Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരും സഹായിക്കാനില്ലാതെ മരിച്ചു വീഴുന്ന ഇറ്റലിയിലേക്ക് സഹായ ഹസ്തവുമായി ക്യൂബൻ ഡോക്ടർമാർ; എബോള അടക്കമുള്ള പകർച്ചവ്യാധികളെ നേരിട്ട മെഡിക്കൽ സംഘത്തെ കൈയടിച്ച് സ്വീകരിച്ച് ഇറ്റാലിയൻ ജനത; പഞ്ചനക്ഷത്ര ആശുപത്രികളും സൂപ്പർ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുമുള്ള അമേരിക്കക്കു പോലും കഴിയാത്തത് കാസ്ട്രേയുടെ കൊച്ചു ക്യൂബക്ക് കഴിയുന്നത് എങ്ങനെയാണ്; കോവിഡിനെ നേരിടാൻ ചെഗുവേരയുടെ 'വിപ്ലവ വൈദ്യം' ചർച്ചചെയ്ത് ലോകം

ആരും സഹായിക്കാനില്ലാതെ മരിച്ചു വീഴുന്ന ഇറ്റലിയിലേക്ക് സഹായ ഹസ്തവുമായി ക്യൂബൻ ഡോക്ടർമാർ; എബോള അടക്കമുള്ള പകർച്ചവ്യാധികളെ നേരിട്ട മെഡിക്കൽ സംഘത്തെ കൈയടിച്ച് സ്വീകരിച്ച് ഇറ്റാലിയൻ ജനത; പഞ്ചനക്ഷത്ര ആശുപത്രികളും സൂപ്പർ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുമുള്ള അമേരിക്കക്കു പോലും കഴിയാത്തത് കാസ്ട്രേയുടെ കൊച്ചു ക്യൂബക്ക് കഴിയുന്നത് എങ്ങനെയാണ്; കോവിഡിനെ നേരിടാൻ ചെഗുവേരയുടെ 'വിപ്ലവ വൈദ്യം' ചർച്ചചെയ്ത് ലോകം

എം മാധവദാസ്

വിപ്ലവ ക്യൂബ! കേരളത്തിന്റെ ഇടതുഭാവനയിൽ ക്യൂബയോളം വേരുകളാഴ്‌ത്തിയ മറ്റൊരു രാജ്യം ഉണ്ടാവില്ല. മതങ്ങൾക്ക് സ്വർഗ്ഗമെന്നപോലൊരു മിത്തിലേക്ക് മാറ്റിപ്പണിയപ്പെടുകയായിരുന്നു ഇവിടെ ഈ കൊച്ചു കമ്യൂണിസ്റ്റ് രാഷ്ട്രം. മുതലാളിത്തത്തിന്റെയും വിപണിയുടെയും ചൂഷണങ്ങളിൽ നിന്ന് സ്വതന്ത്രമായ, അസമത്വങ്ങളുടെ നിഴൽ പരക്കാത്ത മാതൃകാ രാജ്യം. ഒരുകാലത്ത് കേരളത്തിന്റെ മുക്കിലും മൂലയിലുംവരെ ചർച്ചയും ഗൃഹാതുരത്വവുമായിരുന്നു ഫിദൽ കാസ്ട്രേയുടെ ഈ 'സ്വർഗരാജ്യം'. കേരളത്തിലെ ഇടതുപക്ഷ ചിന്താഗതിക്കാർ മാതൃകാരാജ്യമായിരുന്നു, കാസ്ട്രേയുടെയും ചെഗുവേരയുടെയും വിപ്ലവ മണ്ണ്. 'ക്യൂബാ മുകുന്ദന്മാരെ'പ്പോലുള്ളവർ സിനിമാ കഥാപാത്രങ്ങൾ ആയി മാറുന്നതും തന്നെ ആ രാജ്യത്തിന് നമ്മുടെ നാട്ടിലുള്ള സ്വാധീനം തെളിയിക്കുന്നു.

എന്നാൽ അടുത്തകാലത്തായി ക്യൂബയിൽനിന്ന് അത്രയും നല്ല വാർത്തകൾ അല്ല പുറത്തുവന്നരുന്നത്. വെനീസ്വലയുടെ തകർച്ചയോടെ 2019 ജൂലൈയിൽ ക്യൂബയിൽ അതിശക്തമായ ഭക്ഷ്യക്ഷാമം ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്യൂബയിലെ ചെറുപ്പക്കാർ ആകട്ടെ നല്ലൊരു ശതമാനവും യുഎസിലേക്ക് കുടിയേറണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും വാർത്തകൾ ഉണ്ടായിരുന്നു. മുട്ട, ധാന്യമാവ്, കോഴിയിറച്ചി തുടങ്ങി റൊട്ടിയും സോപ്പും വരെയുള്ള സാധനങ്ങൾക്ക് ക്യൂബൻ ഗവൺമെന്റ് റേഷൻ ഏർപ്പെടുത്തിയിരുന്നു. റേഷൻ ടിക്കറ്റിനായി കത്തുന്ന ചൂടിൽ മണിക്കൂറുകളോളം ക്യൂ നിന്നു വിയർക്കുന്ന ക്യൂബയിലെ ജനങ്ങളുടെ ചിത്രം ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. സാധനങ്ങളൊഴിഞ്ഞ കടകൾ, കോഴിയിറച്ചി മുതൽ സോപ്പു വരെ കിട്ടാൻ നെടുനീളൻ വരിനിൽക്കുന്ന ജനം. ഇതായിരുന്നു കഴിഞ്ഞ വർഷം ക്യൂബ നേരിട്ടത്.

വെനസ്വലേയിൽനിന്നും സബ്സിഡി നിരക്കിൽ ലഭിക്കുന്ന എണ്ണയുടെ ക്യൂബയിലേക്കുള്ള വരവ് നിലച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.  ഈ എണ്ണയായിരുന്നു ക്യൂബ വൈദ്യുതിക്കായി ഉപയോഗിച്ചിരുന്നത്. കൂടാതെ പണത്തിനായും ഈ എണ്ണയായിരുന്നു പൊതു വിപണിയിൽ ക്യൂബ വിറ്റഴിച്ചിരുന്നത്. എന്നാൽ വെനസ്വലേയുടെ പൊതുമേഖലാ എണ്ണക്കമ്പനി തകർന്നതോടെ ക്യൂബയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. അമേരിക്കയുടെ വ്യാപാര ഉപരോധം കൂടിയായപ്പോൾ തകർച്ച പൂർണമായി. ഇത് 2019ലെ കഥയാണ്. ഇന്ന് ഭക്ഷ്യനിയന്ത്രണം എടുത്തുകളഞ്ഞു. പ്രസിഡന്റ് റൗൾ കാസ്ട്രോ നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്ന്, ഏതാണ്ട് കരകയറിവരുന്ന സാമ്പത്തിക മേഖലയാണ് ഇപ്പോൾ ക്യൂബയിൽ കാണാനുള്ളത്. പക്ഷേ ഇപ്പോൾ ഇതാ ലോകം മുഴുവൻ മരണം വിതക്കുന്ന കോവിഡ് 19നെ ശക്തമായി നേരിട്ടുകൊണ്ട് ക്യൂബ ലോകത്തിന്റെ കൈയടി നേടുകയാണ്. കമ്യൂണിസത്തിന്റെ നിരന്തര വിമർശകർപോലും ഈ രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളെ പുകഴ്‌ത്തുകയാണ്.

ഇറ്റലിക്ക് സഹായ ഹസ്തവുമായി ക്യൂബ

ക്യൂബയിലെ 'വിപ്ലവ ഡോക്ടർമാർ' ലോകത്തിന് മാതൃകയെന്നാണ് 'ദ ഗാർഡിയനിൽ' വന്ന ഒരു ലേഖനത്തിൽ റിപ്പോർട്ടർ ടോണി ക്രൂഡ് നിരീക്ഷിക്കുന്നു. കൊറോണ ബാധിതരായ യാത്രികരുമായി വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാൻ അനുമതി നൽകിയാണ് ക്യൂബ ലോകമാധ്യമങ്ങളുടെ അഭിനന്ദനം നേടിയത്. എം എസ് ബ്രാമിയർ എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പലിലെ ആറോളം യാത്രികർക്ക് കൊറോണ പരിശോധനയിൽ പോസിറ്റീവ് ഫലം വന്നിരുന്നു. കപ്പൽ അറ്റ്‌ലാന്റിക് സമുദ്രത്തിൽ നങ്കൂരമിടാൻ നിരവധി സൗഹൃദ രാഷ്ട്രങ്ങളോട് സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കൊറോണ ഭീതിമൂലം ഒരു രാജ്യവും കപ്പൽ കരയ്ക്കടുക്കാൻ അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് രണ്ടുദിവസമായി ഇവർ കടലിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാൽ ഒടുവിൽ ബ്രിട്ടീഷ് സർക്കാർ ക്യൂബയോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. കപ്പൽ അടുപ്പിക്കാൻ ക്യൂബ പൂർണ സമ്മതം നൽകുകയും ചെയ്തു.

'സാഹചര്യത്തിന്റെ അതീവഗൗരവ സ്വഭാവം പരിഗണിച്ചും, വയ്യാതിരിക്കുന്ന യാത്രക്കാരുടെ അപകട സാധ്യത മനസിലാക്കിയും, കപ്പൽ ക്യൂബൻ തീരത്ത് നങ്കൂരമിടാൻ അനുവദിക്കുന്നു. വിപ്ലവത്തിന്റെ മാനുഷികമൂല്യങ്ങളിലൂടെ ഉയർത്തെണ്ണീറ്റവരാണ് ഞങ്ങൾ. ആഗോള വിപത്തിനെ നേരിടാന്നുതിനുവേണ്ടി, ആരോഗ്യം എന്നത് മനുഷ്യാവകാശമാണെന്ന് മനസിലാക്കി ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സമയമാണമിത്.' -ക്യൂബൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 600 യാത്രക്കാരാണ് കപ്പലിൽ ഉള്ളത്. ഇതിൽ ഭൂരിഭാഗവും ബ്രിട്ടീഷുകാരാണ്. രോഗബാധിതരല്ലാത്ത യാത്രികരെ വിമാനമാർഗം നാടുകളിലേക്ക് തിരികെ കയറ്റി വിടുമെന്നും അധികൃതർ അറിയിച്ചു. ഈ വാർത്ത ക്യൂബക്ക് വലിയ രാഷ്ട്രീയ മൈലേജ് കൂടിയാണ് ഉണ്ടാക്കിയത്.

എന്നാൽ തീർത്തും കോവിഡ് വിമുക്തമല്ല ക്യൂബയും. ഇവിടെ ഈ രാജ്യത്ത് ഇതുവരെ നാലു കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേർ നിരീക്ഷണത്തിലാണ്. പക്ഷേ എന്നിട്ടും മറ്റുരാജ്യങ്ങളിലേക്ക് അവർ നിർഭയരായി സേവനത്തിന് പോവുകയാണ്. നേരത്തെ ചൈനയിലേക്കും ക്യൂബൻ ഡോക്ടർമാർ സേവനത്തിനായി പോയിരുന്നു. ഇപ്പോൾ ഇതാ മരണം താണ്ഡവമാടുന്ന ഇറ്റലിയിലേക്കും അവർ യാത്രയാവുകയാണ്. ക്യൂബയിൽ നിന്ന് 52 ആരോഗ്യപ്രവർത്തകരടങ്ങുന്ന സംഘമാണ് ഇറ്റലിയിൽ എത്തിയത്. ആഫ്രിക്കയിൽ പടർന്നു പിടിച്ച എബോള വൈറസ് കേസിലും പരിചയമുള്ളവരാണ് ഡോക്ടർമാരിൽ മിക്കവരും. ഇറ്റാലിയൻ ജനത കൈയടിച്ചാണ് ഈ ഡോ്ക്ടർമാരുടെ സംഘത്തെ സ്വീകരിച്ചത്. മറ്റൊരു രാജ്യത്തിനും കടന്നുവരാൻ കഴിയാത്ത അവസ്ഥയിലാണ് അവർ ഇത് ചെയ്യുന്നത് എന്നോർക്കണം. ക്യൂബയേക്കാൾ എത്രയോ സാമ്പത്തികമായി മുന്നിലുള്ള രാജ്യങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. അമേരിക്കയും ബ്രിട്ടനും പോലും കോവിഡിനുമുന്നിൽ പകച്ച് നിൽക്കയാണ്.

മാഹാമാരികളെയും ദുരന്തങ്ങളെയും നേരിടുന്നതിൽ വിദഗ്ധരായ 144 പേരടങ്ങുന്നവരുടെ സംഘം കൊവിഡിനെ നേരിടുന്നതിനായി ശനിയാഴ്ച ക്യൂബയിൽനിന്ന് ജമൈക്കയിലേക്ക് പോയിട്ടുണ്ട്. ക്യൂബൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന സംഘത്തിൽ എഴുപത് ശതമാനവും സ്ത്രീകളാണ്. ലൈബീരിയ, സിയറ ലയോൺ, ഗിനിയ തുടങ്ങിയ പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ ദുരിതം വിതച്ച എബോള വൈറസിനെ പ്രതിരോധിക്കാൻ മൂന്നിൽ നിന്നത് ക്യൂബൻ ഡോക്ടർമാരായിരുന്നു. അന്ന് ഐക്യരാഷ്ട്ര സഭ ക്യബയെ പ്രത്യേകം അഭിനന്ദിച്ചു. Cuba leads fight against Ebola in Africa as west frets about border security എന്നായിരുന്നു 2014 ഒക്ടോബറിൽ ഗാർഡിയന്റെ റിപ്പോർട്ടുകളിൽ ഒന്ന്.

ഭയമുണ്ട്; ഞങ്ങൾ സൂപ്പർ ഹീറോകൾ അല്ല

'ഞങ്ങൾക്കെല്ലാം ഭയമുണ്ട്. എന്നാൽ ഞങ്ങൾ ഞങ്ങളുടെ വിപ്ലവ കടമ ചെയ്യാൻ പോവുകയാണ്. അതുകൊണ്ട് ഭയം മാറ്റിവച്ച് പോകുന്നു'- ഇറ്റലിയിലേക്ക തിരിക്കുന്ന ക്യൂബൻ സംഘത്തിലെ തീവ്രപരിചരണ വിദഗ്ധനായ ഡോക്ടർ ലിയനാർഡോ ഫെർണാണ്ടസ് (68) വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഭയമില്ലെന്ന് പറയുന്നവർ സൂപ്പർ ഹീറോകളാണ്. പക്ഷെ ഞങ്ങൾ സൂപ്പർഹീറോകളല്ല, ഞങ്ങൾ വിപ്ലവ ഡോക്ടർമാരാണ് - ഡോ.ഫെർണാണ്ടസ് പറഞ്ഞു. ഇറ്റലിയിൽ ഏറ്റവും കൂടുതൽ മരണമുണ്ടായ ലംബാഡിയിൽ നിന്നുള്ള അഭ്യർത്ഥനകൾ പരിഗണിച്ചാണ് ക്യൂബൻ ഡോക്ടർമാരുടെ സംഘം ഇറ്റലിയിലേയ്ക്ക് പോകാൻ തീരുമാനിച്ചത്. വിപ്ലവനായകനും മുൻ പ്രസിഡന്റുമായ ഫിദൽ കാസ്‌ട്രോയുടെ ചിത്രവുമായാണ് ഡോക്ടർമാർ ഇറ്റലിയിലേയ്ക്ക് തിരിച്ചത്.

ക്യൂബയുടെ എട്ടാമത് വിദേശ ആരോഗ്യ ദൗത്യമാണിത്. 1959ൽ കാസ്ട്രോ ഗവൺമെന്റ് അധികാരത്തിൽ വന്നത് മുതൽ ഇത്തരത്തിൽ വിവിധ ലോകരാജ്യങ്ങളിലെ ആരോഗ്യ പ്രതിസന്ധികളിൽ സഹായവുമായി ക്യൂബൻ മെഡിക്കൽ ടീമുകൾ എത്തിയിട്ടുണ്ട്. 2014ൽ ലൈബീരിയ, സൈറ ലിയോൺ തുടങ്ങിയ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലേയ്ക്ക് ആദ്യമായി മെഡിക്കൽ സംഘത്തെ അയച്ചത് ക്യൂബയായിരുന്നു. ഹെയ്തിയിലെ കോളറ കാലത്തും പരിചരണവുമായി ക്യൂബൻ മെഡിക്കൽ ടീം ഉണ്ടായിരുന്നു. വെനിസ്വേല, നിക്കാരാഗ്വ, ജമെയ്ക്ക, സൂരിനാം, ഗ്രനേഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ക്യൂബ മെഡിക്കൽ ടീമുകളെ അയച്ചിരുന്നു.

അതിനിടെ കേരളത്തിലക്കം സോഷ്യൽ മീഡിയിലും ക്യൂബ തരംഗമാതിട്ടുണ്ട്. 'ക്യൂബയുടെ മാനവികതക്ക് നിരവധി ഉദാഹരണങ്ങൾ 90കൾക്ക് ശേഷമുള്ള കാലത്തിനും ഉയർത്തിക്കാട്ടാനുണ്ട്. ക്യൂബക്കാർ തന്നോട് പ്രതികാരം ചെയ്യുമെന്നും തന്നെ കൊല്ലുമെന്നും ഭയന്ന് നടന്നിരുന്ന ഒരു പഴയ ബൊളിവിയൻ പട്ടാളക്കാരനുണ്ടായിരുന്നു - മാരിയോ ടെറാൻ. ചെ ഗുവേരരയുടെ കൊലയാളി. ഈ ഭീതിയിൽ കുറെയേറെ വർഷം അജ്ഞാതനായി ഒളിച്ചോടി നടന്ന മാരിയോ ടെറാനെ ഹവാനയിൽ കൊണ്ടുവന്ന് നേത്ര ശസ്ത്രക്രിയ നടത്തി കാഴ്ചാ പ്രശ്നം പരിഹരിച്ചാണ് ക്യൂബ 'പക വീട്ടി'യത്. ഇതാണ് ക്യൂബൻ മാതൃക'- ചില കമന്റുകൾ ഇങ്ങനെ പോകുന്നു.

അരുൺലാൽ ലെനിൻ എന്ന സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ഇങ്ങനെ എഴുതുന്നു:

കുത്തിയൊഴുകുന്ന ആമസോൺ നീന്തിക്കടന്ന് പിറന്നാൾ രാത്രിയിൽ പുഴയ്ക്കക്കരെയുള്ള കുഷ്ഠ രോഗികളെ കാണാനെത്തിയ ആസ്ത്മക്കാരനായ ഒരു ഡോക്ടർ ഉണ്ടായിരുന്നു.. ക്യൂബക്കാർ അയാളെ പിന്നീട് സ്‌നേഹത്തോടെ ചെ എന്ന് വിളിച്ചു. മരണം മണത്ത രാത്രിയിലും അയാളെ പുഴ കടത്തിയ ഒരേ ഒരു ഘടകം മനുഷ്യത്വമായിരുന്നു.. വെറുതെയല്ല സാർത്ര് അയാളെ ഏറ്റവും പൂർണനായ മനുഷ്യജീവി എന്ന് വിളിച്ചത്. ക്യൂബയിൽ ചെയും ഫിദലും ചേർന്ന് കൊളുത്തി വിട്ട സോഷ്യലിസത്തിന്റെ ജ്വാല ഇന്ന് ക്യൂബൻ ഡോക്ടർമാരുടെ രൂപത്തിൽ മഹാമാരി ദുരിതം വിതയ്ക്കുന്ന എല്ലായിടത്തും എത്തുന്നുണ്ട്.

ചൈനയിൽ ആദ്യം തന്നെ അവർ എത്തിയിരുന്നു.. ഒരാഴ്ച മുൻപ് എംഎസ് ബ്രാമിയർ എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരക്കപ്പലിൽ ആറോളം പേർ കൊറോണ പോസിറ്റീവായി മരണം മുഖാമുഖം കണ്ടിരിക്കുകയായിരുന്നു. സഹായം ചോദിച്ചപ്പോൾ സൗഹൃദ രാജ്യങ്ങൾ മേലോട്ട് നോക്കി. നടുക്കടലിൽ ആകാശം നോക്കി മരണമെണ്ണി കിടന്ന ബ്രീട്ടീഷ് കപ്പലിനെ ചോരപ്പാടുപോലുള്ളൊരു രാജ്യം കൈകാട്ടി വിളിച്ചു. ക്യൂബ.
മനുഷ്യത്വം..

ഇപ്പോൾ ചൈനയിലെ ദൗത്യത്തിന് ശേഷം മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുന്ന ഇറ്റലിയിലേക്ക് ക്യൂബൻ ഡോക്ടർമാർ എത്തിയിരിക്കുകയാണ്. മുതലാളിത്ത വലതുപക്ഷം വാഴുന്ന യൂറോപ്യൻ യൂണിയൻ ഇറ്റലിക്ക് കൈമലർത്തി കാണിക്കുകയാണുണ്ടായത്. കായി കൊറേ കീശയിൽ ഉണ്ടായിട്ട് കാര്യമില്ല, മനുഷ്യപ്പറ്റ് വേണമെന്ന് ഞങ്ങളുടെ നാട്ടിലൊക്കെ പറയും. മഹാമാരിക്കിടയിലും മനുഷ്യനെ എങ്ങനെ ഊറ്റി ജീവിക്കാമെന്നുള്ളതിൽ പുതിയ വഴികൾ തേടുകയാണ് മുതലാളിത്തം.

പക്ഷേ ക്യൂബയിലാണേലും കേരളത്തിലാണേലും മനുഷ്യത്വമാണ് ഞങ്ങളുടെ മെയിൻ.. താങ്ക്യൂ മൈ ഡിയർ കോമ്രേഡ്‌സ്.. മനുഷ്യർ കൈകോർത്ത് പിടിച്ചാൽ പൊട്ടിക്കാനാവാത്ത ചങ്ങലകളില്ലെന്ന് ആദ്യം മനസിലാക്കിയവരാണ് നമ്മൾ.
മുന്നോട്ട്..

ഇവർ വിപ്ലവ ഡോക്ടർമാർ

ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന ആരോഗ്യ ഇടപെടലുകളാണ് ക്യൂബയിൽ നടന്നത്. ചെഗുവേരയുടെ മാസ്റ്റർ പ്ലാൻ ആയിരുന്നു ഇത്. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഫിദൽ കാസ്ട്രോ ക്യൂബൻ ആരോഗ്യമേഖലയിൽ നടപ്പാക്കിയ വമ്പിച്ച പരിവർത്തനത്തിന്റെ ആവേശകരമായ വിശദാംശങ്ങളാണ് സ്റ്റീവ് ബ്രാവെർ 'റവലൂഷണറി ഡോക്ടേഴ്സ്' എന്ന ശ്രദ്ധേയമായ പുസ്തകത്തിൽ ( Revolutionary Doctors: Steve Brouwer:Monthly Review Press 2011) നൽകുന്നത്. ബാറ്റിസ്റ്റയുടെ ദുർഭരണത്തിൽനിന്ന് ദുരിത ജീവിതം നയിച്ചിരുന്ന ക്യൂബൻ ജനതയെ ഫിദൽ കാസ്ട്രോയും ഏണസ്റ്റെ ചെഗുവേരയും സഹപ്രവർത്തകരും ചേർന്ന് മോചിപ്പിക്കുമ്പോൾ അതീവ ശോചനീയമായിരുന്നു ആ നാടിന്റെ ആരോഗ്യസ്ഥിതി. ക്യൂബൻ വിമോചനത്തിനുശേഷവും നഗരപ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് ചികിത്സ നടത്തിയിരുന്ന ഡോക്ടർമാർ ഗ്രാമപ്രദേശങ്ങളീലേക്ക് പോകാൻ തയ്യാറായില്ല. വിപ്ലവ പ്രവർത്തനവും ഡോക്ടർ എന്ന നിലയിലുള്ള തന്റെ കടമകളും സമന്വയിപ്പിച്ചിരുന്ന ചെ ഗുവേരയെ ക്യൂബയിലെ ആരോഗ്യസംവിധാനത്തിന്റെ ശോച്യാവസ്ഥ അസ്വസ്ഥനാക്കി. സാമൂഹ്യനീതിയിലധിഷ്ഠിതമായ രാഷ്ട്രപുനർനിർമ്മിതിയും വൈദ്യശാസ്ത്രത്തിന്റെ മാനവികതയും സമന്വയിപ്പിക്കേണ്ടതാണെന്ന് ചെഗുവേര അഭിപ്രായപ്പെട്ടു. ഇതിലേക്കായി വിപ്ളവകരമായ വൈദ്യശാസ്ത്രം ആവിഷ്‌കരിക്കണമെന്നും പുതിയ മൂല്യബോധമുള്ള ഡോക്ടർമാരെ പരിശീലിപ്പിച്ചെടുക്കണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.

ചെഗുവേരയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഫിദൽ കാസ്ട്രോ ക്യൂബൻ ആരോഗ്യമേഖലയിൽ നടപ്പാക്കിയ വമ്പിച്ച പരിവർത്തനത്തിന്റെ ആവേശകരമായ വിശദാംശങ്ങളാണ് സ്റ്റീവ് ബ്രൊവെർ പറയുന്നത്. ഗ്രാമങ്ങളിൽനിന്നുള്ള യുവാക്കളെ ആരോഗ്യവിദ്യാഭ്യാസം നൽകി തങ്ങളുടെ ജന്മസ്ഥലത്തുതന്നെ വൈദ്യസേവനം നൽകാൻ പ്രേരിപ്പിക്കുക എന്ന നയമാണ് ഫിദൽ നടപ്പാക്കിയത്. ഡോക്ടർമാരെ പരിശീലിപ്പിക്കുന്നതിനായി ലോകത്തെ ഏറ്റവും വലിയ മെഡിക്കൽ വിദ്യാഭ്യാസകേന്ദ്രമായ ലാറ്റിനമേരിക്ക സ്‌കൂൾ ഓഫ് മെഡിസിൻ 1993ൽ ഹവാനയിൽ സ്ഥാപിച്ചു.

അമേരിക്കയെക്കാൾ മികച്ച ആരോഗ്യനിലവാരമാണ് ക്യൂബയ്ക്കുള്ളത്. അമേരിക്കയുടെ ആരോഗ്യച്ചെലവിന്റെ കേവലം 4 ശതമാനം മാത്രമാണ് ക്യൂബ ആരോഗ്യത്തിനായി ചെലവിടുന്നത്. എന്നാൽ, മിക്ക ആരോഗ്യസൂചികകളിലും ക്യൂബ മുന്നിട്ട് നിൽക്കുന്നു. ശിശുമരണനിരക്ക് ക്യൂബയിൽ ആയിരത്തിന് 4.6 ആണെങ്കിൽ അമേരിക്കയിൽ അത് 6.5 ആണ്. സങ്കീർണമായ സാങ്കേതികവിദ്യാകേന്ദ്രീകൃതമായ, രോഗചികിത്സയെക്കാൾ രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും ഊന്നൽനൽകുന്ന കുടുംബാരോഗ്യസംവിധാനമാണ് ക്യൂബ പിന്തുടരുന്നത്.ക്യൂബയിൽ ഏറ്റവും താഴെത്തട്ടിൽ ഡോക്ടറും നേഴ്സുമടങ്ങിയ ടീം നിശ്ചിത എണ്ണം കുടുംബങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ നിർവഹിക്കുന്നു. നമ്മുടെ സബ് സെന്ററുകൾക്ക് തുല്യമായ ഈ സംവിധാനം കൺസൾട്ടാറിയോ എന്നാണ് അറിയപ്പെടുന്നത്. കൺസൾട്ടാറിയോയിലെ ഡോക്ടർക്കും നേഴ്സിനും തങ്ങളുടെ ചുമതലയിലുള്ള എല്ലാ ജനങ്ങളുമായും നേരിട്ട് ബന്ധമുണ്ട്. ഇതിനുമുകളിലായി ചില സ്പെഷ്യലിസ്റ്റുകളടങ്ങിയ നമ്മുടെ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്ക് തുല്യമായ പോളിക്ളിനിക്കുകളുണ്ട്. ഉയർന്ന തലത്തിൽ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കൽ കോളേജുകളും പ്രവർത്തിക്കുന്നു. കൃത്യമായ റഫറൽ സമ്പ്രദായമാണ് വിവിധ തലങ്ങളിലുള്ള ആശുപത്രികൾ പിന്തുടരുന്നത്.

ഇമ്യൂണൈസേഷൻ തുടങ്ങിയ രോഗപ്രതിരോധപ്രവർത്തനങ്ങൾക്കും ആരോഗ്യവിദ്യാഭ്യാസത്തിനും കൺസൾട്ടാറിയോ നേതൃത്വം നൽകുന്നു. ഫലപ്രദമായ രോഗപ്രതിരോധ പ്രവർത്തനത്തിലൂടെ നിരവധി പകർച്ചവ്യാധികൾ വർഷങ്ങൾക്കുമുമ്പുതന്നെ നിയന്ത്രിക്കാൻ ക്യൂബയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പോളിയോ (1962), മലേറിയ (1967), നവജാത ടെറ്റനസ് (1972), ഡിഫ്തീരിയ (1979), മീസിൽസ് (1983), റുബല്ല (1995), ടിബി മെനിഞ്ചൈറ്റിസ് (1997) എന്നീ രോഗങ്ങൾ ക്യൂബ പൂർണമായും നിർമ്മാർജനംചെയ്തുകഴിഞ്ഞിട്ടുണ്ട്. ലോകമാകെ ഭീതി പടർത്തിയ എയ്ഡ്സ് രോഗത്തെ ഫലപ്രദമായി ചെറുക്കുന്നതിലും ക്യൂബ വിജയിച്ചിട്ടുണ്ട്. കേവലം 200 എയ്ഡ്സ് രോഗികൾമാത്രമാണ് രാജ്യത്തുള്ളത്.ക്യൂബൻ ജനതയുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനോടൊപ്പം മറ്റ് രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾക്ക് വൈദ്യസഹായം നൽകാനും ക്യൂബ പല പരിപാടികളും നടപ്പാക്കിവരുന്നു. ക്യൂബയിൽ നിന്നുള്ള 1,24,000 ഡോക്ടർമാർ, ഡോക്ടർക്ഷാമം അനുഭവിക്കുന്ന അറുപതോളം രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ചുവരുന്നുണ്ട്. ലാറ്റിനമേരിക്കൻ സ്‌കൂൾ ഓഫ് മെഡിസിനിൽനിന്നും 123 രാജ്യങ്ങളിൽനിന്നുമുള്ള 22,000 പേർ ഇതിനകം മെഡിക്കൽ ബിരുദം നേടിയിട്ടുണ്ട്. ഇപ്പോൾ വിവിധ രാജ്യങ്ങളിൽനിന്നായി 11,000 പേർ ഇവിടെ വൈദ്യവിദ്യാഭ്യാസം നടത്തുന്നു.

ഹ്യൂഗോ ഷാവേസുമായി ചേർന്ന് ക്യൂബൻ പ്രസിഡന്റ് ഫിദൽ കാസ്ട്രോ ബൊളീവിയ, കോസ്റ്ററിക്ക, ഇക്വഡോർ തുടങ്ങിയ 14 ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടപ്പാക്കിയ വിജയകരമായ നേത്രചികിത്സാ പദ്ധതിയാണ് ഓപ്പറേഷം മിറക്കിൾ. ഈ പരിപാടിയിലൂടെ 35 ലക്ഷം പേർക്ക് കാഴ്ചശക്തി തിരികെ നൽകാൻ കഴിഞ്ഞു. നിരവധി രാജ്യങ്ങളിൽ ദുരന്തനിവാരണയജ്ഞത്തിലും ക്യൂബ പങ്കെടുത്തിട്ടുണ്ട്. 1986ലെ ചെർണോബിൽ ന്യൂക്ളിയർ അപകടത്തെ തുടർന്ന് ഉക്രെയിനിലെ ദുരന്തബാധിതർക്ക് ക്യൂബ വൈദ്യസഹായം നൽകി. 2004ലെ ശ്രീലങ്കൻ സുനാമിയിലും 2005ൽ പാക്കിസ്ഥാനിലുണ്ടായ ഭൂമികുലുക്കത്തിലും ക്യൂബ ഫലപ്രദമായ ദുരന്തനിവാരണപ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

ലോകം ചർച്ച ചെയ്യുന്ന റവല്യൂഷണറി മെഡിസിൻ

ക്യൂബൻ വിപ്ലവാനന്തരം ഡോക്ടർ കൂടിയായ ചെഗുവേരയാണ് റവവല്യൂഷണറി മെഡിസിൻ എന്ന നയം രൂപീകരിക്കുന്നത്. സാർവ്വത്രികവും ഉന്നത നിലവാരമുള്ളതുമായ വൈദ്യസഹായം എല്ലാവർക്കും സൗജന്യമാക്കി എന്നതാണ് ഈ നയത്തിന്റെ മൗലികമായ അടിസ്ഥാന തത്വം. ഈ ലക്ഷ്യത്തിലേക്ക് ക്യൂബ ചുവടു വെച്ചത് വളരെ പെട്ടെന്നാണ്. 20 വർഷംകൊണ്ട് ക്യൂബയിൽ ഉന്നത ആരോഗ്യരംഗം എല്ലാവർക്കും പ്രാപ്യമായി. ലോകത്താകമാനം ചികിത്സയുടെ ചെലവ് കൂടുമ്പോൾ ക്യൂബയിൽ വിരോധാഭാസം സംഭവിച്ചു. ക്യൂബ ശ്രദ്ധ ചെലുത്തിയത് സുപ്രധാനമായും ആഭ്യന്തര മരുന്നുൽപാദനം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സ്ഥാപനം എന്നിവയിലായിരുന്നു. ഏറ്റവും താഴേത്തട്ടിൽ ഡോക്ടറും നഴ്സുമാരും അടങ്ങിയ സംഘം കുടുംബങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ഇതിനു മുകളിൽ കമ്മ്യൂണിറ്റി ഹെൽത് സെന്ററുകളാണ്. മുകളിൽ സ്പെഷ്യാലിറ്റി / സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും അതിനു മുകളിൽ മെഡിക്കൽ കോളേജുകളും. ഡോക്ടറും നഴ്സുമടങ്ങിയ മെഡിക്കൽ സംഘം കുടുംബങ്ങളിലേക്ക് പോകുകയും ആരോഗ്യ പ്രശ്നങ്ങളെ മനസിലാക്കുകയും ചെയ്യുന്നു. തങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുകയും മറ്റുള്ളവയെ മുകൾത്തട്ടിലേക്ക് റഫർ ചെയ്യുകയും ചെയ്യുന്നു.

ഇത്തരത്തിൽ അടിത്തറ ഭദ്രമാക്കിയതിനു ശേഷം റവല്യുഷനറി രണ്ടാം ഘട്ടം ആരംഭിച്ചു. അത് ഗുണനിലവാര വർധന എന്ന തത്വത്തിൽ ഊന്നിയായിരുന്നു. അതിനായി ഗവേഷണ സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജുകൾ എന്നിവ സ്ഥാപിക്കപ്പെട്ടു. അതിന്റെ ഉന്നതമായ ഉദാഹരണമാണ് 1998ൽ സ്ഥാപിതമായ ലാറ്റിൻ അമേരിക്കൻ സ്‌കൂൾ ഓഫ് മെഡിസിൻ. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമാണിത്. ''സ്വാർത്ഥതക്കെതിരെ ഐക്യദാർഢ്യത്തിന്റെ പോരാട്ടവേദി'' എന്നാണ് ഫിഡൽ കാസ്ട്രോ ഈ സ്ഥാപനത്തെ വിശേഷിപ്പിച്ചത്. 1986ൽ സ്ഥാപിതമായ സെന്റർ ഫോർ ജെനിറ്റിക്ക് എൻജിയീയറിങ്ങ് ആൻഡ് ബയോ ടെക്ക്നോജളി എന്ന സ്ഥാപനം മറ്റൊരു ഉദാഹരണമാണ്. Heberkinesa എന്ന ഹൃദ്രോഗ മസ്തിഷ്‌ക രോഗ പ്രതിരോധമരുന്ന് ഉൽപാദിപ്പിച്ചുകൊണ്ടാണ് ക്യൂബ ലോകത്തെ ഈ സ്ഥാപനത്തിലൂടെ ഞെട്ടിച്ചത്. . 1962ൽ പോളിയോ മുക്തം, 1967ൽ മലേറിയാ മുക്തം, 1972ൽ ചലീിമമേഹ ഠലമേിൗ െമുക്തം, 1979ൽ ഡിഫ്തീരിയാ മുക്തം, 1983ൽ മീസിൽസ് മുക്തം, 1995ൽ റൂബെല്ല മുക്തം, 1997ൽ ട്ഊബർക്കുലോസിസ്, മെനിഞ്ചൈറ്റിസ് മുക്തം എന്നിങ്ങനെ ഉപരോധങ്ങൾക്കിടയിൽ ക്യൂബ തിളങ്ങിക്കൊണ്ടിരുന്നു.

ഇതിന്റെ അടിസ്ഥാനപരമായ കാരണങ്ങൾ ചെഗുവേരയുടെ റവല്യൂഷനറി മെഡിസിന്റെ ആദ്യപടിയിലെ പ്രവർത്തനങ്ങളായിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ സാർവ്വത്രികമാക്കൽ, സർക്കാർ മേഖലയിൽ അത്യാധുനിക ചികിത്സ, സർക്കാർ മേഖലയിൽ മരുന്നുൽപാദനം ഈ മൂന്നു അച്ചുതണ്ടുകളാണു ലോക ആരോഗ്യ രംഗത്ത് മാതൃക സൃഷ്ടിക്കാൻ ക്യൂബയെ പ്രാപ്തമാക്കിയത്. ലോകാരോഗ്യസംഘടന ക്ഷണിച്ചതനുസരിച്ച് ആരോഗ്യമേഖലയിൽ കൈവരിച്ച നേട്ടങ്ങളുടെ അംഗീകാരമായി 2014ൽ 67ാമത് ലോകാരോഗ്യ അസംബ്ളിയിൽ ക്യൂബ അധ്യക്ഷ സ്ഥാനം വഹിക്കയുണ്ടായി. ക്യൂബൻ ആരോഗ്യമാതൃക കേരളത്തെയും സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ ക്യൂബൻ മാതൃകയിൽ ഒരു പ്രാഥമികാരോഗ്യകേന്ദ്രം സ്ഥാപിച്ചിരുന്നു. ഒന്നാം യുപിഎ സർക്കാറിന്റെ കാലത്ത് ഇതുപോലെ ഒരു നയം ചർച്ചയായിരുന്നെങ്കിലും വ്യാപകമായി എതിർപ്പുകളെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. ഇന്ന് കൊറോണക്കാലത്ത് വീണ്ടും ക്യൂബൻ മെഡിസിൻ ചർച്ചയാവുകയാണ്.

പരാജയപ്പെട്ടത് അമേരിക്കൻ മോഡൽ

എന്തുകൊണ്ടാണ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങൾ കോവിഡിനെ നേരിടുന്നതിൽ പരാജയപ്പെട്ടത്. സാധാരണഗതിയിൽ പകർച്ചവ്യാധികളും മഹാമാരികളുമൊക്കെ മൂന്നാം ലോകരാജ്യങ്ങളുടെ ആഭ്യന്തരപ്രശ്നങ്ങൾ മാത്രമാണെന്ന് ഈ ലോകരാഷ്ട്രങ്ങളുടെ നേതാക്കൾ പലപ്പോളും കരുതിയിരുന്നത്. തുടക്കത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുൾപ്പെടെയുള്ള സർക്കാരിലെ ഉന്നതർ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന പിന്തിരിപ്പൻ ചിന്താഗതിയിലായിരുന്നു. അമേരിക്കയിൽ ആരോഗ്യരംഗം പൊതുവെ മെച്ചപ്പെട്ടതാണ്. ഏത് ഗുരുതര രോഗത്തിനും ശസ്ത്രക്രിയകൾ നടത്താൻ പ്രാവീണ്യമുള്ള ഡോക്ടർമാർ, അതിന് തക്ക സൗകര്യങ്ങളുള്ള ആശുപത്രികൾ, കൃത്യമായ കാലേകൂട്ടിയുള്ള രോഗനിർണ്ണയങ്ങൾ, കാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയിലും അനുബന്ധപഠനങ്ങളിലും ലോകത്തിനുതന്നെ മാതൃകയാവുന്ന നിരവധി സ്ഥാപനങ്ങൾ, ഒക്കെയുണ്ട് അമേരിക്കയിൽ. എന്നാൽ മുൻകൂട്ടി ഉറപ്പിച്ച് ക്രമപ്പെടുത്തിവച്ചിരിക്കുന്ന ഒരു നിശ്ചിത എണ്ണത്തിനു മാത്രമേ മേൽപ്പറഞ്ഞ ഈ സേവനങ്ങൾ കൊടുക്കാൻ ഈ സിസ്റ്റത്തിന് ത്രാണിയുള്ളു. അതായത് ആയിരങ്ങൾ രോഗലക്ഷണങ്ങളുമായെത്തുന്ന ഈ കൊറോണക്കാലത്ത് ഇത്രമാത്രം രോഗികളുടെ എണ്ണം കണ്ട് പകച്ചുനില്കുകയാണ് നാളിതുവരെ കൊട്ടിഘോഷിക്കപ്പെട്ട അമേരിക്കയിലെ ഫൈവ് സ്റ്റാർ ആശുപത്രികളും ഇതര സ്ഥാപനങ്ങളും. സെന്റർ ഫോർ ഡിസിസ് കൺട്രോൾ (CDC) എന്ന അമേരിക്കൻ ആരോഗ്യരംഗത്തിന്റെ നെടുംതൂണായ സർക്കാർ ഏജൻസിക്ക് ആദ്യ ആഴ്ചയിൽ ഏതാണ്ട് രണ്ടായിരം കോവിഡ്-19 ടെസ്റ്റുകൾ മാത്രമേ നടത്താനായുള്ളു എന്നത് അപഹാസ്യമായ വസ്തുതയാണ്. ഇതേ കാലയളവിൽ തെക്കൻ കൊറിയ 2 ലക്ഷം കോവിഡ് - 19 ടെസ്റ്റുകൾ നടത്തിയെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ നിയന്ത്രിത പ്രൈമറി ഹെൽത്ത് സെന്ററുകളെക്കുറിച്ച് പൊതുധാരണപോലുമില്ലാത്ത അമേരിക്കയിൽ പ്രൈവറ്റ് ആശുപത്രി മുതലാളിമാരുടെയും ഇൻഷുറൻസ് ഭീമന്മാരുടെയും പിടിവാശിക്കു മുന്നിൽ സീസണൽ ഇൻഫ്ളുവൻസയുടെ രോഗലക്ഷണങ്ങളാണോ അതോ കോവിഡ് -19 ന്റെ രോഗലക്ഷണങ്ങളാണോ എന്ന് തിരിച്ചറിയാനാവാതെ രോഗികൾ അന്തം വിട്ടുനിൽക്കുകയാണ്. കാരണം ടെസ്റ്റ് ചെയ്തവരിൽ രണ്ടുശതമാനത്തിനു മാത്രമെ കോവിഡ് - 19 രോഗബാധയുള്ളു. ബാക്കി തൊണ്ണൂറ്റിയെട്ടുശതമാനം ടെസ്റ്റുകളും കമ്പനിക്ക് നഷ്ടങ്ങളുണ്ടാക്കി. ലാഭക്കൊതിയന്മാരായ കോർപ്പറേറ്റ് ഭീമന്മാരുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളിൽ പതിയെ ഇടംവലം നോക്കാതെ ടെസ്റ്റുകൾക്കുള്ള അഭ്യർത്ഥനകൾ തിരസ്‌കരിക്കപ്പെട്ടു. സർക്കാരിന് വീണ്ടും ഇടപെടേണ്ടിവന്ന ഈ സാഹചര്യത്തിലാണ്, വാൾമാർട്ട് പോലുള്ള ഭീമൻ പ്രൈവറ്റ് കമ്പനികളുമായി സഹകരിച്ച് സ്പെസിമെൻ ശേഖരിക്കുന്നതിനായി സൂപ്പർമാർക്കറ്റുകളുടെ പാർക്കിങ് ഏരിയയിൽ ക്വസ്റ്റ്, ലാബ് കോർപ്പ് ആദിയായ പരിശോധനാ സ്ഥാപനങ്ങളുടെ കൂട്ടായ ഇടപെടലിൽ ഡ്രൈവ് ഇൻ ടെസ്റ്റ് സെന്ററുകൾ ഉടനടി ഉണ്ടാവുമെന്ന ട്രംപിന്റെ പ്രഖ്യാപനം. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഗൂഗിൾ കമ്പനി രൂപകൽപ്പന ചെയുന്ന പ്രത്യേക വെബ് സൈറ്റുവഴി ടെസ്റ്റിങ് സെന്ററുകളിലേക്കെത്തിക്കാം എന്നതായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ വിശദമായ പത്രസമ്മേളനത്തിൽ ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഈ കുറിപ്പെഴുതുന്ന സമയംവരെ ഇപ്രകാരമുള്ള ഒരൊറ്റ ടെസ്റ്റിങ് സെന്ററുകളും അമേരിക്കയിലൊരിടത്തും സ്ഥാപിതമായിട്ടില്ല എന്നതാണ് വസ്തുത. 1700-ഓളം ഗൂഗിൾ എൻജിനിയർമാർ പണിയെടുക്കുന്നു, വാരാന്ത്യം ലൈവ് ആകും എന്ന് ട്രംപ് അവകാശപ്പെട്ട വെബ്‌സൈറ്റിന്റെ യാതൊരു സൂചനകളും ഈ നിമിഷവും ഇന്റർനെറ്റിലെത്തിയിട്ടുമില്ല.

ഏറ്റവും ഭീകരമായത് വാഷിങ്ടൺ സ്റ്റേറ്റിലെ കിർക്ക്‌ലാൻഡ് സിറ്റിയിലുള്ള ലൈഫ് കെയർ സെന്റർ എന്ന വൃദ്ധസദനത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 19 ന് ശേഷം നാളിതുവരെ 26 പേർ മരണപ്പെടുകയും അതിൻ ഏതാണ്ട് പതിമൂന്നോളം വൃദ്ധർ കൊറോണ ബാധിതരായിരുന്നു എന്ന വാർത്തയാണ്. സമീപപ്രദേശങ്ങളിലുള്ള അൻപതോളം നഴ്സിങ് ഹോമുകളിലെ അന്തേവാസികളും കൊറോണ ബാധിതരാണ് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അലർജി ആൻഡ് ഇൻഫെക്ഷൻ നാഷണൽ ഇൻസ്റ്റിറ്റിയുട്ടിന്റെ ഡയറക്ടറായ ഉൃ. അിവേീി്യ ട. എമൗരശ ങ.ഉ യുടെ അഭിപ്രായപ്രകാരം ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളു. ബാറുകളും റെസ്റ്റോറെന്റുകളും ആരാധനാലയങ്ങളും സ്‌കൂളുകളും സർക്കാർ നിർദ്ദേശങ്ങൾ ക്രിയാത്മകമായി ഉൾക്കൊണ്ട് ഈ ദിവസങ്ങളിലായി അടച്ചിട്ടിരിക്കുന്നു. സാധ്യമായ തരത്തിൽ ടെലികമ്യുട്ട് ചെയ്യാനാവുന്ന ജോലിക്കാരൊക്കെ യാത്രകളൊഴിവാക്കി വീട്ടിൽ നിന്നും ജോലിയെടുക്കുന്നു. ആളുകൾ പൊതുഇടങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കൽ പോലുള്ള നിയന്ത്രണങ്ങൾ സ്വയം സ്വികരിക്കുന്നു. ഇത്തിരി വൈകിയാണെങ്കിലും സർക്കാർ നടത്തിയ അടിയന്തിര ഇടപെടലുകൾ ഫലം കാണുമെന്ന പ്രതീക്ഷയെ ഇപ്പോൾ അമേരിക്കൻ ജനതയുടെ മുന്നിലുള്ളു.

കൂടെ ഇത്തരം അനുഭവങ്ങളിൽ നിന്നെല്ലാം ഈ സമൂഹം വലിയ പാഠങ്ങൾ പഠിക്കുമെന്ന പ്രത്യാശയും. അതുകൊണ്ടുതന്നെ ക്യൂബൻ മാതൃകയിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിലേക്ക് മാറണം എന്നാണ് കോവിഡ് 19ന്റെ വ്യാപനത്തോടെ ലോകത്ത് ഉയരുന്ന മുറവിളി. എന്തായാലും ഒുരുകാര്യം ഉറപ്പാണ്. ലോകത്തെ ആരോഗ്യമേഖല ഇനി പഴയതുപോലെ ആവില്ല. പകർച്ചവ്യാധി പ്രതിരോധം തന്നെയായിരിക്കും ഇനി ലോകത്തിന് മുന്നിലുള്ള വെല്ലുവിളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP