Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിന്നിടത്ത് തന്നെ നിൽക്കുക എന്ന് പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്തിട്ടും നാട്ടിലേക്ക് പോകാമെന്ന വ്യാമോഹം ഉണർത്തിയവരെയും സന്ദേശം അയച്ചവരെയും തിരിച്ചറിയണം; പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയതിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് മുഖ്യമന്ത്രി; ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും; സാമൂഹിക അകലം തെറ്റിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിലപാട് സ്വീകരിക്കുമെന്നും പിണറായി വിജയൻ

നിന്നിടത്ത് തന്നെ നിൽക്കുക എന്ന് പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്തിട്ടും നാട്ടിലേക്ക് പോകാമെന്ന വ്യാമോഹം ഉണർത്തിയവരെയും സന്ദേശം അയച്ചവരെയും തിരിച്ചറിയണം; പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയതിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് മുഖ്യമന്ത്രി; ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും; സാമൂഹിക അകലം തെറ്റിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിലപാട് സ്വീകരിക്കുമെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതിന്റെ പിന്നിൽ സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും. ഇവിടെ അതിഥി തൊഴിലാളികൾക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല. ശാരീരിക അകലം പാലിക്കാതെ കൂട്ടത്തോടെ തെരുവിലിറങ്ങിയതുകൊറോണ പ്രതിരോധത്തിന്റെ അടിസ്ഥാന സ്വഭാവത്തിനു തന്നെ വിരുദ്ധമാണ്. മികച്ച രോഗപ്രതിരോധ പ്രവർത്തനം നടത്തുന്ന നാടിന് ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിലപാട് സ്വീകരിക്കും.

നിന്നിടത്തു തന്നെ നിൽക്കുക എന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നിലപാട്. അതുകൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുക എന്ന അവരുടെ ആവശ്യം അംഗീകരിക്കാൻ നിർവാഹമില്ല. അതെല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും അവർക്കിടയിൽ നാട്ടിലേക്ക് പോകാമെന്ന വ്യാമോഹം ഉണർത്തിയവരെയും അതിനുതകുന്ന സന്ദേശങ്ങൾ അയച്ചവരെയും പ്രചാരണം നടത്തിയവരെയും തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികൾ ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗർഭാഗ്യകരമാണ്. നാടാകെ കോവിഡ് 19നെ ചെറുക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തിൽ ഒരു കാരണവശാലും നടക്കാൻ പാടില്ലാത്ത ഒന്നാണിത്.

അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം.കൊറോണ വ്യാപനം തൊഴിൽ നഷ്ടപ്പെടുത്തുന്ന ഘട്ടത്തിൽ അവരെ താമസിപ്പിക്കാനും അവർക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാനും ഇവിടെ സൗകര്യങ്ങൾ ഏർപ്പെടുത്തി. 5000ഓളം ക്യാമ്പുകളിലായി 1,70,000ലേറെ അതിഥി തൊഴിലാളികളെ ഇപ്പോൾ സംസ്ഥാനത്ത് പാർപ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും അപാകം കണ്ടെത്തിയാൽ ഇടപെട്ട് പരിഹരിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

അതിഥി തൊഴിലാളികൾ എന്ന സംബോധന തന്നെ ഈ നാടിന്റെ കരുതലിന്റെ സൂചനയാണ്. ഇവിടെ അവർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല. എന്നിട്ടും പായിപ്പാട്ട് കൂട്ടത്തോടെ അവർ തെരുവിലിറങ്ങിയതിന്റെ പിന്നിൽ സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഉണ്ട് എന്ന സൂചനയുണ്ട്. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും.

തൊഴിലാളികൾക്കെന്നല്ല ആർക്കും സഞ്ചരിക്കാൻ ഇപ്പോൾ അനുവാദമില്ല. നിന്നിടത്തു തന്നെ നിൽക്കുക എന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നിലപാട്. അതുകൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുക എന്ന അവരുടെ ആവശ്യം അംഗീകരിക്കാൻ നിർവാഹമില്ല. അതെല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും അവർക്കിടയിൽ നാട്ടിലേക്ക് പോകാമെന്ന വ്യാമോഹം ഉണർത്തിയവരെയും അതിനുതകുന്ന സന്ദേശങ്ങൾ അയച്ചവരെയും പ്രചാരണം നടത്തിയവരെയും തിരിച്ചറിയേണ്ടതുണ്ട്.

അതിഥി തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല കരാറുകാർക്കാണ്. എന്നാൽ, അവർ നൽകുന്ന താമസം, തൊഴിൽ കഴിഞ്ഞുള്ള സമയത്തേക്ക് മാത്രമാണ് എന്ന് മനസ്സിലാക്കി അതിഥി തൊഴിലാളികളെ കൂടുതൽ സൗകര്യപ്രദമായ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ഈ പ്രത്യേക ഘട്ടത്തിൽ സർക്കാർ തയ്യാറായത്. ഭക്ഷണത്തിന്റെ കാര്യത്തിലും ഇടപെടലുണ്ടായി. അവർക്ക് കേരളീയ ഭക്ഷണമല്ല, അവരുടേതായ പ്രത്യേക ഭക്ഷണമാണ് ആവശ്യം എന്നു വന്നപ്പോൾ അത് ലഭ്യമാക്കാൻ ജില്ലാ കലക്ടർമാർ മുഖേന നടപടി സ്വീകരിച്ചു. ഭക്ഷണമല്ല, ഭക്ഷ്യവസ്തുക്കൾ മതി, തങ്ങൾ പാകം ചെയ്യാം എന്നു പറഞ്ഞവർക്ക് ഭക്ഷ്യവസ്തുക്കൾ നൽകി. വൈദ്യസഹായത്തിന് എല്ലാവിധ സംവിധാനവുമുണ്ടാക്കി. ഒരു ബുദ്ധിമുട്ടും വരാതിരിക്കാൻ സർക്കാർ നിരന്തരം ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യുകയാണ്. എന്നിട്ടും അവർക്കിടയിൽ തെറ്റിദ്ധാരണ പരത്തി ഇളക്കിവിടാൻ നടന്ന ശ്രമം ഈ നാടിനെതിരായ നീക്കമാണ്.

ഇന്നത്തെ പായിപ്പാട് സംഭവം സമൂഹത്തിൽ രൂക്ഷമായ പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്. ശാരീരിക അകലം പാലിക്കാതെ കൂട്ടത്തോടെ തെരുവിലിറങ്ങിയതുകൊറോണ പ്രതിരോധത്തിന്റെ അടിസ്ഥാന സ്വഭാവത്തിനു തന്നെ വിരുദ്ധമാണ് എന്ന് ജനങ്ങളാകെ കരുതുകയാണ്. മികച്ച രോഗപ്രതിരോധ പ്രവർത്തനം നടത്തുന്ന നാടിന് ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിലപാടെടുക്കും. അതിഥി തൊഴിലാളികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ നികത്തും. നിലവിൽ അതിഥി തൊഴിലാളികൾക്കു നൽകുന്ന ശ്രദ്ധയിലും കരുതലിലും മാറ്റം വരാൻ പോകുന്നില്ല. പ്രഖ്യാപിച്ച കാര്യങ്ങൾ എല്ലാ അർത്ഥത്തിലും നടപ്പാക്കും.

സംസ്ഥാനത്താകെയുള്ള അതിഥി തൊഴിലാളികളോട് പറയാനുള്ളത് നിലവിലുള്ള യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി, തെറ്റിദ്ധാരണകളിൽ കുടുങ്ങാതെ സഹകരിക്കണം എന്നാണ്.തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്റെ വഴിയിലേക്ക് നയിച്ച ശക്തികളെക്കുറിച്ചും പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്തരക്കാർ ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന ഹീനകൃത്യത്തിൽനിന്ന് പിന്മാണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ചില്ലറ ലാഭത്തിനുവേണ്ടി നാടിനെത്തന്നെ ആക്രമിക്കാൻ നിൽക്കരുത്. കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സർക്കാർ ഇടപെടും.

ആസൂത്രിത ശ്രമമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ

രണ്ട് ദിവസമായി നടന്നത് അതിഥി തൊഴിലാളികൾക്കിടയിൽ ഭീതി പരത്താനുള്ള ശ്രമങ്ങൾ. സുരക്ഷിതരല്ലെന്ന ബോധം തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിച്ചത് ഓരോരുത്തരുടെയും പ്രാദേശിക ഭാഷകളിൽ. മറ്റേത് സംസ്ഥാനത്തേക്കാളുമധികം പരിഗണന ലഭിച്ചിട്ടും കേരളത്തിലെ അതിഥി തൊഴിലാളികളെ തെരുവിലിറക്കിയത് ദല്ലാളുമാരും സങ്കുചിത ആക്ടിവിസ്റ്റുകളും നടത്തിയ ശ്രമങ്ങളാണ് എന്ന് ആരോപണമുണ്ട്.

ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളുമേറെ അതിഥി തൊഴിലാളികളികൾക്ക് പരിഗണന ലഭിച്ച ഇടമാണ് കേരളം. സംസ്ഥാനത്തൊട്ടാകെ അതിഥി തൊഴിലാളികൾക്കായി 4500 ക്യാമ്പുകളാണ് ലോക്ഡൗൺ കാലത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ ഇവർക്കാവശ്യമായ ഭക്ഷണവും വൈദ്യ പരിശോധനയും ഇവിടങ്ങളിൽ നടക്കുന്നുണ്ട്. ഇത്രയേറെ സജ്ജീകരണങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് പായിപ്പാട് ഇത്രയധികം അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയത് എന്നത് പരിശോധിക്കുമ്പോൾ കൃത്യമായി കാണാൻ സാധിക്കുന്നത് കഴിഞ്ഞ രണ്ട് ദിവസങ്ങളായ ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്ന പ്രചരണങ്ങളാണ്. അതെല്ലാം കേരളത്തിലും അതിഥി തൊഴിലാളികൾ സുരക്ഷിതരല്ലെന്ന ബോധം അവരിൽ വളർത്തുന്ന രീതിയിലായിരുന്നു. ഈ പ്രചരണങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി തൊഴിലാളികൾക്കിടയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

ഇതിന് നേതൃത്വം നൽകിയത് തൊഴിലാളികളെ കേരളത്തിലെത്തിച്ച ചില ദല്ലാളുമാരും കെട്ടിട ഉടമകളും ചേർന്നാണ്. തൃശൂരിലുള്ള ഒരു ആക്ടിവിസ്റ്റ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് വഴി നിരന്തരം പ്രചരിപ്പിക്കാൻ ശ്രമിച്ചത് കേരളത്തിലെ അതിഥി തൊഴിലാളികൾ സുരക്ഷിതരല്ലെന്ന പ്രചരണങ്ങളാണ്. പലയിടത്തും അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന തരത്തിലായിരുന്നു ആ പ്രചരണങ്ങളെല്ലാം. എന്നാൽ അദ്ദേഹം പറഞ്ഞ പലയിടത്തും പ്രാദേശിക ഭരണകൂടങ്ങളും വളണ്ടിയർമാരും നേരിട്ട് ബന്ധപ്പെട്ടപ്പോൾ ലഭിച്ചത് അവർക്ക് ഭക്ഷണം ലഭിച്ചിട്ടുണ്ടെന്ന വിവരങ്ങളാണ്. ഇദ്ദേഹത്തിന്റെ പോസ്റ്റുകൾ പലതും അതിഥി തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അവരവരുടെ പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്ത് ദല്ലാളുമാർ വഴി അയക്കുകയും ചെയ്തിട്ടുണ്ട്. ഈ വ്യാജ വിവരങ്ങളാണ് ഇപ്പോൾ തങ്ങൾ അരക്ഷിതരാണെന്ന ബോധം വളർത്തിയെടുക്കുന്ന തരത്തിലേക്ക് അതിഥി തൊഴിലാളികളെ എത്തിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP