Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക് ഡൗണിൽ മൊബൈൽ ഫോണിൽ സംസാരിച്ച് ഉലകം ചുറ്റിയ എസ് എഫ് ഐ നേതാവിനെ അറസ്റ്റ് ചെയ്തതിൽ സഖാക്കൾക്ക് അമർഷം; പാറശ്ശാലയിൽ ഡിവൈഎഫ്ഐക്കാരെ മർദ്ദിച്ചെന്ന് സിപിഎം ആരോപിച്ച എസ് ഐയ്ക്ക് ഗുഡ് സർവ്വീസ് എൻട്രി! കൊറോണക്കാലത്ത് പൊലീസിനെ രാഷ്ട്രീയ മുക്തമാക്കി പിണറായി; ഇനി പുറത്തിറങ്ങിയാൽ അറസ്റ്റും തല്ലും ഉറപ്പ്; ഐടി പാർക്കുകൾ എല്ലാം അടച്ചു; ആശങ്ക ചരക്ക് നീക്കത്തിലും; കോവിഡിനെ കേരളം ചെറുത്തു തോൽപ്പിക്കുമ്പോൾ

ലോക് ഡൗണിൽ മൊബൈൽ ഫോണിൽ സംസാരിച്ച് ഉലകം ചുറ്റിയ എസ് എഫ് ഐ നേതാവിനെ അറസ്റ്റ് ചെയ്തതിൽ സഖാക്കൾക്ക് അമർഷം; പാറശ്ശാലയിൽ ഡിവൈഎഫ്ഐക്കാരെ മർദ്ദിച്ചെന്ന് സിപിഎം ആരോപിച്ച എസ് ഐയ്ക്ക് ഗുഡ് സർവ്വീസ് എൻട്രി! കൊറോണക്കാലത്ത് പൊലീസിനെ രാഷ്ട്രീയ മുക്തമാക്കി പിണറായി; ഇനി പുറത്തിറങ്ങിയാൽ അറസ്റ്റും തല്ലും ഉറപ്പ്; ഐടി പാർക്കുകൾ എല്ലാം അടച്ചു; ആശങ്ക ചരക്ക് നീക്കത്തിലും; കോവിഡിനെ കേരളം ചെറുത്തു തോൽപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങി പിടിയിലായ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയ്‌ക്കെതിരായ നടപടിയിലൂടെ പൊലീസ് നൽകുന്നത് ആരായാലും മുഖം നോക്കാതെ നടപടി വരുമെന്ന സന്ദേശം. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് നിർദ്ദേശം ലംഘിച്ചതിന് പുറമെ റിയാസ് മൊബൈൽ ഫോണിൽ സംസാരിച്ച് സ്‌കൂട്ടർ ഓടിക്കുകയും ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചുവെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്. ഇത് വാർത്തയായത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ ആരായാലും കർശന നടപടി എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശമുള്ളത് പൊലീസിന് തുണയായി. എസ് എഫ് ഐ നേതാവാണെന്ന് പറഞ്ഞിട്ടും റിസായ് വഹാബിനെതിരെ പൊലീസ് നടപടി എടുക്കുകയായിരുന്നു.

ഇതിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദിച്ചെന്ന് ആരോപിച്ച് സിപിഎം നേതാക്കൾ നടപടി ആവശ്യപ്പെട്ട എസ്‌ഐക്കു മണിക്കുറുകൾക്കുള്ളിൽ ആഭ്യന്തര വകുപ്പിന്റെ ഗുഡ് സർവീസ് എൻട്രി. പാറശാല എസ്‌ഐ ശ്രീലാൽ ചന്ദ്രശേഖരൻ, മൂന്ന് പൊലീസുകാർ എന്നിവർക്കാണ് കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയെന്ന് കാണിച്ച് ഇന്നലെ വൈകിട്ട് ബഹുമതി നൽകി ഡിഐജിയുടെ ഉത്തരവെത്തിയത്. ചൊവ്വ രാത്രി 7.30ന് നടുത്തോട്ടം ചാനലിനു സമീപം കൂട്ടമായി നിന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ പരുഷമായി പ്രതികരിച്ചതോടെയാണ് തുടക്കം. ഇതോടെ പൊലീസ് കൂടിനിന്നവരെ വിരട്ടിയോടിച്ചു. കഴുത്തിൽ ലാത്തി കൊണ്ട് മർദിച്ചെന്ന് കാണിച്ച് സംഘത്തിലുണ്ടായിരുന്ന നടുത്തോട്ടം സ്വദേശി ശ്രീജുവിന്റെ പരാതിയിൽ ഭരണപക്ഷനേതാക്കൾ ഇടപെട്ടതോടെ സംഭവം വിവാദമായി.

അകാരണമായി ലാത്തിച്ചർജ് നടത്തിയ എസ്‌ഐക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കൾ പ്രദേശത്ത് തടിച്ചുകൂടി. ഇതോടെ നെയ്യാറ്റിൻകര ഡിവൈഎസ്‌പി സ്ഥലത്തെത്തി. രാത്രി തന്നെ എസ്‌ഐയുടെ മൊഴിയും രേഖപ്പെടുത്തി. എന്നാൽ എസ്‌ഐക്കെതിരെ നടപടിക്കുള്ള നീക്കം ശക്തമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു. ഒടുവിലാണ് ഗുഡ് സർവീസ് എൻട്രി എത്തിയത്. ഇതും സിപിഎമ്മിനെ വെട്ടിലാക്കി.

പുറത്തിറങ്ങിയാൽ അറസ്റ്റ്

ലോക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു മുതൽ കർശന നടപടിക്കു പൊലീസ്. വ്യക്തമായ കാരണമില്ലാതെയോ നിർദ്ദേശം അവഗണിച്ചോ യാത്ര ചെയ്യുന്നവരെ അറസ്റ്റ് ചെയ്യും. സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സത്യവാങ്മൂലം ഹാജരാക്കിയാലേ യാത്ര തുടരാൻ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ച ശേഷം പൊലീസ് തിരിച്ചുനൽകും. യാത്ര ചെയ്യുന്ന ആൾ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

അനാവശ്യ യാത്രക്കാരെന്നു കണ്ട 2535 പേർക്കെതിരെ കേസെടുത്തു. 1636 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. രണ്ടു ദിവസത്തിനിടെ കേസെടുത്തവർ 4396 ആയി. ഡ്രൈവർക്കു പുറമേ ഒരാളെ കൂടി മാത്രമേ വാഹനത്തിൽ കൊണ്ടുപോകാൻ പാടുള്ളൂവെന്ന വ്യവസ്ഥ, കിടപ്പു രോഗികളെയും മറ്റും കൊണ്ടുപോകുന്നതിൽ ഇളവുവരുത്തി. സ്വകാര്യ ആശുപത്രി ഡോക്ടർമാരും നഴ്‌സുമാരും ജീവനക്കാരും, ആംബുലൻസ് ഡ്രൈവർമാർ, ജീവനക്കാർ, മെഡിക്കൽ ഷോപ്പ്‌ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്‌നീഷ്യന്മാർ, ഡേറ്റ സെന്റർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്‌സ്, സ്വകാര്യ സുരക്ഷാ ജീവനക്കാർ, പാചകവാതക വിതരണക്കാർ, പെട്രോൾ ബങ്ക് ജീവനക്കാർ എന്നിവരെ പൊലീസ് പാസിൽനിന്ന് ഒഴിവാക്കി. ഇവർക്കു സ്വന്തം സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് മതി

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ ചൊവ്വ, ബുധൻ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് 338 കേസുകൾ. ഇടുക്കിയിൽ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത കാസർകോട് ആണ് പിന്നിൽ.

ഐടി പാർക്കുകൾ അടച്ചു

സംസ്ഥാനത്തെ ഐടി പാർക്കുകളും അടച്ചു. കാക്കനാട് ഇൻഫോപാർക്ക്, സ്മാർട് സിറ്റി, തിരുവനന്തപുരം ടെക്‌നോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് തുടങ്ങിയവയിലെല്ലാം അപൂർവം ജീവനക്കാർ ഒഴികെ ബാക്കിയെല്ലാവരും 'വർക് ഫ്രം ഹോം' രീതിയിലേക്കു മാറിക്കഴിഞ്ഞു. എന്നാൽ, കമ്പനികളുടെ പ്രവർത്തനം മുടങ്ങാതിരിക്കാൻ നിർബന്ധമായി ഓഫിസുകളിൽ നേരിട്ട് എത്തേണ്ട ജീവനക്കാരെ യാത്രാ വിലക്കുകൾ വലയ്ക്കുകയാണ്.ഐടി കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്‌കോം ഓരോ കമ്പനികളിൽ നിന്ന് ഓഫിസുകളിൽ നിർബന്ധമായി എത്തേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കിവരികയാണ്. ഈ പട്ടിക സംസ്ഥാന ഐടി വകുപ്പിനു കൈമാറും.

ഈ ജീവനക്കാർക്കു മതിയായ യാത്രാ രേഖകൾ അനുവദിക്കുമെന്നാണു പ്രതീക്ഷ. സെർവർ - സിസ്റ്റം- പവർ മെയിന്റനൻസ്, ഫയർ സേഫ്റ്റി തുടങ്ങിയ മേഖലകളിലെ പ്രഫഷനലുകളുടെ സാന്നിധ്യമില്ലാതെ കമ്പനികൾക്കു പ്രവർത്തിക്കാൻ കഴിയില്ല. ഐടി അവശ്യ സേവന വിഭാഗത്തിൽപ്പെടുന്നില്ലെങ്കിലും ബാങ്കുകളും ആശുപത്രികളും ഉൾപ്പെടുന്ന അവശ്യ സേവന മേഖലകളുടെ ബാക്ക് സപ്പോർട്ട് ഐടി കമ്പനികളാണ്. സ്വാഭാവികമായി അവ പ്രവർത്തിച്ചേ മതിയാകൂ.

ഇൻഫോപാർക്കും സ്മാർട് സിറ്റിയും ഉൾപ്പെടുന്ന കൊച്ചി ഐടി ഹബിൽ ജോലി ചെയ്തിരുന്നത് 55,000 പ്രഫഷനലുകൾ. സ്മാർട് സിറ്റിയിൽ 35 കമ്പനികളുണ്ട്. ഇൻഫോപാർക്കിന്റെ കാക്കനാട്, കൊരട്ടി, ചേർത്തല ഐടി ക്യാംപസുകളിലായി 427 കമ്പനികളും 50,000 ജീവനക്കാരുമാണുള്ളത്. 250 കമ്പനികളാണു കാക്കനാട് ക്യാംപസിൽ മാത്രം പ്രവർത്തിക്കുന്നത്. ഇപ്പോൾ, കഷ്ടിച്ച് 200 പേർ മാത്രമാണ് ഓഫിസുകളിലെത്തുന്നത്. ബാക്കിയെല്ലാവരും ജോലി ചെയ്യുന്നതു വീട്ടിലിരുന്ന്.

ചരക്ക് നീക്കം തടയുമോ എന്ന് ആശങ്ക

കേരളത്തിന്റെ ചരക്കുനീക്കം സ്തംഭിപ്പിക്കാൻ വീണ്ടും തമിഴ്‌നാടിന്റെ ശ്രമം. തമിഴ്‌നാട്ടിലേക്കു ചരക്കെടുക്കാൻ പോയ കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ തമിഴ്‌നാട് അതിർത്തിയിൽ തടഞ്ഞു തിരിച്ചയച്ചു. ഇന്നലെ ഇരുന്നൂറിലേറെ വാഹനങ്ങൾ തമിഴ്‌നാടിന്റെ നടപടിയിൽ കുടുങ്ങി കേരളത്തിലേക്കു മടങ്ങി. അതേസമയം, തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്കു ചരക്കുമായെത്തിയ വാഹനങ്ങളെ കടത്തിവിട്ടു. കേരളത്തിൽ നിന്നു വാഹനങ്ങൾ ചരക്കെടുക്കാൻ തമിഴ്‌നാട്ടിലേക്കു പോകരുതെന്നാണു തമിഴ്‌നാട് സർക്കാരിന്റെ നിർദ്ദേശമെന്നും ചാവടിയിൽ പരിശോധനയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ സംഘം പറഞ്ഞു. വരും ദിവസങ്ങളിലും ചരക്കെടുക്കാൻ കേരള വാഹനങ്ങൾ പോകാതിരുന്നാൽ സംസ്ഥാനത്തേക്കുള്ള ചരക്കു ഗതാഗതം സ്തംഭിച്ചേക്കും.

തമിഴ്‌നാട്ടിലെ വാഹനങ്ങൾ ഉപയോഗിച്ചു കേരളത്തിലേക്കു ചരക്കു കടത്തിയാൽ മതിയെന്നാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. പാലക്കാട് ആർഡിഒ തമിഴ്‌നാട് ഉദ്യോഗസ്ഥ സംഘവുമായി സംസാരിച്ചു. വിഷയം കോയമ്പത്തൂർ കലക്ടറെ അറിയിച്ചെന്നും ഉടൻ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വയനാടും അടച്ചു

വയനാട് ജില്ലയുടെ അതിർത്തികൾ പൂർണമായും അടച്ചു. വ്യാഴാഴ്ച മുതൽ അതിർത്തിയിലൂടെ ആർക്കും പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള അറിയിച്ചു. വയനാട്ടിലേക്ക് യാത്ര തിരിക്കാൻ ഉദ്ദേശിക്കുന്നവരെല്ലാം തിരികേ പോവണമെന്നും ഒരുകാരണവശാലും യാത്രക്കാർക്ക് ചെക്ക് പോസ്റ്റുകൾ തുറന്നുനൽകില്ലെന്നും കളക്ടർ വ്യക്തമാക്കി.

കർണാടകത്തിൽ നിന്ന് ആളുകൾ ഇനിയും വന്നാൽ ബുദ്ധിമുട്ടാണ്. ഇന്ന് മാത്രം 200ലധികം ആളുകളാണ് ജില്ലയിലെ കോവിഡ് സെന്ററുകളിലെത്തിയത്. ഇവർക്ക് ഭക്ഷണവും ചികിത്സയും ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണ്. ജില്ലയ്ക്കകത്തുള്ള ആദിവാസി സമൂഹമുൾപ്പടെയുള്ളവരുടെ കാര്യങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. അവശ്യസർവീസുകൾ ഒഴികെ വ്യാഴാഴ്ച മുതൽ അന്തർസംസ്ഥാന അതിർത്തിയിലെത്തുന്ന ആരെയും കടത്തിവിടാൻ നിർവാഹമില്ല. ഈ സാഹചര്യത്തിൽ വയനാട്ടിലേക്ക് ആരേയും പ്രവേശിപ്പിക്കില്ലെന്നും കളക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP