Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോരമ പത്രം ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിന് അന്ന് മലയാളിക്കെതിരെ എടുത്തത് കേസുകൾ; ഇപ്പോഴിതാ കൊറോണക്കാലത്ത് വായനക്കാർക്ക് എല്ലാ സ്വാതന്ത്ര്യവും നൽകി മാതൃഭൂമി; കോവിഡ് ഭീതിയിൽ വീട്ടിൽ അടച്ചിട്ടിരിക്കെ സമ്മർദ്ദം അകറ്റാൻ വായന; മാഗസീനുകളുടെ പഴയ ലക്കങ്ങൾ ഫ്രീയായി ഓൺലൈനിൽ ലഭ്യമാക്കി കൈയടി നേടി മാതൃഭൂമി; കാലം മാറിയിട്ടും മനസ്സ് തുറക്കാതെ മനോരമയും

മനോരമ പത്രം ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിന് അന്ന് മലയാളിക്കെതിരെ എടുത്തത് കേസുകൾ; ഇപ്പോഴിതാ കൊറോണക്കാലത്ത് വായനക്കാർക്ക് എല്ലാ സ്വാതന്ത്ര്യവും നൽകി മാതൃഭൂമി; കോവിഡ് ഭീതിയിൽ വീട്ടിൽ അടച്ചിട്ടിരിക്കെ സമ്മർദ്ദം അകറ്റാൻ വായന; മാഗസീനുകളുടെ പഴയ ലക്കങ്ങൾ ഫ്രീയായി ഓൺലൈനിൽ ലഭ്യമാക്കി കൈയടി നേടി മാതൃഭൂമി; കാലം മാറിയിട്ടും മനസ്സ് തുറക്കാതെ മനോരമയും

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ ഭീതിയിൽ വീട്ടിൽ അടച്ചിട്ടിരിക്കെ സമ്മർദ്ദം അകറ്റാനുള്ള വഴികളെക്കുറിച്ച് കേരളം ചിന്തിക്കുമ്പോൾ നൂതന രീതി കണ്ടെത്തി മലയാളികൾക്കൊപ്പം നിലയുറപ്പിക്കുകയാണ് മാതൃഭൂമി . മാതൃഭൂമി കുടുംബത്തിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളുടെ മുൻ ലക്കങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൗജന്യമായി ലഭ്യമാക്കുകയാണ് മാതൃഭൂമി. പത്രത്തിന്റെ ഓൺലൈൻ പതിപ്പിലും പത്രത്തിലും ഇതിന്റെ പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി വാരിക, ആരോഗ്യമാസിക, സ്റ്റാർ ആൻഡ് സ്‌റ്റൈൽ, ഗൃഹലക്ഷ്മി, മാതൃഭൂമി യാത്ര, സ്പോർട്സ്, ചിത്രകഥ, ബാലഭൂമി, മിന്നാമിന്നി എന്നീ പ്രസിദ്ധീകരണങ്ങളുടെ പഴയ ലക്കങ്ങളാണ് ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. മാതൃഭൂമി പത്രത്തിന്റെ സൈറ്റിൽ കയറി ഇവ ആവശ്യാനുസരണം വായനക്കാർക്ക് ഡൗൺ ലോഡ് ചെയ്ത് ഉപയോഗിക്കാം.

ഡിജിറ്റൽ പത്രം ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിന് വായനക്കാർക്ക് എതിരെ കേസ് കൊടുത്ത പാരമ്പര്യമുള്ള മനോരമ പത്രം മറുവശത്ത് നിൽക്കുമ്പോഴാണ് ആനുകാലികങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ ആവശ്യാനുസരണം ഡൗൺ ലോഡ് ചെയ്ത് വായനക്കാർക്ക് ലഭ്യമാക്കാനുള്ള തീരുമാനം മാതൃഭൂമിയുടെ ഭാഗത്ത് നിന്നും വരുന്നത്. ഡിജിറ്റൽ പത്രം ഡൗൺ ലോഡ് ചെയ്ത് പ്രചരിപ്പിപ്പിച്ചു എന്ന മനോരമയുടെ പരാതിയിൽ പലർക്കും കേസ് നേരിടേണ്ടി വന്നിരുന്നു. 

കൊറോണ കാലത്ത് പലവിധ സമ്മർദ്ദങ്ങളിൽ മലയാളികൾ അകപ്പെട്ടിരിക്കെയാണ് മലയാളികളിൽ സമ്മർദ്ദം കുറയ്ക്കാൻ തങ്ങളുടെ മുൻനിര പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന നീക്കം മാതൃഭൂമിയിൽ നിന്നും വന്നിട്ടുള്ളത്. ഓഡിയോ ബുക്ക് പുറത്തിറക്കി എന്നതിന്റെ പേരിൽ പകർപ്പവകാശം ലംഘനത്തിന് ഒരു യു ട്യൂബ് ചാനലിനെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുമ്പോൾ തന്നെയാണ് സ്വന്തം പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്ത് വായിക്കാനുള്ള നീക്കവുമായി മാതൃഭൂമി രംഗത്ത് വന്നിരിക്കുന്നത്. ഡിസി ബുക്‌സ് പകർപ്പവകാശരേഖകൾ ഹാജരാക്കിയതിനെ തുടർന്നാണ് കോട്ടയം ഈസ്റ്റ് പൊലീസ് പരാതിയിൽ കേസ് ചാർജ് ചെയ്തത്.

ഭാഷയുടെ നിലനില്പിനും പുസ്തകങ്ങളെയും എഴുത്തുകാരെയും സംരക്ഷിക്കാനും വായനക്കാരുടെ കൂട്ടായ ശ്രമം ആവശ്യമാണ്. പകർപ്പവകാശ ലംഘനങ്ങൾ തടഞ്ഞു കൊണ്ട് എഴുത്തിനെയും ഭാഷയേയും പുസ്തക പ്രസാധനത്തെയും നിലനിർത്താൻ എല്ലാവിധ സഹകരണങ്ങളും വായനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായേ മതിയാകൂ എന്നാണ് ഡിസി ബുക്‌സ് വായനക്കാരോട് ആവശ്യപ്പെടുന്നത്. കൊറോണ കാലമാണ്. ജനങ്ങൾ മാനസിക സമ്മർദ്ദം നേരിട്ട് കൊണ്ടിരിക്കുകയാണ് എന്നത് മറന്നുകൊണ്ടാണ് മലയാളത്തിലെ മുൻനിര പ്രസാധകരുടെ നിയമ നടപടിയും വായനക്കാരോടുള്ള അഭ്യർത്ഥനയും വന്നിരിക്കുന്നത്. ഡിസി ബുക്‌സിന്റെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും നിലപാട് ഇതാണെങ്കിൽ മലയാളത്തിലെ ഒരു പത്രവും മാതൃഭൂമിയുടെ രീതിയിൽ കാൽവെയ്‌പ്പ് നടത്തുന്നില്ല.

മലയാളത്തിൽ പലപ്പോഴും മാറ്റത്തിന്റെ കാറ്റായി വീശുന്ന മാതൃഭൂമി തന്നെയാണ് ക്രൈസിസ് ഘട്ടത്തിൽ മലയാളികൾക്ക് തുണയാകാറ്. ചില സംഭവങ്ങളിൽ വായനക്കാർ അതിനിശിതമായി പത്രത്തെ വിമർശിക്കാറുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ വായനക്കാർക്കും കേരളത്തിനും ഗുണകരമായി ചിന്തിക്കുകയും മാറ്റത്തിന് ഒപ്പം നിൽക്കുകയും ചെയ്യാറുള്ളതാണ് പത്രത്തിന്റെ ഒരു രീതി. ഇതേ രീതി തന്നെയാണ് പ്രസിദ്ധീകരണങ്ങൾ സൗജന്യമായി വായനക്കാർക്ക് എത്തിക്കാനുള്ള നീക്കത്തിനും പിന്നിൽ നിൽക്കുന്നത്. പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യാൻ അവസരം നൽകിയാൽ ആ ലക്കങ്ങൾ കാലാകാലം ഇന്റർനെറ്റിൽ തുടരും എന്നുള്ള ഭീതിയുള്ളതിനാലാണ് മറ്റു പത്രങ്ങൾ ഈ നീക്കത്തിൽ നിന്നും പിൻവലിയുന്നത് എന്നാണ് സൂചന.

കച്ചവട താത്പര്യവും പ്രമുഖ പത്രങ്ങളെ ഈ നീക്കത്തിൽ നിന്നും പിൻവലിക്കുകയാണ്. നിങ്ങൾ കാശ് അടയ്ക്കൂ, ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും എന്ന രീതിയാണ് പ്രമുഖ പത്രങ്ങൾ അനുവർത്തിക്കുന്നത്. ''ആളുകൾ വീട്ടിൽ അടച്ചിരിക്കുന്നു. എത്രയോ പ്രസിദ്ധീകരണങ്ങൾ ഞങ്ങൾക്കുണ്ട്. അതിന്റെ പഴയ ലക്കങ്ങൾ സൗജന്യമായി ലഭ്യമാക്കിയാലോ എന്ന ചിന്തയിൽ നിന്നുമാണ് ഞങ്ങൾ തീരുമാനം കൈക്കൊണ്ടത്. വലിയ പ്രതികരണങ്ങൾ ഈ നീക്കത്തിന് വായനക്കാരിൽ നിന്നും ലഭിക്കുന്നുണ്ട്. മത്സരിച്ച് ആളുകൾ ഡൗൺലോഡ് ചെയ്യുന്നു. ഡൗൺ ലോഡ് ചെയ്യുന്നതിനൊപ്പം വായനയും കൂടുകയാണ്. കുട്ടികളുടെ മൂന്നു പ്രസിദ്ധീകരണങ്ങൾ ഫ്രീ ആയി ലഭ്യമാക്കുന്നുണ്ട്. നല്ല പ്രതികരണം ഓരോ പ്രസിദ്ധീകരണത്തിന്റെ കാര്യത്തിൽ നിന്നും ലഭിക്കുന്നുണ്ട്. ഈ മുൻ ലക്കങ്ങൾ പലരും വായിച്ചിട്ടുണ്ടാകില്ല. ഇതിന്റെ ഹാർഡ് കോപ്പികൾ മാതൃഭൂമി ഓഫീസിലെത്തി വാങ്ങാനും ജനങ്ങൾക്ക് കഴിയില്ല. ഈ ഒരു ഘട്ടത്തിൽ അവർക്ക് മുൻ ലക്കങ്ങൾ സൗജന്യമായി ലഭ്യമാക്കുകയാണ്. ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്-''മാതൃഭൂമി അധികൃതരിൽ നിന്നും മറുനാടന് മനസിലാക്കാൻ സാധിക്കുന്നു. .

മാതൃഭൂമി ഈ രീതിയിൽ ഒരു നീക്കം നടത്തുന്ന സമയത്ത് മനോരമ ഈ രീതിയിൽ ചിന്തിക്കുന്നുണ്ടോ എന്ന് അറിയാൻ മറുനാടൻ മനോരമയുമായി ബന്ധപ്പെട്ടിരുന്നു. സർക്കുലേഷൻ, പബ്ലിക്കേഷൻ വിഭാഗത്തിൽ ബന്ധപ്പെട്ടെങ്കിലും ഓൺലൈൻ വിഭാഗത്തിൽ ബന്ധപ്പെടാനായിരുന്നു മറുപടി. ഓൺലൈനിൽ ബന്ധപ്പെട്ടപ്പോൾ അവിടെ നിന്നും പ്രതികരണം ലഭ്യമായില്ല. എന്തിനാണ് വിളിക്കുന്നത് എന്ന് കോട്ടയത്തെ ആസ്ഥാനത്തെ റിസ്പഷനിൽ നിന്നും ചോദ്യം വന്നപ്പോൾ കാര്യം പറഞ്ഞപ്പോൾ അവർ നൽകിയ മറുപടി രസകരമായിരുന്നു. വല്ല നീക്കങ്ങളും ഉണ്ടെങ്കിൽ ഞങ്ങൾ അത് പത്രത്തിൽ പ്രസിദ്ധീകരിക്കും. അങ്ങിനെ ഒരു നീക്കമില്ലെങ്കിൽ പ്രസിദ്ധീകരിക്കുകയുമില്ല- ഈ മറുപടിയാണ് റിസപ്ഷനിലെ വനിതാ സ്റ്റാഫ് ലഭ്യമാക്കിയത്. ഈ മറുപടിയിൽ നിന്നും മനോരമയിൽ നിന്നും ഇത്തരം ഒരു നീക്കത്തിനുള്ള സാധ്യതകൾ നിലവിലില്ല എന്ന സൂചനയാണ് ലഭിക്കുന്നത്.

ഒട്ടനവധി പ്രസിദ്ധീകരണങ്ങൾ ഉള്ള കലാകൗമുദിയെയും മറുനാടൻ ബന്ധപ്പെട്ടിരുന്നു. പക്ഷെ ഈ നീക്കം കലാകൗമുദിക്ക് നടത്താൻ കഴിയില്ലെന്നാണ് പത്രവുമായി ബന്ധപ്പെട്ടവർ മറുനാടനോട് പറഞ്ഞത്. നിലവിൽ സ്റ്റാഫ് വളരെയധികം കുറവാണ്. പത്രം ഇറക്കാൻ വേണ്ട സ്റ്റാഫ് മാത്രമാണ് ഓഫീസിലുള്ളത്. ഞങ്ങൾക്ക് പരിമിതിയുണ്ട്-കലാകൗമുദി പത്രവുമായി ബന്ധപ്പെട്ടവർ വിശദമാക്കുന്നു. എന്നാൽ വായനാക്കാർക്ക് ആശാവഹമായ പ്രതികരണമാണ് മംഗളം പത്രാധിപർ സാജൻ വർഗീസിൽ നിന്നും മറുനാടന് ലഭിച്ചത്. ഒട്ടനവധി പ്രസിദ്ധീകരണങ്ങൾ മലയാളികൾക്ക് എത്തിക്കുന്ന പ്രമുഖ മാധ്യമ ഗ്രൂപ്പാണ് മംഗളം. ദിനപത്രം അടക്കം വിവിധ പ്രസിദ്ധീകരണങ്ങൾ മംഗളത്തിനുണ്ട്. ''മാതൃഭൂമിയുടെ രീതി ഞാൻ കണ്ടു. അവർ പ്രസിദ്ധീകരണങ്ങളുടെ മുൻകാല പതിപ്പുകൾ ലഭ്യമാക്കുന്നതും ഞാൻ കണ്ടു. മംഗളം ഗ്രൂപ്പിൽ നിന്നും വരുന്ന പ്രസിദ്ധീകരണങ്ങൾ ഈ രീതിയിൽ സൗജന്യമായി വായനക്കാർക്ക് ലഭ്യമാക്കുന്ന കാര്യം ഗൗരവവാഹമായി ആലോചിക്കുന്നു-''സാജൻ വർഗീസ് മറുനാടനോട് പറഞ്ഞു. ഇതിന്റെ സാധ്യതകളും മറ്റു പ്രശ്‌നങ്ങളും ഞാൻ അന്വേഷിക്കുകയാണ്. എന്തായാലും മാതൃഭൂമിയുടെ രീതി പിന്തുടരുന്ന കാര്യം ആലോചിക്കും-സാജൻ വർഗീസ് പറയുന്നു.

കേരളീയർ വീടുകളിൽ തന്നെ തുടരുമ്പോൾ സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ ചർച്ചകൾ. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ മമ്മൂട്ടി ആരാധകർ മമ്മുട്ടിയുടെ തട്ടുപൊളിപ്പൻ പടങ്ങളുടെ യു ട്യൂബ് ലിങ്കുകൾ മറ്റുള്ളവർക്കായി ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനു മറുപടിയായി മോഹൻലാൽ ആരാധകർ മോഹൻലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ യൂട്യൂബ് ലിങ്കുകളും ലഭ്യമാക്കുന്നുണ്ട്. മറ്റുള്ള താരങ്ങളുടെ ആരാധകരും ഈ രീതിയിൽ തങ്ങളുടെ സ്വന്തം നായകന്റെ സിനിമാ ലിങ്കുകൾ ലഭ്യമാക്കുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ച് സാഹിത്യത്തിൽ തത്പരരായവർ തങ്ങൾക്ക് പ്രിയപ്പെട്ട സാഹിത്യകാരന്മാരായ ഒ.വി.വിജയൻ, എം ടി.വാസുദേവൻ നായർ, മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീർ, ടി.പത്മനാഭൻ തുടങ്ങിയവരുടെ രചനകളും പ്രചരിക്കുന്നുണ്ട്.

ഈ കൃതികളുടെ പിഡിഎഫ് രൂപമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് ഡിസി അടക്കമുള്ള മുൻനിര പ്രസാധകരെ പരിഭ്രാന്തിയിലാഴ്‌ത്തിയിട്ടുണ്ട്. ഇതോടെ ഡിസി അടക്കമുള്ളവർ നിയമ നടപടി സ്വീകരിക്കാൻ തുടങ്ങി. വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും കോപ്പി റൈറ്റുള്ള പുസ്തങ്ങളുടെ പിഡിഎഫ് ഷെയർ ചെയ്യുന്നത് കുറ്റകരമാണ്. ഇത് പുസ്തക-വിതരണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും ഇത്തരത്തിലുള്ള പകർപ്പവകാശ ലംഘനങ്ങൾ. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ സംസ്ഥാനത്ത് നിലവിലുണ്ട്. പിഡിഎഫിന് പുറമെ നിരവധി വ്യാജ ഓഡിയോ ബുക്കുകളും പ്രചരിക്കുന്നുണ്ട്. പലരും പുസ്തകങ്ങൾ വായിച്ചുകൊണ്ടുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്. ഇതെല്ലാം തന്നെ പകർപ്പവകാശ ലംഘനങ്ങളാണ്. ഇതാണ് പ്രസാധകന്മാർക്ക് പറയാനുള്ളത്. കൊറോണ കഴിഞ്ഞാലും ഈ പതിപ്പുകൾ ഓൺലൈനിൽ തുടരും എന്നുള്ളത്‌കൊണ്ടാണ് പ്രസാധകന്മാർ നീക്കത്തിന്നെ ഭയക്കുന്നതും നിയമനടപടികൾക്കായി ഈ കൊറോണ കാലത്തും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നതും. പ്രസാധകന്മാരുടെ ഈ നീക്കത്തെ പിന്തുണച്ച് ഓൾ കേരള പബ്‌ളിഷേഴ്‌സ് ആൻഡ് ബുക്ക് സെല്ലേഴ്‌സ് അസോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട്.

എഴുത്തുമായി ബന്ധപ്പെട്ട പുസ്തകശാലകളും അവിടുത്ത ജീവനക്കാരും, അച്ചടിക്കുന്ന പ്രസുകളിലെ ജീവനക്കാരുമുണ്ട്. ഇവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് പുസ്തകം വിറ്റ് കിട്ടുന്ന പൈസകൊണ്ടാണ്. ഇവരുടെയൊക്കെ വരുമാനമാണ് ഇല്ലാതാകുക. ഈ രീതിയിൽ പോയാൽ കാസറ്റ് വ്യവസായം തകർന്നതു പോലെ ഇതും തകരും. സിനിമയുടെ കോപ്പിറൈറ്റ് വയലേഷൻ പോലെ തന്നെയാണ് ഇതും. ബഷീറിന്റെ പുസ്തകങ്ങളുടെ ഇന്ത്യൻ കോപ്പിറൈറ്റ് കഴിയാൻ അറുപത് വർഷവും രാജ്യാന്തര കോപ്പിറൈറ്റ് തടയാൻ 50 വർഷവും കഴിയണം,'' ഓൾ കേരള പബ്‌ളിഷേഴ്‌സ് ആൻഡ് ബുക്ക് സെല്ലേഴ്‌സ് അസോസിയേഷൻ ന്യായീകരണമായി പറയുന്നത് ഇതാണ്. ന്യായമാണ് ആശങ്കയാണ് പ്രസാധകർ പ്രകടിപ്പിക്കുന്നതെങ്കിലും ഇതുകൊറോണ കാലമാണെന്ന് ഇവർ മറക്കുകയാണ്.

ആളുകൾ ശ്വാസം വിടാൻ പോലും മടിച്ചും പേടിച്ചും നിൽക്കുകയാണ്. ആ റീ രീതിയിലാണ് കൊറോണ കേരളത്തിൽ പടരുന്നത്. സാമൂഹിക വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയും ശക്തമാണ്. ജീവൻരക്ഷാ പ്രവർത്തകർ സ്വജീവൻ കൊടുത്തുകൊറോണയ്‌ക്കെതിരെ യുദ്ധരംഗത്താണ്. റാന്നിയിലെ ഇറ്റലിക്കാരുടെ വൃദ്ധരായ മാതാപിതാക്കൾക്ക്‌നി കൊറോണ വന്നപ്പോൾ കാവൽ നിന്ന കാവൽ മാലാഖയ്ക്ക് കൊ റോണ പിടിപെട്ടിരിക്കുന്നു. ''. ഈ കൊറോണ എന്റെ മുന്നിൽ കീഴടങ്ങും. ഇത് കേരളമാണ്. കൊറോണ ഓർത്തിരിക്കുന്നത് നന്ന് എന്നാണ് മലയാളികൾക്ക് വേണ്ടി ഈ നഴ്‌സ് കുറിച്ച വാക്കുകൾ.'' ജീവൻ പണയപ്പെടുത്തി കേരളത്തെ കാക്കുന്ന ഇത്തരം ആളുകൾക്ക് മുന്നിലെക്കാണ് പ്രസിദ്ധീകരണങ്ങളുടെ പതിപ്പുകൾ മാതൃഭൂമി തുറന്നിട്ട് കൊടുത്തത്.

പ്രസിദ്ധീകരണരംഗത്ത് നിലനിൽക്കുന്ന എല്ലാ ആകുലതകളെയും തള്ളിമാറ്റി ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന മാതൃഭൂമിയുടെ നിലപാടും ഈ രീതി സ്വാഗതാർഹം ഞങ്ങളും ഈ രീതിയിൽ കാര്യങ്ങൾ ആലോചിക്കുന്നു എന്ന് പറയുന്ന മംഗളം പത്രാധിപരുമൊക്കെ വേറിട്ട പാതയാണ് കേരളത്തിനു മുന്നിൽ തുറന്നിടുന്നത്. ഇത്തരം നീക്കങ്ങളാണ് കൊറോണകാലത്ത് കേരളത്തെ ശ്രദ്ധേയമാക്കി മാറ്റുന്നത്.

മാതൃഭൂമി മാഗസീനുകൾ ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP