Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്യാസദീക്ഷ നടക്കുമ്പോൾ പറഞ്ഞത് മഠത്തിൽ 22 വിദേശികൾ എന്ന്; മുഴുവൻ ലിസ്റ്റും പരിശോധിച്ചപ്പോൾ മഠത്തിനുള്ളിൽ ഇറ്റലി ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 68 വിദേശികളും; ഒളിച്ചുകളി എന്തിന് എന്ന് ചോദിച്ചപ്പോൾ സ്വന്തമായി ക്വാറന്റൈൻ ഏർപ്പെടുത്തി എന്ന മറുപടിയും; വിശദീകരണങ്ങൾ പാടേ തള്ളിയ പഞ്ചായത്ത് നടത്തിയത് 68 പേരുടെ സ്രവപരിശോധന; കൊറോണ കാലത്ത് കള്ളക്കളി നടത്തിയ അമൃതാനന്ദമയിമഠം വിവാദത്തിൽ

സന്യാസദീക്ഷ നടക്കുമ്പോൾ പറഞ്ഞത് മഠത്തിൽ 22 വിദേശികൾ എന്ന്; മുഴുവൻ ലിസ്റ്റും പരിശോധിച്ചപ്പോൾ മഠത്തിനുള്ളിൽ ഇറ്റലി ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 68 വിദേശികളും; ഒളിച്ചുകളി എന്തിന് എന്ന് ചോദിച്ചപ്പോൾ സ്വന്തമായി ക്വാറന്റൈൻ ഏർപ്പെടുത്തി എന്ന മറുപടിയും; വിശദീകരണങ്ങൾ പാടേ തള്ളിയ പഞ്ചായത്ത് നടത്തിയത് 68 പേരുടെ സ്രവപരിശോധന; കൊറോണ കാലത്ത് കള്ളക്കളി നടത്തിയ അമൃതാനന്ദമയിമഠം വിവാദത്തിൽ

എം മനോജ് കുമാർ

കൊല്ലം: കേരളത്തിൽ കൊറോണ പടരവേ ക്വാറന്റൈൻ കാര്യത്തിൽ കൃത്യമായ വിവരങ്ങൾ നൽകാൻ മാതാ അമൃതാനന്ദമയിമഠം മടിച്ചത് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലും ആരോഗ്യവിഭാഗത്തിലും പരിഭ്രാന്തി പരത്തി. എത്രപേർ മഠത്തിൽ ക്വാറന്റൈന് വിധേയമാകുന്നു എന്ന കാര്യത്തിൽ കൃത്യമായ വിവരങ്ങൾ നൽകാൻ മടിച്ചതാണ് ആലപ്പാട്ട് പരിഭ്രാന്തി പരത്തിയത്. 68 പേർ ക്വാറന്റൈനിൽ തുടരവേ വെറും ഇരുപത്തിരണ്ടു പേർ മാത്രമാണ് ക്വാറന്റൈനിൽ തുടരുന്നത് എന്നാണ് മഠം പഞ്ചായത്തിന്റെ ആരോഗ്യവിഭാഗത്തെ അറിയിച്ചത്. തുടർന്ന് വിദേശികളുടെ മുഴുവൻ ലിസ്റ്റ് മഠത്തിൽ നിന്നും വാങ്ങി പരിശോധന നടത്തിയതോടെയാണ് അറുപത്തിയെട്ട് വിദേശികൾ മഠത്തിൽ തങ്ങുന്ന കാര്യം പഞ്ചായത്ത് ആരോഗ്യവിഭാഗത്തിനു ബോധ്യമായത്.

ഗുരുതരമായ പിഴവ് ആശ്രമത്തിന്റെ ഭാഗത്ത് നിന്നും വന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ അറുപത്തിയെട്ട് പേരുടെയും സ്രവം പരിശോധിക്കണമെന്ന കർശന നിലപാടിലേക്ക് ആരോഗ്യവിഭാഗം നീങ്ങിയത്. കൃത്യമായ ക്വാറന്റൈൻ അല്ല ആശ്രമത്തിൽ നടക്കുന്നത് എന്നറിയാമായിരുന്നതിനാലാണ് സ്രവ പരിശോധന തന്നെ വേണമെന്ന കാര്യത്തിൽ ആരോഗ്യവിഭാഗം നിർബന്ധം പിടിച്ചത്. തുടർന്ന് ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കൗൺസിലറായ സുഹാസിനിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം പ്രവർത്തകർ എത്തി ഈ അറുപത്തിയെട്ട് പേരെയും സ്രവപരിശോധനയക്ക് വിധേയമാക്കുകയായിരുന്നു. പഞ്ചായത്തിൽ തന്നെ ലാബ് ക്രമീകരിച്ചതിനാൽ ഇവിടെത്തന്നെയാണ് സ്രവ പരിശോധന നടന്നത്. പ്രത്യേക വാഹനത്തിൽ ആവശ്യമായ അകലം പാലിച്ചുകൊണ്ട് പല തവണയാണ് ഇവരെ സ്രവ പരിശോധനയ്ക്ക് പുറത്ത് എത്തിച്ചത്. നാളെ സ്രവപരിശോധനാ റിപ്പോർട്ട് ലഭിക്കുമെന്നാണ് സൂചന.

മാതാ അമൃതാനന്ദമയി സന്യാസദീക്ഷ നൽകിയ മാർച്ച് പതിനാലിന് ആലപ്പാട്ട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് വിഭാഗം ആശ്രമത്തിൽ എത്തിയിരുന്നു. കേരളത്തിൽ കൊറോണകാര്യത്തിൽ പരിഭ്രാന്തി പടരുന്ന സമയത്താണ് ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദ്ദേശം നിലനിൽക്കുമ്പോൾ തന്നെയാണ് സന്യാസദീക്ഷ നൽകുന്ന ചടങ്ങുകൾ ആശ്രമത്തിൽ നടന്നത്. ഇത് ആരോഗ്യവിഭാഗത്തെ പരിഭ്രാന്തരാക്കിയിരുന്നു. 270 ശിഷ്യർക്കാണ് ബ്രഹ്മചര്യ, സന്യാസ ദീക്ഷകൾ അമൃതാനന്ദമയി നേരിട്ട് നൽകിയത്. ചടങ്ങിനു വൻ ആൾക്കൂട്ടമാണ് അന്ന് ആശ്രമത്തിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പരിഭ്രാന്തി ഒഴിവാക്കാനും ചടങ്ങുകൾ നിരീക്ഷിക്കാനുമാണ് ആരോഗ്യവിഭാഗം ആശ്രമത്തിൽ എത്തിയിരുന്നത്. എത്രപേർ വിദേശത്ത് നിന്നും എത്തി ക്വാറന്റൈനിൽ തുടരുന്നുണ്ടെന്ന് ചോദിച്ചപ്പോൾ വെറും ഇരുപത്തിരണ്ടു പേർ എന്നാണ് മഠം അധികൃതർ മറുപടി നൽകിയത്. ഈ മറുപടിയിൽ അന്ന് തന്നെ വശപ്പിശക് ഉള്ളതായി ആരോഗ്യവിഭാഗത്തിനു തോന്നിയിരുന്നു. രഹസ്യമായി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ കൂടുതൽ വിദേശികൾ ഉള്ളതായി പഞ്ചായത്ത് ആരോഗ്യവിഭാഗത്തിനു ബോധ്യമായി. തുടർന്ന് വിദേശികളുടെ മുഴുവൻ ലിസ്റ്റും എടുത്തു ആരോഗ്യവിഭാഗം പരിശോധന നടത്തി. ഇതോടെയാണ് മൊത്തം അറുപത്തിയെട്ട് പേർ വിദേശത്ത് നിന്നും എത്തി ആശ്രമത്തിൽ തങ്ങുന്നതായി ആരോഗ്യവിഭാഗത്തിനു ബോധ്യമായത്. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരൊക്കെ ലിസ്റ്റിലുണ്ട്. ഇതോടെയാണ് കർശന നടപടികൾ ആരോഗ്യവിഭാഗം തീരുമാനിച്ചത്.

ക്വാറന്റൈൻ കാര്യത്തിലും എത്ര പേർ തുടരുന്ന എന്ന കാര്യത്തിൽ മഠം കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന് ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ സുഹാസിനി മറുനാടൻ മലയാളിയോട് പറഞ്ഞു. പഞ്ചായത്തിന്റെ കർശന പരിശോധന വന്നതിനെ തുടർന്നാണ് യാഥാർത്ഥ്യം മനസിലാക്കാൻ കഴിഞ്ഞത്. ഇരുപത്തിരണ്ടു പേർ എന്നത് അറുപത്തിയെട്ട് പേരായി. കൊറോണ പടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ പലരും- സുഹാസിനി പറയുന്നു. കൊറോണയുമായി ബന്ധപ്പെട്ടു കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ മാതാ അമൃതാനന്ദമയി മഠം വീഴ്ച വരുത്തി എന്നാണ് പഞ്ചായത്ത് വിലയിരുത്തുന്നത്. കൊറോണ പരിഭ്രാന്തി പടർത്തുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകാതെ മഠം കള്ളക്കളി നടത്തി എന്നാണ് പഞ്ചായത്തിന്റെ നിഗമനം.

രേഖകൾ വരുത്തി പരിശോധിച്ചപ്പോഴാണ് മഠം പറയുന്നത് ഒന്നും യാഥാർഥ്യം വേറൊന്നുമാണെന്ന് ആരോഗ്യവിഭാഗത്തിനു ബോധ്യമായത്. വിദേശങ്ങളിൽ നിന്നും എത്തിയവർക്ക് തങ്ങൾ തന്നെ ക്വാറന്റൈന് വിധേയമാക്കുന്നുണ്ടെന്നാണ് മഠം വ്യക്തമാക്കിയത്. എല്ലാവർക്കും പ്രത്യേകം പ്രത്യേകം സൗകര്യങ്ങൾ ഒരുക്കി നല്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനു ഇവർ തൃപ്തികരമായ മറുപടിയും നൽകിയില്ല. ഇപ്പോൾ ശ്രവ പരിശോധനയ്ക്ക് ആരോഗ്യവിഭാഗം മുതിർന്നതോടെ എല്ലാവർക്കും പ്രത്യേകം പ്രത്യേകം സൗകര്യങ്ങൾ ഒരുക്കി നൽകാമെന്നു ആരോഗ്യവിഭാഗത്തെ മഠം അറിയിച്ചിട്ടുണ്ട്. കേരളം കൊറോണ ഭീതിയിൽ തുടരവേയാണ് വിദേശികളുടെ കൃത്യമായ വിവരം നൽകാതെ മഠം കള്ളക്കളി നടത്തിയത്.

മഠം നേരിട്ട് നടത്തിയ സന്യാസദീക്ഷ ചടങ്ങുകളും പഞ്ചായത്തിൽ പരിഭ്രാന്തി പരത്തിയിരുന്നു. വലിയ ആൾക്കൂട്ടവും വിദേശികൾ ഉൾപ്പടെയുള്ളവരുമാണ് കഴിഞ്ഞ പതിനാലിന് നടന്ന ചടങ്ങുകളിൽ പങ്കെടുത്തത്. 270 ശിഷ്യർക്ക് ബ്രഹ്മചര്യ, സന്യാസ ദീക്ഷകളാണ് അമൃതാനന്ദമയി അന്ന് നേരിട്ട് നൽകിയത്. മാതാ അമൃതാനന്ദമയിക്കൊപ്പം മുതിർന്ന സന്യാസി ശിഷ്യരും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഇതിൽ വിദേശത്തു നിന്നുള്ളവരും ഉണ്ട്. 22 വർഷങ്ങൾക്കു ശേഷമാണ് മഠത്തിൽ ദീക്ഷ ചടങ്ങുകൾ നടന്നത്. ആശ്രമ അന്തേവാസികൾക്കു മാത്രം പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് ചടങ്ങുകൾ നടത്തിയിരുന്നത്. പക്ഷെ ആൾക്കൂട്ടവും വിദേശികളും ചടങ്ങിലുണ്ടായിരുന്നു. ഇത് മനസിലാക്കിയാണ് പഞ്ചായത്ത് ആരോഗ്യവിഭാഗം ചടങ്ങിൽ സംബന്ധിച്ചത്. അന്ന് സംശയം തോന്നിയതിനെ തുടർന്നാണ് വിദേശികളുടെ വിശദമായ കണക്കുകൾ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടത്. ക്വാറന്റൈനിൽ തുടരേണ്ട ആളുകൾ ഇറങ്ങി നടന്നാണ് കേരളത്തിൽ കൊറോണ വ്യാപിപ്പിച്ചത്. ഇത് മനസിലാക്കിതിനെ തുടർന്ന് കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ചിലർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞത്. ക്വാറന്റൈനിൽ തുടരേണ്ടിയിരുന്ന കാസർകോട് സ്വദേശി കേരളം മുഴുവൻ നടന്നു ജനങ്ങളെ പരിഭ്രാന്തിയിലാക്കിയതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ രോഷത്തോടെ ഈ കാര്യം പറഞ്ഞത്.

നിലവിൽ സംസ്ഥാനം ആശങ്കാകുലമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാന അതിർത്തി അടച്ചു. . പൊതുഗതാഗതം നിർത്തി. ലോക്ക് ഡൗൺ സംസ്ഥാനത്ത് നിലവിൽ വന്നിരിക്കുകയാണ്. മാർച്ച് 31വരെയാണ് ലോക്ക്ഡൗൺ തുടരും. സംസ്ഥാനത്ത് ഇന്നലെ 30 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 27 പേർ ദുബായിൽനിന്ന് വന്നവരാണ്. കാസർകോട്19, എറണാകുളം2, കണ്ണൂർ 5, കോഴിക്കോട്2 പത്തനംതിട്ട 1, തൃശൂർ 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. രോഗം ഇതുവരെ ബാധിച്ചവർ 97 ആയി. നേരത്തെ 4 പേർ രോഗവിമുക്തരായിരുന്നു. സംസ്ഥാനത്താകെ നിരീഷണത്തിൽ 64,320 പേരുണ്ട്; 63,937 പേർ വീടുകളിലും 383 പേർ ആശുപത്രിയിലും. 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്. പെട്രോൾ പമ്പ്, ആശുപത്രികൾ എന്നിവ പ്രവർത്തിക്കുമ്പോൾ സർക്കാർ ഓഫിസുകൾ നിയന്ത്രണങ്ങളോടെയാണ് മുന്നോട്ടു പോകുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മെഡിക്കൽ ഷോപ്പുകൾ ഒഴികെ മറ്റെല്ലാ കടകളും അടച്ചിട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP