Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരുന്നു വാങ്ങാൻ പോകുന്ന നിങ്ങളെ പൊലീസ് വഴിയിൽ തടയുന്നു; ചോദിക്കുകയോ പറയുകയോ ചെയ്യാതെ തട്ടിക്കയറുന്നു; വണ്ടിയുടെ കാറ്റഴിച്ചുവിടാൻ ശ്രമിക്കുന്നു; ഒപ്പം പൊലീസിനോട് തട്ടിക്കയറുന്ന അനാവശ്യസഞ്ചാരികളും; ലോക് ഡൗൺ കാലത്ത് സംഭവിക്കുന്നത് എന്ത്? വൈശാഖൻ തമ്പി എഴുതുന്നു

മരുന്നു വാങ്ങാൻ പോകുന്ന നിങ്ങളെ പൊലീസ് വഴിയിൽ തടയുന്നു; ചോദിക്കുകയോ പറയുകയോ ചെയ്യാതെ തട്ടിക്കയറുന്നു; വണ്ടിയുടെ കാറ്റഴിച്ചുവിടാൻ ശ്രമിക്കുന്നു; ഒപ്പം പൊലീസിനോട് തട്ടിക്കയറുന്ന അനാവശ്യസഞ്ചാരികളും; ലോക് ഡൗൺ കാലത്ത് സംഭവിക്കുന്നത് എന്ത്? വൈശാഖൻ തമ്പി എഴുതുന്നു

വൈശാഖൻ തമ്പി

ലോക് ഡൗണാണ്. നിങ്ങൾക്ക് മരുന്ന് വാങ്ങേണ്ട ആവശ്യമുണ്ട്. നിങ്ങൾ ബൈക്കോ കാറോ എടുത്ത് പുറത്തേയ്ക്കിറങ്ങുന്നു. അതാ, വഴിയിൽ പൊലീസ് തടയുന്നു. നിങ്ങൾക്ക് ന്യായമായ കാരണമുണ്ട് പുറത്തിറങ്ങാൻ. അത് ബോധ്യപ്പെടുത്തി പോകാമല്ലോ എന്ന ആത്മവിശ്വാസത്തിലാണ് നിങ്ങൾ. പക്ഷേ ചോദിക്കുകയോ പറയുകയോ ചെയ്യാതെ, പൊലീസുകാർ നിങ്ങളോട് തട്ടിക്കയറുന്നു, നിങ്ങളുടെ വണ്ടിയുടെ കാറ്റഴിച്ചുവിടാൻ ശ്രമിക്കുന്നു. സ്വാഭാവികമായും നിങ്ങൾക്ക് ദേഷ്യം വരുന്നു. അതോടെ, പൊലീസുകാർ നിങ്ങളെ കൈയേറ്റം ചെയ്യാൻ തുടങ്ങുന്നു... ഇത്രയുമായാൽ നിങ്ങളുടെ വികാരം എന്തായിരിക്കും? സ്വാഭാവികമായും, നാട്ടിലെ സകലപൊലീസുകാരേയും, മന്ത്രിമാരേയും, കളക്ടർമാരേയും എന്നിങ്ങനെ ഈ ലോക്ക് ഡൗണിന് പിന്നിൽ പ്രവർത്തിക്കുന്ന സകലരോടും നിങ്ങൾക്ക് കടുത്ത ദേഷ്യം വരും. നിങ്ങളത് സമൂഹമാധ്യമത്തിലൂടെ എല്ലാവരേയും അറിയിക്കാനും ശ്രമിക്കും.

ഇനി, നിങ്ങളൊരു പൊലീസുകാരനാണ്. രാവിലെ മുതൽ വെയിലത്ത് നിന്ന് അനാവശ്യമായി റോഡിലിറങ്ങുന്നവരെ തടയാൻ ശ്രമിക്കുകയാണ്. നിരവധി പേർ വരുന്നു, ന്യായമായ കാരണമുള്ളവരെ നിങ്ങൾ കടത്തിവിടുന്നു, അല്ലാത്തവരെ തിരിച്ചയക്കുന്നു. അവരിൽ തന്നെ നല്ലൊരു പങ്കും നിങ്ങൾ പറഞ്ഞതനുസരിച്ച് തിരിച്ചുപോകുന്നു. പക്ഷേ അവരിൽ ഒരു സംഘം നിങ്ങളോട് കയർക്കുന്നു, കൈയേറ്റത്തിന് വരുന്നു. നിങ്ങൾ തെറിവിളിച്ചോ, തിരിച്ച് കൈയാങ്കളി നടത്തിയോ അത് സെറ്റിൽ ചെയ്യുന്നു. അടുത്ത് വരുന്ന വാഹനത്തോട്, ആ സംഭവത്തിന് മുൻപ് വന്ന വാഹനങ്ങളോട് കാണിച്ച അതേ സമീപനമായിരിക്കുമോ, അതോ വ്യത്യാസമുണ്ടാവുമോ?

ഞാനൊരു അദ്ധ്യാപകനാണ്. കഷ്ടപ്പാടുകൾ സഹിച്ച് വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ ക്ലാസ് വെച്ചിട്ട്, അമ്പത് പേരുള്ള ക്ലാസ്സിൽ അഞ്ച് പേർ മാത്രം വന്നത് കണ്ട് വരാത്ത നാല്പത്തഞ്ച് പേരോടുള്ള ദേഷ്യം മൊത്തം, വന്ന അഞ്ച് പേരോട് പുറത്തെടുക്കുന്ന അദ്ധ്യാപകരെയാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത്. നിങ്ങളെ ആരെങ്കിലും പുറത്തൂന്ന് പൂട്ടിയിട്ടാൽ, കുറേ നേരം കഴിഞ്ഞ് അത് തുറന്നുതരുന്ന ആളോടായിരിക്കും ചിലപ്പോൾ നിങ്ങൾ പൂട്ടിയിട്ടവരോടുള്ള ദേഷ്യം തീർക്കുന്നത്. ഇതൊന്നും യുക്തിപരമായ കാര്യങ്ങളല്ലാന്ന് പിന്നീട് നമുക്ക് മനസിലായേക്കുമെന്നേയുള്ളൂ.

പറഞ്ഞുവന്നത്, നമ്മളെല്ലാം മനുഷ്യരാണ്. എല്ലാവരും എന്നുപറഞ്ഞാൽ, പൊലീസും കളക്ടറും മന്ത്രിയും ഞാനും നിങ്ങളുമെല്ലാം. അപ്പോഴും നമ്മൾ പല തരക്കാരാണ്. അത് പൊലീസായാലും പട്ടാളമായാലും ബൈക്കിൽ വരുന്ന ആളായാലും കാറിൽ വരുന്ന ആളായാലും ഒക്കെ. എല്ലാ കൂട്ടരിലും സ്വഭാവ വൈകല്യമുള്ളവരുമുണ്ടാകും. പക്ഷേ മുന്നിലുള്ള പ്രശ്‌നം മറന്ന്, സംഭവങ്ങൾ സാമാന്യവൽക്കരണത്തിലേയ്ക്ക് പോകാതെ നാം നോക്കേണ്ടതുണ്ട്. നാം മൂന്നരക്കോടിയാണ് എണ്ണം. എല്ലാവരും ഒരേ പ്രശ്‌നവുമായി ബന്ധപ്പെട്ട് കിടക്കുകയുമാണ്. പതിനായിരത്തിലൊരു വിഭാഗം ആളുകൾ പ്രശ്‌നക്കാരായാൽ മതി, നമ്മുടെ ന്യൂസ് ഫീഡ് മുഴുവൻ പ്രശ്‌നവാർത്തകളായിരിക്കും.

മീഡിയയിൽ (മാസ് മിഡിയയും സോഷ്യൽ മീഡിയയും ഉൾപ്പടെ) വരുന്ന സംഭവങ്ങൾ പ്രാതിനിധ്യസ്വഭാവമുള്ളവയല്ല. ആയിരം പട്ടികൾ മനുഷ്യനെ കടിക്കുമ്പോൾ പട്ടിയെ കടിക്കുന്ന ഒരു മനുഷ്യനാവും വാർത്തയിൽ വരിക എന്നോർക്കണം. പൊലീസിനോട് തട്ടിക്കയറുന്ന അനാവശ്യസഞ്ചാരികളും, ന്യായമുള്ള യാത്രക്കാരോട് തട്ടിക്കയറുന്ന പൊലീസുകാരും വാർത്തയായിട്ടുണ്ട്. പക്ഷേ ഇത് രണ്ടും, പൊതുജനത്തെ മൊത്തം ഉത്തരവാദിത്വബോധമില്ലാത്തവരായി കണക്കാക്കാനോ, പൊലീസുകാരെ മൊത്തം ചട്ടമ്പിമാരായി കണക്കാക്കാനോ ഉള്ള കാരണമാക്കാതെ നോക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP