Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ 209 പേരുടെ ജീവനെടത്ത് മരണം 1228 ആയപ്പോൾ രോഗികളുടെ എണ്ണം 20,000ത്തിലെത്തി; അമേരിക്കയിൽ തുടങ്ങിയ വെന്റിലേറ്റർ റേഷനിങ് ആരംഭിച്ചു; രക്ഷപ്പെടുമെന്ന് ഉറപ്പുള്ളവർക്ക് മാത്രം ഇനി ചികിത്സ; ബ്രിട്ടനിലെ ഏറ്റവും പുതിയ അവസ്ഥ ഇങ്ങനെ

ഇന്നലെ 209 പേരുടെ ജീവനെടത്ത് മരണം 1228 ആയപ്പോൾ രോഗികളുടെ എണ്ണം 20,000ത്തിലെത്തി; അമേരിക്കയിൽ തുടങ്ങിയ വെന്റിലേറ്റർ റേഷനിങ് ആരംഭിച്ചു; രക്ഷപ്പെടുമെന്ന് ഉറപ്പുള്ളവർക്ക് മാത്രം ഇനി ചികിത്സ; ബ്രിട്ടനിലെ ഏറ്റവും പുതിയ അവസ്ഥ ഇങ്ങനെ

സ്വന്തം ലേഖകൻ

യുകെയിൽ കൊറോണ ബാധിതരുട എണ്ണവും മരിക്കുന്നവരുടെ എണ്ണവും റോക്കറ്റ് പോലെ കുതിച്ചുയരുന്ന അനിയന്ത്രിതമായ സാഹചര്യത്തിൽ അമേരിക്കയിലും ഇറ്റലിയിലും ഏർപ്പെടുത്തിയ വെന്റിലേറ്റർ റേഷനിങ് ഇവിടെയും ആരംഭിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം രക്ഷപ്പെടുമെന്ന് ഉറപ്പുള്ള കൊറോണബാധിതർക്ക് മാത്രമേ ഇനി ചികിത്സ നൽകുകയുള്ളൂ. ഇന്നലെ മാത്രം രാജ്യത്തുകൊറോണ ബാധിച്ച് 209 പേർ മരിക്കുകയും മൊത്തം മരണം 1228 കുതിച്ചുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് മനുഷ്യത്വരഹിതമായ തീരുമാനങ്ങളെടുക്കാൻ ഡോക്ടർമാരും നഴ്സുമാരും നിർബന്ധിതരായിരിക്കുന്നത്.

ഇന്നലെ മാത്രം പുതിയ 2483 രോഗികൾ സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്തെ മൊത്തം കൊറോണ രോഗികളുടെ എണ്ണം 19,522 ആയാണ് ഉയർന്നിരിക്കുന്നത്. റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽ മാത്രം ഇന്നലെ മരിച്ചിരിക്കുന്നത് 10 പേരാണ്.ഇതോടെ ഇവിടെ മൊത്തം മരിച്ചിരിക്കുന്നവർ 46 പേരായി ഉയർന്നിരിക്കുന്നു. ബ്രിട്ടനിൽ കൊറോണയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ദയനീയമായ അവസ്ഥ നിലനിൽക്കുമ്പോഴാണ് വെന്റിലേറ്റർ റേഷൻ ആരംഭിച്ചിരിക്കുന്നതെന്നത് കടുത്ത ഗൗരവമർഹിക്കുന്നുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ ഇത്തരം നീക്കം വെന്റിലേറ്ററുകൾക്ക് ക്ഷാമമുള്ളതുകൊണ്ടല്ല നടത്തുന്നതെന്നും മറിച്ച് വൈദ്യശാസ്ത്രപരമായ കാരണങ്ങളാലാണെന്നുമാണ് ഇംപീരിയൽ കോളജ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റ് പ്രതികരിച്ചിരിക്കുന്നത്. അതായതുകൊറോണ ബാധിച്ച് വളരെ പരിതാപകരമായ അവസ്ഥയിലെത്തിയവർക്ക് വെന്റിലേറ്ററുകൾ കുറേയധികം കാലം വേണ്ടി വരുമെന്നും എന്നാൽ മറ്റ് ചിലർക്ക് വെന്റിലേറ്ററുകളേ വേണ്ടി വരില്ലെന്നും അതിനാലാണ് ഇവർക്ക് വെന്റിലേറ്ററുകൾ അനുവദിക്കാത്തതെന്നും ഈ ട്രസ്റ്റ് വിശദീകരിക്കുന്നു.

നാളിതുവരെയുള്ള ഈ രോഗത്തിന്റെ സ്വഭാവം വിശദമായി പഠിച്ചത് പ്രകാരം ചില രോഗികൾക്ക് കൂടുതൽ ശ്രദ്ധയും അവർക്ക് ക്രിട്ടിക്കൽ കെയറും വെന്റിലേറ്ററും പ്രദാനം ചെയ്യേണ്ടി വരുമെന്നുമാണ് ഒരു സീനിയർ കൺസൾട്ടന്റ് പറയുന്നത്. ഇക്കഴിഞ്ഞ ദിവസം വരെ സംശയമുള്ളവർക്ക് പോലും വെന്റിലേറ്ററുകൾ പ്രദാനം ചെയ്തിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവ അത്യാവശ്യമുള്ളവർക്ക് മാത്രമേ നൽകുന്നുള്ളുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. പുതിയ നയമനുസരിച്ച് വെന്റിലേറ്ററുകളിൽ കിടത്തുന്നതിലൂടെ ഒരു രോഗി രക്ഷപ്പെടുന്നുവെങ്കിൽ ആ രോഗിക്ക് വെന്റിലേറ്റർ കൊടുക്കുന്നതിന് മുൻഗണനയേകുന്നുവെന്ന കാര്യം അദ്ദേഹം സമ്മതിക്കുന്നുണ്ട്.

എന്നാൽ ഒരാളെ വെന്റിലേറ്ററിൽ കിടത്തുന്നതിലൂടെ അയാൾ ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്നും മറിച്ച് മരണം രണ്ടോ മൂന്നോ ആഴ്ച ദീർഘിപ്പിക്കാൻ മാത്രമേ സാധിക്കുകയുള്ളു എന്ന് തിരിച്ചറിഞ്ഞാൽ അത്തരം രോഗികൾക്ക് വെന്റിലേറ്റർ കൊടുക്കുന്നതിന് മുൻഗണനയേകില്ലെന്നും ഈ സീനിയർ കൺസൾട്ടന്റ് പറയുന്നു.എന്നാൽ ഏതൊക്കെ രോഗികൾക്കാണ് വെന്റിലേറ്റർ പ്രദാനം ചെയ്യേണ്ടതെന്ന കാര്യത്തിൽ തങ്ങളുടെ ഡോക്ടർമാർ തീരുമാനമെടുക്കാറില്ലെന്നും ഇംപീരിയൽ കോളജ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റ് വ്യക്തമാക്കുന്നു.

തങ്ങളുടെ ട്രസ്റ്റിൽ വെന്റിലേറ്ററുകൾക്ക് ക്ഷാമമില്ലെന്നും ഇവയുടെ എണ്ണം വർധിപ്പിക്കാൻ ത്വരിതഗതിയിലുള്ള നീക്കം നടത്തുന്നുണ്ടെന്നും ഈ ട്രസ്റ്റ് പറയുന്നു. എന്നാൽ തങ്ങളുടെ ഉറ്റവർക്ക് അത്യാവശ്യമായിട്ട് പോലും ആശുപത്രി അധികൃതർ വെന്റിലേറ്റർ അനുവദിച്ചില്ലെന്നും അത് അവരുടെ ജീവന് ഭീഷണി ഉയർത്തുന്നുവെന്നും പരാതിപ്പെട്ട് വിവിധ ആശുപത്രികളിലെ നിരവധി രോഗികളുടെ ബന്ധുക്കൾ രംഗത്തെത്തിയത് രാജ്യത്ത് വെന്റിലേറ്റർ റേഷൻ ഏർപ്പെടുത്താൻ തുടങ്ങിയതിന് തെളിവായി പലരും എടുത്ത് കാട്ടുന്നുണ്ട്.

യുകെയിലെ കൊറോണ മരണങ്ങളിലും രോഗികളുടെ എണ്ണത്തിലും ഇംഗ്ലണ്ടാണ് മുമ്പിലുള്ളത്. ഇവിടെ 190 പേരാണ് മരിച്ചിരിക്കുന്നത്. ഇവർ 39നും 105നും ഇടയിൽ പ്രായമുള്ളവരാണ്.ഇവരിൽ നാല് പേർ 57നും 87നും ഇടയിൽ പ്രായമുള്ളവരും നേരത്തെ മറ്റ് രോഗങ്ങളുള്ളവരുമായിരുന്നു. സ്‌കോട്ട്ലൻഡിൽ കൊറോണ ബാധിച്ച് ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ മൊത്തം മരണ സംഖ്യ 41 ആയി വർധിച്ചു. നോർത്തേൺ അയർലണ്ടിൽ ഇന്നലെ ആറ് പേർ കൂടി മരിച്ചതോടെ ഇവിടുത്തെ മൊത്തം മരണ സംഖ്യ 21 ആയാണ് ഉയർന്നിരിക്കുന്നത്.

വെയിൽസിൽ ഇന്നലെ പുതിയ 10 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ഇവിടെ കോവിഡ്-19തട്ടിയെടുത്ത ജീവനുകൾ 48 ആയാണ് ഉയർന്നിരിക്കുന്നത്. രാജ്യത്തെ കോവിഡ് മരണങ്ങളിൽ ദിവസം തോറും 30 ശതമാനം വർധനവാണിപ്പോഴുണ്ടായിരിക്കൊണ്ടിരിക്കുന്നതെന്നും അത് ആശങ്ക ജനിപ്പിക്കുന്നുവെന്നുമാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വിന്റൻ സെന്റർ ഫോർ റിസ്‌ക് ആൻഡ് എവിഡൻസ് കമ്മ്യൂണിക്കേഷൻസിലെ പ്രഫ. സർ ഡേവിഡ് സ്പിഗെൽഹാൽറ്റർ മുന്നറിയിപ്പേകുന്നത്. ഇത്തരത്തിൽ യുകെയിലെ മരണം റോക്കറ്റ് പോലെ കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് കടുത്ത വെന്റിലേറ്റർ ക്ഷാമമുണ്ടാകുമെന്നതിനാലാണ് ഇപ്പോൾ തന്നെ കർക്കശമയാ തോതിൽ വെന്റിലേറ്റർ റേഷനിങ് ആരംഭിച്ചിരിക്കുന്നതെന്ന ആശങ്കയും ശക്തമാണ്. യുഎസിലും ഇറ്റലിയിലും രോഗികളുടെ എണ്ണം കൂടുകയും വെന്റിലേറ്ററുകൾക്ക് ക്ഷാമം നേരിടുകയും ചെയ്തതിനെ തുടർന്ന് വെന്റിലേറ്ററുകൾക്ക് റേഷൻ ഏർപ്പെടുത്തുകയും തൽഫലമായി മരണം വീണ്ടും വർധിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP