Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാക്സിൻ നൽകിയ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജർമൻ വൈസ് ചാൻസലർ ആംഗേല മെർക്കൽ ക്വാറന്റീനിൽ; ലോകരാഷ്ട്രങ്ങൾ എതിർപ്പറിയിച്ചതോടെ ഒളിമ്പിക്‌സ് മാറ്റിവെക്കാൻ ഒരുങ്ങി ജപ്പാനും; സൗദി അറേബ്യയിൽ ഇന്ന് മുതൽ 21 ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി സൽമാൻ രാജാവ്; യുഎഇ എല്ലാ യാത്രാ വിമാന സർവീസുകളും നിർത്തിവെക്കുന്നു; കൊറോണയെ ചെറുക്കാൻ അടച്ചിടൽ മാത്രം മതിയാവില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും; മരണ വൈറസിനെ ചെരുക്കാൻ പെടാപ്പാടു പെട്ട് ലോകം

വാക്സിൻ നൽകിയ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജർമൻ വൈസ് ചാൻസലർ ആംഗേല മെർക്കൽ ക്വാറന്റീനിൽ; ലോകരാഷ്ട്രങ്ങൾ എതിർപ്പറിയിച്ചതോടെ ഒളിമ്പിക്‌സ് മാറ്റിവെക്കാൻ ഒരുങ്ങി ജപ്പാനും; സൗദി അറേബ്യയിൽ ഇന്ന് മുതൽ 21 ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി സൽമാൻ രാജാവ്; യുഎഇ എല്ലാ യാത്രാ വിമാന സർവീസുകളും നിർത്തിവെക്കുന്നു; കൊറോണയെ ചെറുക്കാൻ അടച്ചിടൽ മാത്രം മതിയാവില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും; മരണ വൈറസിനെ ചെരുക്കാൻ പെടാപ്പാടു പെട്ട് ലോകം

മറുനാടൻ ഡെസ്‌ക്‌

ബെർലിൻ: ലോകത്തു പടർന്നു പിടിക്കുന്ന മരണ വൈറസായി കോവിഡ് 19 മാറുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളിലേക്ക് കടന്നിട്ടും വൈറസ് വ്യാപനം പിടിച്ചു നിർത്താൻ സാധിക്കാതെ ലോകം. ആഗോള വ്യാപകമായി വിമാന സർവീസുകൾ നിർത്തിവെച്ച് ലോകത്തെ നിശ്ചലമാക്കുന്ന അവസ്ഥയിലേക്കാണ് ലോകം ഇപ്പോൾ നീങ്ങുന്നത്. കൊറോണ വൈറസിനെ ചെറുക്കുന്നതിൽ മുന്നണി പോരാളിയായി നിലകൊള്ളുന്ന ജർമ്മൻ ചാൻസലർ ആംഗേല മെർക്കൽ ക്വാറന്റീനിൽ പ്രവേശിച്ചു എന്നതാണ് ഒടുവിലായി പുറത്തുവരുന്ന വാർത്ത.

ആംഗേലയ്ക്ക് വാക്സിൻ നൽകിയ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ക്വാറന്റീനിൽ പ്രവേശിച്ചത്. ആംഗേലയ്ക്ക് ന്യൂമോണിയ വാക്സിൻ നൽകിയ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വൈസ് ചാൻസലർ നിരീക്ഷണത്തിലാണെന്നും എന്നാൽ വീട്ടിലിരുന്ന് തന്റെ ജോലി ചെയ്യുമെന്നും വക്താവ് അറിയിച്ചു. നേരത്തെ ജർമ്മനിയിലെ ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്ന് ആംഗേല അവസാനമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. അതിനിടെ യു.എസ്. സെനറ്റർ റാന്റ് പോളിന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിക്കുന്ന ആദ്യ സെനറ്റംഗമാണ് പോൾ.

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ടോക്യോ ഒളിംപിക്സ് മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി പ്രസിഡണ്ട് തോമസ് ബാക്ക്. എന്നാൽ ഒളിപിംക്സ് റദ്ദാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒളിംപിക്സ് റദ്ദാക്കുന്നത് പ്രശ്നപരിഹാരമല്ലെന്ന് ഐ.ഒ.സി എക്സിക്യൂട്ടിവ് ബോർഡ് നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ആർക്കും ഒരു ഉപകാരവുമില്ല', അദ്ദേഹം പറഞ്ഞു.

ഐസോലേഷനിൽ കഴിയാതിരിക്കാൻ യാത്രക്കാർ ഗുളിക കഴിച്ച് വരുന്നതായി ആരോഗ്യപ്രവർത്തകർ. ജൂലൈ 24 നാണ് ഒളിംപിക്സ് ആരംഭിക്കുന്നത്. ഇതുവരെ ഒളിംപിക്സ് തിയതി മാറ്റുന്നതടക്കമുള്ള കാര്യങ്ങളിൽ ഐ.ഒ.സി നിലപാടറിയിച്ചിരുന്നില്ല. എന്നാൽ ഭൂരിപക്ഷം കായികതാരങ്ങളും ഐ.ഒ.സി തീരുമാനത്തിൽ ആശങ്ക അറിയിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും രംഗത്തെത്തിയതോടെയാണ് കമ്മിറ്റി പുനരാലോചനയ്ക്ക് തയ്യാറായത്. ആതിഥേയരാജ്യമായ ജപ്പാനും ഒളിംപിക്സ് മാറ്റുന്നതിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അന്തിമതീരുമാനം നാലാഴ്ചയ്ക്കുള്ളിൽ അറിയാം. ഒളിംപിക്സ് മാറ്റിവെക്കുകായണെങ്കിൽ ഇനി 2021 ലായിരിക്കും നടക്കുക. കാനഡ അടക്കമുള്ള രാജ്യങ്ങൾ ഇപ്പോൾ ഒളിമ്പിക്‌സ് നടത്തിയാൽ പിന്മാറുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പിന്മാറ്റം.

സൗദിയിൽ 21 ദിവസത്തേക്ക് കർഫ്യൂ

അതിനിടെ സൗദിയിൽ തിങ്കളാഴ്ച വൈകിട്ട് മുതൽ കർഫ്യൂ ഏർപ്പെടുത്തി. സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണ നടപടികളുടെ ഭാഗമായിട്ടാണ് കർഫ്യൂ. വൈകിട്ട് ഏഴ് മുതൽ പുലർച്ച ആറു വരെയാണ് കർഫ്യൂ. മാർച്ച് 23 മുതൽ അടുത്ത 21 ദിവസത്തേക്ക് കർഫ്യൂ തുടരും.

ഇതിനിടെ സൗദിയിൽ ഞായറാഴ്ച മാത്രം 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 511 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വന്തം സുരക്ഷയ്ക്കായി കർഫ്യൂ സമയങ്ങളിൽ പൗരന്മാരും താമസക്കാരും ഒരുപോലെ അവരുടെ വീടുകളിൽ തന്നെ തങ്ങാൻ മന്ത്രാലയം നിർദേശിച്ചു. പൊതു-സ്വകാര്യ രംഗത്തെ സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യു.എ.ഇ എല്ലാ വിമാനസർവീസുകളും നിർത്തിവെക്കുന്ന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ യു.എ.ഇയിലെ വിമാനത്താവളങ്ങൾ വഴിയുള്ള മുഴുവൻ യാത്രാ വിമാന സർവീസുകളും നിർത്തിവെക്കുന്നു. മാർച്ച് 25 മുതൽ കാർഗോ വിമാനങ്ങളും, രക്ഷാപ്രവർത്തന് ഉപയോഗിക്കുന്ന വിമാനങ്ങളും ഒഴികെയുള്ളവ പൂർണമായും സർവീസ് നിർത്തും. രണ്ടാഴ്ചകാലത്തേക്കാണ് വിമാനങ്ങൾ നിർത്തിവെക്കുന്നത്. യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് വരുന്ന വിമാനങ്ങളും നിർത്തും. വിമാനത്താവളങ്ങളിൽ ട്രാൻസിറ്റും ഉണ്ടാവില്ല. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിവിൽ ഏവിയേഷൻ അഥോറിറ്റിയും ദുരന്തനിവാരണ സമിതിയുമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

രാജ്യങ്ങൾ അതിർത്തികൾ അടച്ചതിനാലും യാത്രക്കാർക്ക് രോഗബാധയേൽക്കുന്ന ആശങ്കയുള്ളതിനാലും എയർലൈൻ അടച്ചിടുകയല്ലാതെ നിർവാഹമില്ലെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മക്തൂം അറിയിച്ചു. കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകം മുഴുവൻ അക്ഷരാർത്ഥത്തിൽ ക്വാറന്റീനിലാണ്. ഇത് അസാധാരണമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020 ജനുവരി വരെ എമിറേറ്റ്സ് ഗ്രൂപ്പ് സാമ്പത്തികമായി മികച്ച പ്രകടനം നടത്തിയിരുന്നെന്നും എന്നാൽ കഴിഞ്ഞ ആറാഴ്ചയായി എല്ലാം തകിടം മറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക് ഡൗൺ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് 19നെ ചെറുക്കാനായി രാജ്യങ്ങൾ അടച്ചിട്ടതുകൊണ്ട് മാത്രം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയാണ് ഈ മുന്നറിയിപ്പു പുറപ്പെടുവിച്ചത്. കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ രാജ്യങ്ങൾക്ക് അവരുടെ സമൂഹങ്ങളെ പൂട്ടിയിടാൻ കഴിയില്ലെന്നും വൈറസ് വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കാൻ പൊതുജനാരോഗ്യ നടപടികൾ ആവശ്യമാണെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഉന്നത അടിയന്തര വിദഗ്ദ്ധർ പറയുന്നത്.'' രോഗമുള്ളവരെയും വൈറസ് ബാധയുള്ളവരെയും കണ്ടുപിടിക്കുന്നതിൽ ശ്രദ്ധകൊടുക്കുക, അവരെ ഐസോലേറ്റ് ചെയ്യുക. അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി അവരേയും ഐസോലേറ്റ് ചെയ്യുക,'' മൈക്ക് റിയാൻ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'' അടച്ചുപൂട്ടുന്നതിന്റെ അപകടം എന്താണെുവച്ചാൽ, നമ്മളിപ്പോൾ ശക്തമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇതുവരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നീക്കങ്ങളും അടച്ചുപൂട്ടലും പിൻവലിക്കുന്ന ഒരുസമയത്ത് രോഗം തിരിച്ചുവരാനുള്ള സാധ്യതയുണ്ട്'' അദ്ദേഹം കൂട്ടിച്ചേർത്തു. കർശന നിയന്ത്രണങ്ങൾക്കൊപ്പം സംശയമുള്ളവരെ നിരീക്ഷിക്കുന്നതിനും ചൈന, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ സ്വീകരിച്ച രീതി യൂറോപ്പിന് ഒരു മാതൃക നൽകിയെന്നും അദ്ദേഹം പറഞ്ഞു. '' ഒരിക്കൽ വൈറസിനെ പിടിച്ചുകെട്ടിയാൽ അതിന് പിന്നാലെ പോകേണ്ടതുണ്ട്. വൈറസിനെതിരെ നമുക്ക് പോരാടേണ്ടതുണ്ട്'' അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP