Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് ഉടനടി വേണ്ടത് രണ്ടുലക്ഷത്തോളം വെന്റിലേറ്ററുകൾ; മരണം റിപ്പോർട്ട് ചെയ്ത കേരളത്തിലും അയ്യായിരത്തോളം വെന്റിലേറ്ററുകൾ ഉടൻ വേണ്ടിവരും; അമേരിക്കയിലും ചൈനയിലും പരീക്ഷിച്ചതുപോലെ വാഹന നിർമ്മാണ കമ്പികളിൽനിന്ന് വെന്റിലേറ്ററുകളും ശ്വസന സഹായികളും നിർമ്മിക്കാൻ കേന്ദ്രം; മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹ്യൂണ്ടായ് എന്നിവയുടെ അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ ഇതിനായി ഉപയോഗിക്കും; കോവിഡിൽ അടിയന്തിര നടപടികളുമായി മോദി സർക്കാർ

രാജ്യത്ത് ഉടനടി വേണ്ടത് രണ്ടുലക്ഷത്തോളം വെന്റിലേറ്ററുകൾ; മരണം റിപ്പോർട്ട് ചെയ്ത കേരളത്തിലും അയ്യായിരത്തോളം വെന്റിലേറ്ററുകൾ ഉടൻ വേണ്ടിവരും; അമേരിക്കയിലും ചൈനയിലും പരീക്ഷിച്ചതുപോലെ വാഹന നിർമ്മാണ കമ്പികളിൽനിന്ന് വെന്റിലേറ്ററുകളും ശ്വസന സഹായികളും നിർമ്മിക്കാൻ കേന്ദ്രം; മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹ്യൂണ്ടായ് എന്നിവയുടെ അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ ഇതിനായി ഉപയോഗിക്കും; കോവിഡിൽ അടിയന്തിര നടപടികളുമായി മോദി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വെന്റിലേറ്ററുകളുടെ ലഭ്യതായണ് കോവിഡ് ചികിൽസയിൽ ഏറ്റവും നിർണ്ണായകമായി വരുന്നതെന്നാണ് വിദേശ രാജ്യങ്ങളിൽനിന്നുള്ള അനുഭവങ്ങൾ പഠിപ്പിക്കുന്നത്. ഇറ്റലിയും സ്പെയിനിലും യുകെയിലുമെല്ലാം മരണങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണമായി പറയുന്നത് വെന്റിലേറ്ററുകളുടെ അഭാവമായിരുന്നു. പ്രായമായവരെ മരിക്കാൻ വിട്ട് യുവാക്കൾക്കവേണ്ടി അവരിൽനിന്ന് വെന്റിലേറ്റർ എടുത്തുകൊടുത്ത ദയനീയ അനുഭവങ്ങളാണ് ഇറ്റലിയിലെ മലയാളി നഴ്സുമാർക്കൊക്കെ പറയാൻ ഉണ്ടായിരുന്നത്. ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിച്ച

തോടെ അടിയന്തരമായി വെന്റിലേറ്റർ നിർമ്മാണത്തിന് ശ്രമിക്കയാണ് കേന്ദ്രം. ഒന്നും രണ്ടുമല്ല, രണ്ടുലക്ഷത്തോളം വെന്റിലേറ്ററുകളാണ് നമുക്ക് ആവശ്യമായി വരുന്നത്. കൊറോണ മരണം റിപ്പോർട്ട് ചെയ്ത കേരളത്തിലും അയ്യായിരത്തോളം വെന്റിലേറ്ററുകൾ ആവശ്യമുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ നിലവിൽ കേരളത്തിൽ വെന്റിലേറ്റർ ക്ഷാമം ഇല്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

ലോക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടിരിക്കുന്ന വാഹനക്കമ്പനികളുടെ ഫാക്ടറികൾ ഇതിനായി ഉപയോഗിക്കുന്നതാണ് പരിഗണിക്കുന്നത്. ഇതേക്കുറിച്ച് ആലോചിക്കണമെന്ന് സർക്കാർ വാഹനക്കമ്പനികളോട് അഭ്യർത്ഥിച്ചിരുന്നു.മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഹ്യൂണ്ടായ് എന്നീ കമ്പനികളുമായി ഇക്കാര്യത്തിൽ കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ആശയവിനിമയം നടത്തിയിട്ടുണ്ട്. വാഹനക്കമ്പനികളുടെ സൗകര്യങ്ങളും മാനവവിഭവശേഷിയും വൈദ്യോപകരണ നിർമ്മാണത്തിന് പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കണമെന്നാണ് നിർദ്ദേശം. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ കമ്പനികൾ പദ്ധതിയുമായി മുന്നോട്ടുപോയിട്ടുണ്ട്. മാരുതി രണ്ടുദിവസത്തിനകം തീരുമാനം അറിയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വെന്റിലേറ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ടു പദ്ധതികളാണ് മഹീന്ദ്ര പരിഗണിക്കുന്നതെന്ന് കമ്പനി എം.ഡി. പവൻ ഗോയങ്ക ട്വിറ്ററിൽ വ്യക്തമാക്കി. രണ്ടു പൊതുമേഖലാ കമ്പനികളോടൊപ്പം ബെംഗളൂരു ആസ്ഥാനമായുള്ള വെന്റിലേറ്റർ നിർമ്മാണ കമ്പനിയുമായി ചേർന്ന് വേഗം നിർമ്മിക്കാൻ കഴിയുന്ന ലളിതമായ ഡിസൈൻ തയ്യാറാക്കുകയാണ് ഇതിലൊന്ന്.ഇതിനായി മഹീന്ദ്രയുടെ എൻജിനീയറിങ് വിഭാഗം പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി. പുതിയ ഡിസൈനിലുള്ള വെന്റിലേറ്ററിന് 7,500 രൂപയായിരിക്കും വില വരികയെന്ന് ആനന്ദ് മഹീന്ദ്ര പിന്നീട് ട്വീറ്റ് ചെയ്തു.

നിലവിൽ വലിയ സവിശേഷതകളോടുകൂടിയ വെന്റിലേറ്ററുകൾക്ക് വിപണിയിൽ അഞ്ചു മുതൽ പത്തുലക്ഷം രൂപ വരെയാണ് വില.ആംബു ബാഗ് എന്നറിയപ്പെടുന്ന ഓട്ടോമേറ്റഡ് ബാഗ് വാൽവ് മാസ്‌ക് വെന്റിലേറ്റർ വികസിപ്പിക്കാനും മഹീന്ദ്ര ശ്രമിക്കുന്നുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ ഇതിന്റെ മാതൃക അംഗീകാരത്തിനായി സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പവൻ ഗോയങ്ക അറിയിച്ചു. ഇതിന് അംഗീകാരം ലഭിച്ചാൽ ഉടൻ ഉത്പാദനം തുടങ്ങും.

മുൻഗണനാടിസ്ഥാനത്തിൽ വെന്റിലേറ്റർ നിർമ്മാണ പ്ലാന്റ് പ്രവർത്തനം തുടങ്ങാനാണ് തീരുമാനമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി. മൈസൂരു ആസ്ഥാനമായ വെന്റിലേറ്റർ നിർമ്മാണ കമ്പനിയുമായി ടാറ്റാ ഗ്രൂപ്പ് ചർച്ച നടത്തിവരികയാണ്.വെന്റിലേറ്ററുകൾ വലിയ അളവിൽ ആവശ്യമുണ്ടെന്നും ഇത് ഉത്പാദിപ്പിക്കാൻ സർക്കാർ സമീപിച്ചിരുന്നതായും മാരുതി സുസുക്കി ചെയർമാൻ ആർ.സി. ഭാർഗവ വ്യക്തമാക്കി. ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നതായും രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം പറയാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണം വേഗത്തിലാക്കണമെങ്കിൽ വെന്റിലേറ്റർ നിർമ്മാണ കമ്പനികൾ അവരുടെ ഡിസൈനും പേറ്റന്റുകളും വേഗം കൈമാറാൻ ധാരണയാകേണ്ടതുണ്ടെന്ന് ഹ്യൂണ്ടായ് മോട്ടോഴ്‌സ് എക്‌സിക്യുട്ടീവ് സൂചിപ്പിച്ചു

ബ്രൂക്കിങ്‌സ് ഇൻസ്റ്റിറ്റിയൂഷന്റെ പഠനറിപ്പോർട്ടുപ്രകാരം ഇന്ത്യക്ക് മെയ്‌ 15നകം 1.10 ലക്ഷം മുതൽ 2.20 ലക്ഷം വരെ വെന്റിലേറ്ററുകൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ലോകരാജ്യങ്ങളിലെല്ലാം വെന്റിലേറ്ററുകളുടെ ആവശ്യമുയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇറക്കുമതിക്കു സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇതിന്റെ നിർമ്മാണം തുടങ്ങാനാണ് സർക്കാർ ശ്രമം. നിർമ്മാണത്തിനുള്ള തടസ്സങ്ങളും ബുദ്ധിമുട്ടുകളും പഠിക്കാനും പരിഹരിക്കാനും ജോയന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ സമിതിക്കും രൂപം നൽകി. ഇവർ വാഹന കമ്പനികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യയിൽ ഒമ്പതു പ്രധാന വൈദ്യോപകരണനിർമ്മാണക്കമ്പനികളാണ് നിലവിലുള്ളത്.

ഇവർക്ക് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അസംസ്‌കൃത വസ്തുക്കൾ ലഭിക്കുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്. വെന്റിലേറ്റർ നിർമ്മാണത്തിനുള്ള വസ്തുക്കൾ എത്തിക്കാൻ ചരക്കുകമ്പനികളുമായി വ്യോമയാന മന്ത്രാലയം ചർച്ച നടത്തിവരികയാണ്.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗ്വ ഹെൽത്ത്‌കെയർ അടുത്ത മാസത്തോടെ 20,000 വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ശ്രമിക്കുന്നുണ്ട്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ(എയിംസ്) റോബോട്ടിക് എൻജിനിയറിങ് വിഭാഗവും ഡോക്ടർമാരും ചേർന്ന് തയ്യാറാക്കിയ ചെലവുകുറഞ്ഞ വെന്റിലേറ്ററാണ് കമ്പനി നിർമ്മിക്കുന്നത്. വിപണിയിലുള്ള മറ്റു വെന്റിലേറ്ററുകളുടെ ഏഴിലൊന്നു മാത്രമേ ഇതിനു വില വരൂ.

അമേരിക്കയിൽ ഫോർഡ് മോട്ടോഴ്‌സ് 3എം, ജനറൽ ഇലക്ട്രിക് എന്നീ കമ്പനികളുമായിചേർന്ന് വെന്റിലേറ്ററുകളും ശ്വസനസഹായ ഉപകരണങ്ങളും നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. ചൈനയിലും വാഹനനിർമ്മാണ കമ്പനികളാണ് വെന്റിലേറ്റർ നിർമ്മാണത്തിൽ സർക്കാരിന് സഹായവുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP