Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മതപ്രഭാഷകന്റെ അഹന്ത പഞ്ചാബിനെ ഇന്ത്യയുടെ എപ്പിക് സെന്ററാക്കുമോ? ഇറ്റലിയിൽ പോയി രോഗവുമായി എത്തിയ സിഖ് മതപ്രഭാഷകൻ രോഗികളാക്കിയത് സിഖ് മതത്തിന്റെ ഉത്സവത്തിൽ എത്തിയ മിക്കവരേയും; കൊറോണ മരണത്തിന് കീഴടങ്ങിയ ബൽദേവ് സിംഗിന്റെ ബന്ധുക്കളും രോഗികൾ; 15 ഗ്രാമങ്ങൾ മുഴുവൻ പൂർണ്ണമായും അടച്ച് സീൽ ചെയ്തു പരിശോധനയ്ക്കായി അധികൃതർ; കോവിഡിൽ പഞ്ചാബ് ഭയന്നു വിറയ്ക്കുമ്പോൾ

ഒരു മതപ്രഭാഷകന്റെ അഹന്ത പഞ്ചാബിനെ ഇന്ത്യയുടെ എപ്പിക് സെന്ററാക്കുമോ? ഇറ്റലിയിൽ പോയി രോഗവുമായി എത്തിയ സിഖ് മതപ്രഭാഷകൻ രോഗികളാക്കിയത് സിഖ് മതത്തിന്റെ ഉത്സവത്തിൽ എത്തിയ മിക്കവരേയും; കൊറോണ മരണത്തിന് കീഴടങ്ങിയ ബൽദേവ് സിംഗിന്റെ ബന്ധുക്കളും രോഗികൾ; 15 ഗ്രാമങ്ങൾ മുഴുവൻ പൂർണ്ണമായും അടച്ച് സീൽ ചെയ്തു പരിശോധനയ്ക്കായി അധികൃതർ; കോവിഡിൽ പഞ്ചാബ് ഭയന്നു വിറയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഡ്: കോവിഡ് ഭീതിയിൽ പഞ്ചാബ് ഭയന്ന് വിറയ്ക്കുകയാണ്. പഞ്ചാബിലെ നവാഷറിൽ നിന്നുള്ള 70കാരനായ ബൽദേവ് സിങ് കൊറോണ വൈറസ് മൂലം മരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തിലെ നിരവധി പേർക്കും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ബൽദേവ് സിങ് ഒരു സിഖ് മത പ്രഭാഷകനായിരുന്നു. വിദേശത്ത് പോയ ഇദ്ദേഹം രോഗാണുവുമായി നാട്ടിലെത്തി. വീട്ടിൽ ഇരിക്കാതെ വീണ്ടും ചടങ്ങുകളിലേക്ക് ഇറങ്ങി. അങ്ങനെ സിഖ് മതത്തിന്റെ പ്രധാന ഉത്സവ സ്ഥലത്തും എത്തി. ഇവിടെയുള്ളവർക്കെല്ലാം ഇപ്പോൾ രോഗ ഭീതിയാണ്.

ഈ ഒരൊറ്റ കൊറോണ വൈറസ് ബാധിതൻ മൂലം ക്വാറന്റെയ്നിലായത് 40000 ജനങ്ങളും 20 ഗ്രാമങ്ങളുമാണ്. ബൽദേവ് സിംങിന്റെ മരണശേഷം മാത്രമേ ഇയാൾക്ക് കോവിഡ് 19 ഉണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞുള്ളൂ. ഇറ്റലിയിലും ജർമ്മനിയിലും പോയശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ ഇയാൾ അധികൃതരുടെ ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതാണ് പഞ്ചാബിനെ പ്രതിസന്ധിയിലാക്കിയത്. ഇന്ത്യയിൽ ഇതുവരെ 862 പേരിലാണ് ഔദ്യോഗികമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. പഞ്ചാബിൽ ആകെ 38 പേരിൽ മാത്രമേ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാൽ ഇതിനേക്കാൾ വളരെ ഉയർന്നതാണ് യഥാർഥ കണക്കുകളെന്ന് ആശങ്കപ്പെടുത്തുന്നതാണ് പഞ്ചാബിൽ നിന്നും പുറത്തുവരുന്ന വാർത്ത. പലരുടേയും സ്രവ പരിശോധനാ ഫലം വരാനിരിക്കുന്നതേ ഉള്ളൂ.

സിഖ് ആഘോഷമായ ഹോല മൊഹല്ലയിൽ അടക്കം ഇയാൾ പങ്കെടുത്തിട്ടുണ്ട്. ആറ് ദിവസം നീളുന്ന ഈ ആഘോഷത്തിൽ പ്രതിദിനം പതിനായിരത്തിലേറെ പേരാണ് വന്നിരുന്നത്.ബൽദേവ് സിംങിന്റെ മരണ ശേഷം കൊറോണ രോഗലക്ഷണം കാണിച്ച അദ്ദേഹത്തിന്റെ ബന്ധുക്കളിൽ നടത്തിയ പരിശോധനയിൽ 19 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പർക്കത്തിലായ 550 പേരെ മാത്രമേ കണ്ടെത്താൻ അധികൃതർക്കായുള്ളൂ. 15 ഗ്രാമങ്ങൾ ഇതിനകം തന്നെ അടച്ചിട്ടുകഴിഞ്ഞു. തൊട്ടടുത്ത ജില്ലയിലെ അഞ്ച് ഗ്രാമങ്ങൾ കൂടി അടച്ചിടേണ്ടി വരും. ഇതിനെ സമൂഹ വ്യാപനമെന്നും വിശേഷിപ്പിക്കേണ്ടി വരും. ബൽദേവിൽ നിന്ന് 23 പേർക്ക് രോഗം പടർന്നതായി സ്ഥിരീകരണം വന്നു കഴിഞ്ഞു. വിദേശ കറക്കം കഴിഞ്ഞ് മാർച്ച് 6ന് ഡൽഹിയിലെത്തിയ ഇയാൾ പഞ്ചാബിലേക്ക് പോയി. അവിടെ അനന്ദ്പൂർ സാഹിബിൽ മാർച്ച് 8 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ചില പരിപാടികൾ പങ്കെടുത്തു. ഇതിന് ശേഷം ശഹീദ് ഭഗത് സിങ് നഗർ ജില്ലയിലെ സ്വവസതിയിലേക്ക് മടങ്ങി. ഇയാളും ഇയാളുടെ രണ്ട് സഹയാത്രികരും ചേർന്ന് 15 ഗ്രാമങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

ഇയാളുടെ കുടുംബത്തിൽ തന്നെ 14 പേർക്ക് കൊറോണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ ആരോഗ്യ വിദഗ്ദ്ധർ ഓരോ ജില്ലയിലും പോയി ഇയാളുടെ സമ്പർക്കത്തിലേർപ്പെട്ടവരെ തേടിപ്പിടിക്കുകയാണ്. നവൻഷഹർ, മൊഹാലി, അമൃത്സർ, ഹോഷിയാർപുർ, ജലന്ധർ എന്നിവിടങ്ങളിലെ പോസിറ്റീവ് കേസുകൾക്ക് പിന്നിൽ ഇവരെ തന്നെയാണെന്നാണ് സംശയിക്കുന്നത്. രാജസ്ഥാനിലെ ബിൽവാരയിലും സമാനമായ തോതിൽ കൊറോണ വലിയ തോതിൽ സമൂഹവ്യാപനം നടന്നുവെന്ന ആശങ്ക നിലവിലുണ്ട്. ഒരു രോഗിയിൽ നിന്നും ഇവിടുത്തെ ആശുപത്രിയിലെ ഡോക്ടർമാർക്ക് രോഗം പകരുകയും ഡോക്ടർമാർ വഴി നിരവധി പേരിലേക്ക് കൊറോണ വൈറസ് എത്തുകയും ചെയ്തുവെന്നാണ് ആശങ്ക. ഇവിടെ ഏഴായിരത്തോളം പേരെയാണ് ക്വാറന്റെയ്നിലാക്കിയിരിക്കുന്നത്. എന്നാൽ പഞ്ചാബിലെ സ്ഥിതി ഇതിനും അപ്പുറത്തേക്ക് പോകും. ഈ സാഹചര്യത്തിലാണ് പഞ്ചാബ് സർക്കാർ കടുത്ത നടപടികൾ എടുക്കുന്നത്.

അവശ്യ സേവനങ്ങൾ ലഭിക്കുന്നതിനായി ഒരു കുടുംബത്തിൽ നിന്നു് ഒരാൾക്ക് മാത്രമേ പുറത്തുപോകാൻ അനുവാദമുള്ളൂ. പരമാവധി 20 പേരുടെ ഒത്തുചേരൽ നിരോധിക്കുന്നത് കർശനമായി നടപ്പാക്കാനും നിരീക്ഷണം ഏർപ്പെടുത്തിയവരുടെ വീടുകൾക്ക് പുറത്ത് സ്റ്റിക്കറുകൾ ഒട്ടിക്കാനും ചീഫ് സെക്രട്ടറി കരൺ അവ്താർ സിങ് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയിലും കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ച ഈ കാലത്ത് മറ്റ് സംസ്ഥാനങ്ങളിലെ മനുഷ്യരെ സഹായിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ്. 20 ട്രെയിനുകളിൽ ഭക്ഷ്യധാന്യം നിറച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാനാണ് പഞ്ചാബ് സർക്കാരിന്റെ തീരുമാനം.

20 പ്രത്യേക ട്രെയിനുകളിലായി 50000 മെട്രിക് ടൺ ഗോതമ്പും അരിയും വിവിധ സംസ്ഥാനങ്ങളിലായി വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനമെടുത്തതെന്ന് പഞ്ചാബ് ഭക്ഷ്യ വകുപ്പ് മന്ത്രി ഭരത് ഭൂഷൻ അഷു പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് അവശ്യസാധനങ്ങൽ ലഭ്യമാക്കുന്നതിന് വേണ്ടി ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥർ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപ ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭ എംപി ഡോ. അമീ യാജ്നിക് അനുവദിച്ചിരുന്നു. എ.പി അനിൽകുമാർ എംഎ‍ൽഎയാണ് ഇക്കാര്യം അറിയിച്ചത്.

ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വെള്ളിയാഴ്ച കടന്നു പോകുമ്പോൾ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 854 ആയി. കേരളത്തിലെ ഒറ്റ ദിവസത്തെ 39 കേസുകളടക്കം 100 കേസുകളാണ് ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 19 പേരാണ് കോവിഡ് ബാധിതരായി ഇന്ത്യയിൽ ഇതുവരെ മരിച്ചത്. മഹാരാഷ്ട്ര-4, ഗുജറാത്ത്-3, കർണാടക-2 മധ്യപ്രദേശ്, തമിഴ്‌നാട് ബിഹാർ, പഞ്ചാബ്, ഡൽഹി, പശ്ചിമബംഗാൾ, ജമ്മു കശ്മീർ ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ഓരോ ആളുകളും മരിച്ചു.

കേരളത്തിൽ കോവിഡ് മരണം ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. കേരളത്തിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 164 ആയി. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് കേരളത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP