Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

95ഉം 100ഉം വയസ്സുള്ളവർ പോലും കോവിഡിനെ അതിജീവിക്കുന്നുണ്ട്! ഇതുവരെ രോഗം ഭേദമായത് ഒരുലക്ഷം പേർക്ക്; വൃദ്ധരെ മരിക്കാൻ വിടുന്ന ഇറ്റലിയിൽ 95 വയസുള്ള സ്ത്രീ അതിജീവിച്ചതിന്റെ ആഹ്ലാദത്തിൽ ആരോഗ്യ പ്രവർത്തകർ; കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ മരണ നിരക്കിൽ നേരിയ കുറവ്; വസൂരിയെ തോൽപ്പിച്ച ഇന്ത്യ വഴികാട്ടണമെന്ന് ലോകാരോഗ്യ സംഘടന; ലോകത്തെ 150 കോടി ജനങ്ങൾ വീടുകളിൽ കഴിഞ്ഞ് മഹാമാരിയെ കൂട്ടമായി പ്രതിരോധിക്കുന്നു; കോവിഡ് കെടുതികൾക്കിടയിലും ചില ആശ്വാസ വാർത്തകൾ

95ഉം 100ഉം വയസ്സുള്ളവർ പോലും കോവിഡിനെ അതിജീവിക്കുന്നുണ്ട്! ഇതുവരെ രോഗം ഭേദമായത് ഒരുലക്ഷം പേർക്ക്; വൃദ്ധരെ മരിക്കാൻ വിടുന്ന ഇറ്റലിയിൽ 95 വയസുള്ള സ്ത്രീ അതിജീവിച്ചതിന്റെ ആഹ്ലാദത്തിൽ ആരോഗ്യ പ്രവർത്തകർ; കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ മരണ നിരക്കിൽ നേരിയ കുറവ്; വസൂരിയെ തോൽപ്പിച്ച ഇന്ത്യ വഴികാട്ടണമെന്ന് ലോകാരോഗ്യ സംഘടന; ലോകത്തെ 150 കോടി ജനങ്ങൾ വീടുകളിൽ കഴിഞ്ഞ് മഹാമാരിയെ കൂട്ടമായി പ്രതിരോധിക്കുന്നു; കോവിഡ് കെടുതികൾക്കിടയിലും ചില ആശ്വാസ വാർത്തകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്:  ലോകത്ത് മരണതാണ്ഡവം വിതക്കുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ കെടുതിയിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോളും ഇതാ ചില ആശ്വാസ വാർത്തകൾ. രോഗഭീതിയിൽ ആളുകൾക്ക് ഉത്കണ്ഠാരോഗങ്ങളും വിഷാദരോഗങ്ങളും വർധിക്കാതിരിക്കാൻ ചില പോസറ്റീവ് വാർത്തകൾ കൂടി പ്രചരിപ്പിക്കണമെന്ന് ലോകരോഗ്യസംഘടന തന്നെ അഭിപ്രായപ്പെടുന്നുണ്ട്. പ്ലേഗും, സാർസും, പക്ഷിപ്പനിയും, വസൂരിയും അടക്കമുള്ള മാരകരോഗങ്ങളെ നിർമ്മാർജനം ചെയ്തപോലെ ഈ മഹാമാരിയെയും നമുക്ക് പിടിച്ചുകെട്ടാൻ കഴയുമെന്നാണ് ലോകാരോഗ്യസംഘടന അഭിപ്രായപ്പെടുന്നത്. നിപ്പയെയും സാർസിനെയും അപേക്ഷിച്ച് കോവിഡിന് മരണ നിരക്ക് കുറവാണെന്നും ഒരുലക്ഷത്തോളംപേർ അതിജീവിച്ചുവെന്നതും എടുത്തുപറഞ്ഞ് ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും വേണമെന്നും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഇറ്റലിയിൽ 95കാരി കോവിഡിൽനിന്ന് രക്ഷപ്പെട്ടതിന്റെ വാർത്ത വലിയ ആവേശമാണ് ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടാക്കിയത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിലെ ഹൂബൽ പ്രൊവിൻസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന 80 പേരിൽ ഒരാളായിരുന്ന 100 വയസുകാരൻ കൊറോണയെ കീഴടക്കി അദ്ദേഹത്തിന്റ നൂറാം പിറന്നാൾ ആഘോഷിച്ചത് നേരത്തെ വാർത്തയായിരുന്നു. 1920 ഫെബ്രുവരിയിൽ.ആയിരുന്നു ഈ ചൈനീസ് മുത്തശ്ശൻ ജനിച്ചത്. സിൻഹുവ റിപ്പോർട്ട് അനുസരിച്ചു ഈ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഏറ്റവും പ്രായം കൂടിയ രോഗിയാണ് ഈ ചൈനക്കാരൻ.

ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 16000 കവിയുമ്പോഴും രോഗം ഭേദമായവരുടെ എണ്ണം വലിയ ആശ്വാസമാണ് നൽകുന്നത്. ലോകമൊട്ടാകെ ഇത് വരെ ഒരുലക്ഷം പേർ കോവിഡ് രോഗത്തിൽ നിന്ന് മുതക്തരായെന്നാണ് കണക്കുകൾ. കോവിഡിനെതിരേയുള്ള പൊരുതലിന് ലോകത്തിന് തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ജോൺ ഹോപ്കിൻസ് സർവ്വകലാശാലയുടേതാണ് ഈ കണക്കുകൾ. ചൈനയിൽ മാത്രം 81,400 കേസുകളും മറ്റ് 166 രാജ്യങ്ങളിലായി 2.60 ലക്ഷം പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൈനയിലെ 70,000 പേർ രോഗമുക്തി നേടി. ഹ്യൂബി പ്രവിശ്യയിൽ മാത്രം 59000 പേരുടെ രോഗമാണ് ഭേദമായത്.ഇതിൽ ഏറ്റവും പ്രതീക്ഷാ നിർഭരമായ കണക്കുകൾ വരുന്നത് ദക്ഷിണ കൊറിയയിൽ നിന്നാണ്. അവിടെ രോഗം ബാധിച്ചവരിലെ മൂന്നിൽ ഒരാൾ രോഗമുക്തി നേടി.

ഇന്ത്യയിൽ ആദ്യത്തെ മൂന്ന് കോവിഡ് കോസുകൾ കേരളത്തിലായിരുന്നു. ഈ മൂന്ന് പേരും പിന്നീട് രോഗ മുക്തി നേടി. അടുത്ത ഘട്ടം വ്യാപനം ആരംഭിച്ചത് ഇന്ത്യയിലെത്തിയ 14 ഇറ്റലി സ്വദേശികളിൽ 11 പേർക്കും രോഗം സ്ഥിരീകരിച്ചതോടെയാണ്. ഗുരുഗ്രാമിലെ ഐസൊലേഷൻ വാർഡിലേക്ക് രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയ ഉടൻ തന്നെ ഇവരെ മാറ്റാനായത് വലിയ രീതിയിൽ രോഗവ്യാപനത്തെ തടയാനായി. മാർച്ച് മൂന്നിനാണ് ഇവരെല്ലാം രോഗം ഭേദമായി പുറത്തുറങ്ങിയത്. ഇന്ത്യയിൽ ഇതുവരെ 35 പേരാണ് രോഗമുക്തി നേടിയത്.

മരുന്നിന്റെ സഹായമില്ലാതെ മൂന്ന് ദിവസം പനി രോഗി കാണിച്ചില്ലെങ്കിൽ/ ഒരാഴ്ചത്തേക്ക് ചുമ, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചില്ലെങ്കിൽ/ രണ്ട് ദിവസം തുടർച്ചയായി നടത്തിയ ടെസ്റ്റുകളിൽ കോവിഡ് നെഗറ്റീവ് ആണെങ്കിൽ രോഗം ഭേദമായതായാണ് കണക്കാക്കാക്കാറെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.രോഗ ലക്ഷണങ്ങൾ കാണിക്കുന്നത് കുറഞ്ഞാലും രോഗിയുടെ ദേഹത്ത് വൈറസിന്റെ അംശങ്ങളുണ്ടാവാം. അതിനാലാണ് രണ്ട് തുടർച്ചയായ ദിവസങ്ങളിൽ കോവിഡ് ടെസ്റ്റുകൾ ചെയ്യുന്നത്.

ഇറ്റലിയിൽനിന്നും ചില ശുഭവാർത്തകൾ

കൊവിഡ് 19 ഏറ്റവും കൂടുതൽ മരണം ഇറ്റലിയിൽനിന്നുമുണ്ട് ചില പ്രതീക്ഷ നൽകുന്ന വാർത്തകൾ. രാജ്യത്ത് 95 വയസുള്ള സ്ത്രീ കൊവിഡ് 19 വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അൽമ ക്ലാര കോർസിനി എന്ന 95കാരിയെ മാർച്ച് അഞ്ചിനാണ് കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് പാവുലോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മൂന്നാഴ്ചയ്ക്കകം അവരുടെ അസുഖം പൂർണ്ണായി ഭേദമായി എന്നാണ് റിപ്പോർട്ട്. രാജ്യത്തുകൊവിഡ് 19 ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.തനിക്ക് പൂർണ്ണമായി അസുഖം ഭേദമായെന്നും ആരോഗ്യപ്രവർത്തകർ തന്നെ നന്നായി ശുശ്രൂഷിച്ചെന്നും ഇവർ മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറ്റലിയിൽ കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിലും നേരിയ കുറവുണ്ടായിട്ടുണ്ട്. ശനിയാഴ്ച 793 പേർ മരിച്ച ഇറ്റലിയിൽ ഞായറാഴ്ച 651 പേരും തിങ്കളാഴ്ച 602 പേരുമാണ് മരിച്ചത്. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം വൈറസ് ബാധയിൽ മരിച്ചത് 6078 പേരാണ്. 63,928 പേർക്ക് ഇറ്റലിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറ്റലിയിലെ രോഗപ്രതിരോധത്തിനും ശുശ്രൂഷയ്ക്കുമായി ക്യൂബയിൽ നിന്നുള്ള 54 പേരടങ്ങുന്ന സംഘം എത്തിയിരുന്നു. രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാർഡി മേഖലയിലാണ് അഭ്യർത്ഥന അനുസരിച്ച് ക്യൂബൻ മെഡിക്കൽ സംഘം പ്രവർത്തിക്കുക. ഇറ്റലിക്കാർ കൈയടിയോടെയാണ് ക്യൂബൻ സംഘത്തെ സ്വീകരിച്ചത്. ഇതും അവിടുത്തെ ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കയാണ്.

മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇറ്റലിയിൽ മരണനിരക്ക് കൂടാൻ കാരണം അവിടെ പ്രായമുള്ളവരുടെ എണ്ണം കൂടുതലായതിനാലാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രായമായവരിൽ വൈറസ് ബാധ കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുന്നു. ഇറ്റലിയിൽ രോഗം പിടിപെട്ടവരിൽ കൂടുതലും 50-60 വയസ് പിന്നിട്ടവരാണെന്നും റിപ്പോർട്ടുണ്ട്.ജപ്പാൻ കഴിഞ്ഞാൽ ലോകത്ത് പ്രായമേറിയവർ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇറ്റലി. ഇതുവരെ ഇവിടെ കോവിഡ് 19 ബാധിച്ച് മരിച്ചവരിൽ 58% പേരും 80 വയസിനു മുകളിലുള്ളവരാണ്, കൂടാതെ 31% പേർ 70 വയസിനു മുകളിലുള്ളവരാണെന്നും ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നു.

''പ്രായമേറിയവർ കൂടുതലുള്ളതിനാലാണ് മരണനിരക്ക് ഇറ്റലിയിൽ കൂടുന്നത്. മരിച്ചവരുടെ പ്രായം കണക്കിലെടുത്താൽ ഞങ്ങളുടെ മരണനിരക്ക് ചൈനയിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ സമാനമോ കുറവോ ആണ്,'' ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ചീഫ് എപ്പിഡെമിയോളജിസ്റ്റുകളായ ജിയോവന്നി റെസ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അതേസമയം മറ്റൊരു വികസിത രാജ്യമായ ദക്ഷിണ കൊറിയയിൽ കൊറോണ വ്യാപകമായി പടർന്നുപിടിച്ചെങ്കിലും ഇവിടെ മരണനിരക്ക് വളരെ കുറവാണ്. കൊറിയയിൽ മരണനിരക്ക് വെറും 0.7% ആണ്. ദക്ഷിണ കൊറിയയിൽ കൊറോണ ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗം പേരും പ്രായമുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരുമാണ്.

ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ശതമാനം പേർ സമ്പർക്ക വിലക്കിൽ

കോവിഡ് 19 അതിന്റെ പ്രഹര ശേഷിയുടെ വലിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലോക ജനസംഖ്യയുടെ അഞ്ചിലൊന്നുപേർ സമ്പർക്കവിലക്കിൽ ചേർന്ന് മഹാമാരിയെ പ്രതിരോധിക്കുന്നത്. കോവിഡ് അതിന്റെ വ്യാപനശേഷിയുടെ ഏറ്റവും മൂർധന്യത്തിൽ നിൽക്കുന്ന ഘട്ടത്തിൽ ലോകരാജ്യങ്ങളെല്ലാം തന്നെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിരുന്നു. ഇതേത്തുടർന്ന് വിവിധ സർക്കാരുകൾ എടുത്ത നടപടിയുടെ ഭാഗമായാണ് ലോകത്താകമാനം 150 കോടി ജനങ്ങൾ വീടുകളിൽ കഴിയുന്നത്.കോവിഡിനു മുന്നിൽ നമ്മളാരും തന്നെ നിസ്സഹായരായി നോക്കി നിൽക്കുകയൊന്നുമല്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനം ഗബ്രിയേസിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ന്യൂയോർക്കിൽ മാത്രം 12000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 84ലക്ഷം പേർ അധിവസിക്കുന്ന ഈ പ്രദേശം കോവിഡിന്റെ ഹോട്ടസ്‌പോട്ടുകളിലൊന്നായാണ് നിലവിൽ കണക്കാക്കുന്നത്. 100 പേരാണ് ഇതിനോടകം ന്യൂയോർക്കിൽ മരണപ്പെട്ടത്.

ന്യൂയോർക്ക് സിറ്റി കൺവെൻഷൻ സെന്ററിനെ 1000 ബെഡ്ഡുകളുള്ള ആശുപത്രി സംവിധാനത്തിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.'കാര്യങ്ങൾ മെച്ചപ്പെടുന്നതിന് പകരം അതീവഗുരുതരമാകാനാണ് പോകുന്നത്. ഒരു വലിയ ചുഴലിക്കാറ്റിനു മുമ്പുള്ള ശാന്തത മാത്രമാണ് ഇപ്പോഴുള്ളതെന്നാണ്' ന്യൂയോർക്ക് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇറ്റലിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുതിയ കേസുകളിൽ നേരിയ കുറവുണ്ടായത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 6000 പേരുടെ ജീവനാണ് ഇറ്റലിയിൽ കോവിഡെടുത്തത്. കോവിഡ് മൂലം ഏറ്റവും അധികം ആളുകൾ മരണപ്പെട്ടതും ഇറ്റലിയിലാണ്. 18 ഡോക്ടർമാരാണ് ഇറ്റലിയിൽ രോഗബാധിതരായി മരിച്ചത്. സ്‌പെയിനിൽ 3900ത്തോളം ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെട്ടു. മാസ്‌കുകളുടെ എണ്ണം കുറഞ്ഞതിനാൽ വിപണിയിലെത്തിക്കാതെ മാസ്‌കുകൾ സ്റ്റോക്ക് ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരേ ക്രിമിനൽ കുറ്റത്തിന് കേസെടുക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.

ഇന്ത്യക്ക് അഭിനന്ദനം

വസൂരിയെയും പോളിയോ രോഗത്തെയും ഉന്മൂലനം ചെയ്ത അനുഭവമുള്ള ഇന്ത്യക്ക് കൊറോണയെ നേരിടാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ റയാൻ. 'രണ്ട് പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതിൽ ഇന്ത്യ ലോകത്തെ നയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യക്ക് നല്ല ശേഷിയുണ്ട്. ജനസംഖ്യ ഏറെയുള്ള രാജ്യം കൊറോണ വൈറസിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകണം. ലാബുകളുടെ എണ്ണം വർധിപ്പിക്കണം'' റയാൻ പറഞ്ഞു. കൊറോണയെ തടയാൻ കുറുക്കുവഴികളൊന്നുമില്ല. മുമ്പ് ചെയ്തതുപോലെ ഇന്ത്യപോലുള്ള രാജ്യങ്ങൾ ലോകത്തിന് വഴികാണിക്കണം -അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ ജനതാകർഫ്യൂ അടക്കം ഏർപ്പെടുത്തി ഇന്ത്യ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ലോക രാഷ്ട്രങ്ങൾ അഭിനന്ദിച്ചിരുന്നു. കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളും വ്യാപകമായി അഭിനന്ദിക്കപ്പെട്ടിരുന്നു.

മലേറിയ രോഗത്തിന് നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ ഇന്ത്യൻ ഡ്രഗ് കൺട്രോൾ വിഭാഗം അനുമതി നൽകിയിട്ടുണ്ട്. മരുന്ന് ആവശ്യത്തിന് സ്റ്റോക് ചെയ്തിട്ടുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ജനറലും അറിയിച്ചു. കൊവിഡ് രോഗമുള്ളവരെയോ രോഗം സംശയിക്കുന്നവരെയോ ചികിത്സിക്കുന്നവർ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ക്വാറന്റൈനിൽ തുടരുന്നവർ എന്നിവർക്ക് പ്രതിരോധ മരുന്ന് എന്ന നിലയിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കാം. മലേരിയാ രോഗത്തിന് ചികിത്സക്കും മുൻകരുതലായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. സാർസ് പടർന്ന് പിടിച്ചിരുന്ന സമയത്തും മരുന്ന് ഫലം ചെയ്ത മുന്നനുഭവം കൂടി കണക്കിലെടുത്താണ് ശുപാർശ. പതിനഞ്ച് വയസ്സിന് താഴെ ഉള്ളവർക്കും കണ്ണുമായി ബന്ധപ്പെട്ട അസുഖം ഉള്ളവരും മരുന്ന് ഉപയോഗിക്കരുത്. രോഗ സാധ്യതയുള്ളവർ പ്രതിരോധ മരുന്ന് കഴിച്ച ശേഷവും ക്വാറന്റൈൻ തുടരണമെന്നും ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP