Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറ്റലിയിൽ നേരിയ തിരിച്ചടി കിട്ടിയപ്പോൾ ആഞ്ഞടിച്ചു നാശം വിതച്ചു സ്‌പെയിനിലൂടെ കൊറോണയുടെ തേരോട്ടം; ഇന്നലെ സ്‌പെയിനിൽ മരിച്ചത് 738 പേർ; മരണം 3434 ആയതോടെ ചൈനയെ തോല്പിച്ചു രണ്ടാമതെത്തി മുൻ ലോക പൊലീസ്; തെരുവുകളിൽ മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്ന ദയനീയ ചിത്രങ്ങൾ പുറത്ത്; ആദ്യ നാളുകളിൽ ലോക്ക്ഡൗൺ ഗൗരവമായി എടുക്കാതെ പുറത്ത് കറങ്ങി നടന്നതിന്റെ ഫലം; സ്‌പെയിനിൽ സൂചി കൊണ്ടെടുക്കേണ്ടത് ഇപ്പോൾ തൂമ്പകൊണ്ട് പോലും എടുക്കാനാകാത്ത അവസ്ഥ

ഇറ്റലിയിൽ നേരിയ തിരിച്ചടി കിട്ടിയപ്പോൾ ആഞ്ഞടിച്ചു നാശം വിതച്ചു സ്‌പെയിനിലൂടെ കൊറോണയുടെ തേരോട്ടം; ഇന്നലെ സ്‌പെയിനിൽ മരിച്ചത് 738 പേർ; മരണം 3434 ആയതോടെ ചൈനയെ തോല്പിച്ചു രണ്ടാമതെത്തി മുൻ ലോക പൊലീസ്; തെരുവുകളിൽ മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്ന ദയനീയ ചിത്രങ്ങൾ പുറത്ത്; ആദ്യ നാളുകളിൽ ലോക്ക്ഡൗൺ ഗൗരവമായി എടുക്കാതെ പുറത്ത് കറങ്ങി നടന്നതിന്റെ ഫലം; സ്‌പെയിനിൽ സൂചി കൊണ്ടെടുക്കേണ്ടത് ഇപ്പോൾ തൂമ്പകൊണ്ട് പോലും എടുക്കാനാകാത്ത അവസ്ഥ

മറുനാടൻ ഡെസ്‌ക്‌

ബാഴ്‌സലോണ: ആധുനികയുഗത്തിന്റെ ആദ്യ ശതാബ്ദങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു സ്‌പെയിൻ. ആദ്യകാല ലോകസാമ്രാജ്യങ്ങളിൽ ഒന്നും. ശക്തി ക്രമേണ ക്ഷയിച്ചു വന്നു എങ്കിലും സ്പാനിഷുകാരുടെ യുദ്ധവീര്യവും ധീരതയും ഒട്ടും അസ്തമിച്ചിരുന്നില്ല. ഫുട്‌ബോളിലും കാളപ്പോരിലുമൊക്കെ അവർ അത് പ്രദർശിപ്പിച്ചു. എന്നാൽ ഇന്ന് നമ്മൾ കാണുന്നത് പാടിപ്പുകഴ്‌ത്തിയ ആ സ്പാനിഷ് വീര്യത്തിന്റെ നിഴൽ മാത്രം. കൊറോണയെന്ന ഭീകരനു മുന്നിൽ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായി നോക്കി നിൽക്കുകയാണ് ഒരു ജനത.

ഇന്നലെ ഒരു ദിവസം മാത്രം സ്‌പെയിൻ സാക്ഷിയായത് 738 മരണങ്ങൾക്കാണ്. ഇതോടെ കൊറോണയുടെ തേരോട്ടത്തിൽ കൊഴിഞ്ഞുപോയ ജീവനുകളുടെ എണ്ണം 3434 ആയി. 3285 മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച ചൈനയേയും മറികടന്ന് ലോകത്തിലെ കൊറോണാ മരണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ രണ്ടാമതെത്തിയിരിക്കുകയാണ് സ്‌പെയിൻ. ഇറ്റലി മാത്രമാണ് മുന്നിൽ.

മാർച്ച് 3 നാണ് സ്‌പെയിനിൽ ആദ്യത്തെ കൊറോണാ ബാധ സ്ഥിരീകരിക്കുന്നത്. അതുകഴിഞ്ഞ് വെറും മൂന്നാഴ്‌ച്ചക്കുള്ളിലാണ് ലോകത്തെ ഏറ്റവുമധികം കൊറോണാ മരണങ്ങൾ നടന്ന രണ്ടാമത്തെ രാജ്യമെന്ന പദവിയിൽ സ്‌പെയിൻ എത്തുന്നത്. അതായത് മരണത്തിന്റെ വേഗത ഇറ്റലിയിലേതിനും വളരെ അധികമെന്നർത്ഥം. ആദ്യ ഘട്ടം കഴിഞ്ഞ ഇതേ കാലയളവിൽ ചൈനയിൽ ഉണ്ടായത് 259 മരണങ്ങളും ഇറ്റലിയിൽ ഉണ്ടായത് 1266 മരണങ്ങളും മാത്രമായിരുന്നു എന്ന വസ്തുത കൂടി കൂട്ടിച്ചേർത്ത് വായിക്കുമ്പോഴേ സ്‌പെയിനിന്റെ ദുരവസ്ഥ പൂർണ്ണമായും മനസ്സിലാകു.

വൈറസ് ബാധയുടെ ഗൗരവം വർദ്ധിച്ചതോടെ മാർച്ച് 14 നാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ തദ്ദേശവാസികൾ അത് ഗൗരവമായി എടുത്തില്ല എന്നാണ് റിപ്പോർട്ടുകൾ. പ്രഭാത സവാരികളും ക്ലബ്ബുകളിലെ സായാഹ്ന ഒത്തുചേരലുകളും ഒഴിവാക്കാൻ അവർ തയ്യാറായില്ല. വാഹനങ്ങളുമായി പുറത്തൊക്കെ കറങ്ങിനടന്നു. കൊറോണക്ക് കളിക്കാൻ ഇതിലും നല്ലൊരു ടർഫ് വേറെ കിട്ടാനുണ്ടായിരുന്നില്ലെന്നാണ്, കഠിനമായ ശോകത്തിനിടയിലും നർമ്മബോധം കൈവിടാത്ത ഒരു മാഡ്രിഡ് നിവാസി പറഞ്ഞത്.

മരണനിരക്ക് ഉയർന്നതോടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിൽ വലിയ പ്രശ്‌നങ്ങളാണ് ഇന്ന് സ്‌പെയിൻ നേരിടുന്നത്. മൃതദേഹങ്ങൾ ശ്മശാനങ്ങളിലേക്ക് കൊണ്ടുപോകുവാൻ വാഹനസൗകര്യങ്ങൾ അപര്യാപ്തമാകുകയാണ്. മാത്രമല്ല 24 മണിക്കൂറും പ്രവർത്തിച്ചിട്ടും മൃതദേഹങ്ങൾ അടക്കുന്നതിൽ കാലതാമസം വരുന്നു. വൃദ്ധമന്ദിരങ്ങളിലും ആശുപത്രികളിലും മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നതായും റിപ്പോർട്ടുകളുണ്ട്. മോർച്ചറികളുടെ അപര്യാപ്തത ഒരു പരിധി വരെയെങ്കിലും പരിഹരിക്കുവാൻ പലാസിയോ ഡീ ഹീലോ ഐസ് സ്‌കേറ്റിങ് സ്റ്റേഡിയം മോർച്ചറിയാക്കി മാറ്റിയിരിക്കുകയാണ്. ഇതിനിടയിൽ തലസ്ഥനത്തെ ഒരു എക്‌സിബിഷൻ സെന്ററിന്റെ പകുതിയോളം ഭാഗം ഒരു താത്ക്കാലിക ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്.

ആരോഗ്യരംഗത്തെ പരിമിതികളാണ് സ്‌പെയിൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഉപകരണങ്ങളുടെയും മരുന്നുകളുടെയും ദൗർലഭ്യത്തോടൊപ്പം ഡോക്ടർമാരും നഴ്സുമാരുമുൾപ്പടെ ഏകദേശം 5400 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ട് എന്നുള്ളതും ആരോഗ്യരംഗത്തെ തളർത്തുന്നു. ഇത് മൊത്തം രോഗബാധിതരുടെ 12% വരും. ഇറ്റലിയുടേതിനേക്കാൾ വളരെ കൂടുതൽ. സ്‌പെയിൻ സൈന്യവും നാറ്റോയും അന്താരാഷ്ട്ര സമിതികളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. സഹായവുമായി യൂറോപ്യൻ യൂണിയൻ കമ്മീഷനും രംഗത്ത് വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ ലോക്ക്ഡൗൺ ഏപ്രിൽ 14 വരെ നീട്ടാനും കൂടുതൽ കർശനമായി നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുമുണ്ട്.

രണ്ടാഴ്‌ച്ചയായി ലോകം കണ്ടിട്ടെന്നാണ് ബാഴ്സിലോണയിൽ താമസിക്കുന്ന, മലയാളിയായ ഡോ. ഫെഡ്രിന പറയുന്നത്. ആഴ്‌ച്ചയിൽ ഒരു ദിവസം ഒരാൾക്ക് മാത്രം പുറത്ത് പോകാം. തൊട്ടടുത്ത കടവരെ, ആവശ്യ സാധനങ്ങൾ വാങ്ങിക്കുവാൻ. അവർ തുടരുന്നു. എന്നും വൈകീട്ട് 8 മണിക്ക് ബാൽക്കണിയിൽ വന്ന് ആരോഗ്യപ്രവർത്തകർക്കായി കൈയടിക്കും അപ്പോഴാണ് ചുറ്റും വേറെയും മനുഷ്യർ ജീവിച്ചിരിക്കുന്നുണ്ട് എന്നറിയുന്നത് എന്നും അവർ പറയുന്നു. ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കുന്നതോടെ എന്തൊക്കെ പുതിയ നിയന്ത്രണങ്ങൾ വരുമെന്ന് നോക്കി കാത്തിരിക്കുകയാണ് മുഴുവൻ സ്‌പെയിൻകാരും. ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അതിനെ നിസ്സാരമായി കണ്ടതിനെ കുറിച്ചോർത്ത് സ്‌പെയിൻകാർ പശ്ചാത്തപിക്കുന്നുണ്ടാകാം. സൂചികൊണ്ടെടുക്കേണ്ടതിനെ തൂമ്പകൊണ്ടെടുക്കേണ്ടതാക്കിയ മനുഷ്യരുടെ കർമ്മഫലം.

കൊറോണ വൈറസ് വ്യാപനം ആദ്യമുണ്ടായ ചൈനയിൽ 3280 പേരാണ് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് - 19 മരണങ്ങൾ റിപ്പോർട്ടു ചെയ്തതിട്ടുള്ളത് ആറായിരത്തിലേറെപ്പേർ മരിച്ച ഇറ്റലിയിൽ നിന്നാണ്. വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗൺ 11-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സ്പെയിനിൽ ഒരു ദിവസംതന്നെ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയയ്തിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. അവിടുത്തെ 47,610 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാര്യക്ഷമമായിരുന്നുവോ എന്ന് വിലയിരുത്തുമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 11 വരെയാണ് സ്പെയിനിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്.

സ്പെയിനിൽ മരിച്ചവരിൽ 50 ശതമാനത്തിലേറെയും മാഡ്രിഡ് പ്രദേശത്തുള്ളവരാണ്. 1825 പേർ ഇവിടെ മരിച്ചു. 14597 പേർക്കാണ് മാഡ്രിഡിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടുത്തെ ആശുപത്രികളെല്ലാം കടുത്ത പ്രതിസന്ധി നേരിടുകയാണ്. മാഡ്രിഡിലെ എക്സിബിഷൻ സെന്ററിൽ സൈന്യം 1500 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിരുന്നു. വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ ഇവിടുത്തെ കിടക്കകളുടെ എണ്ണം 5500 ആക്കി ഉയർത്തി. സ്പെയിനിലെ ഏറ്റവും വലിയ കോവിഡ് -19 ആശുപത്രിയാണ് ഇപ്പോൾ അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP