Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ

'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന സർക്കാർ നിർദ്ദേശം തുടർച്ചയായി ലംഘിക്കപ്പെടുന്നു. നീരീക്ഷണത്തിൽ കഴിയുന്നവരെക്കുറിച്ച് വിവരമെടുക്കാൻ വീടുകളിലേക്ക് ചെല്ലുന്ന ആരോഗ്യ പ്രവർത്തകരെ വീട്ടുകാർ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ജനപ്രതിനിധികളും ഉന്നത വിദ്യാഭ്യാസമുള്ളവരും വരെ ഇത്തരം നടപടികൾ സ്വീകരിക്കുന്നു എന്നതാണ് സങ്കടകരമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

കോട്ടൂളിക്കടുത്ത ഇന്നലെ മുൻ എംപി എ കെ പ്രേമജത്തിന്റെ വീട്ടിൽ നിരീക്ഷണത്തിലുള്ളയാളെ അന്വേഷിച്ചെത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ പ്രേമജം ഭീഷണിപ്പെടുത്തിയതായി പൊലീസിൽ പരാതി ലഭിച്ചിരിക്കയാണ്. തന്നെ ആരാണ് ഇവിടേക്ക് പറഞ്ഞയച്ചതെന്നും തന്നേക്കൾ വിവരമുള്ളവരാണ് ഇവിടെയുള്ളതെന്നുമായിരുന്നു മുൻ എം പിയും മേയറും മുതിർന്ന സിപിഎം നേതാവുമായ പ്രേമജത്തിന്റെ പ്രതികരണമെന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ പറയുന്നത്. ഇദ്ദേഹത്തിന്റെ പരാതിയിൽ പ്രേമജത്തിനെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

പ്രേമജത്തിന്റെ മകൻ പ്രവീണും കുംടുംബവുമാണ് വിദേശത്തു നിന്ന് വന്നത്. താനും ഭർത്താവും മകനും തന്നേക്കാൾ വിവരമുള്ളവരാണെന്നായിരുന്നു ഹെൽത്ത് ഇൻസ്പെക്ടറോട് ഇവരുടെ പരിഹാസം. അന്വേഷണത്തിന് പല വീടുകളിലും പോയിട്ടുണ്ടെന്നും അവിടങ്ങളിൽ നിന്നെല്ലാം മാന്യമായ ഇടപെടലാണ് ഉണ്ടായതെന്നും ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തമാക്കുന്നു. ഓസ്ട്രേലിയയിൽ നിന്ന് എത്തിയതിനു ശേഷം നിരീക്ഷണത്തിൽ കഴിയുന്നതിന് പകരം പല ദിവസങ്ങളിലും ഡ്രൈവറുമൊത്ത് കാറിൽ ഇദ്ദേഹം പുറത്ത് പോയതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ഹെൽത്ത് ഇൻസ്പെക്ടർ അന്വേഷിക്കാൻ പോയപ്പോഴും പ്രവീൺ പുറത്തായിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇന്നലെ ഹെൽത്ത് ഇൻസ്പെർ വീട്ടിലെത്തിയപ്പോഴും പുറത്തു പോയെന്ന വിവരമാണ് നൽകിയത്. ഇത് തെറ്റല്ലേ എന്ന് ചോദിച്ചപോഴാണ് എകെ പ്രേമജം ഹെൽത്ത് ഇൻസ്പെക്ടറോട് തട്ടിക്കയറിയത്. 'നിങ്ങൾ ആരാ, ഇവിടെ വന്ന് അന്വേഷിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു. ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്. എന്റെ മകനും ഭർത്താവും ഡോക്ടറാണ്. അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ' -എന്നൊക്കെയായിരുന്നു പ്രേമജത്തിന്റെ വാക്കുകൾ. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് അന്വേഷിക്കാൻ പോയത്. അതിന് തന്നോട് തട്ടിക്കയറിയിട്ട് എന്തു കാര്യമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ചോദിക്കുന്നു.

ഹോം ക്വാറന്റീൻ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്പെക്ടറോട് തട്ടിക്കയറിയതിനെതിരെ മെഡിക്കൽ കോളേജ് പെലീസ് പ്രേമജത്തിനെതിരെ കേസെടുത്തിട്ടുണ്ട്. മലാപ്പറമ്പ് സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ പി ബീന, ജോയന്റ് ഹെൽത്ത് ഇൻസ്പെക്ടർ ഷനോജ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഓസ്ടേലിയ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർക്ക് 28 ദിവസമാണ് ക്വാറന്റീൻ കാലാവധി. എന്നാൽ ഇയാൾ ഇത് അനുസരിക്കാതെ സ്ഥിരമായി പുറത്തുപോവുകയായിരുന്നു. വിദേശത്ത് നിന്ന തിരിച്ചെത്തിയവരിൽ നിന്നാണ് കേരളത്തിൽ കൊറോണ വൈറസ് വ്യാപകമായത്. എന്നാൽ നാട്ടിലെത്തിയ ശേഷം സുരക്ഷിത കാലയളവ് വരെ വീട്ടിൽ കഴിയുന്നതിന് പകരം പലരും സർക്കാർ നിർദ്ദേശങ്ങൾ പരസ്യമായി ലംഘിക്കുകയാണ്.

വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലും ഗൾഫിൽ നിന്നെത്തിയ ആൾ പുറത്ത് കറങ്ങുന്നതായാണ് പ്രദേശത്തുകാരുടെ പരാതിയുണ്ട്. ബീച്ച് ആശുപത്രിയിൽ നിന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹം നിരീക്ഷണത്തിലാണെന്ന് സ്ഥലവാസികൾ അറിഞ്ഞത്.സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴാണ് ഇത്തരം സമീപനങ്ങൾ ഉണ്ടാവുന്നത്. അതിന് ഉത്തരവാദപ്പെട്ടവർ കൂട്ടുനിൽക്കുകയും ചെയ്യുന്നുവെന്നാണ് ഈ കൊറോണക്കാലത്തെ ഏറ്റവും വലിയ ദുരനുഭവം.

കോഴിക്കോട് ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. ഇതിന് പുറമേ കോവിഡ് 19 സ്ഥിരീകരിച്ച കാസർകോട് സ്വദേശിയായ ഒരാൾകൂടി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി മാർച്ച് 17 ന് ഇൻഡിഗോ എയർലൈൻസിൽ (6 ഇ: 89 ) ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.15ന് എത്തിയതാണ്. 11 മണിക്ക് വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോയി. വീട്ടിൽ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു.

അന്ന് രാത്രി 8 നും 8.30 നും ഇടയിൽ സ്വന്തം വാഹനത്തിൽ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സതേടി. ഡോക്ടർ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിച്ചതിനെ തുടർന്ന് 17 മുതൽ 21 വരെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 21 ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു. കോവിഡ് 19 സ്ഥിരീകരിച്ച നാലാമത്തെ വ്യക്തി മാർച്ച് 20നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 906) ദുബായിൽ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ 5.30ന് ചെന്നൈ പട്ടണത്തിലെത്തി. രാവിലെ 5.30 മുതൽ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടിൽ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയിൽ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്നു.

രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം (12601) ട്രെയിനിന്റെ ബി 3 കോച്ചിൽ യാത്ര ചെയ്ത് 21 ന് രാവിലെ 7.35ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ നാലിൽ എത്തി. റെയിൽവേ സ്റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്‌കിലെ പരിശോധനയ്ക്കുശേഷം 108 ആംബുലൻസിൽ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് 19 സ്ഥിരീകരിച്ച കാസർകോട് സ്വദേശി മാർച്ച് 19 നാണ് എയർ ഇന്ത്യ എ.ഐ 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.

വിമാനത്താവളത്തിലെ നിന്നും 9.30 ന് 108 ആംബുലൻസ് സർവീസിൽ നേരിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് നിരീക്ഷണം ശക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP