Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിഥി തൊഴിലാളികൾക്ക് പോകാൻ നിലമ്പൂരിൽ നിന്നും ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയത് യൂത്ത് കോൺഗ്രസ് നേതാവ്; എടവണ്ണക്കാരൻ ഷാക്കീറിനെ അറസ്റ്റ് ചെയ്തത് സ്‌റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പ് പ്രകാരം; പായിപ്പാട്ടെ ഒത്തുചേരലുമായി ബന്ധമില്ലെന്ന് പ്രാഥമിക നിഗമനം; ഇതരസംസ്ഥാന തൊഴിലാളികളെ ഇനി പ്രതിഷേധിക്കാൻ അനുവദിക്കില്ല; കോട്ടയത്ത് നിരോധനാജ്ഞ; നാല് പേർ കൂടിയാൽ ഇനി ഉടൻ അറസ്റ്റ്

അതിഥി തൊഴിലാളികൾക്ക് പോകാൻ നിലമ്പൂരിൽ നിന്നും ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയത് യൂത്ത് കോൺഗ്രസ് നേതാവ്; എടവണ്ണക്കാരൻ ഷാക്കീറിനെ അറസ്റ്റ് ചെയ്തത് സ്‌റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പ് പ്രകാരം; പായിപ്പാട്ടെ ഒത്തുചേരലുമായി ബന്ധമില്ലെന്ന് പ്രാഥമിക നിഗമനം; ഇതരസംസ്ഥാന തൊഴിലാളികളെ ഇനി പ്രതിഷേധിക്കാൻ അനുവദിക്കില്ല; കോട്ടയത്ത് നിരോധനാജ്ഞ; നാല് പേർ കൂടിയാൽ ഇനി ഉടൻ അറസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കൊറോണ വൈറസ് ബാധയുടെ സമൂഹവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു ഉത്തരവായി. ഇതനുസരിച്ച് മാർച്ച് 30 രാവിലെ ആറു മുതൽ ജില്ലയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാലു പേരിൽ കൂടുതൽ ഒത്തുചേരുന്നതിന് നിരോധനമുണ്ട്. അതിനിടെ അതിഥി തൊഴിലാളികൾക്ക് പോകാൻ നിലമ്പൂരിൽ നിന്നും ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ ആൾ അറസ്റ്റിലായി. മലപ്പുറം എടവണ്ണ സ്വദേശി പി കെ ഷാക്കിർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവാണ്. പായിപ്പാട്ടെ സംഭവവുമായി ഇതിന് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാൾക്കെതിരെ സ്‌റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത് എന്നതും ശ്രദ്ധേയമാണ്.

എടവണ്ണയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആണ് ഇയാൾ വ്യാജ പ്രചരണം നടത്തിയത്. ഇയാൾക്കെതിരെ ഐപിസി 153, കെ എ പി 118 തുടങ്ങിയ വകുപ്പുകൾ പ്രകാരം എടവണ്ണ പൊലീസ് കേസെടുത്തു. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടറും എസ്‌പിയും മൂന്നറിയിപ്പ് നൽകി. കോട്ടയത്ത് ഇനിയും പ്രശ്‌നമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു. അതുകൊണ്ടാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സർവ്വീസുകളെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊറോണ മുൻകരുതൽ നടപടികൾക്ക് വിരുദ്ധമായി ജനങ്ങൾ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പൊലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാരും റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവർക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. നാല് പേരിൽ അധികം കൂട്ടം കൂടിയാൽ അവരെ അറസ്റ്റ് ചെയ്തു.

കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികൾ ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നാടാകെ കോവിഡ്- 19നെ ചെറുക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തിൽ ഒരു കാരണവശാലും നടക്കാൻ പാടില്ലാത്ത ഒന്നാണിത്. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇതിന് പിന്നിൽ ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ദളിത് സംഘടനകൾക്ക് ഇതിൽ പങ്കുണ്ടെന്ന് സംശയമുണ്ട്. ഡൽഹി മോഡലിൽ അതിഥി തൊഴിലാളികളുടെ പലായനവും സമരവുമായിരുന്നു ലക്ഷ്യം. പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ പങ്കും സംശയിക്കുന്നു.

കൊറോണ വ്യാപനം തൊഴിൽ നഷ്ടപ്പെടുത്തുന്ന ഘട്ടത്തിൽ അവരെ താമസിപ്പിക്കാനും അവർക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തി. 5000 ത്തോളം ക്യാമ്പുകളിലായി 1,70,000ലേറെ അതിഥി തൊഴിലാളികളെ ഇപ്പോൾ സംസ്ഥാനത്ത് പാർപ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും അപാകം കണ്ടെത്തിയാൽ ഇടപെട്ട് പരിഹരിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. അതിഥി തൊഴിലാളികൾ എന്ന സംബോധന തന്നെ ഈ നാടിന്റെ കരുതലിന്റെ സൂചനയാണ്.

ഇവിടെ അവർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല. എന്നിട്ടും പായിപ്പാട്ട് കൂട്ടത്തോടെ അവർ തെരുവിലിറങ്ങിയതിന്റെ പിന്നിൽ സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഉണ്ട് എന്ന സൂചനയുണ്ട്. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും- മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ നികത്തും. നിലവിൽ അതിഥി തൊഴിലാളികൾക്കു നൽകുന്ന ശ്രദ്ധയിലും കരുതലിലും മാറ്റം വരാൻ പോകുന്നില്ല. പ്രഖ്യാപിച്ച കാര്യങ്ങൾ എല്ലാ അർഥത്തിലും നടപ്പാക്കും. സംസ്ഥാനത്താകെയുള്ള അതിഥി തൊഴിലാളികളോട് പറയാനുള്ളത് നിലവിലുള്ള യാഥാർഥ്യങ്ങൾ മനസ്സിലാക്കി, തെറ്റിദ്ധാരണകളിൽ കുടുങ്ങാതെ സഹകരിക്കണം എന്നാണ്.

തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്റെ വഴിയിലേക്ക് നയിച്ച ശക്തികളെക്കുറിച്ചും പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്തരക്കാർ ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന ഹീനകൃത്യത്തിൽനിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ചില്ലറ ലാഭത്തിനുവേണ്ടി നാടിനെത്തന്നെ ആക്രമിക്കാൻ നിൽക്കരുത്. കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ അതിഥി തൊഴിലാളികൾ ഇപ്പോഴും നാട്ടിൽ പോകണമെന്ന മനസ്സുള്ളവരാണ്. പായിപ്പാട് മാത്രം 10,000 പേരാണുള്ളത്. രാജ്യത്ത് മുഴുവനുമുള്ള അതിഥി തൊഴിലാളികളുടെ പ്രതിനിധിയാണ് ഗണേശിയും ഷാഹിദുമെല്ലാം. മറ്റുസംസ്ഥാനങ്ങളിലുമുണ്ട് ഡൽഹിയിലെ ചിത്തർപുർ പോലെ അതിഥി തൊഴിലാളികൾ തിങ്ങി നിറഞ്ഞുപാർക്കുന്ന ഇടങ്ങൾ. അപ്രതീക്ഷിതമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗണിനെ രാജ്യത്തെ മുഴുവൻ അതിഥി തൊഴിലാളികളും സ്വീകരിച്ചത് ആശങ്കകളോടെയാണ്.

21 ദിവസത്തെ അതിജീവനം ഇവർക്ക് കടുത്ത വെല്ലുവിളിയാണ്. കുടിയേറ്റ തൊഴിലാളികളെ കുറിച്ച് ദീർഘവീക്ഷണമില്ലാതെയാണ് ലോക് ഡൗണിലേക്ക് രാജ്യം കടന്നതെന്ന് വിമർശനങ്ങൾ ലോക് ഡൗൺ ആരംഭിച്ച ആദ്യ ദിനങ്ങളിൽ തന്നെ ഉയർന്നിരുന്നു. ഇതേതുടർന്നുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം നിയന്ത്രിക്കാൻ കേന്ദ്രത്തിന് സാധിച്ചില്ലെന്നതാണ് വസ്തുത.

മതിയായ ഭക്ഷണം കിട്ടുന്നില്ലെന്നും ഇവർ പരാതിപ്പെട്ട് ചങ്ങനാശ്ശേരി പായിപ്പാട് കവലയിലെ ഉപരോധം അതിരുവിട്ടതോടെ പൊലീസ് ലാത്തിവീശിയിരുന്നു. നാലായിരത്തോളം പേർ ഒത്തുകൂടിയത് ആരോഗ്യസുരക്ഷയിലും ആശങ്കയുണ്ടാക്കി. പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിൽനിന്നുള്ളവരാണിവർ. മന്ത്രി പി. തിലോത്തമൻ എത്തി തൊഴിലാളികൾക്ക് ഭക്ഷണം, താമസസൗകര്യം ഉറപ്പാക്കുമെന്നറിയിച്ചു. എന്നാൽ, ബസ് അനുവദിക്കാൻ പരിമിതിയുണ്ടെന്ന് വ്യക്തമാക്കി. പാകംചെയ്ത ഭക്ഷണത്തിനു പകരം ധാന്യവും സാധനങ്ങളും ക്യാമ്പുകളിലെത്തിക്കാനും മന്ത്രി നിർദേശിച്ചു. സമരത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ടെന്ന് മന്ത്രി പി. തിലോത്തമൻ ആരോപിച്ചു. സംഭവം അന്വേഷിക്കാൻ എസ്‌പി.യോട് നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു. പായിപ്പാട് കേന്ദ്രീകരിച്ച് തൊഴിലാളികളെ ഇളക്കിവിടാൻ ചിലർ ശ്രമിച്ചതായി രഹസ്യാന്വേഷണവിഭാഗത്തിനു വിവരം ലഭിച്ചതായി ഉയർന്ന പൊലീസുദ്യോഗസ്ഥർ പറഞ്ഞു.

ചങ്ങനാശ്ശേരി - കവിയൂർ റോഡിൽ പായിപ്പാട്ടും സമീപസ്ഥലങ്ങളിലും 250 ക്യാമ്പുകളിലായി താമസിക്കുന്ന തൊഴിലാളികളാണ് ഞായറാഴ്ച രാവിലെമുതൽ പായിപ്പാട് കവലയിൽ കൂട്ടംകൂടിയത്. ക്രമേണ അത് പ്രതിഷേധമായി. 12 മണിയോടെ റോഡ് ഉപരോധിച്ചു. തഹസിൽദാർ ജിനു പുന്നൂസ്, ആർ.ഡി.ഒ. ജോളി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു തുടങ്ങിയവർ ചർച്ച നടത്തി. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ല. ഇതോടെ കൂടുതൽ പൊലീസെത്തി. ഭക്ഷണം കിട്ടുന്നുണ്ടോയെന്ന് പഞ്ചായത്തംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും നേരിട്ട് ക്യാമ്പിലെത്തി പരിശോധിക്കുമെന്ന് ഉറപ്പുനൽകിയതോടെ തൊഴിലാളികൾ പിരിഞ്ഞു. മടങ്ങിപ്പോയ ഒരു സംഘം മല്ലപ്പള്ളി റോഡിൽ പൊലീസിനു നേരെ ആക്രോശിച്ച് മടങ്ങി ഓടിവന്നതോടെ ലാത്തിവീശി. ഇതോടെയാണ് സംഘർഷം മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP