Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിസർവ് ബാങ്കിന്റെ മൊറൊട്ടോറിയം ഒന്നും മണപ്പുറം ഫിനാൻസിന് ബാധകമല്ല! സാമ്പത്തിക വർഷം അവസാനിക്കെ എല്ലാ ലോണുകളുടെയും പലിശകൾ അടിയന്തിരമായി ഇടപാടുകാരെ കൊണ്ട് അടപ്പിക്കാൻ ബ്രാഞ്ച് അധികൃതർക്ക് നിർദ്ദേശം; പലിശയും അടവു തുകയും ഓൺലൈൻ വഴി നൽകാൻ നിർദ്ദേശം; ജീവനക്കാർ വീട്ടിലിരുന്നു ഇടപാടുകാരെ വിളിച്ച് പലിശ അടപ്പിക്കണം; എല്ലാ ജീവനക്കാർക്കും ടാർജറ്റും ഫിക്‌സ് ചെയ്ത് നൽകി; കൊറോണ ദുരന്തകാലത്തും കഴുത്തറുപ്പൻ നിലപാടുമായി മണപ്പുറം ഫിനാൻസ്

റിസർവ് ബാങ്കിന്റെ മൊറൊട്ടോറിയം ഒന്നും മണപ്പുറം ഫിനാൻസിന് ബാധകമല്ല! സാമ്പത്തിക വർഷം അവസാനിക്കെ എല്ലാ ലോണുകളുടെയും പലിശകൾ അടിയന്തിരമായി ഇടപാടുകാരെ കൊണ്ട് അടപ്പിക്കാൻ ബ്രാഞ്ച് അധികൃതർക്ക് നിർദ്ദേശം; പലിശയും അടവു തുകയും ഓൺലൈൻ വഴി നൽകാൻ നിർദ്ദേശം; ജീവനക്കാർ വീട്ടിലിരുന്നു ഇടപാടുകാരെ വിളിച്ച് പലിശ അടപ്പിക്കണം; എല്ലാ ജീവനക്കാർക്കും ടാർജറ്റും ഫിക്‌സ് ചെയ്ത് നൽകി; കൊറോണ ദുരന്തകാലത്തും കഴുത്തറുപ്പൻ നിലപാടുമായി മണപ്പുറം ഫിനാൻസ്

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ കാലത്ത് മണപ്പുറം ഫിനാൻസ് പ്രവർത്തിക്കുന്നത് നിയമങ്ങൾ കാറ്റിൽപ്പറത്തി. എല്ലാതരം ലോണുകൾക്കും റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെയാണ് ഇതൊന്നും കൂസാതെ മണപ്പുറം ഫിനാൻസ് അധികൃതരുടെ നടപടികൾ. ഈ സാമ്പത്തിക വർഷം അവസാനിക്കെ എല്ലാ ലോണുകളുടെയും പലിശകൾ അടിയന്തിരമായി ഇടപാടുകാരെക്കൊണ്ട് അടപ്പിക്കാനാണ് എല്ലാ ബ്രാഞ്ച് അധികൃതർക്കും മണപ്പുറം ഫിനാൻസ് ഉത്തരവ് നല്കിയിരിക്കുന്നത്. പലിശകൾ, അടവ് തുക എന്നിങ്ങനെ ഇടപാടുകാരെക്കൊണ്ട് ഓൺലൈൻ വഴി അടപ്പിക്കാനാണ് മണപ്പുറത്തിന്റെ നിർദ്ദേശം. ജീവനക്കാർ വീട്ടിലിരുന്നു ഇടപാടുകാരെ വിളിച്ച് പലിശ അടപ്പിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. എല്ലാവർക്കും ടാർജറ്റും ഇവർ ഫിക്‌സ് ചെയ്ത് നൽകിയിട്ടുണ്ട്. ഏറ്റവും പരമാവധി തുക തന്നെ പലിശ ഇനത്തിൽ ഇടപാടുകാരിൽ നിന്നും പിരിച്ചെടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കൊറോണ കാരണം ലോകവും കേരളവും ദുരന്തമുഖത്ത് തുടരുകയാണെന്നും രാജ്യം തന്നെ ലോക്ക് ഡൗണിലാണെന്ന യാഥാർഥ്യവും വിസ്മരിച്ചാണ് പലിശപ്പിരിവിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നു ഇവർ നിർദ്ദേശിച്ചിരിക്കുന്നത്. റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശം അനുസരിച്ച് റിസർവ് ബാങ്ക് അനുമതിയോടെയാണ് മണപ്പുറം അടക്കമുള്ള നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടരുന്നത്. ഇവർ അനുസരിക്കെണ്ടതും പിന്തുടരേണ്ടതും റിസർവ് ബാങ്ക് മാർഗനിർദ്ദേശം തന്നെയാണ്. എന്നിട്ടാണ് റിസർവ് ബാങ്ക് എല്ലാ ലോണുകൾക്കും മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെയാണ് ഈ നിർദ്ദേശം കാറ്റിൽപ്പറത്തി തങ്ങളുടെ ലോണുകൾക്ക് പലിശ പിരിച്ചെടുക്കാൻ ഇവർ ബ്രാഞ്ചുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. മണപ്പുറം ഒഴിച്ച് മറ്റുള്ള സ്വർണ വായ്പാ കമ്പനികൾ റിസർവ് ബാങ്ക് നിർദ്ദേശം അക്ഷരം പ്രതി നടപ്പാക്കിയിരിക്കെയാണ് മണപ്പുറത്തിന്റെ നടപടികൾ എന്നും ശ്രദ്ധേയമാണ്. മണപ്പുറം ഫിനാൻസിന് റിസർവ് ബാങ്ക് അനുവദിച്ച ലൈസൻസ് വരെ റദ്ദ് ചെയ്യാൻ ഇടയോരുക്കുന്നതാണ് പലിശ പിരിച്ചെടുക്കാൻ ബ്രാഞ്ചുകൾക്ക് മണപ്പുറം നൽകിയിരിക്കുന്ന നിർദ്ദേശം. ലോക്ക് ഡൗൺ ആയതിനെ തുടർന്നു ബ്രാഞ്ചുകൾ മണപ്പുറം തുറക്കുന്നില്ല. പക്ഷെ വീട്ടിലിരുന്നു പലിശ പിരിച്ചെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോ ജില്ലയ്ക്കും ഹെഡ് ഓഫീസിൽ നിന്നും ടാർജറ്റ് നൽകിയിട്ടുണ്ട്. ആലപ്പുഴ 484270, എറണാകുളം 715852,എറണാകുളം 2: 360493, കണ്ണൂർ: 437497, കൊല്ലം 477140, കോഴിക്കോട്: 664516, മലപ്പുറം: 595212, തൃശൂർ 514501, തൃശൂർ 2: 652538, തിരുവനന്തപുരം: 437782 എന്നിങ്ങനെയാണ് ഫിക്‌സ് ചെയ്തിർക്കുന്ന ടാർജറ്റുകൾ. ഈ തുക ഇന്നു തന്നെ പിരിച്ചെടുക്കാനാണ് ജില്ലകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ബ്രാഞ്ചിന്റെ മേധാവികൾ എക്‌സിക്യൂട്ടീവുമാർക്ക് നിർദ്ദേശം നൽകും. തുകകൾ പിരിച്ചെടുക്കാൻ എക്‌സിക്യൂട്ടീവുമാർ വീട്ടിലിരുന്നു ഇടപാടുകാരെ വിളിക്കും. ഓൺലൈൻ ആയി പെയ്‌മെന്റ് അടയ്ക്കാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം.

റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇന്നു മണപ്പുറം നൽകിയിരിക്കുന്ന ഉത്തരവ്. ഇതിനൊപ്പം റീജിയണൽ മാനേജർമാർക്ക് മറ്റൊരു വാട്‌സ് ആപ്പ് സന്ദേശവും നല്കിയിടുണ്ട്. ഇന്നു പലിശ പെൻഡിങ് ആവുകയാണ്. കസ്റ്റമർമാരുടെ ലിസ്റ്റ് മെയിൽ വഴി അയച്ചിട്ടുണ്ട്. ഇത് ബ്രാഞ്ചുകൾക്ക് നൽകി ഏറ്റവും കൂടുതൽ തുക ഇന്നു തന്നെ പിരിച്ചെടുക്കണം. വൈകുന്നേരത്തിനുള്ളിൽ തന്നെ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകണം എന്നാണ് ഫിനാൻസ് വിഭാഗത്തിന്റെ നിർദ്ദേശം. നിയമവിരുദ്ധ പ്രവർത്തനമാണ് മണപ്പുറം നടത്തുന്നത് എന്ന് തെളിയുകയാണ് ഈ ഓർഡർ വഴി. കൊറോണ കാലത്ത് മോറട്ടോറിയം നിലനിൽക്കെ അത് അവഗണിച്ച് തള്ളി സ്വന്തം വഴിയിലൂടെ നീങ്ങുന്ന ഈ സ്വർണ വായ്പാ ഭീമനെതിരെ ശക്തമായ നടപടി വേണം എന്നാണ് ഇപ്പോൾ വരുന്ന ആവശ്യം.

സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ മിക്ക ഫിനാൻസ് കമ്പനികളും അന്നേ ദിവസം വരെ ബ്രാഞ്ചുകൾ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ്, മിനി മുത്തൂറ്റ്, മുത്തൂറ്റ് ഫിൻകോർപ്പ്, കൊശമറ്റം ഫിനാൻസ്, മാക്സ് വാല്യൂ എന്നീ കമ്പനികൾ അടക്കം എല്ലാവരും സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ 31 വരെ ബ്രാഞ്ചുകൾ അടച്ചിട്ടു. എന്നാൽ, മണപ്പുറം ഫിനാൻസ് കമ്പനി മാത്രം ഇതൊട്ടും അറിഞ്ഞ മട്ടുകാണിച്ചിരുന്നില്ല. ഒരുനിയന്ത്രണവും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ ബ്രാഞ്ചുകൾ തുറന്നു പ്രവർത്തിക്കാമെന്നാണ് അന്ന് ഇവർ ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞിരുന്നത്. പിന്നീട് എതിർപ്പ് വന്നപ്പോഴാണ് ഇവർ ബ്രാഞ്ച് അടച്ചിടാൻ തീരുമാനിച്ചത്. അന്ന് ഇവർ ബ്രാഞ്ചുകൾക്ക് നൽകിയ നിർദ്ദേശം ഇതായിരുന്നു.

എല്ലാ ജീവനക്കാർക്കും രാവിലെ 10 മുതൽ 2 വരെ ജോലി ചെയ്യാം. ഒരു നിയന്ത്രണവുമില്ല. എല്ലാ ബ്രാഞ്ചുകളിലും ജീവനക്കാർ രാവിലെ 10 മണിക്ക് മുമ്പ് വരണം. ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ബ്രാഞ്ച് അടയ്ക്കണം. പലിശപ്പിരിവിലാണ് ജീവനക്കാർ ശ്രദ്ധയൂന്നേണ്ടത്. ബ്രാഞ്ചിന്റെ ഗ്രിൽ ഗേറ്റ് അടച്ചിടുകയോ തുറന്നിടുകയോ ചെയ്യാം. എന്നാൽ, കസ്റ്റമേഴ്സിന് വരാനും ഇടപാടുകൾ നടത്താനും കഴിയണം. ലോക് ഡൗൺ കാലത്ത് എങ്ങനെ ബ്രാഞ്ചിൽ വരുമെന്ന് ഓർത്ത് ജീവനക്കാർ വിഷമിക്കേണ്ട. ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ, ടൂ വീലറുകൽലോ, സ്വകാര്യ വാഹനങ്ങളിലോ ബ്രാഞ്ചുകളിൽ എത്താം. ബ്രാഞ്ചിൽ ചുരുങ്ങിയത് രണ്ട് കസ്റ്റോഡിയന്മാരെങ്കിലും ഉണ്ടാകണം. ബ്രാഞ്ചിൽ വന്നാൽ സർക്കാർ പറയും പോലെ കോവിഡിനെ ചെറുക്കാൻ ബ്രേക്ക് ദ ചെയിനിന് വേണ്ട സൗകര്യങ്ങൾ ഒരുക്കണം. സാനിറ്റൈസർ അടക്കമുള്ളവ ഉപയോഗിച്ച് ശുചിത്വം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇങ്ങനെ സാഹസികമായി ബ്രാഞ്ചിൽ എത്തിയാൽ ജീവനക്കാർക്ക് എന്താണ് ഗുണം? അധിക വരുമാനം തന്നെയാണ് മുഖ്യ ആകർഷണം.

ബ്രാഞ്ചുകളിൽ ഹാജരാകുന്ന ജീവനക്കാർക്ക് ഇൻസെന്റീവ്

ലോക് ഡൗൺ കാലത്ത് ജീവനക്കാരുടെ വരവും പോക്കും വെറുതെയാവില്ല. പണയഇടപാടുകൾക്ക് ദിവസവും ഇൻസെന്റീവുണ്ട്. അഞ്ച് ലക്ഷത്തിന് മുകളിൽ 25 രൂപ. ചെറിയ ഇടപാടുകൾക്ക് അഞ്ച് രൂപയും, പണയം പുതുക്കലിന് മൂന്നുരൂപയും ഇൻസെന്റീവ്. ഓൺലൈൻ ഇടപാടുകൾക്കും പണയത്തിനോ പലിശയ്ക്കോ ഒരുരൂപ വീതം ഇൻസെന്റീവുണ്ട്. അങ്ങനെ എല്ലത്തരം ജീവനക്കാർക്കും കമ്പനി ഈ ലോക് ഡൗൺ കാലത്ത് ഇൻസെന്റീവ് ഉറപ്പാക്കുന്നു. ഇൻസെന്റീവ് വെറുതെ കിട്ടില്ല. നന്നായി പണിയെടുക്കണം. എല്ലാദിവസവും ഉപഭോക്താക്കളെ വിളിക്കണം. പണയം പുതുക്കലിനോ പലിശ മേടിച്ചെടുക്കാനോ ഒക്കെയായിരിക്കും ഈ കോളുകൾ. റിമൈൻഡർ കോളുകൾ മാത്രമല്ല, പണം പെട്ടിയിൽ വീഴുന്നുവെന്ന് ഉറപ്പാക്കണം. സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം ബ്രാഞ്ചുകൾ തുറക്കണം. കൂടുതൽ പണയങ്ങൾ സ്വീകരിച്ചാൽ കൂടുതൽ കാശ്. പുതിയ കസ്റ്റമേഴ്സിനെ പിടിച്ചാൽ നേരത്തെ കിട്ടിയിരുന്ന 150 രൂപയ്ക്ക് പകരം 175 രൂപ കിട്ടും ഈ ലോക് ഡൗൺ കാലത്ത്. അതുകൊണ്ട് പിരിവ് ഊർജ്ജിതമാക്കുക. രാജ്യം അടച്ചുപൂട്ടിയിരിക്കുമ്പോഴും എല്ലാ ദിവസവും കസ്റ്റമേഴ്സിനെ വിളിച്ച് പലിശക്കാര്യം ഓർമിപ്പിക്കുക. കൃത്യമായി പലിശ അടയ്ക്കാൻ ഉത്സാഹിപ്പിക്കുക, സമ്മർദ്ദം ചെലുത്തുക. ഇതൊക്കെയാണ് കമ്പനിക്ക് ഈ അടച്ചുപൂട്ടൽ കാലത്ത് ജീവനക്കാർക്ക് നൽകിയ സന്ദേശം.

പുര കത്തുമ്പോൾ വാഴ വെട്ടുന്ന പരിപാടി എന്നാണ് ധനകാര്യ രംഗത്തുള്ളവർ പോലും വിശേഷിപ്പിക്കുന്നത്. ലോക് ഡൗൺ കാലത്ത് തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതോടെ പലർക്കും വായ്പ തിരിച്ചടയ്ക്കാൻ സാധിക്കില്ല. വായ്പകൾ മുടങ്ങുന്നത് കാരണം ബാങ്കുകളിൽ നിന്നും പ്രത്യേകിച്ച് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും വായ്പക്കാർക്ക് മേൽ സമ്മർദ്ദമേറുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇതോടകം ഉയർന്നിട്ടുള്ളത്. ഇതോടെയാണ് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇതൊന്നും കൂസാതെയാണ് പഠിച്ചതേ പാടൂ എന്ന മട്ടിലുള്ള മണപ്പുറം ഫിനാൻസിന്റെ നിയമവിരുദ്ധ നടപടികൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP