Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തുടർ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ സഹായത്തിന് കത്ത് നല്കിയത് കോട്ടയം മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം; ശ്രീമോൾ മാരാരി അന്ന് പറഞ്ഞതെല്ലാം ശരി തന്നെ; സോഷ്യൽ മീഡിയയിൽ വ്യാജ പണപ്പിരിവിന്റെ പേരിൽ പഴി കേട്ട ശ്രീമോൾ ഇപ്പോഴും രോഗക്കിടക്കയിൽ; അനുഭവിച്ചതെല്ലാം മാരാരിക്കുളത്തെ പ്രശ്‌നങ്ങളിൽ കയറി ഇടപെട്ടതിലെ വൈരാഗ്യം തീർക്കലെന്ന തിരിച്ചറിവ് മറുനാടനോട് പങ്കുവച്ച് ശ്രീമോളും

തുടർ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ സഹായത്തിന് കത്ത് നല്കിയത് കോട്ടയം മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം; ശ്രീമോൾ മാരാരി അന്ന് പറഞ്ഞതെല്ലാം ശരി തന്നെ; സോഷ്യൽ മീഡിയയിൽ വ്യാജ പണപ്പിരിവിന്റെ പേരിൽ പഴി കേട്ട ശ്രീമോൾ ഇപ്പോഴും രോഗക്കിടക്കയിൽ; അനുഭവിച്ചതെല്ലാം മാരാരിക്കുളത്തെ പ്രശ്‌നങ്ങളിൽ കയറി ഇടപെട്ടതിലെ വൈരാഗ്യം തീർക്കലെന്ന തിരിച്ചറിവ് മറുനാടനോട് പങ്കുവച്ച് ശ്രീമോളും

എം മനോജ് കുമാർ

ആലപ്പുഴ: മാരാരിക്കുളം സ്വദേശിയായ സുജിമോൾ കാൻസർ രോഗി തന്നെ. തൈറോയിഡ് ഗ്രന്ഥിയിൽ കാൻസർ വന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ സർജറി കഴിഞ്ഞ ശേഷം മൂന്നു മാസമായി വിശ്രമത്തിലാണ് സുജിമോൾ ഇപ്പോൾ. കാൻസർ രോഗിയല്ലായിട്ടും കാൻസർ രോഗത്തിന്റെ പേരിൽ വ്യാജ പിരിവ് നടത്തി പണം ഉണ്ടാക്കാൻ ശ്രമം നടത്തി എന്നതിന് പൊലീസ് കേസ് നേരിടുന്ന വ്യക്തിയാണ് സുജിമോൾ. താൻ യഥാർത്ഥ കാൻസർ രോഗി തന്നെ ആയിരുന്നെന്നും ചികിത്സയ്ക്ക് സഹായം തേടിയപ്പോൾ സിപിഎമ്മുകാരായ നാട്ടുകാരിൽ ചിലർ പാരവെച്ചതിന്റെ പേരിലാണ് താൻ വ്യാജ കാൻസർ രോഗിയായി ചിത്രീകരിക്കപ്പെട്ടതെന്നാണ് സുജിമോൾ മറുനാടനോട് പറഞ്ഞത്. വ്യാജരോഗിയായി പണപ്പിരിവ് നടത്തി വഞ്ചിച്ചു എന്ന കേസിൽ മാരാരിക്കുളം പൊലീസിന്റെ കേസും സുജിമോൾ നേരിടുന്നുണ്ട്.

സംഭവബഹുലമായ അധ്യായങ്ങളാണ് വ്യാജ രോഗി എന്ന ആരോപണം കേൾക്കേണ്ടി വന്നപ്പോൾ സുജിമോൾക്ക് ജീവിതത്തിൽ പിന്നിടെണ്ടി വന്നത്. ഇനിയെങ്കിലും യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിയണം എന്ന ഉദ്ദേശ്യത്തോടെയാണ് മറുനാടനെ സമീപിച്ചത്. എന്റെ കഥ നിങ്ങൾ കേൾക്കണം എന്നാണ് സുജിമോൾ മറുനാടനോട് പറഞ്ഞത്. കാൻസർരോഗിയായി ചിത്രീകരിച്ച് പണപ്പിരിവ് നടത്തി എന്ന സുജിമോളുടെ പേരിലുള്ള കേസ് മാരാരിക്കുളം പൊലീസ് ഇപ്പോൾ എഴുതി തള്ളുകയാണ്. അവർ യഥാർത്ഥ കാൻസർ രോഗി തന്നെയെന്നു ബോധ്യം വന്ന സ്ഥിതിയിലാണ് പൊലീസ് ഈ കേസ് എഴുതി തള്ളുന്നത്. ഇത് മറുനാടനോട് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സുജിമോളുടെ ഈ കഥ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

സുജി മോളെ അറിയില്ലേ? ആലപ്പുഴ മാരാരിക്കുളം സ്വദേശിയെ കേരളത്തിനു പരിചയപ്പെടുത്തിയത് മാധ്യമ പ്രവർത്തക സുനിതാ ദേവദാസ് ആയിരുന്നു. കാൻസർ രോഗിയാണ് സഹായിക്കണം എന്ന് സുജിമോൾക്ക് വേണ്ടി ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയതും ചികിത്സയ്ക്കായി പണപ്പിരിവ് നടത്താൻ മുന്നിൽ നിന്നതും സുനിത തന്നെയായിരുന്നു. സുനിതയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴിയാണ് സുജിമോളെ കാൻസർ രോഗി എന്ന നിലയിൽ കേരളം അറിയുന്നത്. ഇതോടെയാണ് സഹായവാഗ്ദാനനങ്ങൾ ഒഴുകിയെത്തിയതും. പക്ഷെ ഉച്ചിയിൽ വെച്ച കൈകൊണ്ട് തന്നെ ഉദകക്രിയ നടത്താനും സുനിത തീരുമാനിച്ചതോടെയാണ് സുജിമോളുടെ ജീവിതം നരകതുല്യമായി മാറിയത്. ആദ്യം സഹായ വാഗ്ദാനം നടത്തി സുജിമോളുടെ പിന്നിൽ നിന്ന സുനിത നിർണ്ണായക നിമിഷത്തിൽ ചുവട് മാറ്റി. മാരാരിക്കുളം സിപിഎമ്മിൽ നിന്നും വന്ന എതിർപ്പാണ് സുനിതയുടെ ചുവട് മാറ്റത്തിന് പിന്നിൽ എന്നാണ് സുജിമോൾ മറുനാടനോട് പറഞ്ഞത്.

മാരാരിക്കുളം ഭാഗത്ത് നിന്ന് ചിലർ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തി. സുജിമോൾക്ക് രോഗം ഇല്ലാ എന്നാണ് ഈ പോസ്റ്റുകൾ പറഞ്ഞത്. ചിലർ സുനിതയെ വിളിച്ചു പറയുകയും ചെയ്തൂ എന്ന് സുജിമോൾ പറയുന്നു. ഇതോടെ സുനിത ചുവട് മാറ്റി. സുജിമോൾക്ക് ആവശ്യമായ പണം ലഭിച്ചു എന്ന് തന്നെ സുനിത പോസ്റ്റിങ് നടത്തി. ഈ പണപ്പിരിവ് ഇനി നിർത്തണം എന്നും സുനിത ആവശ്യപ്പെട്ടു. ഇതിന്നിടയിൽ തന്നെയാണ് സാമൂഹിക പ്രവർത്തകൻ നവാസിന്റെ പരാതിയും എത്തുന്നത്. ഇതിൽ സുജിമോൾക്കും സുനിതയ്ക്കും എതിരെ മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. സുനിതയുടെ പോസ്റ്റ് വന്ന ശേഷം പലരും സുജിമോളെ വിളിച്ച് ഭീഷണി മുഴക്കി. സത്യാവസ്ഥ പറഞ്ഞാൽ കുടുംബത്തോടെ തീർക്കും എന്നും മറ്റും പറഞ്ഞു. നിരന്തര ഭീഷണി വന്നപ്പോൾ സുജിമോൾ സത്യാവസ്ഥ പുറത്ത് പറയാതിരിക്കുകയും ചികിത്സാ സഹായമായി ലഭിച്ച പണം മിക്കവർക്കും തിരികെ നൽകുകയും ചെയ്തു. ഇതോടെ വ്യാജരോഗിയായി മാറി സുജമോൾ പണപ്പിരിവ് നടത്തുകയായിരുന്നു എന്ന് പലരും കരുതി. സ്വന്തമായി പണം സ്വരൂപിച്ചും ലോൺ എടുത്തും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ നടത്തുകയും കാൻസർ ഭേദമാക്കാൻ സർജറി നടത്തുകയും ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു സുജിമോൾ. ഇപ്പോൾ വിശ്രമം തുടരുന്ന വേളയിലാണ് സത്യാവസ്ഥ മറുനാടന് മുന്നിൽ സുജിമോൾ വെളിപ്പെടുത്തുന്നത്.

വ്യാജ രോഗമുണ്ടാക്കി പണപ്പിരിവ് നടത്തി എന്ന പരാതിയാണ് നവാസ് നൽകിയത്. പരാതി പ്രകാരം ശ്രീമോൾ എന്ന സുജിമോൾ, സുനിത ദേവദാസ്, ശ്രീമോളുടെ കൂട്ടാളി അനിൽ.ടി.വി എന്നിവർക്കെതിരെ വഞ്ചന, ഗൂഡോലോചന കുറ്റങ്ങൾ ചുമത്തി മാരാരിക്കുളം പൊലീസാണ് കേസെടുത്തത്. കേസ് വന്നതോടെ സുനിതയാകട്ടെ മുഖ്യമന്ത്രിക്കും പരാതി നൽകി. ''ഞാനുൾപ്പെടുന്ന പല സോഷ്യൽ മീഡിയ വനിതാ ഗ്രൂപ്പുകളിൽ സുജിമോൾ അംഗമായിരുന്നു. കാൻസർ രോഗിയാണെനും സർജറിക്ക് പണമില്ലെന്നും മരിക്കുമെന്നും പറഞ്ഞു പലരിൽ നിന്നും പണം വാങ്ങി. ഇക്കഴിഞ്ഞ ദിവസം അടിയന്തിരമായി കീമോ ചെയ്യുകയും സർജറി ചെയ്യുകയും വേണം, പണമില്ല,അല്ലെങ്കിൽ മരിച്ചു പോകും എന്ന് പറഞ്ഞു എന്നോടും സംസാരിച്ചു. കാൻസറുണ്ടെന്നു വിശ്വസിപ്പിക്കാൻ ചില മെഡിക്കൽ റിപ്പോർട്ടുകളും പലർക്കും തന്നിട്ടുണ്ട്. അത് വിശ്വസിച്ച ഞാൻ എന്റെ ഫേസ് ബുക്ക് അകൗണ്ടിൽ ഇവർക്ക് അടിയന്തിര ചികിത്സക്ക് പണം ആവശ്യമുണ്ടെന്ന രീതിയിൽ മറ്റാരോ തയ്യാറാക്കിയ ഒരു പോസ്റ്റ് ഷെയർ ചെയ്തു. എന്നെ വിശ്വസിക്കുന്ന കുറെ മനുഷ്യർ ശ്രീമോൾക്ക് പണം നൽകി. അവൾ ലേക്ഷോറിൽ അഡ്‌മിറ്റ് ആണെന്നും കീമോ തുടങ്ങി എന്നുമൊക്കെ ഞങ്ങളെ അറിയിച്ചു കൊണ്ടിരുന്നു. എന്നാൽ എന്റെ പോസ്റ്റ് കണ്ടു സംശയം തോന്നിയ ശ്രീമോളുടെ വീടിനടുത്തുള്ള മനുഷ്യർ എന്നെ ഫോണിൽ വിളിച്ചു ശ്രീമോൾക്ക് കാൻസർ ഇല്ലെന്നും നാട്ടിൽ ആർക്കും ഇക്കാര്യം അറിയില്ലെന്നും പറഞ്ഞു. കാൻസർ രോഗിയായി അഭിനയിച്ചു വരികയായിരുന്നു. അത് കേട്ട് വീണ്ടും ആളുകൾ അവളെ വിശ്വസിച്ചു തട്ടിപ്പിൽ വീഴുന്നു. ഇതിൽ നടപടി വേണം- ഇതാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സുനിത ആവശ്യപ്പെട്ടിരുന്നത്.

സുനിതയുടെ ആദ്യ കുറിപ്പ്:

ശ്രീമോൾ മാരാരി നമ്മളുടെയൊക്കെ സുഹൃത്താണു. ക്യാൻസർ ചികിത്സയിലാണു. ഉള്ളതെല്ലാം വിറ്റ് ഇത്രയും നാൾ മുന്നോട്ട് നീങ്ങി...ഇനി ചികിത്സ മുന്നോട്ട് നീങ്ങാൻ നമ്മളുടെയൊക്കെ സഹായം ആവശ്യമുണ്ട്. സർജ്ജറി വേണം. ഒരു 100 രൂപ എങ്കിലും കഴിയുന്നവർ സഹായിക്കുക.

പിന്നീടുള്ള പോസ്റ്റ്

ശ്രീമോൾ മാരാരിയുടെ ചികിത്സക്ക് വേണ്ടി നമ്മൾ പണം പിരിച്ചിരുന്നു. നിങ്ങളെല്ലാം സഹായിച്ചു. ഇപ്പോ ചികിത്സക്ക് അത്യാവശ്യത്തിനുള്ള പണം ആയിട്ടുണ്ട്. നമ്മൾ പിരിവ് തല്ക്കാലം നിര്ത്തുന്നു. പൈസയുടെ കണക്കും കാര്യങ്ങളും ഒക്കെ ശ്രീമോൾ ആശുപത്രിയിൽ നിന്നും വന്നതിനു ശേഷം വിശദമായി പോസ്റ്റ് ഇടാം( ബാങ്ക് സ്റ്റേറ്റ്‌മെന്റും ആശുപത്രി ബില്ലുകളും ഉൾപ്പെടെ). സഹായിച്ച എല്ലാവര്ക്കും നന്ദി ,സ്‌നേഹം ...

ഇങ്ങനെയൊക്കെയല്ലേ നമ്മൾ മനുഷ്യരാവുന്നത്....

ഇതിനു ശേഷമാണ് സുനിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

വ്യാജ രോഗിയാക്കിയത് മാരാരിക്കുളത്തെ സ്വന്തം നാട്ടുകാർ: സുജി മോൾ

ഞാൻ കാൻസർ രോഗിയാണെന്ന് അന്ന് തന്നെ സത്യസന്ധമായി ഞാൻ പറഞ്ഞിരുന്നു. നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രശ്‌നമാണ് എന്നെ വ്യാജ രോഗിയാക്കിയത്. അതിനു പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയമുണ്ട്. വാർഡ് കൗൺസിലറും ഞാനും തമ്മിൽ നിലനിന്ന പ്രശ്‌നങ്ങളുമുണ്ട്. നാട്ടുകാരിൽ ചിലർ ഒന്നടങ്കം ഞാൻ കാൻസർ ബാധിതയല്ലെന്ന് പ്രഖ്യാപിച്ചു കളഞ്ഞു. സിപിഎം പറഞ്ഞതോടെ ഇത് വിശ്വസിക്കാൻ എല്ലാവരും തിരക്കുകൂട്ടി. രോഗിയായ ഞാൻ പറയുന്നത് വിശ്വസിക്കാൻ പലരും തയ്യാറായില്ല. വീട്ടിലും നാട്ടിലും നിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. വ്യാജപണപ്പിരിവ് നടത്തി എന്ന പേരിൽ നിരന്തരം ഭീഷണികളും ആരോപണങ്ങളും വന്നു. മാരാരിക്കുളത്ത് എനിക്ക് വീട്ടിലോ നാട്ടിലോ നിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന തോന്നലാണ് എനിക്ക് വന്നത്. എല്ലാവരും കൂട്ടമായാണ് ആക്രമിച്ചത്.ഒരു സ്ത്രീയെ ഏതൊക്കെ രീതിയിൽ അപകീർത്തിപ്പെടുത്താൻ കഴിയുമോ ആ രീതിയിൽ ഒക്കെ ചിലർ എന്നെ അപകീർത്തിപ്പെടുത്തി. തൈറോയിഡ് കാൻസറുമായി ബന്ധപ്പെട്ടു ലേക്ക്‌ഷോർ ആശുപത്രിയിൽ എനിക്ക് സർജറി പറഞ്ഞിരുന്നു. ആ സർജറിക്ക് സഹായമാണ് തേടിയത്. കാശ് ആ ഘട്ടത്തിൽ പിരിഞ്ഞു കിട്ടിയിരുന്നെങ്കിൽ ലേക്ക്‌ഷോർ ആശുപത്രിയിൽ നിന്ന് സർജറി നടത്താമായിരുന്നു.

ആരോപണം വന്നപ്പോൾ പണം തിരികെ നൽകി

വ്യാജ രോഗി എന്ന് പറഞ്ഞു എല്ലാവരും ആക്രോശിച്ചപ്പോൾ അക്കൗണ്ടിൽ വന്ന കാശ് മിക്കവർക്കും ഞാൻ തിരികെ നൽകി. ഒരു പാട് വ്യാജവാർത്തകൾ വന്നു. ആറു ലക്ഷത്തോളം രൂപ നേരിട്ടും പത്ത് ലക്ഷത്തോളം രൂപ അല്ലാതെയും ലഭിച്ചു എന്നൊക്കെ ആരോപണങ്ങൾ വന്നു. പക്ഷെ സർവേശ്വരൻ സാക്ഷിയായി എന്റെ അക്കൗണ്ടിലേക്ക് വന്നത് മൂന്ന് ലക്ഷത്തി എൺപത്തായ്യിരം രൂപയാണ്.അതിന്റെ ബാങ്ക് ഡീറ്റെയിൽസും എന്റെ കൈവശമുണ്ട്. മൈക്രോ ഫിനാൻസ് ഗ്രൂപ്പുകളിൽ നിന്നും ലോൺ എടുത്തിട്ടുണ്ടായിരുന്നു. ഇവർ എന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇതെല്ലാം ഒരുമിച്ച് ചേർത്തു. അവർ തെറ്റിദ്ധരിക്കപ്പെട്ടതാണോ എന്നും എനിക്ക് അറിയില്ല. മൂന്നു ലക്ഷം രൂപയാണ് മൈക്രോഫിനാൻസ് വഴി ലോൺ എടുത്തത്. അത് മാസത്തിൽ അടച്ചു കൊടുക്കുകയാണ്. എഴുപത് വയസോളം പ്രായമുള്ള ഒരു കണ്ണിനു കാഴ്ചയില്ലാത്ത അമ്മയും കുഞ്ഞുങ്ങളും മാത്രമാണ് വീട്ടിൽ ഉള്ളത്. എനിക്ക് വീട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയായി. എല്ലാം വ്യാജ പ്രചാരണത്തിന്റെ പേരിൽ.

കാൻസർ ട്രീറ്റ്‌മെന്റ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പൈസ പ്രശ്‌നമുള്ളതിനാൽ ലേക്ക് ഷോറിൽ നിന്നും സർജറി നടത്താൻ കഴിയാത്ത പ്രശ്‌നമുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് വന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വന്നു ഓങ്കോളജി സർജനെ കണ്ടു. സർജറി ഡേറ്റ് പിന്നെ നോക്കാം. അതിനു മുൻപ് കുറെ ടെസ്റ്റുകൾ ചെയ്യണം എന്ന് പറഞ്ഞു. മൂന്നു നാല് വിഭാഗത്തിൽ പരിശോധനകൾ വേണ്ടി വന്നു. അതിനൊക്കെ സമയം വന്നു. ഡിസംബർ 17 നു ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യാനാണ് പറഞ്ഞത്. ഡിസംബർ 19 നു സർജറി കഴിഞ്ഞു. ഇപ്പോൾ മൂന്നു മാസമായി വിശ്രമ ത്തിലാണ്. ഫോളോ അപ്പ് വേണം എന്ന് പറഞ്ഞു. തുടർ ചികിത്സ വേണം എന്ന് പറഞ്ഞപ്പോൾ ഫെഡറൽ ബാങ്കുമായി ബന്ധപ്പെട്ടിരുന്നു. ആരോപണം വന്നതിനെ തുടർന്ന് അക്കൗണ്ട് ഫ്രീസ് ആയിരുന്നു. അവർ മാരാരിക്കുളം സ്റ്റെഷനുമായി ബന്ധപ്പെട്ടിരുന്നു. കള്ളത്തരം ഒന്നുമില്ല എന്ന മറുപടിയാണ് നൽകിയത്. മാരാരിക്കുളം പൊലീസ് ബാങ്കിൽ പറഞ്ഞത് ഈ കാര്യം അന്വേഷിച്ചിട്ടുണ്ടെന്നും അക്കൗണ്ട് ഹോൾഡർ കാൻസർ രോഗിയാണെന്നുമാണ്. പൊലീസ് നൽകിയ ഈ വിശദീകരണ പ്രകാരമാണ് എനിക്ക് ഫെഡറൽ ബാങ്കിലെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിഞ്ഞതും തുടർ ചികിത്സ നടത്താനും കഴിഞ്ഞത്. തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ സഹായത്തിനു കത്ത് നല്കിയതും കോട്ടയം മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗമാണ്. അതിന്റെ ലെറ്റർ എന്റെ കൈവശവുമുണ്ട്. എനിക്ക് രോഗമുണ്ടെന്നു കോട്ടയം മെഡിക്കൽ കോളേജ് നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റും കൈവശമുണ്ട്.

പലരും പറയുന്നത് കേട്ട് സുനിത എന്നെ വ്യാജരോഗിയാക്കി

മാരാരിക്കുളത്തെ പ്രശ്‌നങ്ങളിൽ കയറി ഇടപെടുന്ന ശീലമാണ് എനിക്ക് കാൻസർ കാലത്ത് വിനയായി മാറിയത്. എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ടു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തിരുന്നു. ഇത് എനിക്ക് വിനയായി.എനിക്കെതിരെ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും തിരിഞ്ഞു. വാർഡ് മെമ്പറുമായി ചെറിയ പ്രശ്‌നം നിലനിന്നിരുന്നു. കാൻസർ രോഗവുമായി ബന്ധപ്പെട്ടു എന്റെ സഹായ അഭ്യർത്ഥന വന്നപ്പോൾ മിക്കവരും എന്നെ തിരിഞ്ഞു കുത്തി. എനിക്ക് വേണ്ടി സഹായ അഭ്യർത്ഥന നടത്തിയത് മാധ്യമ പ്രവർത്തക സുനിതാ ദേവദാസായിരുന്നു. ഇതോടെയാണ് എനിക്ക് സഹായമായി പണം ലഭിച്ചു തുടങ്ങിയത്. പക്ഷെ ആരൊക്കെയോ സുനിതയെ വിളിച്ചു പറഞ്ഞു. സുജിമോളെ അറിയാം. അവർക്ക് ഒരു പ്രശ്‌നവുമില്ലെന്ന്. ഇതോടെയാണ് എനിക്ക് രോഗമില്ലെന്നും കാൻസർ രോഗമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സഹായാഭ്യർത്ഥന നടത്താൻ മുന്നോട്ട് വന്നതും എന്ന് പറഞ്ഞു സുനിത മുന്നോട്ടു വന്നത്. എനിക്ക് രോഗമില്ലെന്നു പോസ്റ്റ് വന്നു എന്നെ ചിലർ വിളിച്ചു പറഞ്ഞു എന്നൊക്കെ പറഞ്ഞാണ് എന്റെത് വ്യാജരോഗിയുടെ അഭ്യർത്ഥനയായിരുന്നു എന്ന് പറഞ്ഞു സുനിത മുന്നോട്ട് വന്നത്. ആ ഘട്ടത്തിൽ എനിക്ക് രോഗമുണ്ടോ എന്ന് സുനിത സ്വന്തം നിലയിൽ അന്വേഷണം നടത്തേണ്ടിയിരുന്നു. ആരോ എനിക്ക് രോഗമില്ലെന്നു അറിയിച്ചതിന്റെ പേരിലാണ് എനിക്ക് രോഗമില്ലെന്നു സുനിതയും പ്രഖ്യാപിച്ചു കളഞ്ഞത്. താൻ സഹായാഭ്യർഥന നടത്തിയ ആളായതുകൊണ്ട് എനിക്കെതിരെ ആരോപണം വരുമ്പോൾ സുനിത അന്വേഷിക്കേണ്ടതുണ്ടായിരുന്നു. ആ രീതിയിൽ സുനിത അന്വേഷിച്ചില്ല.

നാട്ടുകാർ ഇങ്ങനെ പലതും പറയുന്നുണ്ടെന്ന് സുനിത എന്നെ വിളിച്ച് ചോദിച്ചു. ഞാൻ എന്റെ വിശദാംശങ്ങൾ സുനിതയ്ക്ക് നൽകി. അതിൽ വയസിൽ ചില വ്യത്യാസങ്ങൾ വന്നപ്പോൾ കുറേപ്പേർ അതിൽ തൂങ്ങി ആരോപണം വേറെയും ഉന്നയിച്ചു. എനിക്ക് രോഗമിലെന്ന ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ചിലർ പിന്നെയും നൽകി. എന്റെ ഒപി ടിക്കറ്റ് വെച്ച് അന്വേഷണം നടത്താൻ, എന്റെ രോഗത്തിന്റെ പേപ്പറുകൾ വെച്ച് അന്വേഷണം നടത്താനാണ് ഞാൻ ആവശ്യപ്പെട്ടത്. പക്ഷെ അതിനൊന്നും ആരും തയ്യാറായില്ല. എല്ലാവരും രോഗമില്ല എന്ന വാർത്തയുടെ പിറകെ പോയി. എന്നെക്കുറിച്ചോ എന്റെ കുടുംബത്തെക്കുറിച്ചോ ആരും ചിന്തിച്ചില്ല. നാട്ടുകാർ സത്യാവസ്ഥ എന്റെ വീട്ടിൽ വന്നു തിരക്കേണ്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു ആരും എന്നെ തിരഞ്ഞു വന്നില്ല. എല്ലാവരും അവരാൽ കഴിയുന്ന രീതിയിൽ എന്നെ ദ്രോഹിച്ചു. കുടുംബശ്രീയിലെ ലോൺ മുടങ്ങിയത് വരെ പ്രശ്‌നമായി. ഒന്നും രണ്ടും തവണ ലോൺ മുടങ്ങിയാൽ പ്രശ്‌നമാകുന്നതല്ല. എന്റെ കാര്യത്തിൽ വാർഡ് മെമ്പറുടെ സ്വാധീനം കാരണമാകും കുടുംബശ്രീക്കാരും പ്രശ്‌നമുണ്ടാക്കി.

സത്യാവസ്ഥ വെളിപ്പെടുത്തിയാൽ എല്ലാത്തിനേയും തീർക്കുമെന്ന് ഭീഷണി

എന്നെ ദ്രോഹിക്കാൻ വന്നതല്ല സുനിത എന്റെ അവസ്ഥ അറിഞ്ഞിട്ടു എന്നെ സഹായിക്കാൻ എത്തിയതാണ് സുനിത. സുനിതയുടെ ഗ്രൂപ്പിലെ ആളുകൾ കൂടി എന്നെ സഹായിക്കാൻ എത്തിയിരുന്നു. ഈ ഉദ്യമത്തിലാണ് എനിക്ക് ചികിത്സാ സഹായമായി പണം ലഭിച്ചത്. എന്റെ കുടുംബ പ്രശ്‌നങ്ങൾ ഞാൻ സുനിതയോട് പറഞ്ഞിരുന്നില്ല. പക്ഷെ അങ്ങനെ ഷെയർ ചെയ്തിരുന്നെങ്കിൽ അവർ എന്നെ കുറച്ചു കൂടി ചേർത്തു നിർത്തുമായിരുന്നു. എന്റെത് വ്യാജ സഹായ അഭ്യർത്ഥന എന്ന് സുനിത പോസ്റ്റിട്ട ശേഷം ഒരിക്കലും പിന്നെ സുനിതയെ ബന്ധപ്പെട്ടിട്ടില്ല. സുനിതയെ പിന്തുണയ്ക്കണം എന്നും എതിർക്കണം എന്നും പറഞ്ഞു നിരവധി ഫോൺ കോളുകൾ വന്നിരുന്നു.ഭീഷണി സന്ദേശവും വന്നിരുന്നു. വ്യാജ സഹായാഭ്യർഥന എന്ന് വന്നപ്പോൾ വന്ന ഭീഷണി കോളുകൾ എനിക്ക് സഹിക്കാൻ കഴിയുന്നതും അപ്പുറത്തായിരുന്നു. സുനിതയുടെ പോസ്റ്റ് വന്നശേഷം ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയാൽ കുടുംബത്തിനെ ഒറ്റെയെണ്ണത്തിനെ വച്ചേക്കില്ല എന്നാണ് ഭീഷണി വന്നത്.

സുനിതയുടെ പോസ്റ്റ് ഖണ്ഡിച്ചാൽ, സത്യാവസ്ഥ തുറന്നു പറഞ്ഞാൽ വിവരമറിയും എന്ന രീതിയിൽ തുടരൻ ഭീഷണികളാണ് വന്നത്. കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടില്ലാ എന്നാണ് ഭീഷണി വന്നത്. ഇതോടെയാണ് സുനിതയുടെ എന്റെത് വ്യാജ സഹായാഭ്യർഥന എന്ന പോസ്റ്റ് വന്നശേഷം ഞാൻ മിണ്ടാതിരുന്നത്. ഒരു സ്ത്രീ ഒരിക്കലും കേൾക്കാൻ ഇഷ്ടപ്പെടാത്ത വിധത്തിലുള്ള പുരുഷന്മാരുടെ തെറി വിളികളാണ് ഫോൺ വഴി എത്തിയത്. ലഭിച്ച പണം എല്ലാവർക്കും തിരികെ നൽകാനും ഞാൻ തീരുമാനമെടുത്തു. എല്ലാം എനിക്ക് നേരെ വന്ന നിരന്തരഭീഷണികൾ കാരണമാണ്. സുനിതയുടെ പോസ്റ്റ് വന്ന ശേഷം യഥാർത്ഥ കാൻസർ രോഗിയാണ് എന്ന് വെളിപ്പെടുത്താത്തതാണ് എനിക്ക് പ്രശ്‌നമായത്. ചിലർ വിളിച്ചു ഫിറോസ് കുന്നുംപറമ്പിലിനെ വിളിച്ച് കാര്യം അറിയിക്കാൻ പറഞ്ഞിരുന്നു.പക്ഷെ ഞാൻ ഒന്നും ചെയ്തില്ല. സുനിതാ ദേവദാസിനെ മോശമാക്കാൻ ഫിറോസ് കുന്നുംപറമ്പിൽ ചെയ്യിപ്പിച്ചതാണ് ഇതെല്ലാം എന്നും പറയാനും ചിലർ ആവശ്യപ്പെട്ടു. അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യം എനിക്കില്ലെന്നും അവരോടു ഞാൻ തീർത്ത് പറഞ്ഞു. എന്റെ പേരിൽ വന്ന വ്യാജ ആരോപണങ്ങൾ അതിന്റെ സത്യാവസ്ഥ ഇനിയെങ്കിലും കേരളം അറിയണം. ഈ ഉദ്ദേശ്യത്തോടെയാണ് ഞാൻ മറുനാടനെ സമീപിച്ചത്-സുജിമോൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP