Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരുന്ന് തളിക്കാൻ ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് ആ രംഗത്തിനായി ഉപയോഗിച്ചത്; പരിധിയിൽ കൂടുതൽ താഴെയായി നിന്നതോടെ ബാലൻസ് നഷ്ടപ്പെട്ടു; ജയൻ ആ സമയം തൂങ്ങി കിടക്കുകയായിരുന്നു; അകത്തിരുന്നവർ അനങ്ങിയതോടെ ഹെലികോപ്റ്ററിന്റെ ബാലൻസ് തെറ്റി. മുട്ട് രണ്ടും താഴെയിടിച്ച് തലയിടിച്ചാണ് ജയൻ നിലം പതിച്ചത്; കള്ളക്കഥകളിലൂടെ പഴി കേട്ടത് സോമൻചേട്ടനും സുകുമാരനും പിന്നെ ബാലൻ കെ. നായരും; 'കോളിളക്കം' സൃഷ്ടിച്ച മരണത്തിന് പിന്നിലെന്ത്? ശ്രീലതാ നമ്പൂതിരി ഞെട്ടലോടെ ആ സംഭവം ഓർത്തെടുക്കുമ്പോൾ

എം എസ് ശംഭു

തിരുവനന്തപുരം: അഭിനയത്രി,നാടക പ്രവർത്തക. സംഗീതജ്ഞ എന്നീ നിലകളിൽ മലയാള വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ശ്രീലതാ നമ്പൂതിരി. കെ.പി.എ.എസിയുടെ നാടക സമിതിയിലൂടെ തുടങ്ങിയ നാടക ജീവിതം പിന്നീട് മലയാളത്തിന്റെ വെള്ളിത്തിരയിലേക്കും, മിനിസ്‌ക്രീനിലേക്കും എത്തി. പിന്നണി ഗായിക, ശാസത്രീയ സംഗീതജഞ തുടങ്ങിയ ജീവിതം ഇപ്പോൾ ശ്രീലത നമ്പൂതിരി വെളിപ്പെടുത്തുകയാണ്. മറുനാടന് നൽകിയ അഭിമുഖത്തിലാണ് താരം ഈക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ശ്രീലതയുടെ അഭിമുഖത്തിലേക്ക്.

കെ.പി.എ.സിയിൽ നിന്ന് വെള്ളിത്തിരയിലേക്ക്..?

സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ കാലാപരമായി മുന്നിട്ട് നിന്നിരുന്നു. ഹരിപ്പാട് കരുവാറ്റയാണ് എന്റെ സ്വദേശം. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ ലളിതഗാനവേദിയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി. ലളിത ഗാനം കൂടാതെ അതലറ്റിക്കിലും പങ്കെടുത്തിട്ടുണ്ട്. ഈ അവസരത്തിലായിരുന്നു കെ.പി.എസിലേക്ക് ഭാസി ചേട്ടന്റെ ക്ഷണം എത്തുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പാടുന്നതിനായിട്ടാണ് വിളിച്ചത്. ബാല്യറോളിലാണ് ഞാൻ ്അഭിനയിച്ചത്. കെ.പി.എ.സി ലളിത ചേച്ചി നായികയായിട്ടുള്ള യുദ്ധഖാണ്ഡം എന്നനാടകത്തിലായിരുന്നു കെ.പി.എ.സിയിൽ എന്റെ ആദ്യ അരങ്ങേറ്റം.

ഒരു വർഷത്തിന് ശേഷം അടുത്തൊരു നാടകം എന്നേ തേടിയെത്തി. വടക്കേ ഇന്ത്യയിൽ വരെ പോയി നാടകം കളിക്കാൻ ആ കാലഘട്ടത്തിൽ എനിക്ക് കഴിഞ്ഞു. അച്ഛന്റെ സഹോദരിയായ കുമാരിത്തങ്കം വഴിയാണ് സിനിമയിലേക്ക് അഭിനയിക്കാനുള്ള അവസരം വരുന്നത്. പ്രേം നസീറിന്റെ നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് കുമാരി സംഘം. വീട്ടുകാരുടെ സമ്മതം വാങ്ങിയപ്പോൾ മദ്രാസിലേക്ക് യാത്രയായി. ഒരു കോമഡി സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. 'വിരുതൻ ശങ്കു' എന്ന ചിത്രത്തിലെ നായകൻ പ്രേം നസീർ സാറോ മറ്റാരെങ്കിലും ആകാം എന്നൊക്കെ ഞാൻ വിചാരിച്ചിരുന്നത്. അവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഭാസി ചേട്ടനാണ് നായകനെന്ന്.

തമാശ പറയാനുള്ള കഴിവ് എനിക്കില്ലായിരുന്നു. അത് മാത്രമല്ല അദ്ദേഹത്തിന് പ്രായവും കൂടുതലാണ് എന്ന തോന്നലും എന്നിലുണ്ടായിരുന്നു. പിന്നീട് ഞാൻ പിന്മാറി. അതിന് ശേഷം ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രത്തിന്റെ സെറ്റിൽ എന്നെ കാണണം എന്ന് അറിയിച്ചത് അനുസരിച്ച് ഞാൻ സെറ്റിൽ ചെന്നു. സേതുമാധവൻ സാർ എനിക്ക് ഒരു മേക്കപ്പ് ടെസ്റ്റ് നിർദ്ദേശിച്ചു. പാട്ടു സീനിൽ ഒന്നോ രണ്ടോ സീനിലെത്തിയതാണ് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി അഭിനയിച്ചത്.

സത്യൻ മാഷിന്റെ മകളായി ആശാചക്രം എന്ന ചിത്രമായിരുന്നു. അടുത്തത്. സത്യൻ മാഷിന്റെ മകളായിട്ടാണ് ഞാൻ എത്തിയത്. ഹൈദ്രാബാദിലായിരുന്നു ഷൂട്ടിങ്. അവിടം എനിക്ക് തിക്കുറിശ്ശി ചേട്ടനേയും ശങ്കരാടി ചേട്ടനേയും എല്ലാം പരിചയപ്പെടാനുള്ള അവസരം നൽകി. അപ്പച്ചിയുടെ കൂടെ തന്നെയായിരുന്നു ഞാൻ താമസം. ഭാസിചേട്ടന്റെ കൂടെ പഠിച്ച കള്ളൻ എന്ന സിനിമയിൽ അഭിനയിക്കാൻ വീണ്ടും അവസരം എത്തി. രണ്ട് പാട്ട് സീനുകളെല്ലാമുണ്ട്. ഹാസ്യം അവതരിപ്പിക്കാൻ സ്ത്രീകൾ കുറവായിരുന്നു എന്നത് തന്നെയാണ് അതിന്റെ കാരണം. ഈ സിനിമയ്ക്ക് ശേഷം ഒരുപാട് അവസരങ്ങൾ തേടിയെത്തി. 68 മുതൽ 80 വരെ 200ലധികം സിനിമകളിൽ ഞാൻ അഭിനയിച്ചു ഭാസി ചേട്ടന്റെ നായികയായും ബഹ്ദൂര് ഇക്കയുടെ ഒപ്പവുമെല്ലാമാണ് കൂടുതലും വേഷം ചെയ്തത്. ഒരു വർഷം തന്നെ മുപ്പത് ചിത്രത്തിലധികം അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

പിന്നണി ഗാനരംഗത്ത് തിളങ്ങിയത് ?

ആദ്യമായി ഞാൻ പാടുന്നത് സലിൽ ചൗധരിയുടെ സിനിമയിലാണ്.നാല് വരി പാടാനാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. അവിടെ നിന്ന് സംഗീത രംഗത്തും കാൽവയ്‌പ്പ് തുടങ്ങി. എന്റെ അമ്മ സംഗീത അദ്ധ്യാപികയായിരുന്നു. അതിനാൽ തന്നെ സംഗീത വാസന എനിക്ക് ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. പി ലീല ചേച്ചിയുടെ സംഗീത കച്ചേരികൾ കേട്ടപ്പോൾ അതീവ താൽപര്യമായി സംഗീതത്തോട്. മദ്രാസിൽ താമസിച്ചപ്പോൾ ദക്ഷിണാമൂർത്തി സ്വാമിയെ പരിചയപ്പെടാൻ അവസരം ലഭിച്ചു. നസീർ സാറും, ഭാസി ചേട്ടനുമാണ്് എന്നെ സ്വാമിയെ പരിചയപ്പെടുത്തിയത്.

എന്നിൽ നിന്ന് ഒരു പാട്ട് കേട്ട ശേഷമാണ് നിനക്ക് സിനിമയിൽ പാടണോ, അതോ കച്ചേരി പാടണോ എന്ന് അദ്ദേഹം ചോദിച്ചത്. കച്ചേരി പാടണം എന്നതായിരുന്നു എന്റെ മറുപടി. നാട്ടിൽ ഹരിപ്പാട് ബ്രദേഴ്‌സിൽ നിന്ന് ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ ഭാഗങ്ങൾ അഭ്യസിച്ചിരുന്നു. ഒരു രാഗം സ്വാമി പാടാൻ പറയും. പിന്നീട് നമ്മളെ കൊണ്ട് പാടിക്കും. അതായിരുന്നു സ്വാമിയുടെ രീതി. പിന്നീട് വൈക്കം, ഏറ്റുമാനൂർ അടക്കം നിരവധി ക്ഷേത്രങ്ങളിൽ കച്ചേരി പാടി.

അഭിനയത്തിലെ ഇടവേള കോളിളക്കത്തിലൂടെ.?

1975ലാണ് എന്റെ വിവാഹം കഴിഞ്ഞത്. എന്റെ ഭർത്താവ് ഡോ.കാലടി നമ്പൂതിരിയുടെ നടായ കുന്നം കുളത്തേക്ക് താമസമായി. നമ്പൂതിരി സമുദായത്തിലുള്ള ഒരാൾ നായർ സ്ത്രീയെ വേളി കഴിച്ചപ്പോൾ ഭർത്താവിന്റെ കുടുംബത്ത് വലിയ എതിർപ്പാണ് രേഖപ്പെടുത്തിയത്. മറ്റൊരു വീടടെടുത്ത് പ്രാക്ടീസ് തുടങ്ങി. സിനിമാ ലോകത്തോട് പിന്നീട് വിടപറയണ്ട അവസ്ഥയെത്തി.

ജയന്റെ അവസാന ചിത്രം എന്റേയും!

കോളിളക്കം സിനിമയുടെ ഷൂട്ടിങ് അവസാനമായി നടന്നത് 1980 നവംബർ 16നാണ്. അന്നാണ് ജയനും അപകടമുണ്ടാകുന്നത്. അതിനാൽ തന്നെ നവംബർ 16 എന്നെ സംബന്ധിച്ച് മറക്കാൻ സാധിക്കുകയില്ല. ഈ ഷൂട്ടിങ് കഴിഞ്ഞാണ് ഞാനും ചെന്നെയോട് വിടപറഞ്ഞ് പോകുന്നത്. സെറ്റിലെ എല്ലാവരേയും ദുഃഖത്തിലാഴ്‌ത്തിയ വാർത്ത കൂടിയായിരുന്നു ഇത്. ഡ്യൂപ്പില്ലാതെയാണ് ആ രംഗം അഭിനയിച്ചത്. ആദ്യ ഷോട്ടിൽ സംവിധായകൻ ഈ രംഗം ഓക്കെയാണ് എന്നാണ് പറഞ്ഞത്. എന്നാൽ ഈ രംഗം ഒന്നുകൂടി എടുക്കണമെന്നാണ് ജയൻ പറഞ്ഞത്.

മരുന്ന് തളിക്കാൻ ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് അന്ന് ആ രംഗത്തിനായി ഉപയോഗിച്ചത്. പരിധിയിൽ കൂടുതൽ താഴെയായി നിന്നതോടെ ബാലൻസും നഷ്ടപ്പെട്ടു. ജയൻ ഹെലികോപ്ടറിൽ ആ സമയം തൂങ്ങി കിടക്കുകയായിരുന്നു. ഹെലികോപ്റ്ററിന് അകത്തിരുന്നവർ അനങ്ങിയതോടെ ഹെലികോപ്റ്ററിന്റെ ബാലൻസ് തെറ്റി. ഇതോടെ ജയൻ കൈവിട്ടു. മുട്ട് രണ്ടും താഴെയിടിച്ച് തലയിടിച്ചാണ് ജയൻ നിലം പതിച്ചത്. ചിലർ പല കഥകളും പറഞ്ഞുണ്ടാക്കി. സോമൻചേട്ടനും സുകുമാരനും ചേർന്ന് ചെയ്തതാണ്, ബാലൻ കെ. നായരാണ് പിന്നിലൊന്നൊക്കെ.അതൊക്കെ വെറും കള്ളകഥകൾ മാത്രമാണ്.

ഏറ്റവും കൂടുതൽ വിഷമിച്ചത് ബാലൻ കെ.നായരാണ്,.അദ്ദേഹം ഒരു നല്ലമനുഷ്യനാണ്. ഹെലികോപ്റ്ററിൽ നിന്ന് ചാടിയ വീഴ്ചയിൽ അദ്ദേഹത്തിന്റെ കാൽപാദത്തിന് വലിയ പരിക്കുണ്ടായി. പിന്നീട് സ്റ്റിൽ കമ്പിയിട്ട് ആഴ് വർഷത്തോളം ചികിത്സയും തുടർന്നു. സിനിമയാണെന്നുള്ള ബോധം അന്ന് ജനങ്ങൾക്കില്ലല്ലോ. പലരും ശരിക്കും ചവിട്ടുകയാണെന്നാണ് കരുതിയിരുന്നത്. വർഷങ്ങൾ കഴിഞ്ഞും അദ്ദേഹം അതിന്റെ പേരിൽ പഴി കേട്ടു. ദൈവം തീരുമാനിച്ചതായിരിക്കാം ഒരുപക്ഷേ ആ അവസ്ഥ. ജയൻ ജീവിച്ചിരുന്നാൽ ജീവശവമായി മാത്രമേ കാണുകയുള്ളു എന്നാണ് ഡോക്ടർമാർ പോലും പറഞ്ഞത്.

കാലിന്റെ മുട്ടെല്ലാം പോയിരുന്നു. തലയ്ക്ക് പിന്നിലായി ഇടിച്ച് തലച്ചോറെല്ലാം ചിതറിയിരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നത്. ജയൻ ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നു എന്ന് പണ്ട് ഞാൻ ഒരു ചാനലിൽ പറഞ്ഞപ്പോൾ എന്റെ അഭിപ്രായം പോലെ അതിനെ വ്യാഖ്യാനിച്ചു. .അന്ന് ജയൻ എന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നെങ്കിൽ ഇന്ന് നൽകുന്ന അത്ര ആരാധാന ലഭിക്കുമായിരുന്നില്ല. പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നത്.

ഒരുപാട് സെറ്റുകളിൽ ജയൻ വന്നിട്ടുണ്ട്. ചെറിയ വേഷത്തിലൂടെയാണ് അദ്ദേഹം കേറിവന്നത്. പിന്നീട് നായകവേഷങ്ങളെത്തി. പ്രേം നസീർ കഴിഞ്ഞാൽ മര്യാദയുടെ പര്യായമായിരുന്നു അദ്ദേഹം. പ്രൊഡ്യൂസർമാർക്ക് ഒരു ബാധ്യതയും അദ്ദേഹം ഉണ്ടാക്കി വച്ചിട്ടില്ല. സെറ്റിൽ അത് വേണം ഇത് വേണം എന്നുള്ള നിർബന്ധങ്ങളും അദ്ദേഹത്തിനില്ലായിരുന്നു. എല്ലാവരോടും സഹകരണമായിരുന്നു.

ചെയ്യുന്ന ജോലിയോട് ആത്മർത്ഥ പുലർത്തുന്ന ആൾ കൂടിയാണ് അദ്ദേഹം. ശരീരം വളരെയധികം സൂക്ഷിക്കുന്ന ഒരു വ്യക്തി ചുരുക്കമായിരുന്നു. മലയാള സിനിമയിൽ ഇത്രയധികം ശരീര സൗന്ദര്യമുള്ള നടൻ ജയൻ മാത്രമായിരുന്നു. നായകസങ്കൽപ്പത്തിൽ ശരീരസൗന്ദര്യം എന്നത് പിന്നീട് ജയനെ പോലെ എന്നുവരെ നിഗമനങ്ങളെത്തി. പ്രേംനസീറേട്ടനും അത്തരത്തിൽ തന്നെയായിരുന്നു. ചെറുപ്പം മുതൽ അവസാനം വരേയും ഒരേ ശരീരസൗന്ദര്യം അദ്ദേഹം നിലനിർത്തിയിരുന്നു. ഒരുപാട് സിനിമകൾ ജയനൊപ്പം അഭിനയിച്ചത്. പുറത്തൊക്കെ ഞങ്ങൾ പോുമ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരൻ നോക്കുന്ന പോലെ ഞങ്ങളെ സംരക്ഷിക്കുമായിരുന്നു.

ഇന്ന് ജയനുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ നായകവേഷത്തിൽ നിന്ന് പ്രായമായ റോളുകളും ചെയ്‌തേനെ. മോഹൻലാലും മമ്മൂട്ടിയുമൊക്കെ നായകരായി സിനിമയിലെത്തണം എന്നത് നിയോഗമായിരുന്നു.

തുടരും... 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP