Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തപ്പോൾ വിചാരിച്ചത് ന്യൂമോണിയ എന്ന്; പെട്ടെന്ന് എല്ലാം മാറി മറിഞ്ഞു; അവധിക്കാലത്ത് ചൈന ചുറ്റിക്കാണാൻ ആഗ്രിച്ചത് വിനയായെന്ന് മനസ്സിലായത് ദിവസങ്ങൾ കഴിഞ്ഞ്; എയർപോർട്ട് അടച്ചപ്പോൾ പ്രതീക്ഷ മങ്ങി; കടമ്പകൾ കടന്ന് ഇന്ത്യയിലെത്തി 16 ദിവസം ഡൽഹിയിൽ ക്വാറന്റെയിൻ; വീട്ടിലെത്തിയിട്ടും 14 ദിവസം ഇവിടെയും ഏകാന്തവാസം; ചൈനയിൽ 'കൊറോണയെ' നേരിട്ട് കണ്ട് കാളികാവിലെ മുഷ്ത്താഖ്; വുഹാനിലെ യാഥാർത്ഥ്യം മെഡിക്കൽ വിദ്യാർത്ഥി മറുനാടനോട് പറയുമ്പോൾ

ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തപ്പോൾ വിചാരിച്ചത് ന്യൂമോണിയ എന്ന്; പെട്ടെന്ന് എല്ലാം മാറി മറിഞ്ഞു; അവധിക്കാലത്ത് ചൈന ചുറ്റിക്കാണാൻ ആഗ്രിച്ചത് വിനയായെന്ന് മനസ്സിലായത് ദിവസങ്ങൾ കഴിഞ്ഞ്; എയർപോർട്ട് അടച്ചപ്പോൾ പ്രതീക്ഷ മങ്ങി; കടമ്പകൾ കടന്ന് ഇന്ത്യയിലെത്തി 16 ദിവസം ഡൽഹിയിൽ ക്വാറന്റെയിൻ; വീട്ടിലെത്തിയിട്ടും 14 ദിവസം ഇവിടെയും ഏകാന്തവാസം; ചൈനയിൽ 'കൊറോണയെ' നേരിട്ട് കണ്ട് കാളികാവിലെ മുഷ്ത്താഖ്; വുഹാനിലെ യാഥാർത്ഥ്യം മെഡിക്കൽ വിദ്യാർത്ഥി മറുനാടനോട് പറയുമ്പോൾ

ജാസിം മൊയ്ദീൻ

മലപ്പുറം: ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിനടുത്ത് ഷാനിങ്ങിലുള്ള ഹുബെയ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് മലപ്പറം ജില്ലയിലെ കാളികാവ് പുറ്റമണ്ണ സ്വദേശിയായ പോക്കാവിൽ ജാബിറിന്റെ മകൻ മുഹമ്മദ് മുഷ്താഖ്. കഴിഞ്ഞ് വർഷം ഡിസംബറിൽ തന്നെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം എല്ലാവരും നാട്ടിലേക്ക് ടിക്കറ്റെടുത്തിരുന്നു. ജനുവരി ഒന്ന് മുതലാണ് വെക്കേഷൻ തുടങ്ങുന്നതെങ്കിലും ക്രിസ്മസ് ആഘോഷിക്കാൻ എല്ലാവരും ഡിസംബർ അവസാനവാരം തന്നെ വീട്ടിലേക്ക് മടങ്ങിയിരുന്നു.

എന്നാൽ മുഷ്താക്കടക്കം 27 വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തിരുന്നില്ല. അവധിക്കാലം ചൈന ചുറ്റിക്കാണാനായിരുന്നു അവരുടെ പദ്ധതി. ഇതിനിടെയാണ് വുഹാനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. മുഷ്ത്താക്കും സുഹൃത്തുക്കളും അതത്ര കാര്യമായി എടുത്തിരുന്നില്ല. സാധാരണ തരം ന്യൂ മോണിയ എന്ന് മാത്രമായിരുന്നു അവർക്ക് കൊവിഡിനെ കുറിച്ചുള്ള അറിവ്. ദിവസങ്ങൾക്കകം സ്ഥിതികഗതികൾ മാറിത്തുടങ്ങി. വുഹാനിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. എയർപോർട്ടുകൾ അടച്ചു.

പുറത്തിറങ്ങാൻ പറ്റാതെയായി. നാട്ടിലേക്ക് വരാനുള്ള വഴികളടഞ്ഞു. ഇവാക്വേഷൻ സമയത്ത് എയർപോർട്ടിലെ പരിശോധനകൾ പരാജയപ്പെട്ട് യാത്രമുടങ്ങി. ഡൽഹിയിലെത്തിയതിന് ശേഷം 16 ദിവസം അവിടെ ക്യാമ്പിൽ. വീട്ടിലെത്തിയപ്പോഴും ക്വാറന്റെയിൻ തുടരുന്നു. വുഹാനിൽ നിന്നും ഡൽഹി വഴി ജീവിതത്തിലേക്കുള്ള യാത്രയെ കുറിച്ച് മറുനാടൻ മലയാളിയുമായി സംസാരിക്കുകയാണ് മുഷ്ത്താഖ്.

വുഹാൻ വൈറസിന്റെ പ്രഭവകേന്ദ്രം

ചൈനയിലെ ഹുബെയ് പ്രവിഷ്യയുടെ തലസ്ഥാനമാണ് വുഹാൻ. ഇതിനടുത്തുള്ള ഷാനിങ്ങിലാണ് ഞങ്ങളുടെ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. അവധിക്കാലും ചൈന ചുറ്റിക്കാണാനായിരുന്നു പദ്ധതി. അതുകൊണ്ട് തന്നെ മറ്റുള്ളവർ നാട്ടിലേക്ക് പോന്നപ്പോഴും ഹോസ്റ്റലിൽ തന്നെ തങ്ങി. അപ്പോഴൊക്കെയും കൊറോണയെ കുറിച്ചുള്ള വാർത്തകൾ അറിയുന്നുണ്ടായിരുന്നു. എന്നാൽ അതത്ര കാര്യമാക്കിയില്ല. സാധാരണ ന്യൂമോണിയ പോലുള്ള ഒരു അസുഖമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.

ജനുവരി പകുതിയോടടുത്തപ്പോഴാണ് കൊറോണയുടെ ഭീകരത എത്രത്തോളമാണെന്ന് മനസ്സിലാകുന്നത്. ചൈനീസ് പത്രങ്ങളിലൊക്കെ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. തൊട്ടടുത്തുള്ള വുഹാനാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നുകൂടി കേട്ടപ്പോൾ ഉറക്കം നഷ്ടപ്പെട്ടു. ചൈനകാണാനുള്ള ആഗ്രഹമൊക്കെ പൂട്ടിക്കെട്ടി എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്നായി. ഓരോ ദിനംതോറും മരണനിരക്കുകൾ കൂടി വരുന്നത് അസ്വസ്ഥതപ്പെടുത്തി. അവധിക്കാലം ചൈനയിൽ ചിലവഴിക്കാനുള്ള തീരുമാനമെടുത്ത സമയത്തെ ശപിച്ചു.

എയർപോർട്ടുകൾ അടക്കുന്നു

നാട്ടിലേക്ക് വരാനായി ശ്രമങ്ങൾ തുടരുമ്പോഴാണ് ആ വാർത്ത കേൾക്കുന്നത്. പുറത്ത് കടക്കാനുള്ള ഞങ്ങളുടെ ഏക മാർഗ്ഗമായ വുഹാൻ എയർപോർട്ട് അടച്ചിരിക്കുന്നു. ഇനി മറ്റേതെങ്കിലും പ്രവിശ്യകളിലൂടെ മാത്രമേ പുറത്ത് കടക്കാനാകൂ. അതത്ര എളുപ്പമുള്ള കാര്യവുമായിരുന്നില്ല.

വുഹാൻ പൂർണ്ണമായും അടച്ചൂപൂട്ടിയിരുന്നു. ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. എല്ലാ വഴികളും അടഞ്ഞതോടെ ജനുവരി 24 മുതൽ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടാൻ തുടങ്ങി. അവർ വളരെ പ്രതീക്ഷയുളവാക്കുന്ന രീതിയിലാണ് സംസാരിച്ചത്. ഒടുവിൽ എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ജനുവരി 28ന് മുംബെയിൽ നിന്ന് എയർ ഇന്ത്യ വിമാനം വരുന്നുണ്ടെന്ന്. പക്ഷെ ആ സന്തോഷവാർത്തക്ക് വലിയ ആയുസുണ്ടായിരുന്നില്ല. വിമാനത്തിനിറങ്ങാൻ അനുമതി ലഭിച്ചില്ലെന്ന വാർത്തയാണ് പിന്നെ കേട്ടത്. കാത്തിരിപ്പ് വീണ്ടും തുടർന്നു. ഓരോ ദിവസങ്ങൾക്കും ഓരോ വർഷങ്ങളുടെ ദൈർഘ്യം.

ആദ്യ വിമാനമെത്തുന്നു. ടെമ്പറേച്ചർ കൂടിയതുകൊണ്ട് യാത്ര മുടങ്ങുന്നു

രണ്ടു ദിവസത്തെ കാത്തിരിപ്പിനു വിരാമമിട്ട് ജനുവരി 31ന് എംബസിയിൽ നിന്ന് വീണ്ടും വിളിവന്നു. ആദ്യ വിമാനമെത്തിയെന്ന വിവരം ലഭിച്ചു. രാത്രി 8 മണിക്ക് ഞങ്ങൾ യൂണിവേഴ്സിറ്റിയിൽ നിന്നും എയർപോർട്ടിലേക്ക് യാത്ര തിരിച്ചു 12 മണിയോടെയാണ് എയർപോർട്ടിലെത്തിയത്. എയർപോർട്ടിലേക്കുള്ള യാത്രയിലൂടനീളം ശരീരഭാഗങ്ങൾ പുറത്ത് കാണാത്ത വെള്ളവസ്ത്രധാരികൾ ഞങ്ങളെ പരിശോധിച്ചുകൊണ്ടിരുന്നു. അവസാനം എയർപോർട്ടിന്റെ മുന്നിലെത്തി.

കവാടത്തിൽ ഇലക്ട്രിക് തെർമോമീറ്റർ മുഖേന എല്ലാവരെയും പരിശോധിച്ചു. എമിഗ്രേഷൻ കഴിഞ്ഞപ്പോഴാണ് അറിയുന്നത് ഇനിയും കടമ്പകൾ ഏറെയുണ്ടെന്ന്. തെർമൽ സ്‌ക്രീനിങ്, മെർക്കുറി തെർമോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധന. ഇതെല്ലാം പൂർത്തിയായി അനുമതി ലഭിച്ചാൽ മാത്രമേ യാത്ര തുടരാനാവൂ. തെർമൽ സ്‌ക്രീനിങ്ങിൽ നോർമൽ ബോഡി ടെമ്പറേച്ചർ (സാധാരണ ശരീര ഊഷ്മാവ്) ആയ 37 ഡിഗ്രിയുടെ താഴെയുള്ളവരെ മാത്രമാണ് യാത്ര തുടരാൻ അനുവദിക്കൂ. മുകളിലുള്ളവരെ അവിടെ നിന്നും മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് അയക്കുകയും അവിടെ നടക്കുന്ന മെർക്കുറി തെർമോമീറ്റർ എന്ന അവസാന പരീക്ഷ പാസാവുകയും വേണം. ഞങ്ങൾ പല സംഘങ്ങളായി വരിയിൽ നിന്നു. ഇത്തരത്തിൽ പരിശോധനയിൽ പരാജയപ്പെട്ട പലരും നിരാശയോടെ എന്റെ മുന്നിലൂടെ കടന്നുപോകുന്നത് ഞാൻ കണ്ടു. എന്റെ ഹൃദയമിടിപ്പ് കൂടി. ഞാനും ഡോക്ടറുടെ മുന്നിലെത്തി. എന്നെ പരിശോധിച്ചു.

മീറ്ററിൽ 37.6 എന്ന് തെളിഞ്ഞു. നിരാശയോടെ ഡോക്ടറെ നോക്കി. അയൾ തറപ്പിച്ചു പറഞ്ഞു 'നിങ്ങൾക്ക് പോകാൻ കഴിയില്ല' എന്ന്. കരഞ്ഞു നോക്കി, വാക്കേറ്റം നടന്നു. നിരാശയായിരുന്നു ഫലം. ഭയംകൊണ്ട് മാത്രമാണ് എന്റെ ടെമ്പറേച്ചർ കൂടിയതെന്ന് എനിക്ക് മാത്രമേ മനസ്സിലായുള്ളൂ.

വീണ്ടും യൂണിവേഴ്സിറ്റിയിലേക്ക്, ക്വാറന്റെയിനിലേക്ക്

വിമാനത്താവളത്തിലെ പരിശോധന പരാജയപ്പെട്ട എന്നെപോലുള്ള 6 പേർകൂടിയുണ്ടായിരുന്നു. അവരിൽ കാശ്മീരിൽ നിന്നുള്ളൊരു വിദ്യാർത്ഥിയുമുണ്ടായിരുന്നു. മൻസൂർ എന്നായിരുന്നു അവന്റെ പേര്. വിമാനത്താവളത്തിലെ കസേരയിൽ കരഞ്ഞിരിക്കുമ്പോഴാണ് അവനെ പരിചയപ്പെട്ടത്. ആ കസേരയിലിരിക്കുമ്പോൾ ഞങ്ങൾക്ക് മുകളിലൂടെ 464 പേരുമായി എയർ ഇന്ത്യയുടെ വിമാനം പറന്നുപോകുന്നത് കണ്ടു. ആ കാഴ്ച കണ്ട് നെടുവീർപ്പിട്ടിരിക്കെ ആരോഗ്യപ്രവർത്തകർ ഞങ്ങൾക്കരികിലെത്തി വായിലെ സ്രവങ്ങൾ പരിശോധനക്കായി എടുത്തു. ഉടനെ അറിയിപ്പ് ലഭിച്ചു. ആംബുലൻസ് വരും നിങ്ങളെ കൊണ്ടുപോകാൻ. തയ്യാറായി ഇരുന്നോളൂ എന്ന്. ആംബുലൻസിൽ ഞങ്ങളെ യൂണിവേഴ്സിറ്റിയിലേക്ക് കൊണ്ട് പോകാനും അവിടെ ക്വാറന്റെയിൽ താമസിപ്പിക്കാനും തീരുമാനമായി.

എന്നാൽ എയർപോർട്ടിൽ നിന്നുള്ള പരിചയത്തിന്റെ പുറത്ത് ഞാൻ കാശ്മീരി വിദ്യാർത്ഥിയുടെ യൂണിവേഴ്സിറ്റിയിലേക്ക് പോയി. അത് എയർപോർട്ടിനടുത്ത് തന്നെയായിരുന്നു. അവിടുത്തെ അധികൃതർ ആദ്യം എന്നെ താമസിപ്പിക്കാൻ തയ്യാറായില്ലെങ്കിലും ആരോഗ്യപ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് അവർ സമ്മതിച്ചു. മൻസൂർ പറഞ്ഞു നാളെ രണ്ടാം ഫ്ലൈറ്റ് വരും നമുക്കൊരുമിച്ചു പോകാമെന്ന്. അവന്റെ കണ്ണുകളിൽ ഇനിയും പ്രതീക്ഷയുണ്ട്. മൻസൂറിന്റെ കൂടെ അകത്തേക്ക് കയറുമ്പോൾ സെക്യൂരിറ്റി ധൃതിയിൽ വന്ന് വിരൽ ചൂണ്ടി എനിക്കുള്ള റൂം കാണിച്ചു തന്നു. ഒരു മുഷിഞ്ഞ മുറി. ഉറക്കം വന്നില്ല, അടുത്ത ദിവസം പോകുന്നതിനെക്കുറിച്ചോർത്ത് ആശങ്കയോടെ പുറത്തേക്ക് നോക്കിയിരുന്നു. രാവിലെ മൻസൂറിന്റെ സുഹൃത്തുക്കൾ ഭക്ഷണം കൊണ്ടുവന്നു. ഉച്ചയോടെ എംബസിയിൽ നിന്നും അറിയിപ്പ് ലഭിച്ചു. ഞങ്ങൾക്ക് രണ്ടാം വിമാനത്തിലും പോകാൻ കഴിയില്ലെന്ന്. 14 ദിവസത്തെ ക്വാറന്റൈൻ പിരീഡ് കഴിയാതെ പുറത്തിറങ്ങരുതെന്ന് ചൈനീസ് ഭരണകൂടത്തിന്റെ മുന്നറിയിപ്പുണ്ടെന്ന്.

അപ്പോഴേക്കും ഞാൻ പഠിക്കുന്ന യൂണിവേഴ്സിറ്റിയിൽ എനിക്ക് താമസിക്കാനുള്ള മുറിയൊരുക്കിയിരുന്നു. 14 ദിവസം ആ മുറിയിൽ ഏകാന്തവാസം. പുറത്തു ഭക്ഷണം വച്ച് വാതിലിൽ മുട്ടി വിവരമറിയിക്കും ഉടനെ അവർ ഭയത്തോടെ പിന്മാറും.അങ്ങനെ നീണ്ട രണ്ടാഴ്ച കടന്നു പോയപ്പോൾ ഡോക്ടർ വന്ന് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 15ന് യൂണിവേഴ്സിറ്റിയിലെ തന്നെ ഞങ്ങളുടെ യഥാർത്ഥ മുറിയിലേക്ക് മടങ്ങി. വീണ്ടും 10 ദിവസങ്ങൾ അവിടെ കഴിച്ചു കൂട്ടി.

ബോഡി ടമ്പറേച്ചർ കുറക്കാൻ പാരസെറ്റമോളും ദേഹത്ത് വെള്ളമൊഴിക്കലും

ഫെബ്രുവരി 26നാണ് പിന്നീട് ഇന്ത്യയിലേക്ക് വിമാനമുണ്ടെന്ന് വിവരമറിയുന്നത്. ഞാനടക്കം 112 പേർ ലിസ്റ്റിലുണ്ടായിരുന്നു. റോഡിൽ പഴയപടി പരിശോധനകൾ തുടർന്നു. എയർപോർട്ടിന് മുന്നിലും അകത്തുമെല്ലാം പരിശോധനകൾ. മുൻ അനുഭവമുള്ളതുകൊണ്ട് എയർപോർട്ടിലേക്ക് പ്രവേശിക്കുംമുമ്പ് സ്വയം തന്നെ ശരീരോഷ്മാവ് പരിശോധിച്ചിരുന്നു. യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ധ്യാപകർ തന്ന ഇലക്ട്രിക്കൽ തെർമോമീറ്റർ ഉപയോഗിച്ചായിരുന്നു പരിശോധന. ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു.

ചൂട് 37ന് മുകളിൽ. നേരത്തെ യൂണിവേഴ്സ്റ്റിയിൽ നിന്നിറങ്ങുമ്പോൾ ഒരു പാരസെറ്റമോൾ കഴിച്ചിരുന്നു. എന്നിട്ടും ചൂട് കുറഞ്ഞിട്ടില്ല. പേടികൊണ്ടാണ് ചൂട്കൂടുന്നതെന്ന് പറഞ്ഞാൽ എയർപോർട്ടിലുള്ളവർക്ക് മനസ്സിലാകുകയുമില്ല. രണ്ടും കൽപിച്ച് നേരെ വാഷ്റൂമിൽപോയി ദേഹത്ത് കുറെനേരം വെള്ളം കോരിയൊഴിച്ചു. ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. രണ്ടാമതൊരു പാരസെറ്റമോളും കഴിച്ച് സ്‌ക്രീനിങ്ങിന് ഹാജരായി. രക്ഷപ്പെട്ടു. ഇത്തവണ ടെമ്പറേച്ചർ 36.7.

ഇവാക്വേഷൻ, ഡൽഹിയിലേക്ക്, തിരികെ ജീവിത്തിലേക്കെന്നപോലെ

പുറകുവശം തുറക്കാൻ കഴിയുന്ന സൈനികർക്കുള്ള പ്രത്യേക വിമാനത്തിലായിരുന്നു ഡൽഹിയിലേക്കുള്ള യാത്ര. സൈനികരും മെഡിക്കൽ ടീമും ഒപ്പമുണ്ടായിരുന്നു. നീണ്ട ഏഴ് മണിക്കൂർ യാത്രക്കിടയിൽ യാത്രക്കാർ പരസ്പരം സംസാരിക്കുക പോലും ചെയ്യുന്നില്ല.

മാസ്‌ക് തുളച്ചും ഭയം അരിച്ചെത്തുന്ന അവസ്ഥ. 27ന് രാവിലെ ഡൽഹിയിലെത്തി. അവിടെ നിന്ന് സൈന്യത്തിന്റെ തന്നെ വാഹനത്തിൽ ആംബുലൻസുകളുടെ അകമ്പടിയോടെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ ക്യാമ്പിലേക്ക്. വുഹാനിൽ നിന്നുള്ളവർക്ക് പ്രത്യേക ക്യാമ്പ് സജ്ജീകരിച്ചിരുന്നു. അഞ്ചുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിലായിരുന്നു ആ ക്യാമ്പ്. അന്നുതന്നെ ഞങ്ങളുടെ വായിൽ നിന്നും മൂക്കിൽ നിന്നും സ്രവമെടുത്ത് പരിശോധനയ്ക്കയച്ചു. രണ്ടാം ദിവസം റിസൾട്ട് വന്നു. എല്ലാവർക്കും നെഗറ്റീവ്. ഒരുമാസത്തിനുശേഷം ആദ്യമായി ഞാൻ പുഞ്ചിരിച്ചു. ശരീരം അപ്പോഴേക്കും തളർന്നിരുന്നു. ക്യാമ്പിൽ പൂരിയും ചപ്പാത്തിയും കിഴങ്ങുകറിയുമായിരുന്നു ഭക്ഷണം.

ക്യാമ്പിലേക്ക് ഇറ്റലിയിൽ നിന്നുള്ളവർ വരുന്നു, വീണ്ടും ആശങ്ക

ക്യാമ്പിലെത്തി എട്ടാമത്തെ ദിവസമാണ് ഇറ്റലിയിൽ നിന്നുള്ള 25 പേരെ ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കൊണ്ടുവന്നു പാർപ്പിച്ചത്. ഇറ്റലിയിൽ വൈറസ് വ്യാപനം അപകടരമായ രീതിയിലാണെന്ന് വാർത്തകളിൽ നിന്നറിഞ്ഞിരുന്നു.

ആരും അവരവരുടെ നിലകളിൽ നിന്നും താഴേക്കോ മേലേക്കോ നോക്കിയില്ല. ഇറ്റലിക്കാരുടെ പരിശോധന റിപ്പോർട്ട് രണ്ട് ദിവസത്തിനകം എത്തി 25 പേരിൽ 15 പേരുടെയും റിസൾട്ട് പോസിറ്റീവ് ആയിരുന്നു. കൂടുതൽ വൈകാതെ ഇറ്റലിക്കാരെ അവിടെ നിന്നു നീക്കി. ഒരാൾക്ക് ഒരു ആംബുലൻസ് എന്ന രീതിയിൽ ആയിരുന്നു അവരെ കൊണ്ടു പോയത്. ഇറ്റലിക്കാർ പോയതോടെ ഞങ്ങൾക്ക് വീണ്ടും ടെസ്റ്റ് നടത്തി. മാർച്ച് 11ന് ഫലം വന്നു. എല്ലാവരും നെഗറ്റീവ്.

വീട്ടിലേക്ക്, അവസാന ക്വാറന്റെയിനിലേക്ക്

16 ദിവസമാണ് ഡൽഹി ക്യാമ്പിൽ കഴിഞ്ഞത്. മാർച്ച് 13ന് ഞങ്ങളെ ഡിസ്ചാർജ് ചെയ്തു. എല്ലാവർക്കും ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നൽകി. ക്യാമ്പിൽ നിന്നിറങ്ങുമ്പോൾ ഞങ്ങൾ പരസ്പരം നോക്കി പുഞ്ചിരിച്ചു.ഒരിക്കലും തീരാത്ത കടപ്പാടുണ്ട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരോട്. അന്നു തന്നെ വൈകിട്ട് 5നുള്ള ഫ്ലൈറ്റിൽ കോഴിക്കോടേക്ക് തിരിച്ചു. രാത്രി 10.30 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. ഡൽഹി എയർപോർട്ടിൽ ഇല്ലാത്ത വിധം ചെക്കിങ് സംവിധാനങ്ങൾ ഇവിടെ ഉണ്ടായിരുന്നു ക്ലിയറൻസ് ലഭിക്കാൻ കുറച്ചു സമയമെടുത്തു.

14 ദിവസം കൂടി ക്വാറെന്റെയിനിലരിക്കാൻ ഇവിടെ നിന്ന് ഡോക്ടർമാർ പറഞ്ഞു. എയർപോർട്ടിൽ നിന്ന് ബന്ധുവിനൊപ്പം വീട്ടിലേക്കുള്ള യാത്രയിൽ തന്നെ ഉമ്മയോട് തറവാട് വീട്ടിലേക്ക് മാറിതാമസിക്കാൻ ആവശ്യപ്പെട്ടു. ഒരുമണി കഴിഞ്ഞാണ് വീട്ടിലെത്തിയത്. നിറ കണ്ണുകളിൽ ഉമ്മയേയും രണ്ട് സഹോദരിമാരെയും അവ്യക്തമായി കണ്ടു. ഒന്ന് കെട്ടിപ്പിടിച്ച് കരയണമെന്നുണ്ടായിരുന്നു. മനസ്സ് നിയന്ത്രണം വിടുമെന്നായപ്പോൾ നേരെ റൂമിലേക്ക് ഓടിക്കയറി വാതിലടച്ചു. ജനലിലൂടെ ഉമ്മയെ പലവട്ടം നോക്കി. ഡെറ്റോളൊഴിച്ച് കുളിച്ച് കഴിഞ്ഞപ്പോഴേക്കും ജനലരകിൽ ഭക്ഷണവുമായി ഉമ്മയെത്തിയിരുന്നു. കണ്ണീരിന്റെ ഉപ്പുരസമുള്ള ചോറ് മുഴുവൻ തിന്നു. അത്രയും രുചിയുള്ളൊരു ഭക്ഷണം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.

ഇനിയും രണ്ട് ദിവസം കൂടി ഞാൻ ക്വാറെന്റെയിനിൽ കഴിയണം. അതു കഴിഞ്ഞും പുറത്തിറങ്ങാനാകില്ല. 21 ദിവസത്തേക്ക് രാജ്യം മുഴുവൻ അടച്ചിട്ടിരിക്കുകയല്ലേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP