്കുന്നത്. ചൈനീസ് വൈറസിന് തങ്ങളെ ഒന്നും ചെയ്യുവാനാകില്ലെന്ന പ്രസിഡണ്ടിന്റെ വെല്ലുവിളിക്ക് കൊറോണ തനത് രീതിയിൽ മറുപടി പറയുമ്പോൾ അതിൽ പൊലിഞ്ഞുപോകുന്നത് നിരപരാധികളുടെ ജീവനാണ് എന്നതാണ് ഏറെ സങ്കടകരം.

ഇതിനിടയിൽ, സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ അവസാനം വരെ നീട്ടിയ ഡൊണാൾഡ് ട്രംപ് ഇന്നലെ വളരെ ദുഃഖിതനായി പറഞ്ഞത് ഈ മഹാമാരിയുടെ താണ്ഡവം അവസാനിക്കുമ്പോൾ മരണ സംഖ്യ 2,00,000 ത്തിൽ താഴെ ആയാൽ താൻ ചെയ്ത് കാര്യങ്ങൾക്ക് ഫലമുണ്ടായി എന്നു കരുതാം എന്നാണ്. രോഗത്തേയും ലോകത്തേയും വെല്ലുവിളിക്കുന്ന ട്രംപിന്റെയും ആത്മവിശ്വാസമൊക്കെ ചോർന്നു പോയതുപോലെ.

ഇതിനിടയിൽ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞപ്പോൾ, ആശുപത്രികൾക്ക് പുറത്തായി താത്ക്കാലിക ടെന്റുകൾ നിർമ്മിച്ച് ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പട്ടാളമാണ് ഇക്കാര്യത്തിൽ മുൻകൈ എടുക്കുന്നത്. ആരോഗ്യ സംരക്ഷണ മേഖലയിൽ നിന്നും വിരമിച്ച ഏതാണ് 76,000 വിദഗ്ദർ തങ്ങളുടെ സേവനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മേയർ പറഞ്ഞു. ന്യൂയോർക്ക് നഗരത്തിന്റെ, താരതമ്യേന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളേയാണ് രോഗം കൂടുതലായി ബാധിച്ചിട്ടുള്ളത്.

രോഗബാധിതരിൽ 32 ശതമാനം ക്യൂൻസ് മേഖലയിൽ നിന്നുള്ളവരാണ്. അതുപോലെതന്നെ ദരിദ്രർ കൂടുതലായി ഉള്ള ജാക്‌സൺ ഹൈറ്റ്‌സ്, എംറസ്റ്റ് എന്നീ ബറോകളും കൊറോണാ ഭീഷണിയിലാണ്. രാജ്യത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടി. റാപ്പിഡ് ടെസ്റ്റിന് അനുമതി നൽകിയതായും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വൈറസ് ബാധ നിയന്ത്രിക്കാനായില്ലെങ്കിൽ അമേരിക്കയിൽ രണ്ടുലക്ഷത്തോളം പേർ മരിച്ചേക്കുമെന്ന് കോവിഡ് പ്രതിരോധ വിഭാഗം മേധാവി മുന്നറിയിപ്പ് നൽകി.

കോവിഡ് വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചത്. 15 ദിവസത്തേക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇന്ന് അവസനാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. അഞ്ചുമിനിറ്റിനുള്ളിൽ കോവിഡ് പരിശോധന നടത്താൻ കഴിയുന്ന റാപപ്ിഡ് ടെസ്റ്റിന് രാജ്യത്താകെ അനുമതി നൽകി. കോവിഡ് പ്രതിരോധ മരുന്ന് പരീക്ഷണാർഥം 1100 രോഗികൾക്ക് നൽകിയതായും ട്രംപ് അറിയിച്ചു.

അതേസമയം വൈറസ് പടരുന്നത് തടയാൻ കഴിഞ്ഞില്ലെങ്കിൽ ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആളുകൾ രാജ്യത്ത് മരിച്ചേക്കാമെന്ന് വൈറ്റ് ഹസിലെ കോവിഡ് പ്രിതരോധ വിഭാഗം മേധാവി ഡോ. അന്തോണി ഫൗസി മുന്നറിയിപ്പ് നല്കി. രോഗികളുടെ എണ്ണം ദിവസവും കുതിച്ചുയരുന്നതും ആശുപത്രികളിൽ സൗകര്യങ്ങളില്ലാത്തതും കാര്യങ്ങൾ സങ്കീർണമാക്കുന്നു. വൈറസ് ബാധിതരുടെ എണ്ണം ഇതേരീതിയിൽ വർധിച്ചാൽ രണ്ടാഴ്‌ച്ചയ്ക്കകം ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികൾ നിറഞ്ഞുകവിയും. മരുന്നും മറ്റ് സംവിധാനങ്ങളും പരിമിതമാണെന്നും ഡോ ഫൗസി ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

ആശുപത്രികളിൽ ഒരാഴ്ചയ്ക്കുവേണ്ട മരുന്നും സാമ്ഗ്രികളും മാത്രമാണ് ഉള്ളതെന്നും നൂറുകണക്കിന് വെന്റിലേറ്ററുകൾ ആവശ്യമാണെന്നും ന്യൂയോർക്ക് സിറ്റി മേയറും പറഞ്ഞു. എന്നാൽ ചില സംസ്ഥാനങ്ങളും മെഡിക്കൽ ഗ്രൂപ്പുകളും വെന്റിലേറ്ററുകൾ നൽകാൻ തയാറാകുന്നില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP