Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19നെ തുരത്താൻ വേറൊരായുധമില്ല; രാജ്യത്ത് ഇന്ന് അർദ്ധരാത്രി മുതൽ സമ്പൂർണ ലോക് ഡൗൺ; രാജ്യം പൂർണമായി അടച്ചിടുന്നത് 21 ദിവസത്തേക്ക്; ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മഹാമാരിയെ നേരിടാൻ ജനങ്ങൾ സാമൂഹിക അകലം പാലിക്കുകയല്ലാതെ വേറെ വഴിയില്ല; സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാമെങ്കിലും നമ്മുടെ ജീവൻ രക്ഷിക്കാൻ ഇത് അനിവാര്യം; വീട്ടിൽ അടച്ചിരിക്കൂ..സുരക്ഷിതരായിരിക്കൂ എന്നും മോദി

കോവിഡ് 19നെ തുരത്താൻ വേറൊരായുധമില്ല; രാജ്യത്ത് ഇന്ന് അർദ്ധരാത്രി മുതൽ സമ്പൂർണ ലോക് ഡൗൺ; രാജ്യം പൂർണമായി അടച്ചിടുന്നത് 21 ദിവസത്തേക്ക്; ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മഹാമാരിയെ നേരിടാൻ ജനങ്ങൾ സാമൂഹിക അകലം പാലിക്കുകയല്ലാതെ വേറെ വഴിയില്ല; സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാമെങ്കിലും നമ്മുടെ ജീവൻ രക്ഷിക്കാൻ ഇത് അനിവാര്യം; വീട്ടിൽ അടച്ചിരിക്കൂ..സുരക്ഷിതരായിരിക്കൂ എന്നും മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ന് രാത്രി മുതൽ രാജ്യത്ത് സമ്പൂർണ ലോക് ഡൗൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 12 മുതലാണ് ലോക്ഡൗൺ. രാജ്യം പൂർണമായി അടച്ചിടുന്നത് 21 ദിവസത്തേക്കാണ്. സാമൂഹിക അകലമാണ് ഈ മഹാമാരിയെ നേരിടാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം. ജനതാ ഹർത്താൽ വിജയിപ്പിച്ച എല്ലാ ജനങ്ങൾക്കും മോദി നന്ദി അറിയിച്ചു. രാജ്യത്തെ ഓരോ പൗരന്മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നതെന്നും മോദി പറഞ്ഞു.

ജനതാകർഫ്യൂ ജനങ്ങൾ വലിയ വിജയമാക്കി. അതിന് ജനങ്ങളോട് നന്ദി പറയുന്നു. എന്ത് സങ്കടമുണ്ടായാലും അതിനെ ഇന്ത്യക്കാർ ഒന്നിച്ച് നേരിടുമെന്ന് നമ്മൾ തെളിയിച്ചു. ലോകത്തെമ്പാടും കൊറോണവൈറസ് ഒരു മഹാമാരിയായി പടരുന്നത് നമ്മൾ മാധ്യമങ്ങളിലൂടെ കാണുകയാണല്ലോ. പല വികസിത രാജ്യങ്ങളും ഇതിന് മുന്നിൽ നിസ്സഹായരായി നിൽക്കുന്നതും നമ്മൾ കാണുന്നതാണ്. അവരുടെ പക്കൽ ഇതിനെ നേരിടാൻ വേണ്ട സൗകര്യങ്ങളില്ലാഞ്ഞിട്ടല്ല. എന്നിട്ടും വൈറസ് പടർന്നു പിടിക്കുകയാണ്.

ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാൻ വേറെ വഴിയില്ല. ഇത് മെഡിക്കൽ വിദഗ്ദ്ധർ തന്നെ വ്യക്തമാക്കിയതാണ്. വീട്ടിൽ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ. കൊറോണ പടർന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണം. ഇത് രോഗികൾക്ക് മാത്രമേ വേണ്ടൂ എന്ന് ചിലർക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം. നിങ്ങൾക്കും എനിക്കും അങ്ങനെ എല്ലാവർക്കും സാമൂഹ്യാകലം പാലിച്ചേ പറ്റൂ.

എന്നാൽ ചിലർ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടർന്നാൽ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാനസർക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവർത്തനത്തെ അഭിനന്ദിച്ചേ പറ്റൂ.

അതിനാൽ ഇന്ന് രാത്രി 12 മണി മുതൽ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നു. രാജ്യത്തെ ഓരോ പൗരന്മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നത്.ഇതിനാൽ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാൽ നമ്മുടെ ജീവൻ രക്ഷിക്കാൻ ഈ നടപടി അനിവാര്യമാണ്. അതിനാൽ ഈ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്റർ സന്ദേശം വഴി ഈ വിവരം അറിയിച്ചതും പ്രധാനമന്ത്രി തന്നെയാണ് .

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ജനതാ കർഫ്യു അടക്കം നിർണ്ണായക പ്രഖ്യാപനങ്ങൾ രാഷ്ട്രം ഒറ്റക്കെട്ടായി ഏറ്റെടുത്തു. കൊവിഡ് വ്യാപനം കൂടുതൽ തീവ്രമായതിനെ തുടർന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ ലോക് ഡൗണിലേക്ക് പോയ സാഹചര്യമാണ് നിലവിലുള്ളത്. പ്രതിരോധ മുൻകരുതൽ നടപടികളോട് പ്രതീക്ഷിച്ച തരത്തിൽ പ്രതികരിക്കുന്നില്ലെന്ന പരാതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദേശം:

ഒറ്റനോട്ടത്തിൽ

എല്ലാ ഭാരതീയരും ജൻതാ കർഫ്യുവിൽ പങ്കാളികളായി.

# ആരോഗ്യ പ്രവർത്തകരെ നമ്മൾ ഒരേ മനസ്സോടെ അഭിനന്ദിച്ചത് സന്തോഷകരമായ കാര്യമാണ്.

# സൂപ്പർ പവർ എന്ന നിലയിൽ ലോകം വിലയിരുത്തിയിട്ടുള്ള രാജ്യങ്ങൾ പോലും ട്രാക്കിങ് ബുദ്ധിമുട്ടായിരുന്നു.

# സാമൂഹിക ദൂരം എന്നത് മാത്രമാണ് ഈ അസുഖത്തിനുള്ള ഏക പരിഹാരം.

# സാമൂഹിക ദൂരം എല്ലാ ഭാരതീയരും കർശനമായും പാലിക്കണം.

# പ്രധാനമന്ത്രിക്ക് പോലും സാമൂഹിക ദൂരം പ്രധാന്യമുള്ളത് ആണ്.

# ഇന്ന് രാത്രി 12 മണി മുതൽ നമ്മുടെ രാഷ്ട്രം പൂർണ്ണമായും ലോക്ക്ഡൗൺ ആവുകയാണ്.

# ഒരു തരത്തിൽ ഇതൊരു കർഫ്യു ആണ്. ജനങ്ങളുടെ സഹകരണത്തോട് കൂടിയുള്ള ജൻതാ കർഫ്യു.

# ഓരോ ഭാരതീയന്റെ ജീവൻ പോലും പ്രാധാന്യം ഉള്ളതാണ്.

# നമ്മൾ ഈ മഹാമാരിയെ തോല്പിക്കുന്നതിന് വേണ്ടി 21 ദിവസത്തേക്ക് രാജ്യം മുഴുവൻ ലോക്ക്ഡൗണിലേക്ക് പോവുകയാണ്.

# അതുകൊണ്ട് ഞാൻ കൈകൾ കൂപ്പി അഭ്യർത്ഥിക്കുകയാണ്, നിങ്ങൾ ഈ തീരുമാനത്തോട് ഓരോ ഹിന്ദുസ്ഥാനിയും പൂർണ്ണമായും സഹകരിക്കണം.

# വീട്ടിൽ തന്നെ ഇരിക്കൂ, വീട്ടിൽ തന്നെ ഇരിക്കൂ, വീട്ടിൽ തന്നെ ഇരിക്കൂ.

# ഈ മഹാമാരിയെ നമ്മുടെ ലക്ഷ്മണ രേഖയുടെ അപ്പുറത്തേക്ക് നിർത്തൂ.

# ഒരൊറ്റ റോഡിലേക്കും നമ്മൾ ഇറങ്ങരുത്.

# ഒരു വ്യക്തിയുടെ അശ്രദ്ധ ഒരുപാട് നിഷ്‌ക്കളങ്കരിലേക്ക് രോഗം പടർത്തുവാൻ കാരണമാകും.

# ഇറ്റലി, അമേരിക്ക, സ്പെയിൻ, ജർമനി അടക്കമുള്ള രാജ്യങ്ങൾ ഈ മഹാമാരിയോട് പൊരുതുകയാണ്.

# ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടുവാനുള്ള ഉപായം എന്താണ്?

# ഒരേ ഒരു ഉപായം മാത്രമാണ് നിലവിൽ നമ്മുടെ മുന്നിൽ ഉള്ളത്. വീടുകളിൽ നിന്നും പുറത്ത് വരരുത്. സർക്കാർ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക. യാതൊരു കാരണവശാലും വീടുകളിൽ നിന്നും ഹിന്ദുസ്ഥാനികൾ പുറത്ത് വരരുത്. സോഷ്യൽ ഡിസ്റ്റൻസ് പൂർണ്ണമായും അനുസരിക്കുക.

# അടുത്ത 21 ദിവസം ഓരോ ഭാരതീയനെ സംബന്ധിച്ചും വളരെ , വളരെ പ്രാധാന്യമുള്ളതാണ്.

# അതു കൊണ്ട് ലക്ഷ്മണ രേഖ നമ്മൾ ഒരിക്കലും താണ്ടരുത്.

# താങ്കളുടെ കുടുംബം, മാതാപിതാക്കൾ, കുട്ടികൾ, സമൂഹം തുടങ്ങിയവരുടെ സുരക്ഷാ നിങ്ങളുടെ കൈകളിൽ ആണ്.

# എല്ലാ വിധ ആവശ്യ വസ്തുക്കളുടെയും ആവശ്യത്തിൽ അധികമുള്ള ശേഖരണം നിലവിൽ നമുക്കുണ്ട്.

# സാധാരണ ജനങ്ങളെ ഈ കാലഘട്ടത്തിൽ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്.

# 15,000 കോടി രൂപയുടെ കൊറോണ വൈറസ് പാക്കേജ് ഇന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയാണ്. ഇത്രയും തുക നമ്മുടെ രാജ്യത്തെ ആരോഗ്യ മേഖലയിൽ ചിലവഴിക്കുന്നതാണ്.

# 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് താങ്കളുടെ സുരക്ഷക്ക് വേണ്ടിയാണ്, താങ്കളുടെ പ്രായമായ മാതാപിതാക്കൾക്ക് വേണ്ടിയാണ്, താങ്കളുടെ കുടുംബത്തിന് വേണ്ടിയാണ്, ഈ സമൂഹത്തിന് വേണ്ടിയാണ്.

എല്ലാവർക്കും നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP