Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിഹാരം പ്രശ്നത്തെക്കാൾ ക്രൂരമാകുന്നത് കാട്ടുനീതി; ദരിദ്രർ, രോഗികൾ, ലഹരിക്ക് അടിപ്പെട്ടവർ, ആൾതുണ വേണ്ട വൃദ്ധർ...ഇവർക്കെല്ലാം നീതി ലഭിക്കാതെ നാം നടത്തുന്ന ലോക്ക് ഡൗൺ നീതിനിഷേധം കൂടിയാണ്; ഉത്തരേന്ത്യൻ തൊഴിലാളികളുടെ സുരക്ഷിതമല്ലാത്ത പലായന പശ്ചാത്തലത്തിൽ സി.രവിചന്ദ്രൻ എഴുതുന്നു: പഥ്യം എടുക്കുന്നത് 'രോഗശാന്തി'ക്കായിരിക്കണം, രോഗിയുടെ 'ആത്മശാന്തി'ക്കാവരുത്

പരിഹാരം പ്രശ്നത്തെക്കാൾ ക്രൂരമാകുന്നത് കാട്ടുനീതി;  ദരിദ്രർ, രോഗികൾ, ലഹരിക്ക് അടിപ്പെട്ടവർ, ആൾതുണ വേണ്ട വൃദ്ധർ...ഇവർക്കെല്ലാം നീതി ലഭിക്കാതെ നാം നടത്തുന്ന ലോക്ക് ഡൗൺ നീതിനിഷേധം കൂടിയാണ്; ഉത്തരേന്ത്യൻ തൊഴിലാളികളുടെ സുരക്ഷിതമല്ലാത്ത പലായന പശ്ചാത്തലത്തിൽ സി.രവിചന്ദ്രൻ എഴുതുന്നു: പഥ്യം എടുക്കുന്നത് 'രോഗശാന്തി'ക്കായിരിക്കണം, രോഗിയുടെ 'ആത്മശാന്തി'ക്കാവരുത്

സി.രവിചന്ദ്രൻ

 പ്രശ്നത്തെക്കാൾ മോശം പരിഹാരം?

(1) ലോക്ക്ഡൗൺ ഒരു പ്രദർശനമോ തപസ്സോ അല്ല. അന്ത്യത്തിൽ ആരെങ്കിലും സംപ്രീതരായി വരം നൽകുന്ന ഏർപ്പാടൊന്നുമില്ല. നന്നായി ചെയ്താൽ മാർക്കിടാനും ആളില്ല. നമുക്ക് വേണ്ടി നാം അനുവർത്തിക്കുന്ന രക്ഷാമാർഗ്ഗമാണത്. പരമാവധി സാമൂഹിക അകലം പാലിച്ച് വൈറസിന്റെ പ്രസരണം തടയുക എന്ന ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. അതിനാണ് നിയന്ത്രണങ്ങളെല്ലാം. അങ്ങനെനോക്കുമ്പോൾ ഇന്ന് നാം ഉത്തരേന്ത്യൻ നഗരങ്ങളിൽ കാണുന്ന ഈ ഗ്രാമീണ തൊഴിലാളികളുടെ നീണ്ട മടക്കയാത്രകൾ എന്താണോ ലക്ഷ്യമിടുന്നത് അതിന് തീർത്തും വിപരീതമാണ്. പതിനായിരങ്ങൾ ആഹാരവും കുടിവെള്ളവുമില്ലാതെ മുപ്പത് ഡിഗ്രിക്ക് മേൽ ചൂടുള്ള കാലാവസ്ഥയിൽ വീടെത്താനായി നൂറ് കണക്കിന് കിലോമീറ്റർ നടക്കുകയാണ്.

(2) പലരും കുടുംബസഹിതമാണ് യാത്ര. നഗരത്തിൽ കഴിഞ്ഞിട്ട് കാര്യമില്ല. അവിടെ തൊഴിലോ ഭക്ഷണമോ ലഭിക്കില്ല. എത്ര ദിവസത്തെ ഭക്ഷണവും കുടിവെള്ളവും കരുതാൻ ഇവർക്ക് സാധിക്കും? ഭക്ഷണംചോദിച്ച് വാങ്ങി കഴിക്കാൻ വഴിയിലെങ്ങും കടകളോ ഭക്ഷണശാലകളോ ഇല്ല. ഒരുപക്ഷെ ദിവസങ്ങളെടുക്കും വീടുകളിലെത്താൻ. നോക്കൂ, അവർ തമ്മിലുള്ള സാമൂഹിക അകലം പൂജ്യമാണ്. പോകുന്ന വഴികളിൽ മാത്രമല്ല സ്വന്തംഗ്രാമങ്ങളിലും രോഗപ്രസരണം നടത്താൻ ഈ പാവം മനുഷ്യർ നിർബന്ധിതരാകും. ഇവർ അന്തിയുറങ്ങുന്നതും തെരുവോരങ്ങളിലാണ്. ഇന്ത്യൻ ഗ്രാമങ്ങളിൽ കോവിഡ് പടർന്നാൽ പിന്നെ ഏറെയൊന്നും എഴുതേണ്ടിവരില്ല. സമ്പൂർണ്ണ ലോക്ക് ഡൗണിന്റെ പ്രധാന പ്രശ്നം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഒടിയും എന്നതിനേക്കാൾ അത് സഹിക്കാനാവാത്ത കോടിക്കണക്കിന് ജനങ്ങൾ ഈ രാജ്യത്തുണ്ട് എന്ന് വസ്തുതയാണ്. ഭരണാധികാരികൾ ഇത് തിരിച്ചറിഞ്ഞുവേണം ജീവിതം സ്തംഭിപ്പിക്കാൻ. അല്ലെങ്കിൽ ആഹാരവും വസ്ത്രവും മറ്റ് സാമഗ്രികളും ശേഖരിച്ച് സ്വന്തം വീടുകളിലിരിക്കാനുള്ള സമയവും സാവകാശവും എല്ലാ പൗരന്മാർക്കും കൊടുക്കണം.

(3) ഏതൊരു ഭരണ തീരുമാനം എടുക്കുമ്പോഴും രാജ്യത്തെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖം മനസ്സിലോർക്കണം എന്ന ഗാന്ധിജിയുടെ വാചകം ഇവിടെ പ്രസക്തമാണ്. ഏറ്റവും ദരിദ്രരും നിസ്വരുമായ ജനങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ മറ്റാർക്കും കുഴപ്പമില്ല എന്നുവേണം ചിന്തിക്കാൻ. നോട്ടു നിരോധനം നടപ്പിലാക്കിയപ്പോഴും അതിന്റെ വലിയ ന്യൂനത സാധാരണക്കാരും ദരിദ്രരും ഏറെ പ്രയാസങ്ങൾ നേരിടേണ്ടിവന്നു എന്നതാണ്. ദിവസവേതനത്തിന് ജോലി ചെയ്യുന്നവർക്കും അസംഘടിതമേഖലയിലെ തൊഴിലാളികൾക്കും അക്കാര്യത്തിൽ പ്രഥമ പരിഗണന നൽകണം. തൊഴിൽ ഇല്ലെങ്കിൽ അവരെ സംബന്ധിച്ചിടത്തോളം നഷ്ടപെടുന്നത് ജീവിതം തന്നെയാണ്. ഇവിടെ പ്രശ്നമെന്തെന്നാൽ അവർ എങ്ങനെയെങ്കിലും മാനേജ് ചെയ്യുമെന്ന് പ്രഖ്യാപനങ്ങൾ നടത്തുന്നവർ കരുതുന്നു എന്നതാണ്. ഈ മനുഷ്യരുടെ കാര്യം പരിഗണിച്ചുവേണം എല്ലാവർക്കും ബാധകമാകുന്ന പ്രഖ്യാപനങ്ങൾ നടത്താൻ. മറിച്ചായാൽ ജീവിക്കാനുള്ള അവകാശമാണ് ഇവിടെ ഹനിക്കപെടുന്നത്.

(4) എന്തിനാണ് ലോക്ക് ഡൗൺ? മഹാമാരിയുടെ ആക്രമണത്തിൽ നിന്ന് വിലപ്പെട്ട മനുഷ്യ ജീവനുകൾ രക്ഷിക്കാൻ. പക്ഷെ മനുഷ്യരുടെ ഇത്തരം മഹായാനങ്ങൾ ചെന്നവസാനിക്കുന്നതും വിലപ്പെട്ട ജീവനുകൾ നഷ്ടപെടുന്നതിലേക്കാണ്. അനാഥരെ പോലെ തെരുവിലൂടെ നടക്കുന്ന ഈ പട്ടിണിക്കാർ ഭക്ഷ്യലഹളകൾക്ക് വരെ കാരണമായേക്കാം. എഫ്‌സിഐ ഗോഡൗണുകൾ നിറഞ്ഞു കവിയുന്ന ഒരു രാജ്യത്ത് ഭക്ഷണമില്ലാതെ മനുഷ്യർ തെരുവോരങ്ങളിൽ മരിച്ച് വീഴുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ? 21 ദിവസത്തെ ലോക്ക് ഡൗൺ വിരസതയോടെങ്കിലും സഹിക്കാൻ ഭൂരിപക്ഷത്തിനും സാധിക്കും. പക്ഷെ സത്യമായും ഇവർക്കത് സാധിക്കില്ല. എന്തോ പ്രശ്നമുണ്ടെന്ന് നാം അവരോട് പറയുന്നു. പരിഹാരവും നിർദ്ദേശിക്കുന്നു. അതൊരു വമ്പൻ ത്യാഗമാണ്. പക്ഷെ പരിഹാരം പ്രശ്നത്തെക്കാൾ ക്രൂരമാകുന്നത് കാട്ടുനീതിയാണ്. ദരിദ്രർ, രോഗികൾ, ലഹരിക്ക് അടിപ്പെട്ടവർ, ആൾതുണ വേണ്ട വൃദ്ധർ...ഇവർക്കെല്ലാം നീതി ലഭിക്കാതെ നാം നടത്തുന്ന ലോക്ക് ഡൗൺ നീതിനിഷേധംകൂടിയാണ്.

(5) ശരി തെറ്റായ രീതിയിൽ നടപ്പിലാക്കാനാവില്ല. എല്ലാവർക്കും ചാടാനായി ഒരേ വളയംകൊടുക്കരുത്. രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആദ്യമാണ്. പക്ഷ ഇത്തരം പച്ചയായ യാഥാർത്ഥ്യങ്ങൾ മുൻകൂട്ടി കാണാതെ പ്രഖ്യാപനങ്ങൾ നടത്തുന്നത് ക്രൂരതയാണ്. കൊവിഡ് രോഗവ്യാപനം മാനത്ത് നിന്ന് പൊട്ടിവീണതൊന്നുമല്ലല്ലോ. ലോകം ഗൗരവമായി സംസാരിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസമായി. ജനതാ കർഫ്യു നടത്തിയപ്പോഴെങ്കിലും വീടെത്താനുള്ള സാവകാശവും മുന്നറിയിപ്പും ഈ മനുഷ്യർക്ക് നൽകേണ്ടിയിരുന്നു. വീട്ടിലിരിക്കുന്ന മനുഷ്യർക്ക് പാക്കേജുകൾ എത്തിക്കുന്നതിനെക്കാൾ ശുഷ്‌കാന്തി ഇക്കാര്യത്തിൽ സർക്കാരുകൾ കാണിക്കണം. കേരളം ഇക്കാര്യത്തിൽ അപവാദമാണ് എന്നതും കാണേണ്ടതുണ്ട്. പക്ഷെ ഈ കാഴ്ചകൾ ഹൃദയം ദ്രവീകരിക്കുന്നതാണ്. പഥ്യം എടുക്കുന്നത് 'രോഗശാന്തി'ക്കായിരിക്കണം, രോഗിയുടെ 'ആത്മശാന്തി'ക്കാവരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP