Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിലർക്കെങ്കിലും തന്നോട് ദേഷ്യം തോന്നാം.... പക്ഷേ രാജ്യത്തെ രക്ഷിക്കാൻ ഇതല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നും ഇല്ല; ലോക് ഡൗൺ മൂലം ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു; കോവിഡിനെതിരെ ലോകം മുഴുവൻ നടത്തുന്നത് ജീവന്മരണ പോരാട്ടം; അങ്ങനെയുള്ളപ്പോൾ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചാൽ അത് പ്രവർത്തനങ്ങളെ പിന്നോട്ടടിക്കും; കുറച്ച് ദിവസങ്ങൾ കൂടി ലക്ഷ്മണ രേഖ മറികടക്കരുതെന്ന് അഭ്യർത്ഥന; കൊറോണയുമായി മൻ കി ബാത്തിലും പ്രധാനമന്ത്രി

ചിലർക്കെങ്കിലും തന്നോട് ദേഷ്യം തോന്നാം.... പക്ഷേ രാജ്യത്തെ രക്ഷിക്കാൻ ഇതല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നും ഇല്ല; ലോക് ഡൗൺ മൂലം ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു; കോവിഡിനെതിരെ ലോകം മുഴുവൻ നടത്തുന്നത് ജീവന്മരണ പോരാട്ടം; അങ്ങനെയുള്ളപ്പോൾ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചാൽ അത് പ്രവർത്തനങ്ങളെ പിന്നോട്ടടിക്കും; കുറച്ച് ദിവസങ്ങൾ കൂടി ലക്ഷ്മണ രേഖ മറികടക്കരുതെന്ന് അഭ്യർത്ഥന; കൊറോണയുമായി മൻ കി ബാത്തിലും പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്കഡൗൺ മൂലം ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോവിഡിനെതിരെ ലോകം മുഴുവൻ നടത്തുന്നത് ജീവന്മരണ പോരാട്ടമാണ്. അങ്ങനെയുള്ളപ്പോൾ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചാൽ അത് കോവിഡിനെതിരായ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കും- മോദി പറഞ്ഞു. ചിലർ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും ക്വാറന്റൈൻ അല്ലാതെ കോവിഡിന് പരിഹാരങ്ങൾ ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കുറച്ച് ദിവസങ്ങൾ കൂടി ലക്ഷ്മണ രേഖ മറികടക്കരുതെന്ന് അഭ്യർത്ഥിച്ച മോദി ആരോഗ്യ പ്രവർത്തകരിൽ നിന്ന് ജനങ്ങൾ പ്രചോദനമുൾക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

ചിലർക്കെങ്കിലും തന്നോട് ദേഷ്യം തോന്നാമെന്നും പക്ഷേ, രാജ്യത്തെ രക്ഷിക്കാൻ ഇതല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ളവരുടെ സേവനത്തെ രാജ്യം വിലപ്പെട്ടതായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻകിബാത്തിലുടെയാണ് മോദി ഇക്കാര്യങ്ങൾ പങ്കുവച്ചത്.

ലോക്ക്ഡൗണിന്റെ നിയമങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കി. ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കാത്തപക്ഷം രാജ്യത്തിന് ഈ യുദ്ധം ജയിക്കാൻ കഴിയില്ല. ആരോഗ്യമാണ് സമ്പത്ത്, ആളുകൾ നിയമങ്ങൾ ലംഘിക്കുമ്പോൾ അവർ അവരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. വൈറസിനെതിരെ പോരാടുന്ന നിരവധി മെഡിക്കൽ പ്രൊഫഷണലുകൾ ഉണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കൊറോണ വൈറസിനെതിരെ മുൻനിരയിൽ നിന്ന് പോരാടിയവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാൻ കി ബാത്തിൽ നന്ദി പറഞ്ഞു. കൊറോണ വൈറസുമായി പോരാടുന്ന നിരവധി സൈനികരുണ്ട്. പ്രത്യേകിച്ച് നഴ്‌സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നീ നിലകളിൽ ഡ്യൂട്ടിയിലുള്ള സഹോദരങ്ങൾ. അവരാണ് രാജ്യത്തിന്റെ മുൻനിര സൈനികരെന്നും അദ്ദേഹം പറഞ്ഞു. അസുഖം നമ്മെ ബാധിക്കുന്നതിനുമുമ്പ് നാം അതിനെതിരെ പോരാടണം. കൊറോണ വൈറസ് ലോകത്തെയാകെ തടവിലാക്കി. വൃദ്ധരും ചെറുപ്പക്കാരും ദുർബലരും ശക്തരുമായ എല്ലാവരേയും ബാധിക്കുന്നു. മുഴുവൻ മനുഷ്യരും ഒത്തുചേർന്ന് ഈ പ്രതിസന്ധിക്കെതിരെ പോരാടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇത് സാമൂഹ്യമായി മാത്രം അകലം പാലിക്കേണ്ട സമയമാണെന്നും പരസ്പരം വൈകാരികമായ അകലം പാലിക്കാൻ പാടില്ലെന്നും മോദി പറഞ്ഞു. ക്വാറന്റൈനിൽ കഴിയുന്നവർക്കു നേരെ മോശം പെരുമാറ്റം പാടില്ലെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ലോക്ക് ഡൗണിന്റെ നിയമങ്ങൾ മനഃപൂർവ്വം ആരും ലംഘിക്കില്ലെന്ന് അറിയാം. എന്നാൽ ചിലർ അങ്ങനെ ചെയ്യുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾ നിയമം പാലിച്ച് വീടിനു പുറത്തിറങ്ങാതെ ഇരുന്നില്ലെങ്കിൽ അത് നിങ്ങളുടെ ജീവനുതന്നെ അപകടകരമാകുമെന്നും മോദി പറഞ്ഞു.

കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരെ മോദി അഭിനന്ദിച്ചു. അവരാണ് യഥാർഥ ജീവിതത്തത്തിലെ ഹീറോകൾ. കച്ചവടക്കാർ, ഡ്രൈവർമാർ തുടങ്ങി അവശ്യ സേവനങ്ങൾ ഉറപ്പുവരുത്താൻ ശ്രമിക്കുന്നവരെ രാജ്യത്തിനു വേണ്ടി അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു. സ്വന്തം സുരക്ഷയും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പുവരുത്താൻ മോദി അവരെ ഓർമിപ്പിച്ചു. ലോക്ക് ഡൗൺ ദിനങ്ങളിൽ വീട്ടിലിരിക്കുന്നവർ ഗാർഡനിങ്, സംഗീതം തുടങ്ങിയ വിനോദങ്ങൾ പൊടി തട്ടിയെടുക്കാനും പ്രധാനമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ പതിവ് വ്യായാമമുറകൾ വീഡിയോ ആയി പങ്കുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസിനെതിരെ നാം നടത്തുന്നത് ജീവന്മരണ പോരാട്ടമാണ്. വൈറസിനെതിരായ യുദ്ധത്തിൽ നമുക്ക് വിജയിച്ചേ മതിയാകൂ, നാം വിജയിക്കുകതന്നെ ചെയ്യുമെന്നും മോദി പറഞ്ഞു.

കടുത്ത തീരുമാനങ്ങൾ ആവശ്യമാണ്. തുടക്കത്തിൽ തന്നെ ഈ രോഗത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യ മുഴുവനും ഇപ്പോൾ അതു ചെയ്യുന്നതായി മോദി പറഞ്ഞു. 'ലോക്ഡൗൺ ലംഘിക്കുന്നവർ സ്വന്തം ജീവൻവച്ചാണ് പന്താടുന്നത്. ഞാൻ എന്തു പ്രധാനമന്ത്രിയാണെന്ന് ആളുകൾ ചിന്തിക്കുന്നുണ്ടാകാം. എന്നാൽ ലോക്ഡൗൺ മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പോംവഴി. നിരവധി ആളുകൾ ഇപ്പോഴും ലോക്ഡൗണിനെ നിരാകരിക്കുന്നു. ഇതു സങ്കടകരമാണ്. ലോകമെമ്പാടുമുള്ള പലരും ഇതേ തെറ്റ് ചെയ്തു. കൊറോണ വൈറസ് ആളുകളെ മരണത്തിലേക്കാണു നയിക്കുന്നത്. അതുകൊണ്ടു മുഴുവൻ ആളുകളും ഒത്തൊരുമയോടെ അതിനെ നേരിടണം. ഇനിയുള്ള ദിവസങ്ങളിലും ആരും ലക്ഷ്മണ രേഖ കടക്കരുത്. കൊറോണയെ തോൽപിക്കാൻ മുൻനിരയിൽ നിൽകുന്ന പോരാളികളിൽ നിന്നും നാം പ്രചോദനം ഉൾക്കൊള്ളണം. പ്രത്യേകിച്ച് നഴ്സുമാർ, ഡോക്ടർമാർ എന്നിവരിൽ നിന്ന്.'- പ്രധാനമന്ത്രി പറഞ്ഞു.

പഴയ വിനോദവൃത്തികളിൽ ഉൾപ്പെടെ പൊടിതട്ടിയെടുക്കാനുള്ള സമയമാണ് ഇത്. നിരീക്ഷണത്തിൽ കഴിയുന്നവരോടു ചില ആളുകൾ മോശമായി പെരുമാറുന്നുവെന്ന് അറിഞ്ഞപ്പോൾ വല്ലാതെ വേദനിച്ചു. ഈ സമയത്ത് നാം സംവേദനക്ഷമതയും വിവേകവും പുലർത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP