Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പലപ്പോഴും നാട്ടുകാർ നമ്മളെ വിളിച്ചുപറയുകയാണ് ചെയ്യാറ്; ഇന്നയാൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന്; നമ്മൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടപടികളെടുക്കുകയും ചെയ്യും; പിന്നെ ആശാവർക്കർമാരെ ആ വീട്ടുകാർ ശത്രുക്കളായി കാണും; നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി വിദേശത്ത് നിന്നു വന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നത് തന്നെ: മറുനാടനോട് കൊറോണ അനുഭവം പറഞ്ഞ് വാഴൂരിലെ ആശാവർക്കർ ഷൈജ

പലപ്പോഴും നാട്ടുകാർ നമ്മളെ വിളിച്ചുപറയുകയാണ് ചെയ്യാറ്; ഇന്നയാൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന്; നമ്മൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടപടികളെടുക്കുകയും ചെയ്യും; പിന്നെ ആശാവർക്കർമാരെ ആ വീട്ടുകാർ ശത്രുക്കളായി കാണും; നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി വിദേശത്ത് നിന്നു വന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നത് തന്നെ: മറുനാടനോട് കൊറോണ അനുഭവം പറഞ്ഞ് വാഴൂരിലെ ആശാവർക്കർ ഷൈജ

ജാസിം മൊയ്ദീൻ

കോഴിക്കോട്: കൊവിഡ് 19 ഭീതിയിൽ ലോകമാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴും കേരളത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും സ്തുത്യർഹമായ സേവനം നടത്തുന്ന ഒരു വിഭാഗം ആളുകളാണ് ആശാ വർക്കർമാർ. തിരുവനന്തപുരത്ത് ഒരു ആശാവർക്കറെ വീട്ടിൽക്കയറി അക്രച്ച സംഭവവും ഈ കൊവിഡ് കാലത്ത് നടന്നു. താരതമ്യേന ചെറിയ വേതനം ലഭിക്കുന്ന ഇവർക്കാകട്ടെ വർഷത്തിൽ മുഴുവൻ ദിവസവും ജോലിയുമുണ്ട്.

എന്നാൽ ഈ ജോലിഭാരത്തെകുറിച്ചോ, ലഭിക്കുന്ന പ്രതിഫലത്തെകുറിച്ചോ ഇവർക്ക് തെല്ലും പരാതികളില്ല. അതിനേക്കാളുമെല്ലാമുപരി ഏത് പ്രതിസന്ധിഘട്ടത്തിലും നാടിന് വേണ്ടി സർക്കാറിനൊപ്പം പ്രവർത്തിക്കാനാകുന്നതിലെ സംതൃപ്തിയാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും ഒട്ടുമിക്ക പദ്ധതികളും താഴെ തട്ടിൽ പ്രാവർത്തികമാക്കുന്ന ആശാവർക്കർമാരുടെ പ്രവർത്തനങ്ങൾ, പ്രതിസന്ധികൾ, കൊവിഡ് കാലത്തെ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ചെല്ലാം മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തെ ആശാ വർക്കറായ ഷൈജ.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നതിന് മുന്നേ അതായത് ചൈനയിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ ഞങ്ങൾക്ക് അറിയിപ്പ് ലഭിച്ചിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾക്ക് തയ്യാറാകാൻ. ഒരു ആശാവർക്കറുടെ പ്രവർത്തന പരിധിയിൽ ഏതാണ്ട് ഇരുന്നൂറിനടുത്ത് കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളുടെയെല്ലാം മുഴുവൻ വിവരങ്ങളും ഞങ്ങളുടെ പക്കലുണ്ട്. ആ വീടുകളിൽ എത്ര പേർ വിദേശത്ത് ജോലി ചെയ്യുന്നു, പുറത്ത്പോയി പഠിക്കുന്ന എത്രപേരുണ്ട് എന്നീ കാര്യങ്ങളെല്ലാം. കൊവിഡ് 19 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയത് വിദേശത്ത് നിന്ന് വന്നവരിൽ നിന്നായിരുന്നല്ലോ. അതുകൊണ്ട് തന്നെ ഞങ്ങളുടെ പക്കലുള്ള വിവരങ്ങളിൽ വിദേശത്ത് ജോലിചെയ്യുന്ന ആളുകളുടെ എല്ലാ വീടുകളിലേക്കും ഫോൺ ചെയ്തും നേരിട്ട് പോയും അന്വേഷിച്ചിരുന്നു; അവർ നാട്ടിലെത്തിയിട്ടുണ്ടോ, അതല്ലെങ്കിൽ അടുത്ത ദിവസങ്ങളിലെന്നെങ്കിലും നാട്ടിലേക്ക് വരുന്നുണ്ടോ എന്നതും.

പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിലും ഇക്കാര്യങ്ങൾ അന്വേഷിച്ചിരുന്നു.ഏതെങ്കിലും തരത്തിൽ വിദേശികളുമായി ബന്ധപ്പെട്ടവരുടെയും കണക്കുകൾ ഞങ്ങൾ ഈ ഘട്ടത്തിൽ അന്വേഷിച്ചിരുന്നു. ചിലരൊക്കെ സ്വമേധയാ ഇങ്ങോട്ട് വിളിച്ച് പറഞ്ഞിരുന്നു. ഞാൻ വിദേശത്ത് നിന്ന് വന്നയാളാണെന്നും, അല്ലെങ്കിൽ ഇന്ന ദിവസം നാട്ടിലെത്തുമെന്നും. ഇത്തരത്തിൽ വിദേശത്ത് നിന്ന് വന്നവരോടും വരും ദിവസങ്ങളിൽ നാട്ടിലെത്താൻ സാധ്യതയുള്ളവരോടുമെല്ലാം സർക്കാർ നൽകിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ അറിയിക്കുകയായിരുന്നു ആദ്യ ജോലി. ശേഷം ഇവരുടെ മുഴുവൻ വിവരങ്ങളും ബന്ധപ്പെട്ട ആശുപത്രികളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ അറിയിക്കുകയും ചെയ്യും. ഇത്തരം വീടുകളിലേക്കാവശ്യമായ ഭക്ഷണം, മരുന്നുകൾ തുടങ്ങിയവയെല്ലാം എത്തിക്കുകയെന്നതും ഞങ്ങളുടെ ചുമതലയാണ്. ഏതെങ്കിലും തരത്തിൽ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവരുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുക. ഇത്രയും കാര്യങ്ങളാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തിരുന്നത്.

ഈ സമയത്ത് ആശാവർക്കർമാർ നേരിട്ടിരുന്ന പ്രധാന പ്രതിസന്ധിയെന്നത് വിദേശത്ത് നിന്നു വന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നതായിരുന്നു. പലപ്പോഴും നാട്ടുകാർ നമ്മളെ വിളിച്ചുപറയുകയാണ് ചെയ്യാറ്, ഇന്നയാൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന്. നമ്മൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടപടികളെടുക്കുകയും ചെയ്യു. ഇങ്ങനെ സംഭവിച്ചാൽ പിന്നെ ആശാവർക്കർമാരെ ആ വീട്ടുകാർ ശത്രുക്കളായി കാണുകയും ചെയ്യും. ഇങ്ങനെയാണ് തിരുവനന്തപുരത്ത് ഒരു ആശാവർക്കറെ വീട്ടിൽ കയറി അക്രമിക്കുന്ന സംഭവമുണ്ടായത്.വ്യക്തിപമായി എനിക്ക് അത്തരം പ്രതിസന്ധികൾ ഏറെയൊന്നും ഉണ്ടായിട്ടില്ലെങ്കിലും കൂടെ പ്രവർത്തിക്കുന്ന പലരും ഇത്തരത്തിൽ അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ലോക്ഡൗൺ ആയപ്പോൾ ഞങ്ങളോട് എല്ലാ കാര്യങ്ങളും വീട്ടിൽ നിന്ന് ഫോൺവഴി നിയന്ത്രിക്കാനാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ആളുകളിലേക്ക് നേരിട്ട് എത്താൻ സാധിക്കുന്നില്ല എന്ന ബുദ്ധിമുട്ടുണ്ട്. ക്വാറന്റെയിനിൽ കഴിയുന്നവർ, അവരുടെ കുടുംബം, സ്ഥിരമായി മരുന്ന് കഴിക്കേണ്ട പ്രായമായവർ ഇവരുടെയൊക്കെ മരുന്നും ആവശ്യമെങ്കിൽ ഭക്ഷണവും എത്തിച്ചു നൽകേണ്ട ചുമതലയും ആശാവർക്കർമാർക്കുണ്ട്. ലോക്ഡൗണായ സാഹചര്യത്തിൽ അത്തരം ആളുകളുടെ ആവശ്യങ്ങൾ ഫോണിൽ വിളിച്ചറിഞ്ഞ് ബന്ധപ്പെട്ട വളണ്ടിയർമാരെ അറിയിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

മറ്റുപ്രവർത്തനങ്ങൾ

ആരോഗ്യവകുപ്പും, സാമൂഹ്യനീതി വകുപ്പും പ്രഖ്യാപിക്കുന്ന പല പ്രവർത്തനങ്ങളും താഴെതട്ടിൽ നടപ്പിലാക്കുന്നത് ആശാവർക്കർമാരും അംഗനവാടി ടീച്ചർമാരും മുഖേനയാണ്. ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തനങ്ങളുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾ,ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ, ജീവിതശൈലിരോഗങ്ങൾ ഉള്ള ആളുകൾ തുടങ്ങിയവരുടെയെല്ലാം കണക്കുകളെടുക്കണം. അവർക്ക് വേണ്ടി ക്ലാസുകൾ, മരുന്നുകൾ, പരിശോധനകൾ തുടങ്ങിയവ കൃത്യസമയത്ത് ലഭ്യമാക്കണം. ആർദ്രം മിഷന്റെ കീഴിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. ആഴ്ചയിൽ രണ്ട് ദിവസം പിഎച്ച്സികളിലെ ഒപികളിൽ രോഗികൾക്ക് സഹായങ്ങൾ നൽകണം. പരിരക്ഷ ഹോംകെയർ പദ്ധതിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പം പോകണം.

കിടപ്പിലായ രോഗികൾക്കുള്ള സഹായങ്ങൾ നൽകണം. അവരെ കുളിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആശാവർക്കർമാരുടെ ഉത്തരവാദിത്വങ്ങളാണ്. ഇവകൂടാതെ മഴക്കാലത്തുകൊതുകു നശീകരണ പ്രവർത്തനങ്ങൾ, ഉറവിടമാലിന്യ സംസ്‌കരണ പരിപാടികൾ, ശൂചീകരണ പരിപാടികൾ ഇവയെല്ലാം വീടുകളിൽ കയറി നടപ്പിലാക്കേണ്ട ചുമതലയുമുണ്ടാകും.

പ്രതിസന്ധികൾ

ഒരു ആശാവർക്കർ ഒരു മാസത്തിനുള്ളിൽ ഏതാണ്ട് 200 വീടുകളെങ്കിലും കയറിയിറങ്ങുന്നുണ്ട്. ഏറ്റവും അധികം ബുദ്ധിമുട്ട് നേരിട്ടത് പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട സമരങ്ങൾ നടന്ന സമയത്താണ്. ഏതെങ്കിലും തരത്തിലുള്ള കണക്കെടുപ്പുകളുടെ ഭാഗമായി വീടുകളിലെത്തുമ്പോൾ പലരും ആ സമയത്ത് സഹകരിക്കാൻ തയ്യാറായിരുന്നില്ല. നമ്മൾ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ വന്നവരാണെന്ന തെറ്റിദ്ധാരണയിലായിരുന്നു വീട്ടുകാരിൽ പലരും.

അതുകൊണ്ട് തന്നെ ആ സമയത്ത് കണക്കെടുപ്പ് പൂർത്തിയാക്കാതെയും ഒപ്പ് വാങ്ങാതെയുമൊക്കെയാണ് പലയിടത്ത് നിന്നും തിരിച്ചുപോന്നത്. നമ്മളെ വ്യക്തിപരമായി അറിയുന്നവർപോലും ആ രീതിയിൽ പ്രതികരിച്ചു. പിന്നീട് ഡിഎംഒയുടെ നിർദ്ദേശമുണ്ടായിരുന്നത് ആ ഘട്ടത്തിൽ വിവരങ്ങൾ ശേഖരിച്ചാൽ മാത്രം മതിയെന്നായിരുന്നു.

വേതനം

താരതമ്യേന ഏറ്റവും ചെറിയ വേതനം ലഭിക്കുന്നവരാണ് ആശവർക്കർമാർ. ആർദ്രം പദ്ധതിയുാമയി ബന്ധപ്പെട്ടുള്ള 9 ടാസ്‌കുകളുണ്ട്. ഇവ പൂർത്തിയാക്കുന്ന മുറക്കാണ് ആശാവർക്കർമാർക്ക് വേതനം ലഭിക്കുന്നത്. ഓരോ ടാസ്‌കിനും 500 രൂപ വീതം 4500 രൂപയാണ് ഇപ്പോൾ ഹോണറേറിയം ലഭിക്കുന്നത്. പക്ഷെ പലർക്കും അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. കാരണം അടുത്ത കാലത്താണ് ഇതെങ്കിലും കിട്ടിത്തുടങ്ങിയത്. അതുവരെ ഒരു പ്രതിഫലവും പറ്റാതെയാണ് ജോലി ചെയ്തിരുന്നത്. ജോലിയാണെന്ന് ഇപ്പോഴും കരുതുന്നില്ല. ഒരു സാമൂഹ്യപ്രവർത്തനമായിട്ടാണ് ഞാനിതിനെ കാണുന്നത്. എല്ലാറ്റിലുമുപരി നാട്ടിലെ എല്ലാവരുമായും മാസത്തിലൊരിക്കലെങ്കിലും അവരുടെ വീടുകളിൽ ചെന്ന് സംസാരിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നൽകുന്നകാര്യം.

പലവീടുകളിലും ഞങ്ങൾ അറിയപ്പെടുന്നത് ബ്ലീച്ചിങ് പൗഡർ കലക്കിയൊഴിക്കുന്ന ചേച്ചി, പറമ്പിലെ ചിരട്ട പെറുക്കുന്ന ചേച്ചി എന്നീ പേരുകളിലൊക്കെയാണ്. വേതനത്തേക്കാളേറെ ഇത്തരം വിളികളുണ്ടാക്കുന്ന സംതൃപ്തി തന്നെയാണ് ഈ മേഖലയിൽ തുടരാനുള്ള കാരണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP