Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അകലം പാലിക്കാതെ അതിജീവിക്കില്ലെന്ന് വിദേശ രാജ്യങ്ങളുടെ അനുഭവം മുൻനിർത്തി ഐ.സി.എം.ആറിന്റെ റിപ്പോർട്ട്; അമേരിക്കയും ഫ്രാൻസും സെപെയിനും അടക്കമുള്ള ലോകരാഷ്ടങ്ങളും ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ മടിച്ചു നിൽക്കാതെ രാജ്യം അടച്ച് പ്രധാനമന്ത്രിയും; കടുത്ത തീരുമാനത്തിലേക്ക് കടക്കുമ്പോഴും കൊറോണ വ്യാപനത്തെ നിയന്ത്രിക്കുക എന്നുള്ളത് മോദിയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളികൾ നിറഞ്ഞത്; കൊറോണ അതിജീവനത്തിനായി ഇന്ത്യ പ്രഖാപിച്ചത് ലോകത്തിലെ ഏറ്റവും വലിയ ലോക്ക് ഡൗൺ

അകലം പാലിക്കാതെ അതിജീവിക്കില്ലെന്ന് വിദേശ രാജ്യങ്ങളുടെ അനുഭവം മുൻനിർത്തി ഐ.സി.എം.ആറിന്റെ റിപ്പോർട്ട്; അമേരിക്കയും ഫ്രാൻസും സെപെയിനും അടക്കമുള്ള ലോകരാഷ്ടങ്ങളും ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ മടിച്ചു നിൽക്കാതെ രാജ്യം അടച്ച് പ്രധാനമന്ത്രിയും; കടുത്ത തീരുമാനത്തിലേക്ക് കടക്കുമ്പോഴും കൊറോണ വ്യാപനത്തെ നിയന്ത്രിക്കുക എന്നുള്ളത് മോദിയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളികൾ നിറഞ്ഞത്; കൊറോണ അതിജീവനത്തിനായി ഇന്ത്യ പ്രഖാപിച്ചത് ലോകത്തിലെ ഏറ്റവും വലിയ ലോക്ക് ഡൗൺ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ലോക്ക് ഡൗണാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി എട്ടു മണിക്ക് പ്രഖ്യാപിച്ചത്. 130 കോടി ജനങ്ങൾ അവരുടെ പ്രദേശങ്ങളിൽ നിന്നും സഞ്ചരിക്കാതെ വീട്ടിൽ കഴിയുക എന്ന അവസ്ഥ. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചു ഇന്ത്യയും. രാജ്യത്തിന്റെ നാഢി ഞരമ്പു പോലെ പ്രദേശങ്ങളെ കൂട്ടി ഇണക്കിയിരുന്ന റെയിൽവേ പൂർണമായും നിശ്ചലമാകും. ഇങ്ങനെ കൊറോണ വൈറസ് വ്യാപനം തടയാനുള്ള പോരാട്ടം രാജ്യത്തെ ഓരോ പൗരനും ഇടപെടുന്ന യുദ്ധമായി മാറുകയാണ്.

ജനതാ കർഫ്യൂവിനെ തുടർന്ന് ചില സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോൾ മുൻ സൈനികനും നാഷണൽ ഇന്റലിജൻസ് ഗ്രിഡിന്റെ സ്ഥാപകനുമായ രഘുരാമൻ പറഞ്ഞത് ഇങ്ങനെയാണ്. രാജ്യം സമ്പൂർണ ലോക്ക്ഡൗണിലേക്ക് എത്തിയിരിക്കുന്നു എന്നാണ്. സാമൂഹ്യ വ്യാപനത്തിലേക്ക് കൊറോണ കടന്നോ എന്നതായിരുന്നു ഇതിലുയർന്ന പ്രധാന ആശങ്ക. സാമൂഹ്യ വ്യാപനം തടയുക എന്നതു തന്നെയാണ് ഈ ലോക്ക് ഡൗൺ പ്രഖ്യാപനത്തിലെ പ്രധാന ലക്ഷ്യവും.

കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കലാണെന്ന ലോകാരോഗ്യ സംഘടനയുടെയും മെഡിക്കൽ രംഗത്തെ വിദഗ്ധരുടെയും ഐ.സി.എം.ആർ. പഠനത്തെയും വിദേശരാജ്യങ്ങളിലെ അനുഭവത്തെയും മാനിച്ചുകൊണ്ടാണ് സുപ്രധാനമായ ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രധാനമന്ത്രി കടന്നിരിക്കുന്നത്. പൊതുവിടങ്ങളിൽ നിന്നുള്ള തന്ത്രപരമായ താൽക്കാലികമായ ഈ പിന്മാറ്റം വൈറസിന്റെ വ്യാപനത്തെ തടയുന്നതിനും സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും അടുത്ത നടപടികളിലേക്ക് പ്രവേശിക്കുന്നതിനും രാജ്യത്തലവന്മാരെ സഹായിക്കും.

കൊറോണ വ്യാപനത്തെ നിയന്ത്രിക്കുക എന്നുള്ളത് മോദിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ നിറഞ്ഞതാണ്. കൊറോണയ്ക്കെതിരായ പോരാട്ടവും ജനതാ കർഫ്യൂവും രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഏറ്റെടുത്തെങ്കിലും രാജ്യത്തിന്റെ സമ്പദ്ഘടനയക്ക് കൊറോണ ഏൽപിച്ച ആഘാതം വിലയിരുത്തുന്നതിലും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിലും മോദി പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. രോഗവ്യാപനം തടയുക എന്നുള്ളതാണ് പ്രഥമലക്ഷ്യം എന്നുപറയുമ്പോഴും ഉയരുന്ന മരണനിരക്കുകളും പോസിറ്റീവ് കേസുകളും ചോദ്യമുയർത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് സമ്പൂർണ ലോക്ക്ഡൗണിലേക്ക് രാജ്യം പ്രവേശിക്കാനൊരുങ്ങുന്നത്. നിങ്ങൾ എവിടെയാണോ അവിടെ തന്നെ തുടരുക, പുറത്തുകടക്കുകയോ മറ്റൊരു സ്ഥലത്തേക്ക് പ്രവേശിക്കയോ അരുത്. ലോക്ക്ഡൗൺ എന്ന അടിയന്തര പ്രോട്ടോക്കോൾ നിഷ്‌കർഷിക്കുന്നത് ഇതാണ്. അവശ്യസർവീസുകൾ ഒഴികെ പിന്നെയെല്ലാം അടച്ചിടും. ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സമ്പൂർണ ലോക്ക് ഡൗൺ. ചൈന, അമേരിക്ക, ഇറ്റലി, ഫ്രാൻസ്, മലേഷ്യ എന്നീ വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. അതിന്റെ പിൻപറ്റിയാണ് ഇപ്പോൾ ഇന്ത്യയും സമ്പൂർണ ലോക് ഡൗണിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

ചൈനയാണ് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആദ്യ ലോക്ഡൗൺ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനിലും ഹുബെ പ്രവിശ്യയിലെ പ്രധാന നഗരങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. ജനുവരി 23നാണ് അന്ന് പത്തുമണി മുതൽ പൊതുഗതാഗതം അടച്ചതായും വുഹാനിൽ താമസിക്കുന്നവർ നഗരം വിടുന്നത് വിലക്കിക്കൊണ്ടും ഉത്തരവ് വരുന്നത്. ഒമ്പതിനായിരം പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും 463 പേർ മരണപ്പെടുകയും ചെയ്ത മാർച്ച് ഒമ്പതിനാണ് ഇറ്റലി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. തൊട്ടുപിറകെ മാർച്ച് 15ന് മരണസംഖ്യ 288 ആയി ഉയർന്നതോടെ സ്‌പെയിനും മാർച്ച് പതിനാറിന് ഫ്രാൻസും ലോക്ക്ഡൗണിലേക്ക് നീങ്ങി. ഏറ്റവുമൊടുവിൽ ഇന്ത്യയും. നിലവിൽ 519 പോസിറ്റീവ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ പത്തും.

ലോകത്തെ തന്നെ ഏറ്റവുംവലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവെയും ലോക്ക ഡൗണിൽ നിലയ്ക്കും. ഏപ്രിൽ 14 വരെ തീവണ്ടികൾ ഓടില്ലെന്ന് ഇന്ത്യൻ റെയിൽവെ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയിൽവെ ഇക്കാര്യം അറിയിച്ചത്. എന്നാൽ ചരക്കു തീവണ്ടികൾ ഓടും. അവശ്യ വസ്തുക്കൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനാണിത്.

മാർച്ച് 31 വരെ തീവണ്ടി സർവീസുകൾ നിർത്തുവെക്കുന്നുവെന്നാണ് റെയിൽവെ നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ഏപ്രിൽ 14 വരെ നീട്ടിയത്. സബർബൻ ട്രെയിനുകളും നിർത്തിവച്ചിട്ടുണ്ട്. ആശുപത്രി കിടക്കകളും ട്രോളികളും അടക്കമുള്ളവ നിർമ്മിക്കുന്നകാര്യം പരിഗണിക്കണമെന്ന് റെയിൽവെയുള്ള എല്ലാ നിർമ്മാണ യൂണിറ്റുകളോടും റെയിൽവെ ബോർഡ് നിർദ്ദേശിച്ചിരുന്നു.

എന്താണ് ലോക്ക് ഡൗൺ?

ജനങ്ങൾ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാൻ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗൺ. എവിടെയാണ് നിങ്ങൾ അവിടെ തുടരണമെന്നാണ് പരിപൂർണ്ണ ലോക്ക് ഡൗൺ കൊണ്ടുദ്ദേശിക്കുന്നത്. നിങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നോ പ്രദേശത്ത് നിന്നോ മാറാൻ നിങ്ങൾക്ക് അനുമതിയുണ്ടാവില്ല.

കോവിഡ് രോഗ വ്യാപനത്തിനെതിരേയുള്ള മുൻകരുതലെന്നോണമാണ് രാജ്യത്തെ 80 നഗരങ്ങൾ ലോക്ക് ഡൗണിലേക്ക് പോകുന്നത്. ഏറ്റവും അധികം ചലിക്കുന്ന നഗരങ്ങളായ മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളെല്ലാം പൂർണ്ണമായും ബന്തവസ്സിലാണ്. അവശ്യസാധന സർവ്വീസുകളെ പൊതുവെ ലോക്കഡൗൺ ബാധിക്കാറില്ല. ഫാർമസികൾ, പലചരക്ക് പച്ചക്കറി കടകൾ, ബാങ്കുകൾ എന്നിവയുടെ സേവനം സാധാരണ ലോക്ക് ഡൗണുകളിൽ നിർത്തിവെപ്പിക്കാറില്ല. അവശ്യമല്ലാത്ത എല്ലാ സർവ്വീസുകളും പരിപാടികളും ആഘോഷങ്ങളും ഈ കാലയളവിൽ പൂർണ്ണമായും നിർത്തി വെപ്പിക്കും.

പഴം-പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം, ഭക്ഷ്യോത്പാദന കേന്ദ്രങ്ങൾ, പമ്പ് നടത്തിപ്പുകാർ. അരി മില്ലുകൾ, പാൽ, പാൽ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങൾ, ഫാർമസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങൾ, ടെലികോം, ഇൻഷുറൻസ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകൾ എന്നിവയുടെയെല്ലാം പ്രവർത്തനത്തിന് ലോക്ക് ഡൗൺ കാലയളവിൽ തടസ്സമുണ്ടാവില്ല. നിയമം ലംഘിച്ചാൽ ഒരുമാസം തടവും പിഴയുമാണ് ശിക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP