Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തുകൊറോണ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു; ഇതുവരെ മരിച്ചത് 16,550 പേർ; ഇറ്റലിയിൽ ജോലിക്കിടെ രോഗം ബാധിച്ച് മരിച്ചത് 17 ഡോക്ടർമാർ: ന്യൂയോർക്ക് നഗരം അനിശ്ചിത കാലത്തേക്ക് അടച്ച് പട്ടാളത്തെ വിന്യസിച്ച് അമേരിക്ക

ലോകത്തുകൊറോണ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു; ഇതുവരെ മരിച്ചത് 16,550 പേർ; ഇറ്റലിയിൽ ജോലിക്കിടെ രോഗം ബാധിച്ച് മരിച്ചത് 17 ഡോക്ടർമാർ: ന്യൂയോർക്ക് നഗരം അനിശ്ചിത കാലത്തേക്ക് അടച്ച് പട്ടാളത്തെ വിന്യസിച്ച് അമേരിക്ക

സ്വന്തം ലേഖകൻ

വാഷിങ്ടൺ: ലോകത്തുകൊറോണ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 192 രാജ്യങ്ങളിലായി 381,520 പേരിലാണ് കൊലയാളി വൈറസ് ബാധ പിടിപെട്ടിരിക്കുന്നത്. ഇതുവരെ 16,550 പേരുടെ ജീവനാണ് ഈ മഹാമാരി കവർന്നെടുത്തത്. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങളും സംഭവിക്കുന്നത് ഇറ്റലിയിലാണ്. നോക്കി നിൽക്കേ ആളുകൾ മരിച്ചു വീഴുന്ന അവസ്ഥയാണ് ഇപ്പോൾ ഇറ്റലിയിലുള്ളത്. തിങ്കളാഴ്ച മാത്രം 28രാജ്യങ്ങളിലായി 669 പേർ മരിച്ചു. യൂറോപ്പിലാണ് ഏറ്റവും കൂടുതൽ മരണ നിരക്ക്. ഓരോ മണിക്കൂറിലും നിരവധി പേരാണ് യൂറോപ്പിൽ മരണത്തിന് കീഴടങ്ങുന്നത്.

ഇതോടെ യൂറോപ്പ് മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച 601 പേർ കൂടി മരിച്ചതോടെ ഇറ്റലിയിൽ മരണ സംഖ്യ 6077 ആയി ഉയർന്നു. ലോകത്ത് കോവിഡ് ബാധിച്ചുള്ള ഏറ്റവും കൂടുതൽ മരണം ഇറ്റലിയിലാണ്. ജോലിക്കിടെ രോഗം ബാധിച്ചു മരിച്ചതു 17 ഡോക്ടർമാരാണ്. രാജ്യത്തിനകത്തു യാത്ര നിരോധിച്ചതോടെ റോം വിജനമായി. ഐസലേഷൻ നിർദ്ദേശം ലംഘിച്ചു ബീച്ചിലെത്തുന്നവരെ പിടികൂടാൻ പൊലീസ് പട്രോളിങ് തുടങ്ങി. ജർമനിയിൽ രണ്ടിലധികം പേർ ഒത്തു കൂടുന്നതു വിലക്കി.

കോവിഡ് പിടിവിട്ടു പോയതോടെ സ്‌പെയിനിൽ ആരോഗ്യസംവിധാനം പൂർണ്ണമായും തകർന്നു. 24 മണിക്കൂറിനിടെ 539 പേർകൂടി മരിച്ചതോടെ സ്‌പെയിനിൽ ആകെ മരണം 2311 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 33,089-ലേക്ക് ഉയർന്നു. ചൈനയും ഇറ്റലിയും കഴിഞ്ഞാൽ വൈറസ് ഏറ്റവുമധികം ബാധിച്ച രാജ്യമാണ് സ്‌പെയിൻ. മാർച്ച് 14 മുതൽ ദേശവ്യാപകമായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടും വൈറസ് ബാധയ്ക്ക് കടിഞ്ഞാണിടാൻ കഴിയാത്തത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.

രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച സമ്പൂർണ അടച്ചുപൂട്ടൽ ഏപ്രിൽ 11 വരെ നീട്ടുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. വൈറസ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും വർധിപ്പിച്ചിട്ടുണ്ട്. നാലരക്കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്തെ ആരോഗ്യസംവിധാനത്തെ അടിമുടി തകർത്തിരിക്കുകയാണ് വൈറസ്. 10,575 പേർക്ക് വൈറസ് ബാധിക്കുകുയും 58 പേർ മരിക്കുകയുംചെയ്ത മഡ്രിഡ് നഗരത്തിലാണ് കാര്യങ്ങൾ കൂടുതൽ ഗുരുതരം.

രാജ്യത്തെ 3910 ആരോഗ്യപ്രവർത്തകരെയും വൈറസ് ബാധിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് ഫെർണാണ്ടോ സിമൺ അറിയിച്ചു. മരണവും വൈറസ് ബാധയും ഇനിയും വർധിക്കാമെന്നും ഏറ്റവും മോശമായത് വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി സാഞ്ചസ് മുന്നറിയിപ്പുനൽകി. 3355 പേരാണ് ഇതുവരെ രോഗമുക്തിനേടിയത്. ഇതോടെയാണ് ജനങ്ങളുടെ സഞ്ചാരം പൂർണമായി വിലക്കുന്ന നടപടികളിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ കടന്നത്. ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു പിന്നാലെ ഗ്രീസും ഇന്നലെ മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. സ്‌പെയിനിൽ വീടിനു പുറത്തിറങ്ങുന്നതു വിലക്കുന്ന അടിയന്തരാവസ്ഥ ഏപ്രിൽ 11 വരെ നീട്ടി.

ഫ്രാൻസിൽ ഒരാളും വീടിനു പുറത്തിറങ്ങുന്നില്ല. ഫ്രാൻസിൽ ഇന്നലെ 186 പേർ കൂടി മരിച്ചതോടെ ആകെ മരണം 860 ആയി ഉയർന്നു. കൂടുതൽ കർശന നടപടി വേണമെന്ന് പാരിസ് മേയർ പറഞ്ഞു. ആകെ രോഗികൾ19,856. ആഴ്ചകൾക്കകം ബ്രിട്ടൻ ഇറ്റലിയിലെ സ്ഥിതിയിലെത്തുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. സമ്പർക്കവിലക്ക് പാലിക്കുന്നില്ലെങ്കിൽ കർഫ്യൂ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ബ്രിട്ടനിൽ പുതുതായി 54 മരണമാണ് റിപ്പോർട്ട് ചെയതതോടെ ആകം മരണം 335 ആയി. ആകെ രോഗികൾ 6650.

പാക്കിസ്ഥാനിൽ മരണ സംഖ്യ അഞ്ച്
ഇസ്ലാമാബാദ്: വൈറസ് ബാധിതർ 800-ലെത്തിയ പാക്കിസ്ഥാനിൽ ഡോക്ടറും മരിച്ചു. പാക്കധീന കശ്മീരിലെ ഗിൽഗിത് മേഖലയിൽ വൈറസ് ബാധിതരെ പരിശോധിച്ചിരുന്ന ഡോക്ടർ ഉസാമ റിയാസ് (26) ആണ് മരിച്ചത്. ഇറാനിൽ തീർത്ഥാടനത്തിനുപോയി വന്നവരിൽനിന്നാണ് പാക്കിസ്ഥാനിൽ വൈറസ് പടർന്നത്. അവരെ പരിശോധിക്കുന്ന 10 അംഗ സംഘത്തിലായിരുന്നു ഉസ്മാൻ റിയാസ്. അഞ്ചുപേരാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്.

ഗിൽഗിത് ബാൾട്ടിസ്താൻ മേഖലയിലെ ചിലാസ് സ്വദേശിയായ ഉസാമ വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയിരുന്നു. പിറ്റേന്നുതന്നെ അസുഖം പിടിപെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഞായറാഴ്ചയാണ് മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. കൊറോണ വൈറസിനെതിരേ പോരാടി മരണംവരിച്ച ഉസാമ റിയാസിനെ രാജ്യം എക്കാലവും ഓർമിക്കുമെന്ന് അനുശോചനസന്ദേശത്തിൽ ഗിൽഗിത് ബാൾട്ടിസ്താൻ സർക്കാർ വക്താവ് ഫയ്‌സുള്ള ഫറാഖ് പറഞ്ഞു. എന്നാൽ, ഡോക്ടർമാരുടെ സുരക്ഷയിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയുടെ രക്തസാക്ഷിയാണ് ഉസാമയെന്ന് പാക്കിസ്ഥാൻ മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തി.

പട്ടാളത്തെ വിന്യസിച്ച് അമേരിക്ക; ന്യൂയോർക്ക് പൂട്ടിക്കെട്ടി
അമിതമായ ആത്മവിശ്വാസവുമായി കൊറോണ വൈറസിനെ പുച്ഛിച്ചു നടന്ന അമേരിക്കയിലും വൈറസ് അതിവേഗം പടർന്നു പിടിക്കുകയാണ്. രോഗബാധിതരുടെ എണ്ണം 41,000 ആയതോടെ അതിവേഗം രോഗം പകരുന്ന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയും സ്ഥാനം പിടിച്ചു. വൈറസ് അതിവേഗം പടരുന്നതോടെ യു.എസിൽ മൂന്ന് പ്രധാനനഗരങ്ങളിൽ പട്ടാളത്തെ വിന്യസിച്ചു. തലസ്ഥാനമായ വാഷിങ്ടൺ, ന്യൂയോർക്ക്, കാലിഫോർണിയ എന്നിവിടങ്ങളിൽ ദേശീയ സുരക്ഷാ ഗാർഡുകളെ ഇറക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഉത്തരവിട്ടു. ഇതുവരെ 576 പേരാണ് യു.എസിൽ മരിച്ചത്. 41,000-ത്തിലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചു.

അതിനിടെ ന്യൂയോർക്ക് നഗരം അനിശ്ചിതകാലത്തേക്ക് അടയ്ക്കുന്നതായി മേയർ ബിൽ ഡേ ബ്ലാസിയോ പറഞ്ഞു. ന്യൂയോർക്ക് യു.എസിന്റെ വൈറസ് വ്യാപനകേന്ദ്രമായിമാറിയ സാഹചര്യത്തിലാണിത്. പത്തുദിവസത്തിനുള്ളിൽ നഗരത്തിലെ വെന്റിലേറ്ററുകൾ നിറയുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് സ്ഥിരീകരിച്ച വൈറസ് കേസുകളിൽ അഞ്ചുശതമാനത്തോളം ന്യൂയോർക്കിലാണെന്നാണ് കണക്ക്. ന്യൂയോർക്കിൽ 16,887 പേരിലാണ് വൈറസ് പടർന്നത്. 150-ലേറെപ്പേർ മരിച്ചു. മെഡിക്കൽ ഉപകരണ നിർമ്മാണക്കമ്പനികളെ ദേശസാത്കരിക്കണമെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ എം. ക്യൂമോ സർക്കാരിനോട് അഭ്യർത്ഥിച്ചു.

ബംഗ്ലാദേശിലും സൈന്യം
ധാക്ക: ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ ബംഗ്ലാദേശിലും സൈന്യത്തെ വിന്യസിച്ചു. വ്യാഴാഴ്ചമുതൽ പത്തുദിവസത്തെ അവധി പ്രഖ്യാപിക്കുന്നെന്നും ബംഗ്ലാദേശ് സർക്കാർ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും. 33 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP