Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാമാരിയുടെ മറവിൽ കല്യാൺ ഹൈപ്പർ മാർക്കറ്റിൽ ഒരു ക്യാരി ബാ​ഗിന് 59 രൂപ; ചോദ്യം ചെയ്ത സം​ഗീത സംവിധായകന് കിട്ടിയത് ഇവിടെ ഇങ്ങനാണ് ഭായീ എന്ന മറുപടിയും; ഇത്രയും വില കുറവ് തങ്ങളുടെ ത്യാ​ഗമെന്ന് മാനേജരും; രതീഷ് വേ​ഗയുടെ ഫേസ്‌ബുക്ക് ലൈവിന് പിന്നാലെ മാപ്പപേക്ഷയുമായി മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ

മഹാമാരിയുടെ മറവിൽ കല്യാൺ ഹൈപ്പർ മാർക്കറ്റിൽ ഒരു ക്യാരി ബാ​ഗിന് 59 രൂപ; ചോദ്യം ചെയ്ത സം​ഗീത സംവിധായകന് കിട്ടിയത് ഇവിടെ ഇങ്ങനാണ് ഭായീ എന്ന മറുപടിയും; ഇത്രയും വില കുറവ് തങ്ങളുടെ ത്യാ​ഗമെന്ന് മാനേജരും; രതീഷ് വേ​ഗയുടെ ഫേസ്‌ബുക്ക് ലൈവിന് പിന്നാലെ മാപ്പപേക്ഷയുമായി മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ

മറുനാടൻ ഡെസ്‌ക്‌

മഹാമാരിയുടെ മറവിലും ഹൈപ്പർമാർക്കറ്റുകൾ ക്യാരി ബാ​ഗിന്റെ മറവിൽ നടത്തുന്ന ചൂഷണം ചൂണ്ടിക്കാട്ടി സം​ഗീത സംവിധായകൻ രതീഷ് വേഗ. ഒരു ക്യാരി ബാ​ഗിന് 59 രൂപ നിരക്കിൽ മൂന്നെണ്ണത്തിന് 177 രൂപയാണ് ഇദ്ദേഹത്തിൽ നിന്നും തൃശൂരിലെ കല്യാൺ ഹൈപ്പർ മാർക്കറ്റ് ഈടാക്കിയത്. കല്യാണിന്റെ പരസ്യമുള്ള ക്യാരി ബാ​ഗിന് താനെന്തിന് പണം നൽകണം എന്ന ചോദ്യത്തിന് ഇവിടെ ഇങ്ങനെയാണ് എന്നായിരുന്നു ജീവനക്കാരന്റെ മറുപടി. ഈ ചൂഷണത്തിനെതിരെ നിയമ പോരാട്ടം നടത്തും എന്ന് വ്യക്തമാക്കി സം​ഗീത സംവിധായകൻ ഫേസ്‌ബുക്ക് ലൈവിലെത്തിയതിന് പിന്നാലെ മാപ്പുപറഞ്ഞ് മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ രംഗത്തെത്തി. ഇതോടെ വിവാദം അവസാനിപ്പിക്കുന്നതായി രതീഷ് വേ​ഗയും വ്യക്തമാക്കി.

ഒരു വയസ്സുള്ള കുഞ്ഞിനുവേണ്ടി തിങ്കളാഴ്ച സാധനങ്ങൾ വാങ്ങാനായി തൃശൂരിലെ കല്യാൺ ഹൈപ്പർ മാർക്കറ്റിലെത്തിയപ്പോഴാണ് രതീഷ് വേ​ഗക്ക് ദുരനുഭവം ഉണ്ടായത്. ഒരു ക്യാരി ബാ​ഗിന് 59 രൂപ വെച്ച് മൂന്നെണ്ണത്തിന് 177 രൂപ ഈടാക്കിയെന്ന് രതീഷ് വേഗ പറഞ്ഞു. എന്തിന് ഇത്രയും ഉയർന്ന തുക കൊടുത്ത് കല്യാണിന്റെ പരസ്യമുള്ള കവർ ഉപഭോക്താവ് വാങ്ങണമെന്ന് മാനേജരോട് ചോദിച്ചു. നൈലോൺ കൊണ്ടുള്ള കവറാണെന്നും വില മുതലാകണമെങ്കിൽ ഇത്രയും ചുമത്തണമെന്നുമായിരുന്നു മറുപടി. ഈ വിലയ്ക്ക് തന്നെ നൽകുന്നത് തങ്ങളുടെ ത്യാഗമാണെന്നുമായിരുന്നു മാനേജരുടെ വാദമെന്നും രതീഷ് വേഗ പറയുന്നു. ആളുകൾക്ക് താങ്ങാവുന്ന നിശ്ചിത വിലയ്ക്ക് ക്ലോത്ത് ബാഗുകൾ പലരും ലഭ്യമാക്കുമ്പോൾ കല്യാൺ ഹൈപ്പർ മാർക്കറ്റിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും രതീഷ് വേഗ ചോദിച്ചു.

എന്നാൽ സംഭവത്തിൽ രതീഷ് വേഗയ്ക്കുണ്ടായ മോശം അനുഭവത്തിൽ മാപ്പുപറഞ്ഞ് മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ രംഗത്തെത്തി. രതീഷ് വേഗയ്‌ക്കൊപ്പം ഫേസ്‌ബുക്ക് ലൈവിൽ വന്നാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. രതീഷ് വേഗയ്ക്കുണ്ടായ മോശം അനുഭവത്തിൽ ക്ഷമ ചോദിക്കുന്നു. കല്യാണിനെ വിശ്വസിച്ച് വരുന്ന ഉപഭോക്താവിന് ഇത്തരമൊരു അനുഭവമുണ്ടായതിൽ വിഷമമുണ്ട്. സർക്കാർ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയപ്പോൾ പേപ്പർ ബാഗിലേക്കും ക്ലോത്ത് ബാഗിലേക്കും കമ്പനി മാറി. 15, 20 ,25 വിലകളിൽ കവറുകൾ ഉപഭോക്താവ് ആവശ്യപ്പെടുന്നത് അനുസരിച്ച് നൽകുന്നുണ്ട്. കോറൊണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭൂതപൂർവമായ തിരക്കാണ് ഹൈപ്പർ മാർക്കറ്റിലുണ്ടായത്. അതോടെ പേപ്പർ ബാഗും ക്ലോത്ത് ബാഗും തീർന്നു. അതുകൊണ്ടാണ് പരസ്യമുള്ള ബാഗ് വിലയീടാക്കി നൽകേണ്ടി വന്നത്.

ജീവനക്കാർ ഇത് കൃത്യമായി രതീഷ് വേഗയോട് വിശദീകരിക്കേണ്ടിയിരുന്നു. പരസ്യം ഉള്ളതിന്റെ വിലയും ഇല്ലാത്തതിന്റെ വിലയും സ്റ്റാഫ് വ്യക്തമാക്കണമായിരുന്നു. ഒരു കാലത്തും കല്യാൺ ഗ്രൂപ്പ് അനർഹമായ വില ഈടാക്കിയിട്ടില്ല. ഇനിയും ചെയ്യില്ലെന്നും സ്‌നേഹ സഹകരണങ്ങൾ തുടർന്നും ഉണ്ടാകണമെന്നും എംഡി പ്രകാശ് പട്ടാഭിരാമൻ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ വിശദീകരണത്തിന് പിന്നാലെ ഈ വിവാദം അവസാനിപ്പിക്കുകയാണെന്ന് രതീഷ് വേഗയും അറിയിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP