Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് ടു പരീക്ഷയ്ക്കായി പോയപ്പോൾ അവൻ അവളെ തടഞ്ഞ് നിർത്തി പോക്കറ്റിലെ നോട്ട്‌സെല്ലാം വലിച്ചുകീറിക്കളഞ്ഞു; അവൻ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥനോട് പറയാനായി പോയപ്പോഴാണ് മോൾ കടുംകൈ ചെയ്തത്; അവൻ അവിടെ ഒളിച്ചു നിൽപ്പുണ്ടമ്മേ..ലൈറ്റിടല്ലേ.. അവൻ കൊല്ലാൻ നടക്കുവാ അമ്മേ എന്നും അവൾ മരിക്കുവോളം പുലമ്പി; യുവാവിന്റെ ഭീഷണിയിൽ ആത്മഹത്യ ചെയ്ത എടത്തലയിലെ ഗോപികയുടെ അമ്മ മറുനാടനോട്

പ്ലസ് ടു പരീക്ഷയ്ക്കായി പോയപ്പോൾ അവൻ അവളെ തടഞ്ഞ് നിർത്തി പോക്കറ്റിലെ നോട്ട്‌സെല്ലാം വലിച്ചുകീറിക്കളഞ്ഞു;   അവൻ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥനോട് പറയാനായി പോയപ്പോഴാണ് മോൾ കടുംകൈ ചെയ്തത്; അവൻ അവിടെ ഒളിച്ചു നിൽപ്പുണ്ടമ്മേ..ലൈറ്റിടല്ലേ.. അവൻ കൊല്ലാൻ നടക്കുവാ അമ്മേ എന്നും അവൾ മരിക്കുവോളം പുലമ്പി; യുവാവിന്റെ ഭീഷണിയിൽ ആത്മഹത്യ ചെയ്ത എടത്തലയിലെ ഗോപികയുടെ അമ്മ മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: അമ്മേ...അവൻ നമ്മളെ കൊല്ലും... അവൻ അവിടെ തന്നെ നിൽപ്പുണ്ട്. ആശുപത്രിക്കിടക്കയിൽ മകൾ പറഞ്ഞ വാക്കുകൾ സിനിയുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അയൽവാസിയായ യുവാവിന്റെ ഭീഷണിയിൽ ആത്മഹത്യ ചെയ്ത ഗോപിക(17)യുടെ മാതാവാണ് സിനി. മകളുടെ മരണത്തിന് പിന്നിലെ കാരണം അന്വേഷിച്ച് മറുനാടൻ മലയാളി എത്തിയപ്പോൾ പൊട്ടിക്കരയുകയായിരുന്നു സിനി. ഏറെ ദിവസമായി കരഞ്ഞ് തൊണ്ടയിൽ നിന്നും ശബ്ദം പോലും വരുന്നുണ്ടായിരുന്നില്ല അവർക്ക്. പക്ഷേ എവിടെ നിന്നോ ലഭിച്ച ഊർജ്ജത്തിൽ ഞങ്ങളുടെ ക്യാമറയുടെ മുന്നിൽ അവർ എല്ലാം പറഞ്ഞു തുടങ്ങി.

'എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ സ്‌കൂളിൽ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു എന്റെ മകൾ. കഴിഞ്ഞ 19 ന് പരീക്ഷയ്ക്കായി പോയപ്പോൾ എന്റെ വീടിന് സമീപം താമസിക്കുന്ന സിബി പുറകേ ചെന്ന് തടഞ്ഞ് നിർത്തുകയും അസഭ്യം പറയുകയുമായിരുന്നു. അതിന് മുന്നേയും ശല്യപ്പെടുത്തിയിരുന്നു എന്ന് എന്റെ മോൾ ആശുപത്രിയിൽ വച്ച് പറഞ്ഞിരുന്നു. പേടിച്ചിട്ടാണ് പറയാതിരുന്നത്. തടഞ്ഞ് നിർത്തി അവളുടെ പോക്കറ്റിലുണ്ടായിരുന്ന നോട്ട്സൊക്കെ വലിച്ചു കീറിക്കളഞ്ഞു. പിന്നീട് ഇക്കാര്യം കൂട്ടുകാരിയുടെ മാതാപിതാക്കൾ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്.

പക്ഷേ അന്ന് ഉച്ചയ്ക്ക് തന്നെ എന്റെ അനിയന്റെ മോനെ വിളിച്ച് സിബി ശല്യം ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. സ്‌ക്കൂളിൽ നിന്നും വീട്ടിലേക്ക് ആക്കി തരണമെന്നും പറഞ്ഞു. അങ്ങനെ അവൻ മോളെ വീട്ടിൽ കൊണ്ടു വന്നാക്കി. പേടിക്കണ്ട നമുക്ക് പരിഹാരം കാണാമെന്ന് പറയുകയും ചെയ്തു. ആ സമയം സിബി അവിടെ ഇല്ലായിരുന്നു. വൈകുന്നേരമാണ് ഗോപികയുടെ കൂട്ടുകാരിയുടെ ഉമ്മ വിളിച്ച് ഇക്കാര്യം എന്നോട് പറയുന്നത്. ഞാൻ അപ്പോൾ ജോലി കഴിഞ്ഞ് വരികയായിരുന്നു. വീട്ടിലെത്തിയപ്പോൾ ഇക്കാര്യത്തെപറ്റി ചോദിച്ചു. ഉണ്ടായ കാര്യങ്ങളൊക്കെ പറയുകയും സാരമില്ല ഇനി ഇതൊരു പ്രശ്നമാക്കണ്ടെ എന്നും അവൾ പറഞ്ഞു. പരീക്ഷ ഇനി ചൊവ്വാഴ്ചയാണുള്ളത്. ഇതിനാൽ നാളെ എന്റെ സ്വന്തം വീട്ടിലേക്ക് പോകാമെന്നൊക്കെ പറഞ്ഞു. അപ്പോഴേക്കും ഗോപികയുടെ കൂട്ടുകാരിയും ഉമ്മയും ബാപ്പയും കൂടി വീട്ടിലേക്ക് വന്നു. സൂക്ഷിക്കണമെന്നും സിബി നന്നായി മോളെ തെറി പറഞ്ഞു എന്നും അവർ പറഞ്ഞു.

അങ്ങനെ അവർക്കൊപ്പം സിബിയെ കണ്ട് താക്കീത് നൽകാനായി പോയി. അവിടെ എത്തിയപ്പോൾ സിബി ഇല്ലായിരുന്നു. വീട്ടിലുണ്ടായിരുന്നവരോട് വിവരം പറയുകയും ഇനി ഇവിടെ താമസിക്കാൻ പറ്റില്ല എന്നു പറഞ്ഞു. ഇതിനിടയിൽ സിബി വീട്ടിലേക്ക് വരികയും ഞങ്ങളെ കണ്ട് തിരികെ പോകുകയും ചെയ്തു. ഈ സമയം ഗോപികയുടെ കൂട്ടുകാരിയുടെ പിതാവ് പുറകെ പോയി തടഞ്ഞെങ്കിലും തള്ളിമാറ്റി അവൻ രക്ഷപെട്ടു. ഇതോടെ ഇക്കാര്യം സിബി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥനോട് പറയാനായി അടുത്ത വീട്ടിൽ ഫോൺ നമ്പർ വാങ്ങാൻ പോയപ്പോഴാണ് എന്റെ മോൾ കടുംകൈ ചെയ്തത്. അവളുടെ നിലവിളികേട്ട് ഞാനും അയൽക്കാരും ഓടിയെത്തി തീ അണച്ചു. ഉടനെ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും പിന്നീട് ലൂർദ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

ആശുപത്രിയിലെത്തിയപ്പോൾ തന്നെ ഡോക്ടർ പറഞ്ഞു പ്രതീക്ഷയ്ക്ക് വകയില്ലാ എന്ന്. മുഖമൊക്കെ നന്നായി പൊള്ളി. കാലും കയ്യുമൊക്കെ തൊലി ഇളകി പോയി. മരിക്കുന്നവരെയും എന്റെ മോൾക്ക് പേടിയായിരുന്നു. അവൻ അവിടെ ഒളിച്ചു നിൽപ്പുണ്ടമ്മേ. ലൈറ്റിടല്ലേ.. അവൻ കൊല്ലാൻ നടക്കുവാ അമ്മേ എന്നൊക്കെ പറഞ്ഞ് പേടിച്ച് കരയുകയായിരുന്നു. അമ്മച്ചിയുടെ പുറകെയും അവൻ വരും എന്നും പറഞ്ഞു. അവസാനം അവൾ പോയി. എന്റെ കുഞ്ഞ് പേടിച്ചിട്ടാ അത് ചെയ്തത്. പരമാവധി പ്രശ്നമൊന്നും ഉണ്ടാക്കാതിരിക്കാൻ എന്റെ പൊന്നുമോൾ ശ്രമിച്ചു. പിന്നെ ഒന്നും പറയാനാകാതെ സിനി വിതുമ്പി കരയുകയായിരുന്നു.

അതേ സമയം പ്രതിയെ സംഭവം നടന്ന 19 ന് തന്നെ കങ്ങരപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി സിബിയെ (19) പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഐമാരായ ജസ്റ്റിൻ, എൻ.ഐ.റഫീഖ്, റോയ് കെ.പുന്നൂസ്, സുമിത്ര എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കളമശേരിയിലെ കെട്ടിടത്തിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതി പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP