Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പായിപ്പാട് സർക്കാർ നിർദ്ദേശം ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ ഒരു അതിഥി തൊഴിലാളി അറസ്റ്റിൽ; പൊലീസ് പിടികൂടിയത് പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെ; ഗൂഢാലോചന കണ്ടെത്താനായി കൊച്ചി റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ അന്വേഷണം; പായിപ്പാട് മോഡലിന് കോഴിക്കോടും കൂട്ടംകൂടിയതോടെ നഗരത്തിൽ കനത്ത പൊലീസ് വലയം; കർണാടകയിൽ നിന്നും അതിർത്തി കടന്നെത്തിയ പച്ചക്കറി ലോറിക്ക് നേരെയും ആക്രമണം; വ്യാജ പ്രചരണം തടയാൻ പൊലീസ് മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: പായിപ്പാട് സർക്കാർ നിർദ്ദേശം ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ ഒരു അതിഥി തൊഴിലാളി അറസ്റ്റിൽ. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയതിനാണ് ഒരു അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റിഞ്ചു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പശ്ചിമബംഗാൾ സ്വദേശിയാണ് എന്നാണ് വിവരം. ലോക്ക് ഡൗൺ ലംഘിച്ച് ഇന്നലെ നൂറുകണക്കിന് തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തിൽ പായിപ്പാട് മേഖലയിൽ കർശന പൊലീസ് നിരീക്ഷണം തുടരുകയാണ്. മേഖലയിലെ എല്ലാ തൊഴിലാളികൾക്കും കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം എത്തിക്കുന്നുണ്ട്.

അതിനിടെ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പൊലീസ് സന്നാഹം ഇറങ്ങി. അതിഥി തൊഴിലാളികൾ കൂട്ടത്തോടെ എത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് നഗരത്തിലെ വിവിധ പോയിന്റുകളിൽ പൊലീസിനെ വിന്യസിച്ചത്. നാട്ടിലേക്ക് മടങ്ങാനായി അതിഥി തൊഴിലാളികൾ കൂട്ടത്തോടെ റെയിൽവെ സ്റ്റേഷനിലേക്ക് എത്തുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് നടപടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലടക്കം വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ സംഘടിച്ചതിലെ ഗൂഢാലോചന കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് മുന്നോട്ട് പോകുകയാണ്. സംഘം ചേർന്നതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി തന്നെ തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ പൊലീസ് തെരച്ചിൽ നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. എറണാകുളം റേഞ്ച് ഐജി മഹേഷ്‌കുമാർ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോക്ക് ഡൗൺ ലംഘിച്ച് ആയിരത്തിലധികം വരുന്ന അതിഥി തൊഴിലാളികളാണ് ഇന്നലെ കോട്ടയം പായിപ്പാട്ടെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

നാട്ടിലേക്ക് പോകാൻ വാഹനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. രാവിലെ പതിനൊന്ന് മണിയോടെ പായിപ്പാട് കവലയിലേക്ക് ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികൾ സംഘടിച്ചെത്തുകയായിരുന്നു.കൂട്ടത്തോടെയെത്തിയ തൊഴിലാളികൾ റോഡിൽ കുത്തിയിരുന്നു. ആദ്യ മണിക്കൂറിൽ പൊലീസ് കുറവായിരുന്നതിനാൽ തൊഴിലാളികളെ നിയന്ത്രിക്കാനായില്ല. പിന്നീട് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്ന് കൂടുതൽ പൊലിസെത്തി. അരമണിക്കൂറോളം നീണ്ട ചർച്ചയ്‌ക്കൊടുവിൽ രണ്ട് മണിയോടെ അതിഥി തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മടങ്ങി. എന്നാൽ ഇവിടെ നടത്തിയ മാധ്യമ ഇടപടെലുകളും വിമർശനത്തിന് വഴിയൊരുക്കിയിരുന്നു.

അതേസമയം കർണാടകയിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറികളുമായി വന്ന ലോറിക്ക് നേരെ ആക്രമണമുണ്ടായി. കാസർഗോഡ്-കർണാടക അതിർത്തിയിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയാണ് ലോറിക്ക് നേരെ ആക്രമണം ഉണ്ടായത്.ലോറിയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുകൾ നശിപ്പിച്ചു.

അതേസമയം തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തിനുള്ള തടസം നീങ്ങി. ഏഴ് ചെക്ക് പോസ്റ്റുകൾവഴി പച്ചക്കറി വണ്ടികൾ കേരളത്തിലേക്ക് എത്തും. നിത്യോപയോഗ സാധനങ്ങൾ ഇന്നുമുതൽ എത്തും. ഇതിനായി ജില്ലാ കളക്ടർമാർക്ക് 50000 വെഹിക്കിൾ പാസുകളാണ് കൈമാറിയിരിക്കുന്നത്. ഓൺലൈനായും പൗസുകൾ കൈപ്പറ്റാമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP