Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാസർകോട് അതീവ ജാഗ്രത; പത്താംക്ലാസ് വിദ്യാർത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു; സഹപാഠികൾ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം; രോഗം സ്ഥിരീകരിച്ചത് പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട കുട്ടിക്ക്; ജില്ലയിൽ പുതുതായി 34 പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 81 ആയി; കേന്ദ്രസർവ്വകലാശാലയെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് അധികൃതർ

കാസർകോട് അതീവ ജാഗ്രത; പത്താംക്ലാസ് വിദ്യാർത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു; സഹപാഠികൾ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം; രോഗം സ്ഥിരീകരിച്ചത് പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട കുട്ടിക്ക്; ജില്ലയിൽ പുതുതായി 34 പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 81 ആയി; കേന്ദ്രസർവ്വകലാശാലയെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: എല്ലാ ജില്ലകളിലും കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. കൂടാതെ, കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്‌കൂളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മൂന്നു പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാളുടെ മകൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്നുള്ള വവിരങ്ങൾ പുറത്തു വരുന്നത്.

പത്ത് എഫ് ഡിവിഷനിലാണ് കുട്ടി പഠിക്കുന്നത്. എന്നാൽ പത്ത് എ ക്ലാസിലാണ് കുട്ടി പരീക്ഷ എഴുതിയത്. ഈ ക്ലാസിൽ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിൽ പതിനൊന്നിനും അമ്പത്തിയാറ് വയസിനും ഇടയിലുള്ള 34 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. കൂടുതൽ ആശങ്കയുണ്ടാക്കിയതോടെ ജില്ലയിൽ കൂടുതൽ ക്രമീകരണങ്ങൾ വരുത്താനും തീരുമാനിച്ചു. തൊട്ടടുത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജിനെ കൊറോണ ആശുപത്രിയാക്കി മാറ്റി. 200 കിടക്കകളും 40 ഐ.സി.യു കിടക്കകളും 15 വെന്റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്.

അതേസമയം, ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 11 പേർ കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവരും 23 പേർ ദുബായിൽ നിന്നും വന്നവരുമാണ്. ഇതിൽ 9 സ്ത്രീകളും 25 പുരുഷന്മാരുമാണ്. ജില്ലയിൽ 6085 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 103 പേരെ ആശുപത്രികളിലാണ് നിരീക്ഷിക്കുന്നത്. 308 പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.

കാസർകോട് മെഡിക്കൽ കോളേജിനെയും ഇത്തരത്തിൽ മാറ്റുകയാണ്. കാസർകോട് സെൻട്രൽ യൂണിവേഴ്‌സിറ്റിയെ കൊറോണയുടെ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി. വിപുലമായ ടെസ്റ്റിങ് സംവിധാനം ഇവിടെയുണ്ട്. ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചാലുടൻ ഇത് ആരംഭിക്കും.കാസർകോട്ട് നിന്ന് ദിവസേന മംഗലാപുരത്തെ ആശുപത്രികളിൽ പോയി ഡയാലിസിസ് നടത്തുന്നവരുണ്ട്.

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർക്ക് കർണാടകത്തിലേക്ക് പോകാനാവുന്നില്ല. ഇവരെയെല്ലാം ഉൾക്കൊള്ളാനുള്ള ശേഷി കണ്ണൂർ ജില്ലയ്ക്കില്ല. അതിനാൽ കർണാടക സർക്കാരുമായി ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കോവിഡ് രോഗം പടരുമ്പോൾ ഏറ്റവും ആശങ്കയിലുള്ളത് കാസർകോട് നഗരവും അതിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളും തന്നെയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും ഈ പ്രദേശത്തുള്ളവർക്കാണ്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ രോഗ ഭീഷണിയുള്ളത് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലാണ്. രോഗം സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിയുമായി സമ്പർക്കം പുലർത്തിയവരാണ് കൂടുതലും നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച തളങ്കര സ്വദേശിയും ഒട്ടേറെപ്പേരുമായി സമ്പർക്കം പുലർത്തിയതിനാൽ ആ പ്രദേശവും ഏറ്റവും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. തുടക്കത്തിൽ രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയിൽ നിന്നാണ് രോഗം ഇതുവരെ കൂടുതൽ പേരിലേക്ക് പടർന്നത്. അടുത്ത ബന്ധുക്കൾക്കും സഞ്ചരിച്ച കാറിന്റെ ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചതിനാൽ അവിടെയും ആരോഗ്യവകുപ്പ് കടുത്ത ജാഗ്രത പുലർത്തുന്നുണ്ട്.

കാസർകോട് നഗരത്തിനോട് ചേർന്ന അണങ്കൂർ, ഉളിയത്തടുക്ക, ചന്ദ്രഗിരി, പുളിക്കൂർ, കുഡ്ലു, നെല്ലിക്കുന്ന്, വിദ്യാനഗർ, ചെങ്കള, മൊഗ്രാൽ, തളങ്കര, ഏരിയാൽ പ്രദേശങ്ങളിലുള്ളവർക്കാണ് രോഗം കൂടുതൽ പേർക്ക് സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ചിത്താരി, അലാമിപ്പള്ളി, ബേക്കൽ, ഉദുമ, പൂച്ചക്കാട്, മരക്കാപ്പ് പ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചു. ഉദുമ, ബാര, ആലൂർ, ചൂരിമൂല, ഉപ്പള എന്നീ സ്ഥലങ്ങളിലുള്ളവർക്കും രോഗബാധയുണ്ട്. മലയോര മേഖലകളിലാണ് രോഗം പൊതുവേ കുറവുള്ളതും.

കടുത്ത നിയന്ത്രണങ്ങൾ കൂടി നിലവിലുള്ളതിനാൽ മലയോര പഞ്ചായത്തുകൾ പൊതുവേ സുരക്ഷിതമെന്നു തന്നെയാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ഗൾഫിൽ നിന്നെത്തിയവർക്കാണ് ഇതുവരെ കൂടുതലും രോഗം സ്ഥിരീകരിച്ചതെങ്കിലും ഇനി ഫലം വരാനുള്ളത് ഇവരുമായി ബന്ധപ്പെട്ടവർക്കാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP