Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ ലംഘിച്ച് ഓവർ സ്പീഡിൽ ബൈക്കിൽ കറങ്ങിയ ചുള്ളന്മാർ ന്യായം പറഞ്ഞത് വീട്ടുസാധനങ്ങൾ വാങ്ങാനെന്ന്; സാധനം വാങ്ങാൻ ഒരാൾ പോരേ എന്നുചോദിച്ചപ്പോൾ ചെവിക്കൊള്ളാതെ കയർക്കലും കയ്യേറ്റവും; കയ്യാങ്കളിക്കിടെ പൊലീസുകാരുടെ കഴുത്തിൽ പിടിച്ചു തള്ളി യൂണിഫോം കീറി; ആലുവയിൽ വാഹനപരിശോധനയ്ക്കിടെ അതിക്രമം കാട്ടിയ രണ്ടുയുവാക്കൾ അറസ്റ്റിൽ; ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി

ലോക് ഡൗൺ ലംഘിച്ച് ഓവർ സ്പീഡിൽ ബൈക്കിൽ കറങ്ങിയ ചുള്ളന്മാർ ന്യായം പറഞ്ഞത് വീട്ടുസാധനങ്ങൾ വാങ്ങാനെന്ന്; സാധനം വാങ്ങാൻ ഒരാൾ പോരേ എന്നുചോദിച്ചപ്പോൾ ചെവിക്കൊള്ളാതെ കയർക്കലും കയ്യേറ്റവും; കയ്യാങ്കളിക്കിടെ പൊലീസുകാരുടെ കഴുത്തിൽ പിടിച്ചു തള്ളി യൂണിഫോം കീറി; ആലുവയിൽ വാഹനപരിശോധനയ്ക്കിടെ അതിക്രമം കാട്ടിയ രണ്ടുയുവാക്കൾ അറസ്റ്റിൽ; ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ആലുവ ചെമ്പറക്കി മലയിടംതുരുത്തിൽ വാഹന പരിശോധനക്കിടെ പൊലീസിനോട് കയർക്കുകയും, ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുയുവാക്കളെ അറസ്റ്റു ചെയ്തു. വാഴക്കുളം നടക്കാവ് അംഗൻവാടിക്കു സമീപം ഞാറക്കാട്ടിൽ വിട്ടിൽ ഷാജഹാൻ മകൻ നിഷാദ് (22), സഹോദരനായ നിഷാദിൽ (20) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പകലാണ് സംഭവം. മലയിടംതുരുത്ത് ജംഗ്ഷനിൽ ലോക് ഡൗൺ ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുദ്യോഗസ്ഥരുടെ സമീപത്തേക്ക് ബൈക്കിൽ അമിതവേഗതയിൽ എത്തിയ യുവാക്കളെ തടഞ്ഞ് നിർത്തിയതിൽ പ്രകോപിതരായ യുവാക്കൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസുദ്യോഗസ്ഥരുടെ കഴുത്തിൽ പിടിച്ച് തള്ളുകയും യൂണിഫോം കീറുകയും ചെയ്തു. ആക്രമിച്ച പ്രതികളെ പൊലീസ് സാഹസികമായി കീഴടക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ പൊലീസുദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്ദോഗസ്ഥർക്ക് ജില്ല പൊലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഗുഡ് സർവ്വീസ് എൻട്രി നൽകി.

ഇരുചക്രവാഹനത്തിലെത്തിയ ഇവർ വീട്ടുസാധനങ്ങൾ വാങ്ങാനാണ് വന്നതെന്നാണ് ആദ്യം പൊലീസിനോട് വെളിപ്പെടുത്തിയത്. വീട്ടുസാധനം വാങ്ങാൻ ഒരാൾ പോരേയെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും ഇവർ ഇതൊന്നും ചെവിക്കൊള്ളാതെ കയർക്കുകയായിരുന്നു. പൊലിസ് കൂടുതൽ ചോദ്യം ചെയ്യുന്നതിനിടെ വിഷയം കയ്യാങ്കളിയിൽ കലാശിച്ചു.

ഇവിടെ നിന്ന നാട്ടുകാരും പൊലീസിന് അനുകൂലമായാണ് സംസാരിച്ചു തുടങ്ങിയതോടെയാണ് യുവാക്കൾ ഒതുങ്ങിയത്. ഉടൻ തന്നെ തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ മറ്റുദ്യോസ്ഥരെത്തി 2 യുവാക്കളെയും കസ്റ്റഡിയിലെടുത്തു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് യുവാക്കൾക്കെതിരൈകേസെടുത്തിട്ടുള്ളതെന്ന് തടിയിട്ട പറമ്പ് പൊലീസ് അറിയിച്ചു. ഇന്ന് ആലുവ റൂറൽ പരിധിയിൽ പൊലീസ് നിരീക്ഷണം കർശനമാക്കിയിരുന്നു. ലോക്ഡൗൺ ലംഘിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ ജില്ലയിൽ ഇന്ന് മാത്രം 233 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഈ കേസുകളിൽ നിന്നായി 242 പേരെ അറസ്റ്റ് ചെയ്തു, ഇതുമായി ബന്ധപ്പെട്ട് 170 വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്.

ഇതോടെ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 438 ആയി. ആലുവ, പെരുമ്പാവൂർ , മൂവാറ്റുപുഴ എന്നീ സബ്ഡിവിഷനുകളിലെ 34 സ്റ്റേഷൻ പരിധിയിലും ഇരുപത്തിനാല് മണിക്കൂറും കർശന പരിശോധന തുടരുകയാണ്. കൂടാതെ റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിൽ നേരിട്ട് നിരത്തിൽ പരിശോധന നടത്തുന്നുണ്ട്. നിരത്തുകളിൽ പ്രത്യേക പിക്കറ്റുകളിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്യത്തിൽ പൊലീസ് സംഘം കാവലുമുണ്ട്. ഓരോ വാഹനവും പരിശോധിച്ച് കൃത്യമായ നടപടിയാണ് പൊലീസ് സ്വീകരിച്ചു വരുന്നത്. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കൃത്യമായ നടപടിയെടുത്താണ് പൊലീസ് മുമ്പോട്ടു പോകുന്നത്. ജില്ലാ അതിർത്തികളിലും ചെക്കിങ് നടക്കുന്നുണ്ട്.

അത്യാവശ്യക്കാർക്കുമാത്രമെ പൊലീസ് സ്റ്റേഷൻ വഴി പാസ്സുകൾ വിതരണം ചെയ്യുന്നുള്ളൂ. പൊലീസ് പാസ്സ് ലഭിക്കുന്നതിൽനിന്ന് കൂടുതൽ വിഭാഗക്കാരെ ഒഴിവാക്കിയിട്ടുണ്ട്. അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ പൊലീസ് പാസ്സ് ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനു പോകുമ്പോൾ ഇക്കൂട്ടർ തങ്ങളുടെ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് പൊലീസിനെ കാണിച്ചാൽ മതിയാകും.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും, ആംബുലൻസ് സർവീസ് ഡ്രൈവർമാർ, ജീവനക്കാർ, മെഡിക്കൽ ഷോപ്പ്, മെഡിക്കൽ ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്‌നീഷ്യന്മാർ, ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്‌സും സ്വകാര്യ സുരക്ഷ ജീവനക്കാരും, പാചകവാതക വിതരണം, പെട്രോൾ പമ്പ് ജീവനക്കാർ എന്നിവരെയാണ് പൊലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്.
തുടർന്നുള്ള ദിവസങ്ങളിലും ജില്ലയിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP