Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യം വേണ്ടവർ ഇനി പോകേണ്ടത് ആശുപത്രിയിൽ! ഒപി ടിക്കറ്റ് എടുത്ത് ഓർഡർ നൽകേണ്ടത് ഡോക്ടർക്കും; പരിശോധനയിൽ വിത്‌ഡ്രോവൽ സിൻഡ്രമുണ്ടെന്ന് ഡോക്ടർക്ക് ബോധ്യപ്പെട്ടാൽ മാത്രം കുറിപ്പടി നൽകണം; അതു കിട്ടിയാൽ തിരിച്ചറിയൽ കാർഡുമായി നേരെ ഓടേണ്ടത് എക്‌സൈസ് ഓഫീസിലേക്കും; നിശ്ചിത ഫോറത്തിൽ സാക്ഷ്യപത്രം നൽകിയാൽ പാസ് കിട്ടും; ഇത് ബിവറേജസിൽ കൊടുത്താൽ കുടിക്കാൻ മദ്യവും കിട്ടും; മരുന്നിന് പകം മദ്യം കുറിക്കില്ലെന്ന് ഡോക്ടർമാരും; കോവിഡ് കാലത്തെ 'മദ്യപരീക്ഷണം' വിവാദത്തിൽ

മദ്യം വേണ്ടവർ ഇനി പോകേണ്ടത് ആശുപത്രിയിൽ! ഒപി ടിക്കറ്റ് എടുത്ത് ഓർഡർ നൽകേണ്ടത് ഡോക്ടർക്കും; പരിശോധനയിൽ വിത്‌ഡ്രോവൽ സിൻഡ്രമുണ്ടെന്ന് ഡോക്ടർക്ക് ബോധ്യപ്പെട്ടാൽ മാത്രം കുറിപ്പടി നൽകണം; അതു കിട്ടിയാൽ തിരിച്ചറിയൽ കാർഡുമായി നേരെ ഓടേണ്ടത് എക്‌സൈസ് ഓഫീസിലേക്കും; നിശ്ചിത ഫോറത്തിൽ സാക്ഷ്യപത്രം നൽകിയാൽ പാസ് കിട്ടും; ഇത് ബിവറേജസിൽ കൊടുത്താൽ കുടിക്കാൻ മദ്യവും കിട്ടും; മരുന്നിന് പകം മദ്യം കുറിക്കില്ലെന്ന് ഡോക്ടർമാരും; കോവിഡ് കാലത്തെ 'മദ്യപരീക്ഷണം' വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് ഒരാൾ മാത്രമാണ്. എന്നാൽ കൊറോണക്കാലത്തെ ലോക് ഡൗണിൽ മദ്യശാലകൾ അടച്ചപ്പോൾ മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തത് ആറു പേരും. ഈ സാഹചര്യത്തിലാണ് മദ്യത്തിന് ഡോക്ടറുടെ കുറുപ്പിടയുണ്ടെങ്കിൽ എക്‌സൈസ് മദ്യം കൊടുക്കുന്ന പദ്ധതിയുമായി സർക്കാരെത്തുന്നത്. ഈ തീരുമാനം വലിയ വിവാദങ്ങൾക്കും ഇട നൽകിയിട്ടുണ്ട്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബാറുകളും മദ്യശാലകളും പൂട്ടിയ സാഹചര്യത്തിൽ സ്ഥിരം മദ്യപാനികളായ ചിലർക്ക് പ്രശ്‌നങ്ങളുണ്ടാകുകയും ചിലർ ആത്മഹത്യ ചെയ്‌തെന്നുമുള്ള വിലയിരുത്തലിലാണ് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നൽകാമെന്ന നിലപാട് സർക്കാർ കൈക്കൊണ്ടത്. എന്നാൽ കുറിപ്പടി നൽകില്ലെന്നും അതിന്റെ പേരിൽ എന്ത് നടപടി വന്നാലും നേരിടുമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ വ്യക്തമാക്കി. നടപടി എടുത്താൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്നും അവർ വ്യക്തമാക്കി. ഐ.എം.എയും സർക്കാർ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ആൽക്കഹോൾ വിത്‌ഡ്രോവൽ ലക്ഷണങ്ങളുള്ളവർ ഇ.എസ്‌ഐ അടക്കമുള്ള പി.എച്ച്.സി, എഫ്.എച്ച്.സി, ബ്ലോക്ക് പി.എച്ച്.സി-സി.എച്ച്.സി, താലൂക്ക് ആശുപത്രികൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്‌പെഷാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ഒ.പി ടിക്കറ്റ് എടുത്ത് പരിശോധനക്ക് വിധേയരാകണം. പരിശോധിക്കുന്ന ഡോക്ടർ പ്രസ്തുത വ്യക്തി ആൽക്കഹോൾ വിത്‌ഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നൽകിയാൽ നിശ്ചിത അളവിൽ മദ്യം നൽകാമെന്നാണ് സർക്കാർ ഉത്തരവ്.

ഡോക്ടർ നൽകുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്‌സൈസ് റേഞ്ച് ഓഫിസ്-സർക്കിൾ ഓഫിസ് എന്നിവിടങ്ങളിൽ ഹാജരാക്കണം. ഈ രേഖയോടൊപ്പം ആധാർ, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തിയശേഷം എക്‌സൈസ് ഓഫിസിൽനിന്ന് മദ്യം അനുവദിക്കണം. ഒരാൾക്ക് ഒന്നിലധികം പാസ് നൽകരുത് എന്നും ഉത്തരവിലുണ്ട്. പാസിന്റെ വിവരം ബിവറേജസ് കോർപറേഷൻ എം.ഡിയെ അറിയിക്കണമെന്നാണ് നിർദ്ദേശം.

മദ്യം നൽകുന്നതിന് ബിവറേജസ് കോർപറേഷൻ എം.ഡി നടപടി സ്വീകരിക്കണം. ഇതിനായി ഔട്ട്‌ലെറ്റുകൾ തുറക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്. പാസ് അടിസ്ഥാനപ്പെടുത്തി വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് നിത്യേന എക്‌സൈസ് വകുപ്പിനെ അറിയിക്കണമെന്നും വിതരണം ചെയ്യുന്ന പാസിൽ ക്രമക്കേടോ ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്ന് എക്‌സൈസ് ഐ.ടി സെൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

അബ്കാരി ചട്ടങ്ങൾ പ്രകാരം അനുവദനീയമായ മദ്യം നൽകാമെന്നാണ് ഉത്തരവിലുള്ളത്. ചട്ടമനുസരിച്ച് ഒരാൾക്ക് കൈവശം വയ്ക്കാവുന്നത് 3 ലീറ്ററാണ്. മദ്യം വാങ്ങുന്നയാൾ ഇതു വിൽപന നടത്തുന്നതടക്കമുള്ള ക്രമക്കേടുകൾ തടയുന്നതിന് ഉത്തരവിൽ നിർദ്ദേശമില്ല. നേരത്തേ സർക്കാർ ഈ തീരുമാനം എടുത്തപ്പോൾ ഡോക്ടർമാരുടെ സംഘടന എതിർത്തിരുന്നു. മരുന്നിനു പകരം മദ്യം പറ്റില്ലെന്നാണ് നിലപാട്. ഡോക്ടർമാരുമായി സർക്കാർ ഇന്നലെ വീണ്ടും ചർച്ച നടത്തിയ ശേഷമാണ് ഉത്തരവിറക്കിയത്. ഇപ്പോഴും ഡോക്ടർമാരുടെ സംഘടനകൾ തീരുമാനത്തെ എതിർക്കുകയാണ്.

മദ്യശാലകൾ അടച്ചതോടെ വ്യാജ വാറ്റ് കൂടിയിട്ടുണ്ട്. ഇടുക്കിയിൽ അതിർത്തി മേഖലയിൽ പടർന്ന് പിടിച്ച കാട്ടുതീയിൽ ദൃശ്യമായത് വ്യാജ വാറ്റ് കേന്ദ്രങ്ങൾ. രാമക്കൽമേട്ടിൽ പുറമ്പോക്ക് ഭൂമിയിൽ ഒളിപ്പിച്ചിരുന്ന 600 ലിറ്റർ കോട നശിപ്പിച്ചു. ലോക് ഡൗൺ പശ്ചാതലത്തിൽ ചാരായ നിർമ്മാണം തടയുന്നതിനായി അതിർത്തി മേഖലകളിൽ എക്സൈസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തി മേഖലകളായ രാമക്കൽമേട്, കമ്പംമെട്ട്, ചെല്ലാർ കോവിൽ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങൾ സജീവമായതായി എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം അണക്കരയിലെ റിസോർട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും തോക്കും കണ്ടെടുത്തിരുന്നു.

അതിർത്തിയിലെ വന മേഖല, കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് വ്യാജ വാറ്റ് സംഘങ്ങളുടെ പ്രവർത്തനം. പല മേഖലകളും എളുപ്പത്തിൽ എത്തിച്ചേരാനാവാത്തതാണെന്നതും കുറ്റിക്കാടുകളും മുൾച്ചെടികളും നിറഞ്ഞ ദുർഗഡ പ്രദേശങ്ങളാണെന്നതും പരിശോധനകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാമക്കൽമേട് ബംഗ്ലാദേശ് കോളനിക്ക് സമീപം കോട സൂക്ഷിച്ചിരിക്കുന്നതായി എക്സൈസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. ഇത് എവിടെ എന്നത് കണ്ടെത്തുക ദുഷ്‌കരമായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം മേഖലയിൽ പടർന്ന് പിടിച്ച കാട്ട് തീയെ തുടർന്നാണ് കുറ്റിക്കാടുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന കോട ദൃശ്യമായത്. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്പൻചോല എക്സൈസ് റേഞ്ച് സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ ഡി, പ്രകാശ്, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് എംപി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ശശീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോർജ് വി. ജോൺസൺ, ജസ്റ്റിൻ പി.സി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP