Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വർക്ക് ഫ്രം ഹോം സമ്മർദ്ദങ്ങൾ അതിജീവിക്കാൻ ബേ മലയാളി' അന്താക്ഷരി പയറ്റ്'; രാജ്യം മുഴുവനുമുള്ളവർക്ക് കുടുംബ സമേതം പങ്കെടുക്കാം

വർക്ക് ഫ്രം ഹോം സമ്മർദ്ദങ്ങൾ അതിജീവിക്കാൻ ബേ മലയാളി' അന്താക്ഷരി പയറ്റ്'; രാജ്യം മുഴുവനുമുള്ളവർക്ക് കുടുംബ സമേതം പങ്കെടുക്കാം

ജോയിച്ചൻ പുതുകുളം

സാൻ ഫ്രാൻസിസ്‌കോ : 'ർക്ക് ഫ്രം ഹോം ' സമ്മർദ്ദങ്ങൾ അതിജീവിക്കാം നമുക്ക് സംഗീതത്തിലൂടെ, മരണം കറുത്ത ചിറകുകൾ വീശുമ്പോൾ മലയാളി കുടുംബങ്ങളേ, നമുക്ക് കൈ കോർക്കാം. സാമൂഹ്യ സമ്പർക്കം നിരോധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴുണ്ടായേക്കാവുന്ന മാനസിക സമ്മർദ്ദങ്ങളെ മുന്നിൽ കണ്ട് , അതിനെ അതിജീവിക്കാനുള്ള വിനോദ പരിപാടി ബേ മലയാളി ആസൂത്രണം ചെയ്യുന്നു . രാജ്യം മുഴുവനുമുള്ളവർക്ക് കുടുംബ സമേതം പങ്കെടുക്കാവുന്ന ''അന്താക്ഷരി പയറ്റ്''.

ലോകം മുഴുവൻ ഭീതിയിലാഴ്‌ത്തി കൊറോണ വൈറസ് സംഹാര താണ്ഡവം തുടരുന്നു . സ്വജീവൻ പണയപ്പെടുത്തി രോഗികളെ ശുശ്രൂഷിക്കുന്ന ആതുര സേവകർ , ജോലി നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്ന സാധാരണക്കാർ , അത്യാവശ്യ ചികിത്സകൾ മാറ്റിവെക്കേണ്ടി വരുന്ന രോഗികൾ ഇങ്ങനെ പോകുന്നു ആശങ്കകളുടെ നീണ്ട നിര . ശുഭാപ്തി വിശ്വാസികളായി നമുക്ക് പറയാം ഇതും നമ്മൾ അതിജീവിക്കും. ഒറ്റനോട്ടത്തിൽ ഭാഗ്യവാന്മാർ എന്ന് വിശേഷിപ്പിക്കാൻ തോന്നുന്ന അടുത്ത വിഭാഗമാണ് വീട്ടിലിരുന്നു ജോലി ചെയ്യാൻ അവസരം ലഭിച്ചവർ . എന്നാൽ മനുഷ്യന്റേത് ഒരു വിചിത്ര ജീവിതമാണ് .ഒറ്റയ്ക്കിരിക്കുമ്പോൾ കൂട്ടത്തിൽ ചേരുവാനും എന്നാൽ കൂട്ടത്തിൽ ചേരുമ്പോൾ ഒറ്റയ്ക്കിരിക്കുവാനും അറിഞ്ഞോ അറിയാതെയോ ആഗ്രഹിച്ചു പോകുന്ന വിചിത്ര ജീവികൾ. എന്നും ഓഫീസിൽ പോകുമ്പോൾ വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്നും വീട്ടിൽ ഇരിക്കുമ്പോൾ ഓഫീസിൽ പോയാൽ മതിയായിരുന്നു ഇങ്ങനെ ചിന്തയിൽ ഊഞ്ഞാലാടുന്നവർ. പ്രത്യക്ഷത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നത് സ്വാതന്ത്ര്യമല്ലേ എന്ന് തോന്നുമെങ്കിലും അവിടെ ഒളിഞ്ഞിരിക്കുന്ന ചില ഒഴിയാബാധകളുണ്ട് . പ്രത്യേകിച്ചും പൂർണ്ണമായും സാമൂഹ്യ സമ്പർക്കം നിരോധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ചിലർക്കെങ്കിലും ഇത് കഠിനമായ മാനസിക സമ്മർദ്ദത്തിന് കാരണമായേക്കാം . സഹപ്രവർത്തകരിൽ നിന്ന് അകന്നു നിൽക്കുക , ചെയ്യുന്ന ജോലികൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്ന തോന്നലുണ്ടാകുക, മേലധികാരികളുടെ പ്രോത്സാഹനം കിട്ടുന്നില്ല എന്ന ചിന്ത, ഓഫീസിൽ നിന്ന് ദൂരത്തായിരിക്കുമ്പോൾ വേണ്ടത്ര ജോലി ചെയ്തു തീർത്തു എന്ന സംതൃപ്തി ലഭിക്കാതിരിക്കുക , ഇതുമൂലം സ്വയം ജോലി ചെയ്യുന്നു എന്ന് തെളിയിക്കാനുള്ള ത്വരയും അതിനെ തുടർന്നുണ്ടായേക്കാവുന്ന കുറ്റബോധവും , ആകാംക്ഷയും നിരാശയും ഇങ്ങനെ അനവധി ജോലി സംബന്ധിയായ പ്രശ്നങ്ങൾക്കപ്പുറത്ത് ഇവർ നേരിട്ടേക്കാവുന്ന മറ്റൊരു സംഘർഷമാണ് വീടും ജോലിയും തമ്മിൽ സമതുലിതാവസ്ഥ നിലനിർത്തുക എന്നത് . ഈ സാഹചര്യത്തിൽ വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികളെ സഹായിക്കാനും , ജോലി സമയത്തിനിടെ മറ്റു വീട്ടുജോലികളിൽ ഏർപ്പെടുവാനുമുള്ള മനുഷ്യസഹജമായ പ്രേരണകളിലേക്കും ഇവർ വീണുപോകും . ജോലിയും വീടും തമ്മിലുള്ള അതിർത്തിരേഖ വരയ്ക്കുന്നതിൽ പരാജയപ്പെടുന്നതോടെ ജോലി സമയം എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നറിയാതെ വലയുന്ന അവസ്ഥയിലേക്ക് നീങ്ങും . ഫലമോ കൂടുതൽ സമയം ജോലിക്കു നീക്കി വെച്ച് ഉറക്കം വരെ തകരാറിലായേക്കും . രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടാൽ ജോലി നഷ്ടപ്പെട്ടേക്കുമോ എന്ന ഭയവും ഈ സംഘർഷങ്ങൾക്ക് ആക്കം കൂട്ടും . ചുരുക്കത്തിൽ ഭാഗ്യമായി കയ്യിൽ വന്ന ''വർക്ക് ഫ്രം ഹോം ' പതുക്കെ പതുക്കെ നരകമായി മാറുന്ന അവസ്ഥ . അതെ മനുഷ്യജീവിതം വിചിത്രമാണ് . എന്നാൽ ഹെലൻ കെല്ലർ പറഞ്ഞത് പോലെ ജീവിതം മുഴുവൻ വേദനകളോടൊപ്പം അതിജീവന തന്ത്രങ്ങളും നിറഞ്ഞിരിക്കുന്നു

ഇതാ ഈ തത്വം ഉൾക്കൊണ്ട് ഈ വിഷമഘട്ടം തരണം ചെയ്യുവാൻ ബേ മലയാളി ക്രിയാത്മകമായ പല പദ്ധതികളുമായി നമുക്ക് മുന്നിൽ എത്തുന്നു . ആർക്കാണ് സംഗീതം ഇഷ്ടമില്ലാത്തത്. രോഗാതുരമായ മനസ്സിന് ഊർജ്ജം പകരാൻ സംഗീതം പോലെ ഫലപ്രദമായ മറ്റെന്തു മരുന്നുണ്ട് ഭൂമിയിൽ . ''വർക്ക് ഫ്രം ഹോം ' ഫാമി ലികൾക്കായി കുടുംബ സമേതം ഇതാ രാജ്യം മുഴുവനും പങ്കെടുക്കാവുന്ന വിധത്തിൽ ഓൺലൈൻ അന്താക്ഷരി മത്സരം . മ്യൂസിക് റൗണ്ട് , വീഡിയോ റൗണ്ട് , ലിറിക്സ് റൗണ്ട് , ഡയലോഗ് റൗണ്ട് ബി ജി എം റൗണ്ട് എന്നിങ്ങനെ സൂം പ്ലാ റ്റ്ഫോമി ൽ നൂറു പേർക്ക് ഒരേ സമയം ഈ മത്സരത്തിൽ പങ്കെടുക്കാം ഫേസ്‌ബുക് , യൂട്യൂബ് എന്നീ ദൃശ്യമാധ്യമങ്ങളിലൂടെ ഇത് സ്ട്രീം ചെയ്തു പ്രേക്ഷകർക്ക് കാണാനുള്ള അവസരവും ഉണ്ടാകും .

ഏപ്രിൽ നാലിനു തുടങ്ങി മൊത്തം എട്ട് ആഴ്‌ച്ച നീണ്ടുനിൽക്കുന്ന 'അന്താക്ഷരി പയറ്റ്' സ്പോൺസർ ചെയ്തിരിക്കുന്നത്. സിലിക്കൺ വാലി യിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യവും കാസ് കേഡ് കാലിഫോർണിയ റിയാലിറ്റി സി.ഇ.ഓ യുമായ മനോജ് തോമസ് ആണ്. ഒരാഴ്‌ച്ച ആറ് പേരാണ് മത്സരിക്കുക . ഓരോ ആഴ്ചയും വിജയിയെ കണ്ടെത്തി സമ്മാനങ്ങൾ നൽകുന്നു , പ്രതിവാര വിജയികൾ ക്രമേണ ഗ്രാൻഡ് ഫിനാലെ യിൽ മത്സരിക്കും . ഓരോ ആഴ്‌ച്ചയും വിജയികളാകുന്ന എട്ട് ടീമുകൾ ഫൈനൽ മത്സരത്തിൽ പങ്കെടു ക്കും . അഞ്ച് ഡോളർ ആണ് റെജിസ്ട്രേഷൻ ഫീ. രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക

മലയാളി ബിസിനസ് നു കൂടി ഒരു കൈത്താങ്ങാവുന്ന വിധത്തിലാണ് സമ്മാനപദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. വിജയികളുടെ താമസ സ്ഥലത്തിനടു ത്തുള്ള മലയാളി ബിസിനസ് കളിൽ നിന്നും ബേ മലയാളി വാങ്ങുന്ന ക്യാഷ് സർട്ടിഫിക്കറ്റുകളായിരിക്കും സമ്മാനം .

കോർഡിനേറ്റർസ് ആയ ജീൻ ജോർജ്, സുഭാഷ് സ്‌കറിയ , ജിജി ആന്റണി, അനൂപ് പിള്ളൈ , എൽവിൻ ജോണി , ജോർജി ജോർജ്ജ് , ശരത്, സജൻ മൂലേപ്ലാക്കൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും . ബേ മലയാളിക്കൊപ്പം കാലിഫോർണിയ യിലെ പ്രമുഖ മലയാളി സംഘടനകളുടെ സമ്പൂർണ്ണ പിന്തുണയോടെയായിരിക്കും ഈ പരിപാടി നടത്തപ്പെടുക. മങ്ക, സർഗ്ഗം , വാലി മലയാളി ആർട്ട്സ് ആൻഡ് സ്പോർട് സ് ക്ലബ്, സർഗവേദി, മ്യൂസിക് ഇന്ത്യ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ പ്രസിഡന്റ് മാരായ യഥാക്രമം ശ്രീജിത് കറുത്തോടി , രാജൻ ജോർജ് , സിന്ധു വര്ഗീസ് , ജോൺ കൊടിയൻ , രവി ശങ്കർ എന്നിവർ വേണ്ടത്ര മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കോർഡിനേറ്റർസ് നൊപ്പം പ്രവർത്തിക്കുന്നു .

ഫോമാ വെസ്റ്റേൺ റീജിയൻ ഈ സംരംഭത്തിന് പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു കൊണ്ട് വെസ്റ്റേൺ റീജിയൻ നേതാക്കളായ സാജു ജോസഫ് , ജോസഫ്, ഔസോ , സിജിൽ പാലക്കലോടി, റോഷൻ ജോൺ എന്നിവരും സംഘാടകർ ക്കൊപ്പമുണ്ട്.

ഇതിനോട് ചേർന്ന് അമേരിക്കൻ മലയാളികളുടെ മാനസിക ശാരീരിക ആരോഗ്യം നില നിർത്താനായി ഉടനെ ഓൺലൈൻ യോഗ കൽസ്സുകൾ, മൈൻഡ് ഫുൾ നെസ്സ്, ഓൺലൈൻ വീഡിയോ ഗെയിം ടൂർണമെന്റുകൾ എന്നിവകൂടി തുടങ്ങും എന്ന് ബേ മലയാളി പ്രസിഡന്റ് ലെബോൺ മാത്യു കല്ലറക്കൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP