Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ശ്രീറാം വെങ്കിട്ടരാമൻ വെറുതേ ശമ്പളം വാങ്ങേണ്ട; സസ്പെൻഷനിലായാലും ശമ്പളം നൽകണം; ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ; കേസിൽ ശ്രീറാമിന് സർക്കാർ ഒരു സംരക്ഷണവും നൽകില്ല'; ശ്രീരാമിനെ സർവീസിൽ തിരിച്ചെടുത്തതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ; മാധ്യമ പ്രവർത്തകരുടെ പ്രതിഷേധവും തള്ളി പിണറായി വിജയന്റെ പ്രതികരണം മാധ്യമ മേധാവികളുമായുള്ള ചർച്ചയിൽ; സർക്കാറുമായി ഒത്തുകളിച്ചു പിന്നിൽ നിന്നും കുത്തിയെന്ന് ആരോപിച്ചു പത്രപ്രവർത്തക യൂണിയനിൽ കലാപം

'ശ്രീറാം വെങ്കിട്ടരാമൻ വെറുതേ ശമ്പളം വാങ്ങേണ്ട; സസ്പെൻഷനിലായാലും ശമ്പളം നൽകണം; ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ; കേസിൽ ശ്രീറാമിന് സർക്കാർ ഒരു സംരക്ഷണവും നൽകില്ല'; ശ്രീരാമിനെ സർവീസിൽ തിരിച്ചെടുത്തതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ; മാധ്യമ പ്രവർത്തകരുടെ പ്രതിഷേധവും തള്ളി പിണറായി വിജയന്റെ പ്രതികരണം മാധ്യമ മേധാവികളുമായുള്ള ചർച്ചയിൽ; സർക്കാറുമായി ഒത്തുകളിച്ചു പിന്നിൽ നിന്നും കുത്തിയെന്ന് ആരോപിച്ചു പത്രപ്രവർത്തക യൂണിയനിൽ കലാപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് സർക്കാർ ഒരു സംരക്ഷണവും നൽകില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം ശ്രീറാമിനെ തിരിച്ചെടുത്ത നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. കൊറോണ പടരുന്ന സാഹച്യത്തിൽ മാധ്യമപ്രവർത്തകർ സ്വീകരിക്കേണ്ട മുന്നറിയിപ്പുകളെ കുറിച്ചു ചർച്ച ചെയ്യാൻ വേണ്ടി മാധ്യമമേധാവികളുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞദിവസമാണ് സർവീസിലേക്ക് തിരിച്ചെടുത്തത്.

ആരോഗ്യവകുപ്പിൽ ജോയിന്റ സെക്രട്ടറിയായി ശ്രീറാമിനെ നിയമിക്കാൻ തീരുമാനിച്ച സർക്കാർ നിലപാടിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇന്നലെ ശ്രീറാമിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഈ സർക്കാർ തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കേസ് നടക്കുന്നുണ്ട്. കുറ്റപത്രവും നൽകി. കേസ് കേസിന്റെ വഴിക്ക് പോകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം. ഇത് ഇന്ന് ആവർത്തിക്കുകയായിരുന്നു പിണറായി വിജയൻ.

'ശ്രീറാം വെങ്കിട്ടരാമൻ വെറുതേ ശമ്പളം വാങ്ങേണ്ട. സസ്പെൻഷനിലായാലും ശമ്പളം നൽകണം. ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ.കേസിൽ ശ്രീറാമിന് സർക്കാർ ഒരു സംരക്ഷണവും നൽകില്ല.'- ഇതായിരുന്നു അദ്ദേഹം മാധ്യമ മേധാവികളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി ശുപാർശ നൽകിയിരുന്നു. കുറ്റം ചെയ്തതിന് ഇദ്ദേഹത്തിനെതിരെ തെളിവില്ലെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങിയ സമിതിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവീസിലേക്ക് തിരിച്ചെടുത്തത്. ശ്രീറാമിനെ കേസ് കഴിയുന്നതുവരെ തിരിച്ചെടുക്കരുതെന്ന് മാധ്യമസമൂഹം ഒറ്റക്കെട്ടായി ആവശ്യപ്പെടുമ്പോഴായിരുന്നു സർക്കാർ നടപടി.

അതേസമയം കെ എം ബഷീറിനെ തിരിച്ചെടുത്ത സംഭവത്തിൽ മാധ്യമപ്രവർത്തകർ തന്നെ ഒത്തുകളിച്ചു എന്ന ആരോപണം പത്രപ്രവർത്തക യൂണിയനിൽ ശക്തമാണ്. കൊറോണ കാലത്താണ് സർക്കാർ തിരിച്ചെടുത്തത്. ശ്രീറാമിനെ തിരിച്ചെടുക്കുമ്പോൾ അത് പത്രപ്രവർത്തക യൂണിയൻ നേതാക്കളുമായി ആലോചിച്ചിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ഉരുൾപൊട്ടൽ യൂണിയനിലേക്കും വ്യാപിപ്പിക്കാൻ കാരണം. മുഖ്യമന്ത്രിയുമായി യൂണിയൻ നേതാക്കൾ ചർച്ച നടത്തി എന്ന വിവരം വെളിയിൽ വന്നപ്പോൾ യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ബിജു ഗോപിനാഥ് പ്രതിഷേധിച്ച് ഇന്നലെ തന്നെ രാജി നൽകി. യൂണിയൻ തലത്തിൽ പ്രതിഷേധം രൂക്ഷമാവുകയാണ് എന്നാണ് ബിജു ഗോപിനാഥിന്റെ രാജി നൽകുന്ന സൂചന. കെ.എം.ബഷീറിന്റെ മരണം പോലെ ഇത്രയും വൈകാരികമായ പ്രശ്നത്തിൽ യൂണിയൻ നേതൃത്വം രഹസ്യ ചർച്ച നടത്തിയതാണ് പത്രപ്രവർത്തക യൂണിയനിലെ ഒരു വിഭാഗത്തെ പ്രകോപിച്ചത്. ബഷീറിന്റെ മരണം മുന്നിൽ നിൽക്കുന്നതിനാൽ ഇപ്പോൾ പ്രതിഷേധം രൂക്ഷമാവുകയാണ്.

ബഷീറിന്റെ മരണത്തിൽ യൂണിയൻ നേതൃത്വം രഹസ്യ ചർച്ച നടത്തിയതിൽ ബിജു ഗോപിനാഥ് എക്സിക്യൂട്ടീവ് രാജിവെച്ചപ്പോൾ മാധ്യമത്തിലെ ജോൺ.പി.തോമസും മാതൃഭൂമിയിലെ ജയപ്രസാദും രഹസ്യ ചർച്ചയ്ക്കെതിരെ പൊട്ടിത്തെറിച്ച് കൊണ്ട് അംഗങ്ങൾക്ക് വേറെയും കത്ത് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി എന്ന തിരുവനന്തപുരം യൂണിയൻ പ്രസിഡന്റിന്റെ വിശദീകരണക്കുറിപ്പ് വന്ന ശേഷമാണ് വെള്ളിമംഗലത്തിന്റെ കുറിപ്പിന്നെതിരെ ഇവർ പൊട്ടിത്തെറിച്ച് മറ്റൊരു കുറിപ്പ് ഇറക്കിയത്. പത്രപ്രവർത്തക യൂണിയൻ പ്രതിനിധികൾ സർക്കാറുമായി ചർച്ച നടത്തിയെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതോടെയാണ് കെയുഡബ്ലുജെ ജില്ലാനേതൃത്വത്തിന് ഗത്യന്തരമില്ലാതെ പ്രസ്താവന ഇറക്കേണ്ടി വന്നിരിക്കുന്നത്.

ബഷീർ വിഷയത്തിൽ മുഖ്യമന്ത്രി കാട്ടിയ മാന്യത എങ്കിലും കെയുഡബ്ലുജെ ജില്ലാ നേതൃത്വത്തിൽ നിന്ന് ഉണ്ടാകേണ്ടിയിരുന്നു എന്നാണ് കത്തിൽ ജോണും ജയപ്രസാദും ചൂണ്ടിക്കാട്ടുന്നത്. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന വിവാദം രൂക്ഷമാവുകയാണ് എന്ന സൂചനയാണ് നിലവിലെ പൊട്ടിത്തെറിക്കൽ നൽകുന്ന സൂചന. അതേസമയം ഐഎഎസ് ലോബി വിരട്ടിയിട്ടാണ് പത്രപ്രവർത്തക യൂണിയനെ വരുതിയിൽ നിറുത്തിയത് എന്ന ആരോപണവും ഒപ്പം മുഴങ്ങുന്നുണ്ട്. കെയുഡബ്ലുജെ കീഴടങ്ങലിന് പ്രധാന കാരണം അഴിമതി നടത്തിയതിന്റെ പേരിൽ നിലനിൽക്കുന്ന പ്രസ് ക്ലബുകളിലെ വിജിലൻസ് അന്വേഷണമാണ്. ഈ കേസ് വെച്ച് എല്ലാത്തിനേയും പൂട്ടുമെന്ന് ഐഎ എസ് ലോബി ഭീഷണി മുഴക്കിയപ്പോൾ കെയുഡബ്ലുജെ നേതൃത്വം നിശബ്ദരായി. ഇതാണ് പത്രപ്രവർത്തക യൂണിയൻ നിശബ്ദരാകാൻ കാരണം എന്നുമുള്ള ആരോപണവും ഒപ്പം മുഴങ്ങുന്നുണ്ട്. ബഷീറിനെ അവന്റെ സംഘടന തന്നെ ചതിച്ചു എന്ന ആരോപണം എന്തായാലും പത്രപ്രവർത്തക യൂണിയനെ പ്രതിസന്ധിയിൽ ആഴ്‌ത്തിയിട്ടുണ്ട്.

യൂണിയനിലെ ഇടത് നേതാക്കൾ മുഖ്യമന്ത്രിയുമായി രഹസ്യ ചർച്ച നടത്തി പ്രശ്നം ഒത്തുതീർപ്പാക്കി എന്ന രീതിയിലാണ് വാർത്ത വെളിയിൽ വന്നത്. ബഷീറിന്റെ ചോരക്ക് ഉപ്പു നോക്കിയവരാണ് ആത്മസുഹൃത്തുക്കൾ എന്ന് പറഞ്ഞ് ചമഞ്ഞ് നടന്നവരെന്നു ഒരു വിഭാഗം ആരോപിച്ചതോടെ പ്രശ്നം കൂടുതൽ വഷളായി. ''കേസിന്റെ കാര്യത്തിൽ ഇനിയും ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കോവിഡിന്റെ സമയത്ത് അയാളെ ഉപയോഗിക്കാൻ ആണ് തീരുമാനം. ശമ്പളം വാങ്ങി അയാൾ വീട്ടിലിരിക്കുകയാണ്. ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല'' എന്ന് പത്രപ്രവർത്തക യൂണിയൻ നേതാക്കൾ നേരിട്ട് കണ്ടപ്പോൾ മുഖ്യമന്ത്രി അപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കുകയാണ് എന്ന് മനസിലായിട്ടും തിരുവനന്തപുരം ജില്ലാ നേതൃത്വം അത് യൂണിയൻ നേതാക്കളിൽ നിന്നും മറച്ചു വെച്ചതാണ് പ്രശ്നം വഷളാക്കിയത്. മുഖ്യമന്ത്രി അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ ജേക്കബ് തോമസിന്റെയും , സെൻ കുമാറിന്റെയും ചരിത്രം തിരിച്ച് പറയാൻ യൂണിയൻ നേനതാക്കൾക്ക് പറ്റിയില്ലേ.. എന്നാണ് സഹപ്രവർത്തകർ തന്നെ ചോദ്യം ഉതിർക്കുന്നത്. ഈ ചോദ്യത്തിന് അന്ന് ചർച്ച നടത്തിയ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിനും സെക്രട്ടറി അഭിജിത്തിനും അടക്കമുള്ളവർക്ക് മറുപടിയുണ്ടായില്ല. ഇതാണ് പ്രശ്നം ഉരുണ്ടുകൂടാൻ ഇടയാക്കുന്നത്. പത്രപ്രവർത്തക യൂണിയനിലെ ഒരു വിഭാഗം നേതാക്കളും അംഗങ്ങളും അറിയാതെ ജില്ലാ നേതൃത്വം ഒറ്റയ്ക്ക് ഈ പ്രശ്നത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. വന്നത് രഹസ്യധാരണയാണ്. ഇത് ഒരു തരം ഒറ്റുകൊടുക്കലാണ് എന്നാണ് യൂണിയൻ ജില്ലാ നേതൃത്വത്തിന്നെതിരെ ആരോപണം വന്നിരിക്കുന്നത്.

ചർച്ച നടത്തിയെന്ന് സമ്മതിച്ച് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം ഇന്നു രാവിലെ വിശദീകരണക്കുറിപ്പ് അംഗങ്ങൾക്ക് അയച്ചിട്ടുണ്ട്. പക്ഷെ ഉയർന്നു വന്ന ആരോപണങ്ങൾ ഖണ്ഡിക്കാൻ ഉതകുന്ന ഒന്നും വെള്ളിമംഗലത്തിന്റെ കത്തിലില്ല എന്നത് പ്രശ്നം രൂക്ഷമാക്കിയേക്കും. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത് അനുസരിച്ചാണ് ഞങ്ങൾ പോയത്. പത്രപ്രവർത്തക സമൂഹത്തിനുള്ള വൈകാരികത തനിക്ക് ബോധ്യമുണ്ടെന്നും നിയമപരമായി ഇതിനപ്പുറം ചെയ്യാൻ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. തുടക്കം മുതൽ മാധ്യമ പ്രവർത്തകരും യൂണിയനും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ആദ്യം കേസ് അന്വേഷിച്ച സംഘത്തെ മാറ്റി അന്വേഷണത്തിന് പ്രത്യേക ടീമിനെ വച്ചു, കുടുംബത്തിന് സാമ്പത്തിക സഹായവും ജോലിയും നൽകി. കുറ്റപത്രം നൽകും മുൻപ് അയാളുടെ സസ്പെൻഷൻ നീട്ടൽ ഉൾപ്പെടെ നിങ്ങൾ പറഞ്ഞതെല്ലാം അംഗീകരിച്ചു. കേസിന്റെ കാര്യത്തിൽ ഇനിയും ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കോവിഡിന്റെ സമയത്ത് അയാളെ ഉപയോഗിക്കാൻ ആണ് തീരുമാനം. ശമ്പളം വാങ്ങി അയാൾ വീട്ടിലിരിക്കുകയാണ്. ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല- ഇതാണ് മുഖ്യമന്ത്രി യൂണിയൻ നേതാക്കളെ അറിയിച്ചത്. വെള്ളിമംഗലം വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. അതായത് തീരുമാനം മുഖ്യമന്ത്രി ഔദ്യോഗികമായി പത്രപ്രവർത്തക യൂണിയനെ അറിയിച്ചു.

ഒരു സംശയത്തിനും അവകാശമില്ലാത്ത വിധത്തിൽ തീരുമാനം യൂണിയനെ അറിയിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നുവെന്ന് തെളിയിക്കുകയാണ് വെള്ളിമംഗലത്തിന്റെ വിശദീകരണക്കുറിപ്പ്. ഇതോടെ മുഖ്യമന്ത്രി പറഞ്ഞത് വെള്ളിമംഗലം തന്നെ ശരിവെച്ചു എന്ന അവസ്ഥ വന്നു. ഈ കാര്യം എന്തുകൊണ്ട് ഔദ്യോഗികമായി തങ്ങളെ അറിയിച്ചില്ലാ എന്നാണ് പത്രപ്രവർത്തക യൂണിയൻ നേതാക്കളും അംഗങ്ങളും ഉയർത്തുന്ന ചോദ്യം. ഇതിനു വെള്ളിമംഗലത്തിന്റെ മറുപടി ഇതാണ്. സംസ്ഥാന ഭാരവാഹികളോട് വിവരം പറഞ്ഞ ശേഷം അവരുടെ തീരുമാനത്തിന് കാക്കാതെ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകരെ കൂടി ഇത് അറിയിക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള പിഴവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാത്രമാണ്. അങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് മനപ്പൂർവമല്ല. സംസ്ഥാന ഭാരവാഹികളുടെ അഭിപ്രായം വരുംമുൻപ് തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതായിരുന്നു. ഇങ്ങനെ ഒരു പിഴവ് സംഭവിച്ചതിൽ അങ്ങേയറ്റം ദുഃഖമുണ്ട്. തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന പാകപ്പിഴ വിശദീകരണക്കുറിപ്പിലൂടെ ഏറ്റുപറയുകയാണ് പത്രപ്രവർത്തകയൂണിയൻ ജില്ലാ പ്രസിഡന്റ് ചെയ്തിരിക്കുന്നത്. പത്രപ്രവർത്തക യൂണിയനിലെ ഒരു വിഭാഗം ഇടത് നേതാക്കളും മുഖ്യമന്ത്രിയും തമ്മിൽ ധാരണയിലെത്തുകയായിരുന്നു എന്ന ആരോപണമാണ് യൂണിയൻ ജില്ലാ പ്രസിഡന്റിന്റെ വിശദീകരണക്കുറിപ്പ് അടിവരയിട്ടു പറയുന്നത്. ഇതാണ് നിലവിലെ പ്രശ്നം വഷളാക്കാൻ ഇടവരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP