Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വൈദ്യരെ അറസ്റ്റ് ചെയ്തതിന് പറയുന്ന ന്യായം കൊറോണയ്ക്ക് ചികിൽസിച്ചെന്ന കുറ്റം; പുറത്തു വിട്ട കോവിഡ് രോഗികളുടെ റൂട്ട് മാപ്പിൽ ഒന്നും പീച്ചിയിലെ ആശുപത്രിയിൽ എത്തിയവർ ആരുമില്ല; വൈറസ് ബാധയെന്ന് സംശയിച്ച് ക്വാറെന്റൈനിലാക്കാനുള്ള നീക്കവും ചികിൽസകനെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപണം; കോടതി അവധിയായതിനാൽ മോഹനൻ വൈദ്യർക്ക് ഉടനൊന്നും ജാമ്യവും കിട്ടില്ല; പീച്ചി പൊലീസും ആരോഗ്യ വകുപ്പും പാരമ്പര്യ ചികിൽസകനെ വിടാതെ പിന്തുടരുമ്പോൾ

വൈദ്യരെ അറസ്റ്റ് ചെയ്തതിന് പറയുന്ന ന്യായം കൊറോണയ്ക്ക് ചികിൽസിച്ചെന്ന കുറ്റം; പുറത്തു വിട്ട കോവിഡ് രോഗികളുടെ റൂട്ട് മാപ്പിൽ ഒന്നും പീച്ചിയിലെ ആശുപത്രിയിൽ എത്തിയവർ ആരുമില്ല; വൈറസ് ബാധയെന്ന് സംശയിച്ച് ക്വാറെന്റൈനിലാക്കാനുള്ള നീക്കവും ചികിൽസകനെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപണം; കോടതി അവധിയായതിനാൽ മോഹനൻ വൈദ്യർക്ക് ഉടനൊന്നും ജാമ്യവും കിട്ടില്ല; പീച്ചി പൊലീസും ആരോഗ്യ വകുപ്പും പാരമ്പര്യ ചികിൽസകനെ വിടാതെ പിന്തുടരുമ്പോൾ

എം മനോജ് കുമാർ

തൃശൂർ: കൊറോണയുടെ പേരിൽ ചികിത്സ നടത്തി എന്നാരോപിച്ച് വന്ന കേസിന്റെ പേരിൽ തൃശൂർ ജില്ലാ ജയിലിൽ റിമാൻഡിൽ തുടരുന്ന മോഹനൻ വൈദ്യർ ഭരണകൂട ഭീകരതയുടെ ഇരയെന്ന ആരോപണം ഉയരുന്നു. കൊറോണയ്ക്ക് ചികിത്സ നടത്തി എന്ന ആരോപണത്തിന്റെ പേരിലാണ് മോഹനൻ വൈദ്യർ ജയിലിലാകുന്നത്. ആർക്കാണ് ചികിൽസ നടത്തിയതെന്ന് ഔദ്യോഗിക സംവിധാനങ്ങളൊന്നും വിശദീകരിക്കുന്നില്ല. മോഹനൻ വൈദ്യരുടെ ചികിൽസ തേടിയ ആരും സർക്കാരിന്റെ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിലോ ആശുപത്രിയിലോ ഇല്ലെന്നതും മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിലാണ് കൊറോണ ചികിൽസയുടെ പേരിലാണോ മോഹനൻ വൈദ്യർ അകത്തായതെന്ന സംശയം ഉയരുന്നത്.

കൊറോണയ്ക്ക് ഉൾപ്പെടെ തന്റെ കൈയിൽ ചികിൽസയുണ്ടെന്ന് മോഹനൻ വൈദ്യർ പറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതിനെ കുറ്റമായി വ്യാഖ്യാനിക്കാം. അതിൽ അപ്പുറം ഒരു കുറ്റവും മോഹനൻ വൈദ്യർ ചെയ്തിട്ടില്ല. ഇത്തരത്തിലൊരു വ്യക്തിയെ കൊറോണ ക്വാറന്റൈനിലേക്ക് മാറ്റാൻ നീക്കം നടത്തുന്നതും സംശയങ്ങൾക്ക് ഇട നൽകുന്നുവെന്ന് പാരമ്പര്യ വൈദ്യരിൽ ഒരു വിഭാഗം സംശയിക്കുന്നുണ്ട്. ജാമ്യം നൽകേണ്ട കുറ്റം മാത്രം ചെയ്ത മോഹനൻ വൈദ്യരെ എന്തിനാണ് ജയിലിൽ തളയ്ക്കുന്നതെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. കോടതികൾ ഇല്ലാത്തതിനാൽ വൈദ്യർക്ക് ജാമ്യം ലഭിക്കുന്നില്ല. വൈദ്യർക്ക് ജാമ്യം നൽകുന്നതിനെതിരെ വളരെ ശക്തമായ നിലപാടാണ് സർക്കാർ അഭിഭാഷർ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ നേരെ ജയിലിൽ പോകേണ്ടിയും വന്നു.

ഇപ്പോൾ സെല്ലിൽ ഉള്ളവർക്ക് പനി വന്നു എന്ന പേരിൽ വൈദ്യരെ ക്വാറന്റൈൻ ചെയ്യാനായി ആലുവ സബ് ജയിലിലേക്ക് അയക്കാനുള്ള നീക്കവും നടക്കുകയാണ്. തൃശൂർ ഡിഎംഒയും ആയുർവേദ ഡിഎംഒയും സംയുക്തമായി നൽകിയ റിപ്പോർട്ടിന്റെ പേരിലാണ് ചികിത്സ നടത്തിയിരുന്ന പരബ്രഹ്മം ആശുപത്രിയിൽ നിന്ന് പീച്ചി പൊലീസ് മാർച്ച് പതിനേഴിന് വൈദ്യരെ അറസ്റ്റ് ചെയ്തത്. കൊറോണ രോഗിക്ക് ചികിത്സ നടത്തിയതിനാണ് അറസ്റ്റ് എന്ന രീതിയിലാണ് തൃശൂർ ഡിഎംഒ അടക്കമുള്ളവർ വിവരം പുറത്ത് വിട്ടത്. കൊറോണയുടെ മറവിൽ വൈദ്യരെ പൂട്ടാനുള്ള ആസൂത്രിതമായ നീക്കമാണ് അറസ്റ്റിലേക്ക് വഴി തെളിച്ചത് എന്നാണ് ആരോപണം. വൈദ്യർ കൊറോണ രോഗിക്ക് ചികിത്സ നൽകിയില്ല.

കൊറോണയ്ക്ക് ചികിത്സ നടത്തുന്നു എന്നാരോപിച്ച് ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആൾമാറാട്ടം, വഞ്ചിക്കൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് വന്നത്. ഇതാണ് ഭരണകൂടഭീകരതയ്ക്ക് മോഹനൻ വൈദ്യർ ഇരയാകുന്നോ എന്ന സംശയം ഉയർത്തുന്നത്. വൈദ്യർ ചികിൽസിച്ച കൊറോണ രോഗി ഇല്ലാത്തതാണ് ഇതിന് കാരണം. കൊറോണയ്ക്ക് വൈദ്യർ ചികിത്സ നടത്തിയെങ്കിൽ ആ കൊറോണ രോഗി ആരാണ്? കൊറോണയുടെ പേരിൽ ചികിത്സ നടത്തി എന്ന് വന്നാൽ ആ രോഗിയെ ആദ്യം ആരോഗ്യവകുപ്പ് ഐസലേഷനിൽ ആക്കണമായിരുന്നു. വൈദ്യർ ചികിത്സ നടത്തിയതിന്റെ പേരിൽ ഒരു കൊറോണ രോഗിയെയും ഐസലേഷനിൽ പ്രവേശിപ്പിച്ചിട്ടില്ല.

അങ്ങനെയെങ്കിൽ വൈദ്യരെ ആദ്യം ഐസലേഷനിൽ ആക്കുമായിരുന്നു. കൊറോണ രോഗമുള്ളവരുടെ റൂട്ട് മാപ്പ് സർക്കാർ പുറത്തു വിട്ടിട്ടുണ്ട്. ഇങ്ങനെ പുറത്തു വന്ന റൂട്ട് മാപ്പിൽ ഒന്നും മോഹനൻ വൈദ്യരുടെ അടുത്ത് ഒരു രോഗിയും എത്തിയതായി പറയുന്നില്ല. അതിൽ നിന്നു തന്നെ മോഹനൻ വൈദ്യറുടെ അടുത്തുകൊറോണ രോഗികൾ എത്തിയിട്ടില്ലെന്നും വ്യക്തമാണ്. വൈദ്യരെ അറസ്റ്റ് ചെയ്ത പീച്ചി പൊലീസ് തന്നെ പറയുന്നത് രണ്ടു ഡിഎംഒമാർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് വൈദ്യരെ അറസ്റ്റ് ചെയ്തതെന്നാണ്. കൊറോണ രോഗിയെ ചികിത്സിക്കാത്ത വൈദ്യർ ഈ രീതിയിൽ വന്ന ആരോപണത്തിന്റെ പേരിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നു.

വൈദ്യർ കിടന്നിരുന്ന സെല്ലിലെ രണ്ടു പേർക്ക് പനി വന്നു. ഇവരെ കൊറോണ സംശയിച്ച് ആലുവ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കൊറോണ സംശയം ഉന്നയിച്ച് വൈദ്യരെയും ആലുവ സബ് ജയിലിൽ ഐസലേഷെനിൽ ആക്കാനാണ് ശ്രമം നടക്കുന്നത്. വൈദ്യർക്ക് ഒപ്പം സെല്ലിൽ ഉള്ളവർക്ക് കൊറോണ ബാധിച്ചിട്ടില്ല. പക്ഷെ പനി വരുമ്പോൾ കൊറോണയാണോ എന്ന സംശയം കൊണ്ടാണ് ഐസലേഷനീലേക്ക് പ്രതികളെ മാറ്റുന്നത്. നിലവിൽ ആലുവ സബ് ജയിലിലാണ് കൊറോണ ഐസലേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് വൈദ്യരെയും ഐസലേഷനിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

മോഹനൻ വൈദ്യർ അറസ്റ്റിലാകുന്ന ദിവസം തൃശൂർ ആരോഗ്യവകുപ്പ് അധികൃതർ പരബ്രഹ്മം ആശുപത്രിയിൽ റെയിഡ് നടത്തിയിരുന്നു. ഒന്നും പിടിച്ചെടുത്തില്ലെങ്കിലും പരിശോധന രാത്രി വരെ തുടർന്നു. വൈദ്യരെ കാണാൻ അന്ന് രോഗികൾ ഒരുപാട് പേർ എത്തിയിരുന്നു. ഈ രോഗികളുടെ മൊഴിയും ആരോഗ്യവകുപ്പ് അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യർ വ്യാജ ചികിത്സ നടത്തുന്നു എന്ന ആരോപണം സ്ഥിരീകരിക്കാൻ വേണ്ടിയുള്ള തെളിവുകളാണ് പൊലീസ് തേടിയത്. രോഗികളെ ആശുപത്രിയിൽ നിന്ന് പരിശോധിക്കുക മാത്രമാണ് വൈദ്യർ ചെയ്തത്.

പഴുതടച്ച് വൈദ്യരെ പൊക്കുക എന്ന ശ്രമത്തോടെ നടന്ന നീക്കങ്ങളാണ് അറസ്റ്റ് ദിവസം നടന്നത്. ഡിഎംഒയുടെ പരാതിയെ തുടർന്നാണ് വൈദ്യരെ അറസ്റ്റ് ചെയ്തത് എന്നാണ് പീച്ചി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞത്. ആരോഗ്യവകുപ്പിന്റെ പരാതി പ്രകാരം ഞങ്ങൾ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ ചികിത്സ നടത്തി എന്നതിന്റെ പേരിലാണ് വൈദ്യരെ അറസ്റ്റ് ചെയ്തത്. കൊറോണയ്ക്ക് ചികിത്സ നടത്തി എന്നതിന്റെ പേരിൽ ഡിഎംഒയ്ക്ക് പരാതി വന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടു ഡിഎംഒമാരുടെ നേതൃത്വത്തിൽ പരബ്രഹ്മ ആശുപത്രിയിൽ റെയിഡ് നടന്നത്. കൊറോണ രോഗികൾ അല്ല വിവിധ രോഗങ്ങൾക്ക് വൈദ്യരെ കണ്ടു ചികിത്സ തേടുന്ന രോഗികൾ ആണ് ആരോഗ്യവകുപ്പ് ആശുപത്രിയിൽ എത്തുമ്പോൾ അവിടെ ഉണ്ടായിരുന്നത്. ഇവരിൽ നിന്നെല്ലാം ആരോഗ്യവകുപ്പ് മൊഴിയെടുത്തിട്ടുണ്ട്.

കൊറോണയുടെ പേരിൽ വൈദ്യരെ മാനസികമായി തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണു ആരോപണം ഉയരുന്നത്. എന്നാൽ വൈദ്യരെ ആലുവ ജയിലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നെന്ന വാർത്തകൾ തൃശൂർ ജില്ലാ ജയിൽ അധികൃതർ മറുനാടനോട് നിഷേധിച്ചു. വൈദ്യരെ മാറ്റാൻ നിലവിൽ ശ്രമങ്ങളില്ല. വൈദ്യർക്ക് കൊറോണ ബാധയോ അതുമായി വന്ന ലക്ഷണങ്ങളോ ഒന്നുമില്ല. പിന്നെയെന്തിന് വൈദ്യരെ മാറ്റണം. പക്ഷെ ഈ രീതിയിൽ വാർത്തകൾ വരുന്നുണ്ട്. വൈദ്യർക്ക് ഒപ്പം സെല്ലിൽ കിടന്നിരുന്ന ഒന്ന് രണ്ടുപേർക്ക് പനി വന്നിട്ടുണ്ട്. അവരെ ആലുവ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇതായിരിക്കാം വൈദ്യരേയും മാറ്റുമെന്ന വാർത്തകൾക്ക് പിന്നിൽ-തൃശൂർ ജയിൽ അധികൃതർ പറയുന്നു.

എന്നാൽ ഇതിനു കടകവിരുദ്ധമായ നീക്കങ്ങൾ നടക്കുന്നു എന്നാണ് സൂചന. മോഹനൻ വൈദ്യരെ മാറ്റണമെന്ന ആവശ്യം ഇന്നു തൃശൂർ ഡിഎംഒ ഡോ. കെ.ജെ. റീന രേഖാമൂലം സൂപ്രണ്ടിനെ അറിയിച്ചേക്കുമെന്ന് മനോരമയിൽ വാർത്ത വന്നത് ഇതിന് തെളിവാണ്. തെളിവെടുപ്പിനായി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കോവിഡ് സംശയിക്കുന്ന തടവുകാരുമായി അദ്ദേഹം ഇടപെട്ടുവെന്നു ജയിൽ അധികൃതർ രേഖാമൂലം കോടതിയെ അറിയിച്ചതിനാൽ കസ്റ്റഡി അപേക്ഷ തള്ളിയിരുന്നു. ഇതാണ് ഐസലേഷനിലേക്ക് വൈദ്യരെ മാറ്റിയേക്കും എന്ന സൂചന നിലനിർത്തുന്നത്.

നിലവിൽ കേരളത്തിലെ വിവാദചികിത്സകനാണ് മോഹനൻ വൈദ്യർ. അശാസ്ത്രീയ ചികിത്സയാണ് വൈദ്യർ നടത്തുന്നത് എന്നാണ് ആരോഗ്യരംഗത്തെ വൈദ്യരുടെ എതിരാളികൾ ഉയർത്തുന്ന ആക്ഷേപം. നിപ്പാ കാലത്തും ആരോഗ്യവകുപ്പിനെ വിമർശിച്ചതിന്റെ പേരിൽ വൈദ്യർ വിവാദ കഥാപാത്രമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP