Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

30 കോടി ഇന്ത്യാക്കാരെ കൊറോണ ബാധിക്കുമെന്നും മുൻകൂർ പരിശോധനയുടെ കാര്യത്തിൽ മോദി സർക്കാരിന് ബസ് മിസായെന്നും വിമർശനം; രാജ്യം പൂർണമായി അടച്ചിടണമെന്നും മൂന്നാഴ്ച കാത്തിരുന്നാൽ ലോക് ഡൗൺ ഗുണം ചെയ്യില്ലെന്നും മുന്നറിയിപ്പ്; ബർക്കാ ദത്തിന്റെയും രാഹുൽ കൻവാലിന്റെയും ഷോകളിൽ വിമർശനം ആവർത്തിച്ചതോടെ ഡോ.രമണൻ ലക്ഷ്മി നാരായണന് എതിരെ ബിജെപി; സമൂഹത്തിൽ ഭീതി പരത്താനെന്നും ഡോക്ടർക്ക് കച്ചവട താൽപര്യമെന്നും ആരോപണം

30 കോടി ഇന്ത്യാക്കാരെ കൊറോണ ബാധിക്കുമെന്നും മുൻകൂർ പരിശോധനയുടെ കാര്യത്തിൽ മോദി സർക്കാരിന് ബസ് മിസായെന്നും വിമർശനം; രാജ്യം പൂർണമായി അടച്ചിടണമെന്നും മൂന്നാഴ്ച കാത്തിരുന്നാൽ ലോക് ഡൗൺ ഗുണം ചെയ്യില്ലെന്നും മുന്നറിയിപ്പ്; ബർക്കാ ദത്തിന്റെയും രാഹുൽ കൻവാലിന്റെയും ഷോകളിൽ വിമർശനം ആവർത്തിച്ചതോടെ ഡോ.രമണൻ ലക്ഷ്മി നാരായണന് എതിരെ ബിജെപി; സമൂഹത്തിൽ ഭീതി പരത്താനെന്നും ഡോക്ടർക്ക് കച്ചവട താൽപര്യമെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ്-19 നെ നേരിടാൻ കൈയും മെയ്യും മറന്നുള്ള പോരാട്ടത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളും ആരോഗ്യ പ്രവർത്തകരും. എന്നാൽ, സർക്കാരുകളുടെ ശ്രമത്തെ ഇകഴ്‌ത്തിക്കാട്ടാനും, സമൂഹത്തിൽ ഭീതി പരത്താനും ചില ശാസ്ത്രജ്ഞർ മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമം നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് ബലം കൂടുകയാണ്.

ചൈനയ്ക്കും, യൂറോപ്പിനും പിന്നാലെ കൊറോണ വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് സൂചിപ്പിച്ച ശാസ്ത്രജ്ഞനാണ് പ്രശസ്ത എപ്പിഡമോളജിസ്റ്റായ ഡോ.രമണൻ ലക്ഷ്മി നാരായൺ. എന്നാൽ, 30 കോടി കോവിഡ്-19 പോസിറ്റീവ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന ലക്ഷ്മി നാരായണന്റെ പ്രവചനം വിവാദമായിരിക്കുകയാണ്. സെന്റർ ഫോർ ഡിസീസ് ഡയനമിക്‌സ് എക്കണോമിക്‌സ ആൻഡ് പോളിസി ഡയറക്ടറാണ് ലക്ഷ്മി നാരായൺ. 2017 ൽ അദ്ദേഹം എഴുതിയ 'പ്രിപ്പേറിങ് ഫോർ പാൻഡെമികിസ്' എന്ന പഠനത്തിൽ സമാനമായ ഒരു രോഗ വ്യാപനത്തെ കുറിച്ചുള്ള സൂചനയുണ്ട്. എന്നാൽ, ലക്ഷ്മിനാരായൺ അനാവശ്യ ഭീതി പരത്തുകയാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ ബിജെപി തന്നെ രംഗത്തെത്തി കഴിഞ്ഞു.

ഇന്ത്യയിൽ വളരെ ചെറിയ വിഭാഗം ആളുകൾക്കു മാത്രമേ കൊറോണ വൈറസ് ഗുരുതരമായി ബാധിക്കുവെന്നാണ് ഡോ.ലക്ഷ്മി നാരായൺ പ്രവചിച്ചത്. അതിൽ തന്നെ മരണ നിരക്കും വളരെ കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ രാജ്യത്തെ 80 ശതമാനം ആളുകൾക്കും വൈറസ് ബാധ ഉണ്ടായേക്കാമെന്നാണ് ദി വയറിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പു നൽകിയത്. കോവിഡ്-19ന്റെ വ്യാപനത്തിൽ ഇന്ത്യ ഇപ്പോഴും രണ്ടാം ഘട്ടത്തിൽ മാത്രമാണെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിൽ വൈറസ് പരിശോധനയ്ക്കുള്ള സൗകര്യം രാജ്യവ്യാപകമായി വർധിപ്പിക്കുകയാണ് വേണ്ടതെന്നും ലക്ഷ്മി നാരായൺ ചൂണ്ടിക്കാട്ടിയിരുന്നു.

ലക്ഷ്മി നാരായണനെ ലക്ഷ്യമാക്കി ആരോപണങ്ങൾ ഉന്നയിച്ചതിൽ മുമ്പൻ ബിജെപി വിദേശ കാര്യ വകുപ്പിന്റെ ചുമതലയുള്ള ഡോ.വിജയ് ചൗതെയ് വാലയാണ്. ഏതാനും ട്വീറ്റുകളിലൂടെയാണ് ചൗതയ് വാല ലക്ഷ്മി നാരായണനെതിരെ ആഞ്ഞടിച്ചത്. ' അദ്ദേഹം പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടി നാല് വർഷം ജോലി ചെയ്തിരുന്നു. പബ്ലിക് ഹെൽത്ത് ഫൗണ്ടേഷനിൽ ജോലി ചെയ്യുമ്പോൾ തന്നെ അദ്ദേഹം അനുമതിയില്ലാതെ രണ്ട് സ്വകാര്യ കമ്പനികൾ തുറന്നു. 2016 ൽ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ കരാർ പുതുക്കിയില്ല. ബൗദ്ധിക സ്വത്തവകാശ ചോരണത്തിന് പിഎച്ച്എഫ്‌ഐ അദ്ദേഹത്തിനെതിരെ കേസുമെടുത്തു. ഈ കേസിൽ പിഎച്ച്എഫ്‌ഐ ജയിക്കുകയും ചെയ്തു. കേസ് നടത്തിപ്പ് ചെലവ് കൂടി പിഎച്ച്എഫ്‌ഐക്ക് അനുകൂലമായി കോടതി വിധിച്ചു, ബിജെപി നേതാവ് പറഞ്ഞു. ഇത്തരത്തിൽ ഭീതി പരത്തുന്ന ശാസ്ത്രജ്ഞന്റെ സ്ഥാപിത താൽപര്യങ്ങളും, ട്രാക്ക് റെക്കോഡും, യോഗ്യതയും അടക്കമുള്ള കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെനനും ഡോ. വിജയ് ചൗത്തെയ് വാല അഭിപ്രായപ്പെട്ടു.

അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാൻ ഡോ.ലക്ഷ്മി നാരായണൻ തയ്യാറായില്ല. എന്നാൽ, 2017 ൽ പുറത്തിറക്കിയ തന്റെ പഠനത്തിൽ സാമനമായ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ഡോ.ലക്ഷ്മി നാരായൺ സൂചിപ്പിക്കുന്നുണ്ട്. ഹ്രസ്വകാലത്തേക്കായാലും ഉണ്ടാകുന്ന ആയിരങ്ങളുടെ മരണം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വൻ പ്രത്യാഘാതം ഏൽപ്പിക്കുമെന്നും വികസ്വര രാഷ്ട്രങ്ങളിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രാപ്തിയും ദുർബലമായ അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുക്കുമ്പോൾ പതിറ്റാണ്ടുകളുടെ സാമ്പത്തിക വളർച്ചയെ തന്നെ ബാധിച്ചേക്കാമെന്നും ലക്ഷ്മി നാരായൺ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത്തരത്തിലുള്ള രോഗ വ്യാപനം ഭാവിയിൽ കൂടുതൽ സംഭവിച്ചേക്കാമെന്നും മനുഷ്യരുടെ വേഗത കൂടും തോറും മൈക്രോബുകളുടെ വ്യാപനം കൂടുമെന്നും ലക്ഷ്മി നാരായണന്റെ പഠനത്തിൽ പറയുന്നു. മഹാമാരികളുടെ വ്യാപനത്തെ ചെറുക്കാനുള്ള പരിമിതമായ ഫണ്ടു കൂടി കണക്കിലെടുക്കുമ്പോൾ, നിലവിലുള്ള ആസൂത്രണവും ഓരോ രാജ്യത്തിന്റെയും തയ്യാറെടുപ്പും ഇടപടൽ രീതിയും അഴിച്ചുപണിയണമെന്നും അദ്ദേഹം എഴുതിയിരുന്നു.

ആരാണ്‌ രമണൻ ലക്ഷ്മി നാരായണൻ?

മാധ്യമങ്ങളിൽ കാട്ടുന്ന വിലാസം പോലെ ഡോ.രമണൻ ലക്ഷ്മി നാരായൺ ഒരു എപ്പിഡമോളജിസ്റ്റല്ല എന്നാണ് ഒരുവിഭാഗത്തിന്റെ വാദം. അദ്ദേഹം ഡോക്ടറല്ലെന്നും സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി മാത്രമാണുള്ളതെന്നും പറയുന്നു. പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടി കഴിഞ്ഞ നാലുവർഷമായി പ്രവർത്തിച്ചുവരുന്നു. വാഷിങ്ടൺ ഡിസിയിലെ സെന്റർ ഫോർ ഡിസീസ്, ഡയനാമിക്‌സ എക്കണോമിക്‌സ ആൻഡ് പോളിസിയുടെ സ്ഥാപകനും ഡയറക്ടറുമാണ്. പ്രിൻസ്റ്റൺ സർവകലാശാലയിലെ പ്രിൻസ്റ്റൺ എൻവയോൺമെന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ റിസർച്ച് സ്‌കോളറും ലക്ച്ചററുമാണ്. സാമ്പത്തിക ശാസ്ത്രജ്ഞനാണ് ലക്ഷ്മി നാരായണൻ എന്ന വാദത്തെയും ബിജെപി അനുകൂല മാധ്യമങ്ങൾ ചോദ്യം ചെയ്യുന്നു.

അമേരിക്ക കേന്ദ്രമാക്കിയുള്ള സർക്കാരിതര സ്ഥാപനം സിഡിഡിഇപിയിലെ പങ്കിനൊപ്പം, ഹെൽത്ത് ക്യൂബ് എന്ന വാണിജ്യ കമ്പനിയും പബ്ലിക് ഹെൽത്ത് ടെക്‌നോളജീസ് ട്രസ്റ്റും ഇദ്ദേഹം തുടങ്ങിയിരുന്നു. ഏതായാലും കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള ഡോക്ടറുടെ അവകാശവാദങ്ങൾ ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രമുഖ ടിവി അവതാരക ബർക്കാ ദത്തുമായുള്ള ഒരു അഭിമുഖത്തിൽ, കേന്ദ്രസർക്കാർ രോഗം സംശയിക്കുന്നവരെ വേണ്ടരീതിയിൽ പരിശോധിച്ചില്ലെന്നും അതാണ് വൈറസിന്റെ വ്യാപനത്തിന് കാരണമായതെന്നും കുറ്റപ്പെടുത്തുന്നു. ഇന്ത്യ അടിയന്തരമായി പൂർണമായ ലോക് ഡൗണിലേക്ക് പോകണം. പരിശോധനയുടെ കാര്യത്തിൽ നമ്മൾക്ക് ബസ് മിസായി. അടുത്ത മൂന്നാഴ്ച നിങ്ങൾ കാത്തിരുന്നാൽ ലോക് ഡൗൺ ഗുണം ചെയ്യില്ല, ഡോ.ലക്ഷ്മി നാരായൺ ബർക്കാ ദത്തുമായുള്ള അഭിമുഖത്തിൽ പറയുന്നു.

ഡോ.ലക്ഷ്മി നാരായണന്റെ പ്രവചനം വലിയ ഭീതി സൃഷ്ടിക്കുമെന്നുള്ള വാദത്തോട് ബർക്കാ ദത്ത് തന്റെ ട്വീറ്റിൽ വിയോജിക്കുന്നു. കൊറോണ കേസുകൾ ജൂലൈയോടെ 30 കോടിയോ 50 കോടിയോ ആകുമെന്ന് അദ്ദേഹം പറയുന്നത് ഉടനടി നടപടി എടുക്കാൻ സഹായിക്കുമെന്ന് ബർക്ക പറയുന്നു. വിവേക പൂർവം ഐസൊലേഷൻ ഏർപ്പെടുത്തിയില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്നതിന്റെ സൂചനയാണ് ഡോ.ലക്ഷ്മി നാരായൺ നൽകുന്നത്, ബർക്ക കുറിച്ചു.

കൊറോണയെ കുറിച്ചുള്ള ഔദ്യോഗിക കണക്കുകൾ വിശ്വസിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രി രണ്ടാം ലോകമഹായുദ്ധത്തിന്റെ ഉദാഹരണം പറയില്ലായിരുന്നുവെന്നാണ് ഡോ.രമണൻ ലക്ഷ്മി നാരായണൻ പറയുന്നത്. പൂർണമായ ലോക് ഡൗൺ വേണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ വെന്റിലേറ്ററുകൾ സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യ ടുഡേ ചാനലിലെ രാഹുൽ കൻവാൽ ഷോയിലും അദ്ദേഹം തന്റെ വാദങ്ങൾ ആവർത്തിച്ചു. കൊറോണ മരണങ്ങൾ ലക്ഷം കവിഞ്ഞേക്കാമെന്നും 10 ദശലക്ഷം മുതൽ 15 ദശലക്ഷം വരെ പേരെ ഗുരുതരമായി ബാധിച്ചേക്കാമെന്നും അതിന് തക്ക സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് ഡോക്ടറുടെ മുന്നറിയിപ്പ്.

എന്നാൽ, ഡോ.ലക്ഷ്മി നാരായണനെതിരെ വിരുദ്ധ താൽപര്യങ്ങളാണ് എതിരാളികൾ ആരോപിക്കുന്നത്. ലക്ഷ്മി നാരായണന്റെ രണ്ടു കമ്പനികളും മെഡിക്കൽ ഉപകരണങ്ങളും, രോഗനിർണയ കിറ്റുകളും ഒക്കെ നിർമ്മിക്കുന്നവയാണെന്നും, വാണിജ്യ താൽപര്യങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നതെന്നുമാണ് ആരോപണങ്ങൾ. ഏതായാലും ഭീതി വിതയ്ക്കുന്നത് ഗുണം ചെയ്യില്ലെങ്കിലും അടച്ചുപൂട്ടൽ അടക്കമുള്ള പ്രതിരോധ നടപടികളിലേക്ക് തന്നെയാണ് രാജ്യം നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP