Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൈനയിലെ ആദ്യ കൊറോണ കേസ് റിപ്പോർട്ടു ചെയ്യുന്നത് ഡിസംബർ എട്ടിന്; മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണെന്ന് ഔദ്യോഗികമായി സമ്മതിച്ചത് ജനുവരി 20ന്; ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നഗരവാസികൾ പോലും അറിഞ്ഞില്ല; നിയന്ത്രണങ്ങൾ എന്ന് അവസാനിക്കും എന്നറിയാതെ അരവയർ നിറച്ച് ഭക്ഷണം കഴിച്ചു ജനങ്ങൾ; കൊറോണക്കെതിരായ യുദ്ധം വിജയത്തിലായെന്ന് ചൈന അവകാശപ്പെടുമ്പോൾ ജനത അനുഭവിച്ച ഭീതിയുയും കഷ്ടതകളും കുറിച്ച് ഐ സിയാവോമിങും ഗുവോ ജിംഗും രചിച്ച വുഹാൻ ഡയറിക്കുറിപ്പുകൾ

ചൈനയിലെ ആദ്യ കൊറോണ കേസ് റിപ്പോർട്ടു ചെയ്യുന്നത് ഡിസംബർ എട്ടിന്; മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണെന്ന് ഔദ്യോഗികമായി സമ്മതിച്ചത് ജനുവരി 20ന്; ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നഗരവാസികൾ പോലും അറിഞ്ഞില്ല; നിയന്ത്രണങ്ങൾ എന്ന് അവസാനിക്കും എന്നറിയാതെ അരവയർ നിറച്ച് ഭക്ഷണം കഴിച്ചു ജനങ്ങൾ; കൊറോണക്കെതിരായ യുദ്ധം വിജയത്തിലായെന്ന് ചൈന അവകാശപ്പെടുമ്പോൾ ജനത അനുഭവിച്ച ഭീതിയുയും കഷ്ടതകളും കുറിച്ച് ഐ സിയാവോമിങും ഗുവോ ജിംഗും രചിച്ച വുഹാൻ ഡയറിക്കുറിപ്പുകൾ

മറുനാടൻ ഡെസ്‌ക്‌

വുഹാൻ: ഇനി എഴുതപ്പെടാൻ പോകുന്ന ലോകചരിത്രങ്ങളിലെല്ലാം ഒരുപക്ഷെ ഭയത്തിന്റെയും നിസ്സഹായതയുടെയും പര്യായപദമായിട്ടായിരിക്കും വുഹാൻ എന്ന പേര് അറിയപ്പെടുക. ലോകത്തെ മുഴുവൻ ബാധിച്ച മഹാമാരിയുടെ പ്രഭവകേന്ദ്രം. ഇപ്പോൾ മെല്ലെ മെല്ലെ സാധാരണനിലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന വുഹാനിൽ കൊറോണക്കെതിരെ നടത്തിയ പോരാട്ടത്തെ ഒരു ഐതിഹാസിക വിജയമെന്നാണ് ഇപ്പോൾ ചൈനയും ലോകാരോഗ്യ സംഘടനയുമൊക്കെ വിശേഷിപ്പിക്കുന്നത്.എന്നാൽ സാധാരണക്കാർ അനുഭവിച്ച യാതനകൾ ആരും അറിയാതെ പോവുകയായിരുന്നു.

11 മില്ല്യൺ ജനങ്ങൾ താമസിക്കുന്ന വുഹാനിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 6 മില്ല്യൺ ജനങ്ങളാണ് ക്വാറന്റൈന് വിധേയമായത്. ഇടയ്ക്കുണ്ടായ ഒരു ഒഴിവ് കാലത്തിൽ ഏകദേശം 5 മില്ല്യൺ ആളുകൾ നഗരം വിട്ടുപോവുകയും ചെയ്തു. നഗരം ലോക്ക്ഡൗൺ ആവുകയും തങ്ങൾ ക്വാറന്റൈൻ ചെയ്യപ്പെടുകയും ചെയ്തപ്പോൾ തങ്ങളുടെ കഷ്ടതകൾക്ക് പരിഹാരമായി പലരും ആരംഭിച്ചതാണ് ഡയറി എഴുത്ത്. ചൈനയിലെ ഏറ്റവും പ്രാചാരമുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ വീബോയിൽ പക്ഷെ, ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള പല നേരെഴുത്തുകൾക്കും സെൻസർഷിപ്പ് നേരിടേണ്ടി വന്നു. മറ്റുചിലർ വീ ചാറ്റ് എന്ന ചാറ്റിങ് സൈറ്റിലൂടെ തങ്ങളുടെ അനുഭവങ്ങൾ കൂട്ടുകാരുമായി പങ്ക്വച്ചു.

എന്നാൽ, സ്വതന്ത്ര ഫിലിം മേക്കറും ഫെമിനിസ്റ്റ് സ്‌കോളറുമായ ഐ സിയാവോമിങും മറ്റൊരു ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റായ ഗുവോ ജിംഗും തങ്ങളുടെ ഡയറികൾ മാറ്റേഴ്സ് ന്യൂസുമായി പങ്കുവയ്ക്കാൻ തയ്യാറായി. ഈ ഡയറിക്കുറിപ്പുകൾ ലോക്ക്ഡൗൺ കാലത്തെ സാധാരണക്കാരുടെ മാനസികാവസ്ഥയും ജീവിതസാഹചര്യങ്ങളും ശരിയായി പ്രതിഫലിപ്പിക്കുന്നവയാണ്. ഇക്കാലത്ത് മനുഷ്യർ വെറും കൂട്ടങ്ങൾ മാത്രമായി ചുരുക്കപ്പെട്ടു എന്നാണ് ഗുവോ ജിങ് പറയുന്നത്.

ഡിസംബർ 8 നാണ് ആദ്യത്തെ കൊറോണാ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അന്നുമുതൽ തന്നെ പകർച്ചവ്യാധി നിയന്ത്രണാധീനമാണെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. ജനുവരി 20 നാണ് ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന കാര്യം ഔദ്യോഗികമായി സമ്മതിക്കുന്നത്. പിന്നീട് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അതിനെക്കുറിച്ച് നഗരവാസികൾക്ക് തീരെ അറിവ് ഉണ്ടായിരുന്നില്ലെന്നും അതിനാൽ തന്നെ മുൻകരുതലുകൾ ഒന്നും തന്നെ എടുത്തിരുന്നില്ലെന്നും ഈ ഡയറികൾ വെളിപ്പെടുത്തുന്നു. ഐയുടേയും ഗുവോയുടേയും വുഹാൻ ഡയറികൾ ഗ്ലോബൽ വോയ്സസ് സീരിയലായി പ്രസിദ്ധീകരിക്കുവാൻ പോവുകയാണ്.

'ഞാൻ സാധാരണഗതിയിൽ ശാന്തത കൈവിടാത്ത ഒരു വ്യക്തിയാണ് എന്നാൽ വുഹാനിൽ രോഗബാധിതരുടെ എണ്ണം നൂറിൽ കവിഞ്ഞു എന്നറിഞ്ഞപ്പോൾ മുതൽ ഞാൻ ആശങ്കപ്പെടാൻ തുടങ്ങി.' ജനുവരി 23 ലെ ഡയറിക്കുറിപ്പിൽ ഗുവോ ജിങ് പറയുന്നു. 'മുഖം മൂടിയണിഞ്ഞ ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വന്നു. മെഡിക്കൽ മാസ്‌കുകളുടെ വില്പനയും കൂടി' അവർ എഴുതുന്നു.

'ലോകത്തിലേറ്റവും അധികം വിദ്യാർത്ഥികളുള്ള നഗരമാണ് വുഹാൻ. വുഹാൻ സർവ്വകലാശാലയിലെ ഒഴിവുകാലം ജനുവരി 15 ന് ആരംഭിച്ചു. മാത്രമല്ല ചൈനീസ് പുതുവർഷവും അടുത്തുവരുന്നതിനാൽ ഒട്ടുമിക്ക ആളുകളും അവധിയെടുത്ത് വീടുകളിലേക്ക് പോകാനുള്ള ഒരുക്കത്തിലുമാണ്. വുഹാൻ റെയിൽവേസ്റ്റേഷനിൽ സുരക്ഷ എത്രമാത്രമുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്'. അവർ തുടരുന്നു. 'അത്യാവശ്യ സാധനങ്ങൾ വാങ്ങി സൂക്ഷിക്കുവാൻ സുഹൃത്തുക്കൾ എന്നെ ഉപദേശിച്ചു. സൂപ്പർമാർക്കറ്റിൽ എത്തിയപ്പോൾ അവിടെ അരി, നൂഡിൽസ് തുടങ്ങിയ അത്യാവശ്യ വസ്തുക്കൾ കുറവാണെന്ന് മനസ്സിലായി. വലിയൊരു ജനക്കൂട്ടവും. കിട്ടാവുന്നത്ര അരിയും നൂഡിൽസും വാങ്ങി ഞാൻ മടങ്ങി.കൂട്ടത്തിൽ ഒരാൾ ധാരാളം ഉപ്പ് വാങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. എന്തിനാണ് ഇത്രയും അധികം ഉപ്പ് വാങ്ങുന്നതെന്ന് ചോദിച്ചപ്പോൾ ലോക്ക്ഡൗൺ ഒരു വർഷത്തേക്ക് നീണ്ടാലോ എന്നായിരുന്നു അയാളുടെ മറുപടി'

'നാളെയാണ് ചൈനീസ് പുതുവത്സരം, വുഹാൻ ഒരിക്കലും ഇത്ര ശാന്തമായിരുന്നിട്ടില്ല.' ഐ സിയോമിങ്ങിന്റെ ജനുവരി 24 ലെ ഡയറിക്കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. 'റോഡിന്റെ ഒരു ഭാഗത്ത് പൊലീസും സൈന്യവും നിലയുറപ്പിച്ചിരിക്കുന്നു. മറ്റുഭാഗത്ത് നിരവധി സാധാരണക്കാരും.നൂറു വർഷത്തിൽ ഇതാദ്യമായി ഹാൻകോവ് സ്റ്റേഷൻ അടച്ചിരിക്കുന്നു. ആളുകളിൽ ആരോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.പുതുവത്സരത്തിൽ വീട്ടിലെത്തേണ്ട നിരവധി ആളുകളാണ് യാത്രമുടങ്ങി അവിടെ കൂടിയത്. അന്ന് രാത്രിയിൽ അവർ എവിടെ താമസിക്കും? പുതുവത്സരം അവർ എങ്ങനെ ആഘോഷിക്കും?'

അധികാരത്തിലുള്ളവർക്ക് എന്നും നല്ല വാർത്തകൾ മാത്രം കേൾക്കാനാണിഷ്ടമാണെന്നും അവർ ഈ ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്. അങ്ങനെയൊന്നില്ലെങ്കിൽ അവർ ഒരു നല്ല വാർത്ത നിർമ്മിച്ചെടുക്കും എന്നും അവർ പറയുന്നു.ചൈനയിൽ വവ്വാലിനെ തിന്നുന്നവരിൽ നിന്നാണ് രോഗം ആരംഭിച്ചതെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഒരുപാട് പ്രചരിച്ചിരുന്നു. വവ്വാൽ വുഹാനിലെ ഒരു ഭക്ഷണമേ അല്ലെന്നാണ് ഐ സിയോമിങ്ങ് പറയുന്നത്. പസഫിക് ഐലന്റിൽ വച്ചാണ് ആ വീഡിയോ ഷൂട്ട് ചെയ്തതെന്ന് പിന്നീട് തെളിയുകയും ചെയ്തു.

ലോകം ആശങ്കാജനകാം വിധം നിശബ്ദമായിരുന്നു അന്ന് എന്ന് പറഞ്ഞുകൊണ്ടാണ് ഗുവോ ജിംഗിന്റെ ജനുവരി 24 ലെ ഡയറി കുറിപ്പ് ആരംഭിക്കുന്നത്. ഈ യുദ്ധത്തിൽ നമുക്ക് ആശ്രയിക്കുവാൻ നമ്മൾ മാത്രമേയുള്ളു എന്നും ഭരണകൂടത്തിൽ നിന്നും സുരക്ഷയും സംരക്ഷണവും പ്രതീക്ഷിക്കരുതെന്നും ഓർമ്മിച്ചു കൊണ്ടാണ് അന്നത്തെ കുറിപ്പ് അവസാനിക്കുന്നത്.

ലോക്ക് ഡൗൺ എന്നവസാനിക്കും എന്നറിയാതെ, ഭക്ഷ്യസാധനങ്ങൾ എന്ന് വരെ ലഭ്യമാകുമെന്നതറിയാതെ, അല്പാല്പമായി പാചകം ചെയ്ത് അരവയർ നിറച്ച്, കണ്ണുമടച്ച് ഉറക്കം വരാതെ കിടന്ന രാത്രികളെ കുറിച്ചും, നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി വെറുമൊരു ആറ്റം മാത്രായി ചുരുങ്ങിപ്പോകുന്ന പകലുകളെ കുറിച്ചും ഗുവേ ജിങ് വിവരിക്കുന്നുണ്ട്. പലപ്പോഴും ഡയറിക്കുറിപ്പുകൾ അപ്ലോഡ് ചെയ്യുവാൻ കഴിയാതെ പോയതിനേയും അവർ വിവരിക്കുന്നുണ്ട്.

അവിചാരിതമായി എത്തിയ ലോക്ക്ഡൗൺ സാധാരണജീവിതത്തെ ബാധിക്കുന്നതെങ്ങനെയെന്ന് ഈ കുറിപ്പുകൾ വ്യക്തമാക്കുന്നു. ഭരണകൂടം ഈ യത്‌നത്തെ ഒരു വിജയമെന്നാഘോഷിക്കുമ്പോഴും അത് സാധാരണ പ്രജകൾക്ക് നൽകുന്ന അനുഭവങ്ങൾ വേദനയേറിയതാണെന്ന് ഇവ കൃത്യമായി പറഞ്ഞുവയ്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP