Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടിൽ കച്ചവടം നടത്തി വരവെ ആകൃഷ്ടനായത് ഭീകര പ്രവർത്തനങ്ങളിൽ; 2016ൽ നാടുപേക്ഷിച്ച് പോയത് അബ്ദുൾ റാഷീദിന്റെ നേതൃത്വത്തിലും; കാബൂളിലെ സിഖ് ​ഗുരുദ്വാര ആക്രമിച്ച് കൊലപ്പെടുത്തിയത് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ 27 പേരെയും; ഇസ്ലാമിക് സ്റ്റേറ്റ് പറയുന്ന അബു ഖാലിദ് അൽ ഹിന്ദി കാസർകോട് സ്വദേശിയായ മുഹമ്മദ് സാജിദ് കുതിരുമ്മലെന്ന് റിപ്പോർട്ടുകൾ

നാട്ടിൽ കച്ചവടം നടത്തി വരവെ ആകൃഷ്ടനായത് ഭീകര പ്രവർത്തനങ്ങളിൽ; 2016ൽ നാടുപേക്ഷിച്ച് പോയത് അബ്ദുൾ റാഷീദിന്റെ നേതൃത്വത്തിലും; കാബൂളിലെ സിഖ് ​ഗുരുദ്വാര ആക്രമിച്ച് കൊലപ്പെടുത്തിയത് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ 27 പേരെയും; ഇസ്ലാമിക് സ്റ്റേറ്റ് പറയുന്ന അബു ഖാലിദ് അൽ ഹിന്ദി കാസർകോട് സ്വദേശിയായ മുഹമ്മദ് സാജിദ് കുതിരുമ്മലെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമിച്ച നാല് ഭീകരരിൽ ഒരാൾ 14 വർഷം മുമ്പ് കേരളത്തിൽ നിന്നും പോയി ഭീകര സംഘടനയിൽ ചേർന്ന കാസർകോട് സ്വദേശി മുഹമ്മദ് സാജിദ്. ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ട ചിത്രത്തിലുള്ള അബു ഖാലിദ് അൽ ഹിന്ദി എന്നയാൾ കാസർകോട് സ്വദേശിയായ 30കാരനാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

കാസർകോഡ് സ്വദേശിയായ മുഹമ്മദ് സാജിദ് കുതിരുമ്മലാണ് ആക്രമണം നടത്തിയ സംഘത്തിലുള്ളതായി സംശയിക്കപ്പെടുന്നത്. കാസർകോട്ട് കട നടത്തുകയായിരുന്ന മുഹമ്മദ് സാജിദ് 2016ലാണ് ഭീകര പ്രവർത്തനത്തിനായി നാട് ഉപേക്ഷിച്ചത്. കാസർകോട് ഐഎസ് വിഭാഗത്തിന്റെ ഭാഗമായി ഐഎസിൽ ചേരാൻ സിറിയയിലേക്ക് പോയ മലയാളി സംഘത്തിലുള്ള ഭീകരനാണ് മുഹമ്മദ് സാജിദ്. ഇയാളെ കണ്ടെത്താൻ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസുണ്ട്. നിലവിൽ അഫ്ഗാനിലെ നംഗർഹാറിലാണ് ഇയാളുള്ളതെന്നാണ് കേസ് റെക്കോഡുകൾ വ്യക്തമാക്കുന്നത്.

2016 ജൂലായിൽ അബ്ദുൾ റാഷിദ് ഭാര്യ അയിഷ (സോണിയ സെബാസ്റ്റ്യൻ) എന്നിവരെയും അവരുടെ കുഞ്ഞിനെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ കാസർകോട് പൊലീസിൽ പരാതി നൽകിയിരുന്നു. മുംബൈയിലേക്ക് പോയി രണ്ടു മാസങ്ങൾക്കുശേഷം കാണാതായി എന്നായിരുന്നു പരാതി. ഇതേ സമയത്തുതന്നെ സാജിദ് അടക്കം 14 യുവാക്കളെ കാണാനില്ലെന്ന പരാതിയും പ്രദേശത്തെ പൊലീസ് സ്‌റ്റേഷനുകളിൽ ലഭിച്ചു. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കാണാതായ യുവാക്കളെല്ലാം നിരോധിത ഭീകര സംഘടനയായ ഐ.എസ്സിൽ ചേരാൻ പോയതാണെന്ന് വ്യക്തമായത്.

ഐഎസിൽ പോയി കൊല്ലപ്പെട്ട മലയാളി ഭീകരരുടെ ഭാര്യമാർ ഈയിടെ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖം പുറത്തുവന്നിരുന്നു. കാസർകോഡ് സംഘത്തിന്റെ തലവനായ അബ്ദുൾ റാഷിദിന്റെ ഭാര്യ അയിഷ എന്ന സോണിയ സെബാസ്റ്റ്യൻ ഭർത്താവ് കൊല്ലപ്പെട്ട വിവരം അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.

ആക്രമണം നടത്തിയ ആളുടെ ചിത്രം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) പുറത്തുവിട്ടതോടെയാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. അബു ഖാലിദ് അൽ ഹിന്ദി എന്നു പേരുള്ളയാളുടെ ചിത്രമാണ് ഗുരുദ്വാര ആക്രമിച്ച ഭീകരരിൽ ഒരാളെന്ന് അവകാശപ്പെട്ട് ഐ.എസ് പുറത്തുവിട്ടത്. 2016 മുതൽ എൻഐഎ തിരയുന്ന ഭീകരനാണിയാൾ. ഇന്റർപോൾ ഇയാൾക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഐഎസിന്റെ ഔദ്യോഗിക മാധ്യമം എന്ന് വിശേഷിക്കപ്പെടുന്ന അമേഖ് ഏജൻസിയാണ് ആക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്. അബു ഖാലിദ് അൽഹിന്ദിയുടെ നേതൃത്വത്തിലെ സംഘമാണ് കാബൂളിലെ ഗുരുദ്വാരയ്ക്കു നേരെ ആക്രമണം നടത്തിയതെന്ന് അവർ വ്യക്തമാക്കി. ഇന്ത്യയിൽ മുസ്ലിംങ്ങളുടെ നേർക്ക് നടക്കുന്ന അതിക്രമങ്ങൾക്ക് പകരം വീട്ടാനാണ് ഈ അക്രമം നടത്തിയതെന്ന് എന്നും സന്ദേശത്തിൽ പറയുന്നു.

കാബൂളിലെ ഷോർ ബസാർ മേഖലയിലെ സിഖ് ഗുരുദ്വാരയിൽ ബുധനാഴ്ചയാണ് ചാവേർ ആക്രമണം ഉണ്ടായത്. ഐഎസ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. 8 പേർക്കു പരുക്കേറ്റു. ഗുരുദ്വാരയിലെ ധർമശാലയിൽ പ്രാർത്ഥന നടക്കുമ്പോൾ ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് തോക്കുധാരികളായ 4 ചാവേറുകളുടെ ആക്രമണം. ഇരുന്നൂറോളം പേരെ ബന്ദികളാക്കിയ അക്രമികളെ 6 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനുശേഷം അഫ്ഗാൻ സേന വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റു. അക്രമവുമായി ബന്ധമില്ലെന്ന് താലിബാൻ അറിയിച്ചു.

അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തിടുക്കപ്പടുന്ന യുഎസ് അവിടുത്തെ രാഷ്ട്രീയ വടംവലിയിൽ അതൃപ്തരായി സൈനിക സഹായത്തിൽ 100 കോടി ഡോളർ കുറവു വരുത്തുമെന്നു പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ആക്രമണം. അഫ്ഗാനിൽ മുന്നൂറിൽ താഴെ സിഖ് കുടുംബങ്ങളേയുള്ളൂ. അവർ 80കൾ മുതൽ ഭീകരരുടെ ഇരകളാണ്. 2018ൽ ജലാലാബാദിൽ ചാവേർ ആക്രമണത്തിൽ 12 സിഖുകാർ കൊല്ലപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP